Religion
മാനവികതയുടെ റോൾ മോഡൽ
അശാന്തി നിറഞ്ഞ സാമൂഹിക ചുറ്റുപാടിൽ നന്മയുടെ വെളിച്ചം ആഗ്രഹിക്കാത്തവരായി ആരുമില്ല. സർവ ജീർണതകളെയും കരിച്ചുകളയാൻ പര്യാപ്തമായ ശാന്തിയുടെ പ്രകാശം നൽകാൻ ശാസ്ത്രങ്ങൾക്കോ ടെക്‌നോളജികൾക്കോ സാധിക്കില്ല. മതം ഉയർത്തിപ്പിടിക്കുന്ന മാനവികതയിലേക്കുമുള്ള തിരിച്ചുനടത്തമാണ് ജീർണതകളിൽ നിന്ന് സമൂഹത്തെ പുനരുദ്ധരിക്കുവാനുള്ള മാർഗം.
ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മുഹമ്മദ് നബി (സ്വ)യുടെ ജീവിതം മാതൃകാപരമാണ്. സ്‌നേഹ പ്രപഞ്ചത്തിന്റെ നിത്യദർശനങ്ങൾ പടുത്തുയർത്തിയ പ്രവാചകൻ മുഹമ്മദ് നബി (സ്വ) ഏതെങ്കിലും ഒരു സമുദായത്തിന് മാത്രം അനുഗ്രഹമായിട്ടല്ല നിയോഗിതനായത്. ഒരു നേതാവിന് വേണ്ട നിഖില ഗുണങ്ങളും ഒത്തിണങ്ങിയ ഭരണാധികാരി, സഹജീവികളെ ധർമത്തിലേക്കും സത്യത്തിലേക്കും ക്ഷണിച്ച പ്രബോധകൻ, നീതിക്ക് മാത്രം പരിഗണന നൽകിയ ന്യായാധിപൻ, സ്രഷ്ടാവിന്റെ കൽപനകൾ പാടേ അനുസരിച്ച വ്യക്തിത്വം, സകല ജീവജാലങ്ങൾക്കും കാരുണ്യം വിതറിയ മനുഷ്യസ്‌നേഹി, പ്രകൃതിയെ അതിരറ്റുസ്‌നേഹിച്ച പരിസ്ഥിതി പ്രവർത്തകൻ, കുടുംബ ജീവിതത്തിൽ സന്തോഷം കളിയാടിപ്പിച്ച കുടുംബ നാഥൻ, ശത്രുക്കളുടെ അക്രമങ്ങളിൽ പ്രകോപിതനാകാതെ സഹനവും ക്ഷമയും കൈമുതലാക്കിയ മർദിതൻ എഴുതിയാലൊടുങ്ങാത്ത സവിശേഷതകളുടെ ഉടമയായിരുന്നു പ്രവാചകർ (സ്വ).
വഫാത്തായി പതിനാല് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മുഹമ്മദ് നബി(സ്വ)യോടുള്ള അനുചരന്മാരുടെ സ്‌നേഹവായ്പുകൾ നിലക്കാതെ തുടരുകയാണ്. ഇത്രമാത്രം സ്‌നേഹിക്കപ്പെട്ട ഒരു മനുഷ്യനും ലോകചരിത്രത്തിൽ ഇതുവരെ ഇടം നേടിയിട്ടില്ല. ഇനി ഇടം നേടുകയുമില്ല. മുഹമ്മദ് നബി(സ്വ)യുടെ സ്വഭാവ മഹിമ തന്നെയാണ് ഇതിന് കാരണം. അവയിൽ ഏറ്റവും പ്രകടമായി സർവ രംഗത്തും തിളങ്ങിനിൽക്കുന്നത് കാരുണ്യമെന്ന അനുഗ്രഹീത ഗുണമാണ്. ഏതെങ്കിലുമൊരു വിഭാഗത്തിനോടോ ജനതയോടോ മാത്രമായിരുന്നില്ല അവിടുത്തെ കാരുണ്യം. അനുയായികൾക്കും ശത്രുക്കൾക്കും നബി(സ്വ) കാരുണ്യത്തിന്റെ തിരുദൂതർ തന്നെയായിരുന്നു. ആ മഹാമനീഷിയെ ഖുർആൻ പരിജയപ്പെടുത്തിയത് അപ്രകാരമാണ്. ലോകർക്ക് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല.
കരുണയുടെയും വിട്ടുവീഴ്ചയുടെയും ഉറവകൾ വറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യമാണല്ലോ ഇന്ന്. സ്വാർഥ മനോഭാവവും അക്രമ മനസ്‌കതയുമുള്ള സമുദായത്തിൽ മാറ്റംവരാൻ പ്രവാചകന്റെ കരുണയുടെ പാഠങ്ങൾ പഠിക്കണം. നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കുമെന്ന പ്രവാചക വചനം എത്ര അനുഗ്രഹീതമാണ്. റസൂൽ(സ്വ)യുടെ നിയോഗം നന്മയുടെ ശത്രുക്കൾക്ക് മാത്രമാണ് ചൊറിച്ചിലുണ്ടാക്കിയത്. യഥാർഥത്തിൽ മനുഷ്യരെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ അവിടുത്തെ കാരുണ്യത്തിന്റെ വിഹിതം അനുഭവിച്ചിട്ടുണ്ട്.
ഇന്നത്തെ പോലെ കാക്കത്തൊള്ളായിരം സ്ത്രീ സംഘടനകളും സ്ത്രീ അധ്യക്ഷന്മാരും ഇല്ലാതിരുന്ന അക്കാലത്ത് സ്ത്രീകൾക്കു വേണ്ടി വീറോടെ വാദിക്കുകയും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുകയും ചെയ്തത് നബി(സ്വ)യായിരുന്നു. നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണെന്നും മാതാവിന്റെ കാലടിയിലാണ് സ്വർഗമെന്നും തുടങ്ങിയ പ്രവാചക വചനങ്ങൾ അരികുവൽകരിക്കപ്പെട്ട സ്ത്രീ വിഭാഗത്തെ ഉന്നമനത്തിലേക്ക് നയിച്ചു. സ്ത്രീകളെ ഗ്രീക്ക് സംസ്‌കാരത്തിൽ ഒരു ചരക്ക് വസ്തുവായും റോമൻ സംസ്‌കാരത്തിൽ മൃഗതുല്യവുമായാണ് കണ്ടതെങ്കിൽ ആറാം നൂറ്റാണ്ടിലെ അറബികളുടെ സ്ത്രീ വിരുദ്ധത ഇതിലും ഒരു പടി കൂടുതലായിരുന്നു.
എതിരാളികൾ പോലും സൂക്ഷിപ്പുമുതൽ നബി(സ്വ)യെ ഏൽപ്പിച്ചുവെന്നത് അവർക്ക് മുത്ത് നബി(സ്വ) യിലുള്ള വിശ്വാസവും അവരോട് നബി(സ്വ)യുടെ സൗമ്യമായ പെരുമാറ്റവും എത്രത്തോളം ദൃഢമായിരുന്നുവെന്നാണ് തെളിയിക്കുന്നത്. ജന്മനാടായ മക്കയിൽ നിന്ന് പോലും റസൂൽ (സ്വ)ക്ക് ഏറ്റ ദുരിതങ്ങളും പ്രയാസങ്ങളും നിരവധിയാണ്. അവസാനം മദീനയിലേക്ക് പലായനം ചെയ്യുന്നത് വരെ ശത്രുക്കൾ അക്രമങ്ങൾ തുടർന്നു. മദീനയിലെത്തിയിട്ടും സ്വസ്ഥമായി ജീവിക്കാൻ കഴിയാതെ പ്രയാസപ്പെട്ടു.
നിരന്തര പോരാട്ടങ്ങൾക്കിടയിൽ വിജയം നബി(സ്വ)ക്ക് എത്തുകയും മക്കയിലേക്ക് തിരിച്ചെത്തുകയും ചെയ്ത സന്ദർഭം. പോരാളി വീരന്മാരായ മക്കക്കാർ വിറങ്ങലിച്ച് നിൽക്കുകയാണ്. പക്ഷേ നബി(സ്വ) അവരോട് ചോദിച്ചത്, ഞാൻ നിങ്ങളെ എന്ത് ചെയ്യുമെന്നാ നിങ്ങൾ വിചാരിക്കുന്നത്? അവർ പറഞ്ഞു, നല്ലതുമാത്രം. അങ്ങ് മാന്യനും മാന്യനായ സഹോദരന്റെ മകനുമാണ്. അപ്പോൾ നബി(സ്വ) അവരോട് പറഞ്ഞു. നിങ്ങൾക്ക് മേൽ യാതൊരു പ്രതികാരവുമില്ല, പൊയ്‌ക്കോളൂ, നിങ്ങൾ സ്വതന്ത്രരാണ്. ആ മഹാനുഭാവന്റെ കാരുണ്യത്തോട് കിടപടിക്കാൻ ലോകത്ത് ആർക്കും സാധിക്കില്ലല്ലോ.
അല്ലാഹു ആൽഇംറാൻ/159 സൂറത്തിൽ പറഞ്ഞു. “നബിയേ അല്ലാഹുവിൽ നിന്നുള്ള കാരുണ്യം കൊണ്ട് മാത്രമാണ് അങ്ങ് എല്ലാവരോടും സൗമ്യമായി പെരുമാറിയത്. അങ്ങ് ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമാണെങ്കിൽ അങ്ങയുടെ അടുക്കൽ നിന്നും അവർ പിരിഞ്ഞുപോകുമായിരുന്നു.”
ഊരിപ്പിടിച്ച വാളുമായി വധിക്കാൻ വന്ന ശത്രുവിന് പോലും നബി(സ്വ) മാപ്പുകൊടുത്ത ചരിത്രമുണ്ട്. ജാബിറ് ബ്‌നു അബ്ദില്ല(റ) റിപ്പോർട്ട് ചെയ്യുന്നു, നജ്ദ്കാരോട് പോരാടാനായി ഞാനും നബി(സ്വ)യോടൊപ്പം പോയി. യാത്രാമധ്യേ നബി(സ്വ) ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനൊരുങ്ങി. കൈയിലുണ്ടായിരുന്ന വാൾ മരത്തിൽ തൂക്കിയിട്ടു. ശേഷം ഞങ്ങൾ ഉറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ നബി(സ്വ) വിളിക്കുന്നു. അരികിലെത്തിയപ്പോൾ അവിടെ ഒരാൾ ഇരിക്കുന്നത് കണ്ടു. നബി(സ്വ) പറഞ്ഞു, ഞാൻ ഉറങ്ങിക്കൊണ്ടിരിക്കെ ഇയാൾ എന്റെ വാൾ തട്ടിയെടുത്തു. ഞാനുണർന്നപ്പോൾ ഇയാൾ ഊരിപ്പിടിച്ച വാളുമായി എന്നോട് ചോദിച്ചു “ആരാണ് താങ്കളെ എന്നിൽ നിന്ന് രക്ഷിക്കുക? ഞാൻ പറഞ്ഞു. “അല്ലാഹു”. അതോടെ വാൾ നിലത്ത് വീഴുകയും അയാൾ ഇരിക്കുകയും ചെയ്തു. നബി(സ്വ) വാളെടുത്ത് അയാൾ ചോദിച്ചപോലെ തിരിച്ചു ചോദിച്ചു. “ഇപ്പോൾ താങ്കളെ ആര് രക്ഷിക്കും? അയാൾ പറഞ്ഞു, “ആയുധധാരികളിൽ ഏറ്റവും ഉത്തമനാകണം നീ” നബി(സ്വ) അയാളെ യാതൊരു പ്രതികാരവും ചെയ്യാതെ വിട്ടയച്ചു. അക്രമത്തിനും കൊലപാതകത്തിനും പകയും വിദ്വേഷവും വെച്ച് പ്രതികാരം ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയമേലാളന്മാരും അല്ലാത്തവരും ഇത്തരം പാഠങ്ങൾ മാതൃകയാക്കിയിരുന്നുവെങ്കിൽ…
മക്കാ വിജയദിനത്തിൽ നടന്ന ഒരു സംഭവം, നബി(സ്വ)യുടെ പതാകവാഹകനായ സഅ്ദ്ബ്നു ഉബാദ(റ) പറഞ്ഞു: “ഇന്ന് യുദ്ധത്തിന്റെ ദിനമാണ്, ഇന്ന് അല്ലാഹു ഖുറൈശികളെ നിന്ദ്യരാക്കും.” ഈ വിവരം പ്രവാചകൻ (സ്വ) അറിഞ്ഞപ്പോൾ പ്രതികരിച്ചതിങ്ങനെ: “അല്ല, ഇന്ന് കാരുണ്യത്തിന്റെ ദിനമാണ്, ഈ ദിവസം അല്ലാഹു ഖുറൈശികളെ അന്തസിലാക്കും” വിശാല മനസ്‌കത, വിനയം, വിട്ടുവീഴ്ച, ഗുണകാംക്ഷ, സാഹോദര്യം, ദയ, മാപ്പ് എന്നിവക്ക് ഇത്രയും വലിയ ഉദാഹരണം ലോകത്ത് മറ്റൊരു നേതാവിനെപ്പറ്റിയും പറയാനില്ല. മക്കാ വിജയവേളയിൽ തന്റെ മുന്നിൽ പരിഭ്രമിച്ചും ഭയന്നും നിന്ന ഒരാളോട് നബി(സ്വ) പറഞ്ഞതിങ്ങനെയായിരുന്നു: “നിങ്ങൾ നിങ്ങളോട് കരുണ കാണിക്കുക. ഞാൻ രാജാവല്ല. ഉണക്ക മാംസം ഭക്ഷിച്ചിരുന്ന ഒരു ഖുറൈശി സ്ത്രീയുടെ മകനാണ്.” ഇന്നത്തെ ചില ഭരണാധികാരികൾക്കും നേതാക്കന്മാർക്കും ഇതിൽ എന്തുമാത്രം പാഠങ്ങളുണ്ട്.
തന്നെ അവഹേളിക്കുകയും വേദനിപ്പിക്കുകയും ചെയ്തവരോട് പ്രതികാരം ചെയ്യുവാൻ അല്ലാഹു നൽകിയ അവസരത്തിൽ അവരോട് ക്ഷമിക്കുകയും “അല്ലാഹു അവരിൽ നിന്ന് അവനെ മാത്രം ആരാധിക്കുന്ന ജനസമൂഹത്തെ കൊണ്ടുവരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു”വെന്ന് പറഞ്ഞ് മർദിച്ചവർക്ക് വേണ്ടി പ്രാർഥിക്കുകയാണ് ചെയതത്. മാനവ ചരിത്രത്തിൽ ഏത് മഹാത്മാവിനാണ് ഇത്തരം സാഹചര്യത്തിൽ സമാനമായി പ്രതികരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
അനസ് (റ) പറഞ്ഞ ഒരു സംഭവം: “ഒരിക്കൽ നബി (സ്വ)യോടൊത്ത് ഞാൻ നടന്നുപോകുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാൻ വസ്ത്രമാണ് തിരുമേനി ധരിച്ചിരുന്നത്. അങ്ങിനെ ഒരു ഗ്രാമീണ അറബി നബി (സ്വ)യുമായി സന്ധിക്കുകയും അവിടത്തെ മുണ്ട് പിടിച്ച് ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോൾ ഞാൻ നബി (സ്വ)യുടെ പിരടിയിലേക്ക് നോക്കി. പിടിച്ചുവലിച്ചതിന്റെ ശക്തികാരണം മുണ്ടിന്റെ കരയുടെ പാടുകൾ അവിടെ പതിഞ്ഞിരുന്നു. “മുഹമ്മദേ, താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്കെന്തെങ്കിലും അനുവദിച്ചുതരാൻ ഉത്തരവിടുക” ആ ഗ്രാമീണൻ പറഞ്ഞു. നബി (സ്വ) അയാളെ തിരിഞ്ഞുനോക്കി. പുഞ്ചിരിച്ചുകൊണ്ട് അയാൾക്കെന്തെങ്കിലും നൽകാൻ കൽപ്പിക്കുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)
ഉഹ്ദ് യുദ്ധവേളയിൽ പ്രവാചകന് നേരെ ശത്രുക്കൾ നടത്തിയ ആക്രമണത്തിൽ അവിടുത്തെ മുൻപല്ല് പൊട്ടി. മുഖത്ത് രക്തമൊലിച്ചു. അപ്പോഴും “നാഥാ അറിവില്ലാത്ത എന്റെ സമുദായത്തിന് നീ പൊറുത്തുകൊടുക്കേണമേ.” എന്ന് ഹൃദയത്തിൽ തട്ടി പ്രാർഥിക്കുകയായിരുന്നു അവിടുന്ന്. തന്നെ മർദിച്ചൊതുക്കിയ മക്കയിൽ പിൽക്കാലത്ത് കടുത്ത ക്ഷാമം വന്നപ്പോൾ അവർക്കുവേണ്ടി പ്രാർഥിക്കുകയും ഭക്ഷ്യവിഭവങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു.
മക്കയുടെ ധാന്യപ്പുരയായിരുന്നു യമാമ. അവിടുത്തെ വ്യാപാര പ്രമുഖൻ സുമാമത് ബ്‌നു ആസാൽ(റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഇനിമേൽ മക്കയിലെ ശത്രുക്കൾക്ക് ഒരു മണി ധാന്യം പോലും നൽകില്ലെന്ന് പ്രതിജ്ഞ ചെയ്തു. വിവരം അറിഞ്ഞ നബി(സ്വ) പക്ഷേ സുമാമയെ തിരുത്തുകയും ശുത്രക്കൾക്കായാലും കാരുണ്യഹസ്തം നീട്ടാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇങ്ങോട്ട് ദയ കാണിക്കുന്നവരോട് അങ്ങോട്ട് ദയ കാണിക്കുകയെന്നതല്ല കാര്യം; ഇങ്ങോട്ട് ദയ കാണിക്കാത്തവരോട് അങ്ങോട്ട് ദയ കാണിക്കലാണ്. സ്വന്തം ശരീരത്തോടും കുടുംബത്തോടും സമൂഹത്തോടുമെല്ലാം സ്‌നേഹവും കരുണയും വെച്ചുപുലർത്താൻ പ്രവാചകൻ അടിക്കടി ഉണർത്തിയിട്ടുണ്ട്. നിഷ്‌കളങ്കവും സരളവും മാന്യവുമായിരുന്നു അവിടുത്തെ ചര്യകൾ. പ്രസന്ന മധുരവും അനുഭൂതിയും പകരുന്നതായിരുന്നു അവിടുത്തെ സാന്നിധ്യം. ഏത് മഹദ്ഗുണങ്ങൾ പരിശോധിച്ചാലും അവയിലെല്ലാം അതുല്യനായിരുന്നു പ്രവാചകൻ.
നബി(സ്വ) ഒരിക്കൽ പേരക്കുട്ടികളായ ഹസനെയും ഹുസൈനെയും ചുംബിക്കുകയും പിടിച്ച് മടിയിൽ ഇരുത്തുകയും ചെയ്ത രംഗം തമീം ഗോത്രക്കാരനായ അൽ അഖ്‌റഅ്ബിനു ഹാബിസ് കണ്ടപ്പോൾ അത്ഭുതത്തോടെ പറഞ്ഞു. എനിക്ക് പത്ത് മക്കളുണ്ട്. അവരിലൊരാളെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല. ഇതുകേട്ടയുടനെ നബി(സ്വ) മറുപടി ഇങ്ങനെയായിരുന്നു “കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല.”(ബുഖാരി)
വലഞ്ഞ നായക്ക് അൽപം പ്രയാസപ്പെട്ട് വെള്ളം കോരിക്കൊടുത്തതിനാൽ പാപമോചനം ലഭിച്ചയാളെക്കുറിച്ച് പഠിപ്പിച്ച നബി(സ്വ) പൂച്ചയെ ഭക്ഷണം കൊടുക്കാതെ ജീവൻ വെടിയുവോളം കെട്ടിയിട്ട കാരണത്താൽ നരകാവകാശിയായിത്തീർന്ന സ്ത്രീയെക്കുറിച്ചും മുന്നറിയിപ്പ് നൽകി. മനുഷ്യ മഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ ബോധ്യമാകും മുഹമ്മദ് നബി(സ്വ)യേക്കാൾ ഉത്തമരായി ഭൂമിയിൽ ആരും തന്നെ വന്നിട്ടില്ലെന്ന്.
ത്വയ്യിബ് പെരുവള്ളൂർ
thoyyibkdp@gmail.com