Articles
മതവും ആചാരവും കോടതിയിലെത്തുമ്പോള്‍
മതവും വിശ്വാസവും ആചാരവുമൊക്കെ അതി തീക്ഷ്ണമായ രാഷ്ട്രീയ വിഷയമായി മാറുകയും ഇത് തര്‍ക്ക വിഷയമായി കോടതിയിലെത്തുകയും ചെയ്താല്‍ ന്യായാധിപന്മാര്‍ എന്ത് ചെയ്യും? വിശ്വാസത്തെ അളക്കാനും വിലയിരുത്താനും ഭരണഘടനയിലോ ഐ പി സിയിലോ എന്തെങ്കിലും വകുപ്പുകളുണ്ടോ? വിശ്വാസത്തിന്റെ പേരില്‍ മതങ്ങളോ ആരാധനാലയങ്ങളോ സ്വീകരിക്കുന്ന നടപടികള്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ലംഘിച്ചാല്‍ കോടതിക്ക് എത്ര കണ്ട് ഇടപെടാനാകും?
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഭാരതമെന്ന് നാം അഭിമാനിക്കുന്നു. എന്നും പുരോഗമന ചിന്തകളെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന കേരളത്തിലാണ് നാം കഴിയുന്നതെന്ന കാര്യം നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. നവീനമായ ചിന്താധാരകളും പുരോഗമനപരമായ നിലപാടുകളുമാണ് എക്കാലത്തും കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മതങ്ങളുടെയും ജാതികളുടെയും സമുദായങ്ങളുടെയും പിന്തിരിപ്പന്‍ നിലപാടുകളും തിട്ടൂരങ്ങളും ഇടക്കിടെ ഉണ്ടാകുക പതിവാണെങ്കിലും കേരളം പൊതുവെ പുരോഗമന ചിന്തകള്‍ക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനം തന്നെയാണ്.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയമാണ് അടുത്ത കാലത്ത് കേരള സമൂഹത്തെ പിടിച്ചുകുലുക്കിയ ഒരു വിഷയം. അത്രകണ്ട് കോളിളക്കം സൃഷ്ടിക്കാന്‍ പോരുന്ന വിഷയമായിരുന്നില്ല അത്. എല്ലാ സ്ത്രീകളും ക്ഷേത്രത്തില്‍ പോകണമെന്ന ആഗ്രഹമാണ് ആര്‍ എസ് എസിനുള്ളത്. ഹിന്ദു സമുദായത്തില്‍പ്പെട്ടവരെയൊക്കെയും ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് അവര്‍. പത്തിനും അമ്പതിനുമിടക്ക് വയസ്സ് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചു കൂടെന്ന ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2018 സെപ്തംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ സംഘ്പരിവാര്‍ ആ വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ആര്‍ എസ് എസ് നേതാക്കള്‍ ബി ജെ പിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ ഈ വിധിക്കനുകൂലമായി ലേഖനങ്ങളുമെഴുതി. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.
വിധിക്കെതിരെ ആദ്യം തന്നെ വ്യക്തമായൊരു നിലപാട് സ്വീകരിച്ചത് എന്‍ എസ് എസ് നേതൃത്വമാണ്. അതിന് ആധാരം സംഘടനാ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാടായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ എന്‍ എസ് എസ് പന്തളത്തു സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളാണ് ശബരിമല പ്രശ്‌നത്തിന് പുതിയൊരു രാഷ്ട്രീയ മാനം പകര്‍ന്നത്. ആള്‍ക്കൂട്ടം കണ്ട് കണ്ണുമഞ്ഞളിച്ച ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള കൈയില്‍ വന്ന വലിയ “സുവര്‍ണാവസരം” എത്തിപ്പിടിക്കാന്‍ ഇറങ്ങിത്തിരിച്ചു. പിന്നെ സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും നാളുകള്‍. രാഷ്ട്രീയക്കാരനല്ലാത്ത സുകുമാരന്‍ നായര്‍ ഭക്തിയുടെയും ആചാരത്തിന്റെയും മാത്രമായ വഴി രാഷ്ട്രീയത്തിലേക്ക് തുറന്നിടുകയായിരുന്നു. കേരള രാഷ്ട്രീയത്തിലെ തീ കത്തുന്ന വിഷയമായി മാറി ശബരിമല. രാഹുല്‍ ഗാന്ധിയെ തള്ളി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികളോടൊപ്പം അണി ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം ഒരിക്കല്‍ സ്വീകരിച്ച നിലപാട് കൈവിടാതെ ഉറച്ചുനിന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ശബരിമലയുടെ ഫലം 19 സീറ്റുകളില്‍ കൊയ്‌തെടുത്തത്. ശബരിമല വിഷയത്തിന് തിരികൊളുത്തിയ ബി ജെ പിയാകട്ടെ ഒരു സീറ്റ് പോലും നേടാതെ, നേട്ടമൊന്നും കൈവരിക്കാതെ തളര്‍ന്നുനിന്നു. സി പി എമ്മും ഇടതു മുന്നണിയുമാകട്ടെ ഒരേയൊരു സീറ്റിലേക്ക് ഒതുക്കപ്പെട്ട് ഒതുങ്ങിക്കൂടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസ്സിലാകും തങ്ങളുടെ നിലപാടുകള്‍ ജനങ്ങള്‍ അംഗീകരിച്ചോ ഇല്ലയോ എന്ന്. പക്ഷേ, നീതിന്യായ കോടതിക്ക് അത് നോക്കേണ്ട കാര്യമില്ല. ഭരണഘടനയും ഇന്ത്യന്‍ ശിക്ഷാ നിയമവുമൊക്കെ അനുസരിച്ച് മാത്രമേ അവര്‍ക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. അവിടെ ഭക്തിയും ആചാരവും തലനാരിഴ കീറി പരിശോധിക്കാനുള്ള സംവിധാനമില്ല. ഒരു ആചാരം ഭരണഘടന അനുശാസിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ കോടതിക്ക് ആ ആചാരത്തെ ഭരണഘടനാപരമായി തെറ്റാണെന്നു പറയാം.
അതാണ് ശബരിമല വിഷയത്തില്‍ സുപ്രീം കോടതി ചെയ്തത്. ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തിലേക്കിറങ്ങാന്‍ വിധിക്കെതിരെ സമര്‍പ്പിച്ച റിവ്യൂ പെറ്റീഷനുകള്‍ പരിഗണിച്ച സുപ്രീം കോടതി ബഞ്ച് ശ്രമിച്ചില്ല. മതവും ആചാരവും തര്‍ക്കവിഷയങ്ങളായി കോടതിക്ക് മുമ്പാകെ എത്തിയാല്‍ സൂക്ഷിച്ചു മാത്രമേ തീരുമാനമെടുക്കാവൂ എന്ന് കോടതിയും മനസ്സിലാക്കിയിരിക്കുന്നു. ഏഴംഗ ബഞ്ച് കൂടുതല്‍ ആഴത്തില്‍ കാര്യങ്ങള്‍ പഠിച്ച് വ്യക്തമായ തീരുമാനത്തിലെത്തട്ടെ എന്ന ചിന്തയോടെ ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ് കോടതി. ആദ്യ വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതിനര്‍ഥം വ്യക്തവുമാണ്. വിധി അവിടെ നില്‍ക്കട്ടെ എന്നു തന്നെയാണ് കോടതിയുടെ അഭിപ്രായം.
കേരളത്തില്‍ ഇനി ശബരിമലയുടെ പേരില്‍ എന്താകും നടക്കുക? വിശ്വാസികളോടൊപ്പം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചു കഴിഞ്ഞു. ബി ജെ പി നേതാക്കളും വിധിയെ സ്വാഗതം ചെയ്തിരിക്കുന്നു. മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമലയുടെ പേരില്‍ കൂടുതല്‍ ഉത്സാഹം കാട്ടാന്‍ സര്‍ക്കാറും തയ്യാറാകുമെന്ന് തോന്നുന്നില്ല. ശബരിമല വിഷയം ബി ജെ പിക്ക് ഒരു വലിയ നഷ്ടക്കച്ചവടമായിരുന്നുവെന്ന കാര്യവും ഓര്‍ക്കണം.