Connect with us

Ongoing News

നീതിമാനായ വിധികർത്താവ്

Published

|

Last Updated

“ഖത്വാദത് ബ്‌നു നുഅ്മാനിന്റെ പരിച മോഷ്ടിക്കപ്പെട്ടിരിക്കുന്നു”. പ്രവാചക അനുചരന്മാർ പ്രതിയെ കണ്ടെത്താൻ അന്വേഷണമാരംഭിച്ചു. ധാന്യപ്പൊടി നിറഞ്ഞ ഒരു ചാക്കിലായിരുന്നു ഖത്വാദ ആയുധം സൂക്ഷിച്ചിരുന്നത്. അതിനാൽ തന്നെ മോഷ്ടാവ് സഞ്ചരിച്ച വഴിയിലുടനീളം ധാന്യപ്പൊടി ചിതറിക്കിടപ്പുണ്ട്. അവർ ആ വഴി പിന്തുടർന്ന് നേരെ ചെന്നെത്തിയത് ത്വുഅമതുബ്‌നു ഉബൈരിഖിന്റെ വീടിനു മുന്നിലേക്ക്. ബനൂ ളഫ്ർ ഗോത്രക്കാരനും മുസ്‌ലിമുമാണ് അദ്ദേഹം. അവർ അയാളെ ചോദ്യം ചെയ്തു. “ഇല്ല, ഞാനതെടുത്തിട്ടില്ല” അയാൾ സത്യം ചെയ്ത് പറഞ്ഞു. അവർ അന്വേഷണം തുടർന്നു. ഒടുവിൽ സൈദുബ്‌നു സമീൻ എന്ന ജൂതന്റെ വീട്ടിൽ നിന്ന് ആ പരിച കണ്ടെടുത്തു. “ഇത് എന്നെ ഇന്നലെ ത്വുഅമ ഏൽപ്പിച്ചതാണ്” എന്നായിരുന്നു അപ്പോൾ സൈദിന്റെ പ്രതികരണം!.

കുറ്റം തെളിഞ്ഞതോടെ ത്വുഅമയും ബനൂ ളഫ്ർ ഗോത്രക്കാരും പ്രതിസന്ധിയിലായി. ജൂതന്റെ പേരിൽ കുറ്റമാരോപിച്ച് രക്ഷപ്പെടാനായിരുന്നു അവരുടെ ശ്രമം. കേസ് തിരുനബി(സ)യുടെ കോടതിയിലെത്തി. “അല്ലാഹുവിന്റെ ദൂതരേ, ത്വുഅമയെ അങ്ങ് രക്ഷപ്പെടുത്തിയാലും; ഇല്ലെങ്കിൽ നമ്മുടെ സമുദായം മോശമായി ചിത്രീകരിക്കപ്പെടും” ത്വുഅമയുടെ ആളുകൾ അപേക്ഷയുമായി തിരുനബി(സ)യുടെ സമീപത്തെത്തി. അപ്പോഴാണ് യഥാർഥ കുറ്റവാളിയെ ശിക്ഷിക്കാൻ നിർദേശിച്ച് ഖുർആൻ അവതീർണമാകുന്നത്. അതോടെ അവിടുന്ന് ജൂതനെ വെറുതെ വിടുകയും ത്വുഅമയെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു.

നീതിയുടെ നിർവഹണത്തിന്റെ ഉദാത്ത മാതൃകയായിരുന്നു തിരുനബി(സ)യുടെ ജീവിതം. അനീതി പ്രവർത്തിച്ചവരോട് ഒരിക്കലും അവിടുന്ന് സമരസപ്പെട്ടില്ല. മത വർഗ ഭേദമന്യേ സർവരും ആ സന്നിധിയിൽ തുല്യരായിരുന്നു. “എന്റെ ഇഷ്ടഭാജനം ഫാത്വിമയാണ് കുറ്റക്കാരിയെങ്കിലും ഞാൻ ശിക്ഷ നടപ്പാക്കുമെന്നായിരുന്നു പ്രവാചകരുടെ ഉറച്ച നിലപാട്. ന്യൂനപക്ഷ വിഭാഗങ്ങൾ നിർഭയരായിരുന്നു മദീനയിൽ. ഗോസ്താഫ് ലോപനെ പോലുള്ള ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാർ തന്നെ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഒരിക്കൽ തിരുനബി(സ) സന്നിധിയിൽ ഒരു അമുസ്‌ലിമിനെ വധിച്ച പരാതിയെത്തി. നബി(സ) പറഞ്ഞു: നമ്മോട് യാതൊരു അതിക്രമവും കാണിക്കാതെ സത്യസന്ധത പുലർത്തിയവരോട് ഞാൻ വളരെ കടപ്പെട്ടവനാണ്”. തുടർന്ന് ആ കൊലയാളിയെ കൊല്ലാൻ നബി(സ) കൽപ്പിച്ചു(സുനനു ദാറുഖുത്ത്‌നി).

ഉമൈർ ബുഖാരി ചെറുമുറ്റം

Latest