Connect with us

Ongoing News

ആ പേരിന്റെ ശക്തിയും സൗന്ദര്യവും

Published

|

Last Updated

പേരുകൾക്ക് ആന്തരികമായ ദൗത്യങ്ങൾ ഉള്ളതുപോലെ ബാഹ്യമായ ദൗത്യങ്ങളും ഉണ്ട്. ആന്തരികമായി പേര് ഉണ്മയെ പുറത്തേക്കു കൊണ്ടുവരുന്നു എന്നു നാം പറഞ്ഞു. പിന്നീട് ആ ഉണ്മയെ നാം നമുക്കു പരിചിതമാക്കുന്നതും പേരിലൂടെ തന്നെയാണ്. അല്ലാഹുവിന്റെ തിരുദൂതരെ നാമറിയുന്നത് തിരുനബി തങ്ങളുടെ അനേകായിരം പേരുകളിലൂടെയാണ്. അവിടുത്തെ കാണാനാകാത്ത നാം അവിടുത്തെ കണ്ടുതുടങ്ങുന്നതും അനുഭവിച്ചുതുടങ്ങുന്നതും ഈ പേരുകളിലൂടെയാണ്. പ്രസവിച്ച ഉടനെ മുഹമ്മദു റസൂലുല്ലാഹ് എന്ന ശബ്ദം കേട്ടുവേണം കുട്ടി ഈ ലോകത്തെ അനുഭവിച്ചു തുടങ്ങാൻ എന്നതുകൊണ്ടാണല്ലോ ജനിച്ചയുടനെ ബാങ്ക് വിളിക്കുന്നത്. ആ പേരിന്റെ കേൾവി പിന്നീടുള്ള ജീവിതത്തിലാകെയും ഒരു കരുതലായി കൂടെയുണ്ടാകുമെന്ന വിശ്വാസമാണത്. അതാണാ പേരിന്റെ ശക്തിയും സൗന്ദര്യവും.

മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്‌ലാം അതിന്റെ ദൃശ്യത കൈവരിച്ചത് ചിത്രങ്ങളിലൂടെയോ പ്രതിമകളിലൂടെയോ അല്ല. ദൃഷ്ടിഗോചരമായ ഇത്തരം മാധ്യമങ്ങളെ ഇസ്‌ലാം പലപ്പോഴും ശക്തമായി റദ്ദ് ചെയ്യുന്നുമുണ്ട്. മുസ്‌ലിം ജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന തിരുനബി തങ്ങളുടെ ദൃശ്യതയെ കുറിച്ചുള്ള ഈ അദൃശ്യതയെ മുസ്‌ലിംകൾ മറികടക്കുന്നത് പേരുകളിലൂടെ ദൃശ്യത കൈവരുന്ന വാങ്മയ ചിത്രത്തിലൂടെയാണ്. തിരുനബി തങ്ങളെ അല്ലാഹുവും അനുചരരും അവിടുത്തെ അനുഗ്രഹം അനുഭവിച്ചവരും വിളിച്ച പേരുകൾ എല്ലാം ഒരുമിച്ചുകൂട്ടിയാൽ വിശ്വാസിക്ക് കിട്ടുന്നത് തിരുനബി തങ്ങളുടെ മനോഹരമായ ഒരു ചിത്രമാണ്. സന്പൂർണ മനുഷ്യന്റെ ജീവിതത്തെ കാണാനുള്ള നിമിത്തമായി അപ്പോൾ ആ പേരുകൾ പ്രവർത്തിക്കുന്നു. നബി തിരുമേനി തങ്ങൾ എന്ന ദൗത്യത്തിന്റെ വിവിധ ഭാഗങ്ങളായി ആ പേരുകളെ സങ്കൽപ്പിച്ചു നോക്കു. ഇൻസാനുൽ ഖാമിലിനെ അപ്പോൾ നമുക്കവിടെ കാണാം.

കാലിഗ്രഫിയിലൂടെയാണല്ലോ ഇസ്‌ലാമിക ലോകത്ത് ചിത്രകല വികസിച്ചത്. അസ്മാഉൽ ഹുസ്‌നയും അസ്മാഉന്നബിയും ആയിരുന്നു ഏതുകാലത്തും കാലിഗ്രഫിയുടെ പ്രധാന വിഷയമായി വന്നത് എന്ന വസ്തുത യാദൃച്ഛികമല്ല. വാക്കിലൂടെ ചിത്രം വരുന്ന, ചിത്രത്തെ വക്കാക്കുന്ന കലയാണല്ലോ കാലിഗ്രഫി. മുഹമ്മദ് എന്ന പേരിന്റെ എഴുത്തിൽ തന്നെ ഉള്ളടങ്ങിയ സന്പൂർണതയുടെ അനുഭവത്തെ കുറിച്ച് പ്രശസ്തരായ പല കാലിഗ്രാഫർമാരും പറഞ്ഞിട്ടുണ്ടല്ലോ. വിശ്വാസിക്ക് ഈ ഓരോ പേരുകളും അനുഗ്രഹങ്ങളുടെ കലവറയാണ്. ഓരോ പേരുകളും ആവർത്തിച്ചാവർത്തിച്ച് വിളിച്ചു അവർ തിരുനബി തങ്ങളോടുള്ള സ്‌നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണ്. ഓരോ പേരിനും ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഓരോ ദൗത്യങ്ങളാണ്.

പാരത്രിക ലോകത്തെന്ന പോലെ ഭൗതിക ലോകത്തും അവരനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രതിവിധി കണ്ടെത്താനുള്ള മാസ്മരികത ഈ പേരുകൾക്കുണ്ടെന്ന് അവർ വിശ്വസിക്കുന്നു. അപ്പോൾ ആ പേരിലൂടെ തിരുനബി തങ്ങൾ കൈവരിച്ച ഉണ്മയിൽ നിന്നു കൊണ്ട് അവിടുന്ന് വിശ്വാസികളുടെ വിളികൾക്ക് ഉത്തരം നൽകുന്നു. മനുഷ്യരുടെ വ്യത്യസ്ത അവസ്ഥകൾ (രോഗം, മറവി മുതലായവ ) പരിഹരിച്ചുകിട്ടാൻ അത്തരം അവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന തിരുനബി തങ്ങളുടെ പേര് ചേർത്ത് സ്വലാത്തും സലാമും ചൊല്ലാൻ മഹത്തുക്കൾ കൽപ്പിക്കുന്നതും അതുകൊണ്ടാണല്ലോ. എല്ലാ പേരിലും മദീനയിലെ രാജകുമാരന് സ്വലാത്തും സലാമും പറഞ്ഞയക്കാൻ വിശ്വാസികൾ ആവേശം കാണിക്കുന്നതിന്റെ താത്പര്യവും മറ്റൊന്നല്ല.