Connect with us

Travelogue

ഹിമഗിരിയിലെ നീലത്തടാകം

Published

|

Last Updated

ഹിമാലയത്തിലെ സ്പിറ്റി ജില്ലയിലാണ് ചന്ദ്രതാൽ തടാകം. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 14000 അടി ഉയരത്തിലായി മഞ്ഞുപുതഞ്ഞു കിടക്കുന്ന മലമടക്കുകൾക്കിടയിലാണ് അതിമനോഹരമായ ഈ നീലത്തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ ഒരു വശത്ത് ഇളം പച്ച നിറമുള്ള പുൽമേടുകൾ. മറുവശം തവിട്ടും വെള്ളയും ചുവപ്പും കലർന്ന മണൽക്കുന്നുകളും. അതിനുമപ്പുറം നെറുകയിൽ ആരോ കോരിയൊഴിച്ച വെള്ളച്ചായം പോലെ മഞ്ഞുപുതച്ചുകിടക്കുന്ന ഹിമഗിരിനിരകൾ. പ്രഭാതത്തിലെ അരുണ കിരണങ്ങളേറ്റ് വൈരം പോലെ തിളങ്ങുന്ന കാഴ്ച അനുഭൂതി അനിർവചനീയം. ഇളം നീല നിറമുള്ള തടാകം ഉച്ച കഴിയുന്ന സമയം ഇളം പച്ച നിറത്തിലേക്ക് കൂടുമാറ്റം നടത്തുന്നു. തടാകക്കരയിലെ പുൽത്തകിടികളിൽ മഞ്ഞയും ചുവപ്പും കലർന്ന ചെറിയ പൂക്കളും അവയിലെ തേൻ നുകരാനെത്തുന്ന വർണ ശലഭങ്ങളും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകളാണ്. മഞ്ഞുപാളികളെ തഴുകി തലോടിയെത്തുന്ന മന്ദമാരുതന്റെ മൃദുസ്പർശം ആത്മാവിനുള്ളിൽ നിറക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല..ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ല ദിവസം പൗർണമി നാളിലാണ്. അന്നാണ് ചന്ദ്രതാൽ ഏറ്റവും മനോഹരിയായി മാറുന്നത്.

മനം കവരുന്ന ചന്ദ്രതാൽ

ആദ്യ കാഴ്ചയിൽ തന്നെ ആരുടേയും മനസ്സ് കീഴടക്കാനുള്ള എന്തോ ഒരു മാസ്മരിക ശക്തി ചന്ദ്രതാലിനുണ്ട്. കണ്ടു കഴിഞ്ഞാൽ പിന്നെ തിരിച്ചു പോകാൻ തോന്നുകയേയില്ല. തടാകത്തിനു ചുറ്റും കല്ലു പാകിയ ഒരു ചെറിയ നടപ്പാതയുമുണ്ട്. ചുറ്റും ഒന്നു കറങ്ങി വന്നപ്പോഴാണ് മനസ്സിലായത് ഏതെങ്കിലും മഞ്ഞുമലകളിൽ നിന്നോ മറ്റേതെങ്കിലും ജലസ്രോതസ്സുകളിൽ നിന്നോ ഒഴുകിയെത്തുന്ന ഉറവകളിൽ നിന്നുമല്ല ചന്ദ്രതാൽ രൂപം കൊണ്ടിരിക്കുന്നത്. ഭൂമിക്കടിയിൽ നിന്നുമാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. ഒരിക്കലും ഒഴിയാത്ത അക്ഷയപാത്രംപോലെ തോന്നിക്കുന്ന രൂപത്തിലാണ് തടാകം. അതിന്റെ തുറന്നിരിക്കുന്ന ഭാഗത്തൂടെ ജലം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ചന്ദ്രതാലിൽ നിന്നും പുറത്തേക്ക് വരുന്ന ഈ ജലമാണ് പിന്നീട് ചന്ദ്ര നദിയായി രൂപം കൊളളുന്നത്. “തണ്ടി ” എന്ന സ്ഥലത്ത് വെച്ച് ചന്ദ്ര നദി “ഭാഗ”എന്ന നദിയുമായി ചേർന്ന് “ചന്ദ്രഭാഗ”നദി ആയി മാറുന്നു. അതിനെയാണ് ചെനാബ് എന്ന് വിളിക്കുന്നത്. ചെനാബ് അവിടെ നിന്നും ജമ്മുവും കാശ്മീരും കടന്ന് പഞ്ചാബിലൂടെ യാത്ര തുടർന്ന് അവസാനം പാകിസ്ഥാനിലുള്ള സതലാജ് നദിയിൽ ലയിച്ചുചേരുന്നു.
ദൃശ്യഭംഗി കൊണ്ട് അനുഗൃഹീതമായ ഹിമാലയത്തിലെ അവർണനീയമായ വിസ്മയമാണ് ചന്ദ്രതാൽ. അത്രയധികം മനോഹരമായതിനാലാവണം അവിടേക്കുള്ള യാത്ര അത്യന്തം ദുഷ്‌കരമായിരിക്കുന്നത്.

ഡൽഹി മുതൽ മണാലി വരെയും അവിടുന്ന് രൊഹ്റ്റാംഗ് പാസ് വരെയും റോഡ് അടിപൊളിയാണ്. മണാലി മുതൽ ചന്ദ്രതാൽ വരെ 120 കി. മീ രൊഹ്റ്റാംഗ് പാസ് വരെ 52 കി. മീ. മണാലി കാണാനെത്തുന്ന സഞ്ചാരികളെല്ലാം രൊഹ്റ്റാംഗ് പാസ് വരെ വന്നിട്ടേ മടങ്ങൂ..

ധാരാളം കടകളുണ്ടിവിടെ. പഞ്ചാബികളുടെയും പിന്നെ നമ്മുടെ അറബിക്കഥയിലെ നായികയുടെ മുഖത്തോട് സാദൃശ്യമുള്ള റ്റിബെറ്റൻ ആളുകളുടെയും കടകളാണ് ഏറെയും. ആലൂ പൊറോട്ടയും പിന്നെ” റൊട്ടി” എന്ന് ഉത്തരേന്ത്യക്കാർ പറയുന്ന ചപ്പാത്തിയും മാത്രമേ ഇവിടെ കഴിക്കാൻ കിട്ടൂ. അങ്ങനെ ശരീരത്തിന് വേണ്ടുന്ന ഇന്ധനവും നിറച്ച് വീണ്ടും മുന്നോട്ട്. ലേ ലഡാക്ക് ഹൈവേ വഴിയാണ് മുന്നോട്ട്. 14 കി. മീ കഴിഞ്ഞാൽ ഗ്രാംഫൂ എന്ന സ്ഥലം. ഇവിടെവച്ച് വഴി വലത്തോട്ട് തിരിയുന്നു. ഹോ.. പിന്നീടങ്ങോട്ടുള്ള വഴിയേക്കുറിച്ചെന്താ പറയ്ക.. കല്ലും മണ്ണും കുണ്ടും കുഴിയും മാത്രമേയുള്ളൂ. മുന്നോട്ട് പോകുംതോറും യാത്ര കൂടുതൽ ക്ലേശകരമായി. ആദ്യമൊക്കെ റോഡിന്റെതായ ഒരു രൂപമെങ്കിലുമുണ്ടാരുന്നു. പിന്നീട് ഒന്നുമില്ലതായി. ഉരുളൻ കല്ലുകളും പാറയും മാത്രമായി. അതിനിടെയുളള വഴി ബ്ലോക്ക് ചെയ്തുകൊണ്ട് ചെമ്മരിയാട്ടിൻ കൂട്ടങ്ങളും. നിങ്ങളാരാ. ഇത് ഞങ്ങളുടെ വഴിയാണ് എന്ന ഭാവവും. പിന്നെ വഴി ഒരു വല്യ പാറയിലൂടെയായി. അതായിരുന്നു ഏറ്റവും ഭീകരം. ചെങ്കുത്തായി തൂങ്ങി നിൽക്കുന്ന ഒരു പാറയുടെ സൈഡിലൂടെ തുരന്നു വെച്ചിരിക്കുന്നു. വണ്ടിയുടെ വലതുവശം പാറയിൽ മുട്ടിമുട്ടിയാണ് പോകുന്നത്. മുകൾ വശവും പാറ. പുറത്തേക്ക് നോക്കിയാൽ നെഞ്ചിൽ ഒരാന്തൽ ഉണ്ടാകും. താഴേക്കൊന്നും കാണാനേയില്ല. എന്തിലോ കൊളുത്തിയിട്ടിരിക്കുന്ന പാറയാണെന്ന് തോന്നിപ്പോകും. ആകെ ചെയ്യാൻ പറ്റുന്നത് കണ്ണടച്ചിരിക്കുക എന്നത് മാത്രമാണ്. ഡ്രൈവർ അണ്ണനാണെങ്കിൽ ഒരു ഭാവ വ്യത്യാസവുമില്ലാതെ ഇതൊക്കെ എന്ത് എന്ന മട്ടിലാണ് വണ്ടി ഓടിക്കുന്നത്. അങ്ങനെ അവസാനം ചന്ദ്രതാലിൽ നിന്നും രണ്ട് കിലോ മീറ്റർ അടുത്തെത്തി.

കുന്നും മലയും താണ്ടി…

ഇനിയുള്ള യാത്ര കുറച്ച് പ്രയാസമേറിയതാണെന്ന് യാത്ര തുടങ്ങുന്നതിന് മുമ്പായി വായിച്ച ഒരു കുറിപ്പിൽ നിന്ന് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തിരി തയ്യാറെടുപ്പുകളുമായിട്ടുതന്നെയായിരുന്നു യാത്ര. ഇവിടുന്നങ്ങോട്ട് കുറച്ച് നടന്നുവേണം പോകാൻ. ചെറിയ ചെറിയ കുറെ കുന്നുകൾ താണ്ടി വേണം അവിടെത്താൻ. അഞ്ചോ ആറോ ചുവടു വെച്ചപ്പോഴേക്കും കിതക്കാൻ തുടങ്ങി. അന്തരീക്ഷ മർദത്തിലുണ്ടാകുന്ന വ്യത്യാസവും ഓക്‌സിജെൻ കുറയുന്നതുമാണ് ശ്വാസതടസ്സമുണ്ടാക്കുന്നത്. അങ്ങനെ പതിയെ നടന്നു നടന്ന് അവസാനം ഒരു കുന്നിന്റെ നെറുകയിലെത്തി. ദാ.. അങ്ങ് ദൂരെയായി ചന്ദ്രതാൽ.. ഹോ..എന്തൊരു ഭംഗി. ദൂരക്കാഴ്ചയിൽ തന്നെ അതിമനോഹരം. തവിട്ടും ചുവപ്പും കലർന്ന കുന്നുകളുംപച്ചപ്പുൽമേടുകളും നീലജലാശയവുമെല്ലാം കൂടി മിഴികൾക്ക് വർണങ്ങളുടെ നിറക്കാഴ്ചയാണ് സമ്മാനിക്കുന്നത്. പുൽത്തകിടികളിൽ ഒറ്റക്കും കൂട്ടമായും മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റങ്ങൾ. കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകുന്ന കാഴ്ചകൾ.

sobin.chandran@gmail.com

Latest