Articles
കൊച്ചിയെ എങ്ങനെ കരകയറ്റും?
മഴക്കാലമാകണമെന്നില്ല, ഒറ്റപ്പെട്ട മഴ പെയ്താല്‍ പോലും റോഡിലും റെയിലിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും ആശുപത്രികളിലും കച്ചവട സ്ഥാപനങ്ങളിലും കളിസ്ഥലങ്ങളിലും വീടുകളിലും വെള്ളം കയറുന്ന ഒരു നഗരമാണ് കൊച്ചി.
അക്ഷരാര്‍ഥത്തില്‍ ഒറ്റ മഴക്ക് നഗരം സ്തംഭിക്കുന്ന അവസ്ഥയാണെങ്ങും. നഗരത്തിലെ റോഡുകളില്‍ നിന്ന് കായലില്‍ പെയ്ത്തു വെള്ളമെത്തിക്കാന്‍ വെറും 50 മീറ്റര്‍ പോലും ദൂരമില്ലെന്നതാണ് വാസ്തവം. ടൗണ്‍ പ്ലാനിംഗില്‍ ഇത്രയും അശാസ്ത്രീയതയുള്ള മറ്റൊരു നഗരം കേരളത്തിലില്ല. അര നൂറ്റാണ്ടായി നഗരവാസികളെ മഴക്കാലത്തു ദുരിതത്തിലേക്ക് തള്ളി വിടുന്ന ഒരു പ്രദേശവും വേറെ കാണില്ല. ഈ പ്രശ്‌നം ഇതുപോലെ നിലനിര്‍ത്താന്‍ തദ്ദേശ ഭരണസംവിധാനങ്ങള്‍ ഏറെക്കാലമായി “കഠിനപ്രയത്‌നം” ചെയ്യുന്നു.
എന്താണ് യഥാര്‍ഥ
പ്രശ്‌നങ്ങള്‍?
നഗരത്തിലെ പല ഓടകള്‍ക്കും വേണ്ടത്ര ആഴമോ പെയ്ത്തുവെള്ളം ഉള്‍ക്കൊള്ളാനുള്ള വലിപ്പമോ വെള്ളം ഒഴുകാനുള്ള ചരിവോ ഇല്ല. മിക്കവാറും തോടുകളും ഉപതോടുകളും കാനകളും ഉപകാനകളും കായലില്‍ വെള്ളമെത്തുന്ന രീതിയില്‍ ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. നഗരത്തിന്റെ മൊത്തം ചരിവും കാനകളുടെ ചരിവും തമ്മില്‍ ഒരു ബന്ധവുമില്ല. ആയതിനാല്‍ തോടുകളില്‍ വെള്ളം ഒഴുകാതെ കെട്ടി നില്‍ക്കുകയാണ്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നഗരത്തെ മൊത്തമായി കണ്ടുകൊണ്ട് ഒരു സമഗ്രമായ ശാസ്ത്രീയ മാസ്റ്റര്‍ പ്ലാന്‍ കൊച്ചി സിറ്റിക്കില്ല. നഗരത്തിലെ കാനകള്‍ ഏത് ദിശയിലേക്ക് ഒഴുകണമെന്നു തീരുമാനിക്കുന്നത് കൗണ്‍സില്‍ മെമ്പര്‍മാരാണ്. കാരണം ഇക്കാര്യങ്ങള്‍ക്കുള്ള നഗരസഭാ ബജറ്റ് തുക നിയന്ത്രിക്കുന്നത് ഒരു പരിധിവരെ ഇവരാണ്. നഗരത്തിനു സുശക്തമായ ഡ്രൈനേജ് എന്‍ജിനീയറിംഗ് വിഭാഗമില്ല. അതുകൊണ്ട് ഒന്നിനും ഒരു പ്ലാനുമില്ല ഒരു ലക്ഷ്യവുമില്ല. തോടുകളും ഉപതോടുകളും കാനകളും ഉപകാനകളും മറ്റു ജലനിര്‍ഗമന മാര്‍ഗങ്ങളും കൈയേറ്റം മൂലം വീതി ചുരുങ്ങിയ നിലയിലാണ്. അതുകൊണ്ട് പെയ്ത്തു വെള്ളം ശേഖരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വ്യാപ്തി നഗരത്തിലെ ഡ്രൈനേജ് മാര്‍ഗങ്ങള്‍ക്കില്ല. നഗരത്തില്‍ കെട്ടിപ്പൊക്കിയ ബഹുനില കെട്ടിടങ്ങള്‍ക്കും മെട്രോ റെയിലിനും മറ്റും വേണ്ടി പൈലിംഗ് നടത്തിയപ്പോള്‍ പലപ്പോഴും ചെളി ഒഴുകിയെത്തിയത് ഡ്രൈനേജ് സംവിധാനങ്ങളിലാണ്. അത് അവയുടെ ആഴം ക്രമാതീതമായി കുറച്ചു. ഡ്രൈനേജുകളിലെ വര്‍ഷംതോറുമുള്ള ചെളി കോരലും ആഴം കൂട്ടലും കൊച്ചി നഗരത്തില്‍ സമയാസമയങ്ങളില്‍ നടക്കാറില്ല. നഗരത്തില്‍ നിന്ന് കായലിലെത്തുന്ന പല തോടുകളുടെയും മുഖങ്ങള്‍ ചെളിയടിഞ്ഞ നിലയിലാണ്. കാലങ്ങളായി കായലിന്റെ അവകാശികളും ചുമതലക്കാരുമായ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത്. സമീപ കാലങ്ങളില്‍ അശാസ്ത്രീയമായി നഗരത്തില്‍ പണിതീര്‍ത്തിട്ടുള്ള പുതിയ റോഡുകളും ഫുട്പാത്തുകളും സൗന്ദര്യവത്കരണവും പ്ലാസ്റ്റിക് മാലിന്യങ്ങളും പെയ്ത്തു വെള്ളത്തിന്റെ ഒഴുക്കിനു തടസ്സമായി. നഗരത്തില്‍ നിമിഷ പ്രളയങ്ങള്‍ക്ക് ഇത് കാരണമാകുന്നു. നഗരത്തിലെ നിമിഷ പ്രളയം ഒഴിവാക്കാന്‍ നിര്‍മിച്ചിട്ടുള്ള പെട്ടിയും പറയും സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. കൊച്ചി നഗരം മെട്രോ നഗരമായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും നഗരത്തിലെ പ്രളയ ജലം ഒഴുക്കുന്നത് ഓടകളിലൂടെയാണ്. അല്ലാതെ നഗരത്തില്‍ പ്രത്യേകമായി പ്രളയ ജല നിര്‍ഗമന സംവിധാനങ്ങളോ എമര്‍ജന്‍സി പമ്പിംഗ് സംവിധാനങ്ങളോ ഇല്ല.
നഗരത്തില്‍ റോഡുകള്‍ വര്‍ധിച്ചപ്പോള്‍ പല സ്ഥലങ്ങളിലും ചാലുകള്‍ നികത്തി റോഡുണ്ടാക്കി. അത് വെള്ളക്കെട്ടിന് കാരണമായി. കുത്തഴിഞ്ഞ നഗരസഭാ ഭരണം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള പുറമ്പോക്ക് കൈയേറ്റങ്ങള്‍ക്ക് ഇടവരുത്തി. കൊച്ചിയിലെ മിക്കവാറും പുറമ്പോക്കുകള്‍ കായല്‍ തീരവും പുഴത്തീരവും തോടുകളും കുളങ്ങളുമായിരുന്നു. ഭൂമിക്ക് വില വര്‍ധിച്ചതോടെ ഭൂമി കൈയേറ്റങ്ങളുടെ വ്യാപ്തി കൂടി. നഗരത്തിലെ പല ഭൂമിയും കച്ചവടം ചെയ്യുമ്പോള്‍ ആധാരത്തില്‍ ഉള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ ആധാരത്തില്‍ ഇല്ലാത്ത ഭൂരിഭാഗം സ്ഥലങ്ങളും വെള്ളം ഒഴുകിയിരുന്ന ഭൂമികള്‍ ആയിരുന്നു. നഗരം നേരിടുന്ന വെള്ളക്കെട്ടിനും പ്രളയത്തിനും പ്രധാന കാരണവും മറ്റൊന്നല്ല. 2019 ഒക്ടോബര്‍ 21ന് നഗരത്തില്‍ ഉണ്ടായ 25 സെന്റീമീറ്റര്‍ മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിലെ വെള്ളം ഒഴുക്കി ഇല്ലാതാക്കിയത് 5-10 മണിക്കൂര്‍ നേരം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 2,800 ഓളം ആളുകള്‍ നടത്തിയ പരിശ്രമ ഫലമായാണ്. ഇതിനായി പല സ്ഥലങ്ങളിലും കൈയേറി പണിതീര്‍ത്ത നിര്‍മിതികള്‍ തകര്‍ക്കുകയും തടസ്സങ്ങള്‍ മാറ്റുകയും റോഡിലെ വെള്ളം കാനകളിലും തോടുകളിലും എത്തിക്കുകയും ചെയ്തു.
വെള്ളമൊഴുക്ക് തടസ്സപ്പെട്ട
തോടുകള്‍
ചേരാനെല്ലൂര്‍ – ഇടപ്പള്ളി തോട് (19.6 കി.മീ), പുഞ്ചത്തോട് (2 കി.മീ), (കാരണക്കോടം – കണിയാമ്പുഴ ), തേവര – പേരണ്ടൂര്‍ കനാല്‍ (9.2 കി.മീ), മുല്ലശ്ശേരി കനാല്‍ (1.4 കി.മീ), തേവര – ചമ്പക്കര കനാല്‍ (4.0 കി.മീ), വൈറ്റില – കരണക്കോടം തോട് (5 കി.മീ), ചെങ്ങാടംപോക്ക് തോട് (3 കി.മീ).
ഈ തോടുകള്‍ക്കെല്ലാം മിക്കവാറും സ്ഥലങ്ങളില്‍ 10 മുതല്‍ 35 മീറ്റര്‍ വരെയെങ്കിലും വീതി ഉണ്ടായിരുന്നവയായിരുന്നു. ഇത് സർവേ ഓഫ് ഇന്ത്യ വാട്ടര്‍ ബോഡി മാപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് കൂടാതെ 40 വര്‍ഷം മുമ്പുള്ള ഉപഗ്രഹ ചിത്രങ്ങളും തോടുകളുടെ വീതിയെ കുറിച്ചുള്ള വിവരങ്ങള്‍ തെളിയിക്കും. കണയന്നൂര്‍ താലൂക്കിലെ തോടുകളുടെയും നദികളുടെയും മാപ്പുകളും ഇവയുടെ കൃത്യമായ വീതി നല്‍കുന്നുണ്ട്. ഇന്ന് കൈയേറ്റം മൂലം പല തോടുകളും അപ്രത്യക്ഷമായിരിക്കുന്നു. വീതി കുറഞ്ഞു കുറഞ്ഞു ഒരു മീറ്റര്‍ ആയവയും നഗരത്തിലുണ്ട്. ഉപതോടുകളുടെ കൈയേറ്റം പ്രാദേശിക വെള്ളക്കെട്ടിനും പ്രളയത്തിനും കരണമാക്കിയിട്ടുണ്ട്.
വൃത്തിയാക്കേണ്ട
പ്രധാന ഉപതോടുകള്‍
റെയില്‍വേ കനാല്‍, വിക്രംസാരാഭായ് തോട്, കണ്ണന്‍ തോട്, വാടത്തോട്, കരീത്തോട്, പുനത്തില്‍ തോട്, പൂതാനത്തോട്, മാമംഗലം – വൈറ്റില തോട്, അറിമുടി തോട്, കോട്ടയില്‍ കനാല്‍, കണ്ണചന്‍ തോട്, സീനാ തോട്, പൊറ്റക്കുഴി തോട്, ചിരട്ടപ്പാലം കനാല്‍, പാലിച്ചാല്‍ തോട്, പുലിമുട്ട് തോട്, പഷ്ണി തോട്, രാമേശ്വരം കനാല്‍, കണ്ണങ്ങാട്ട് തോട്, കനാരി തോട്, ചിലവനത്തോട്, പുല്ലറ തോട്.
പ്രളയ നിവാരണം –
ഓപറേഷന്‍ ബ്രേക്ക് ത്രൂ!
നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിന് പരിഹാരമായി ആദ്യം ഒരു ശാസ്ത്രീയ പഠനം അനിവാര്യമാണ്. വെള്ളം സുഗമമായി ഒഴുകുവാനുള്ള എല്ലാ പദ്ധതികളും ഓപറേഷന്‍ ബ്രേക്ക് ത്രൂവില്‍ ഉള്‍ക്കൊള്ളിക്കണം. ഇത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ നടപ്പാക്കണം. ഇതിനുള്ള പണം സംസ്ഥാന ദുരന്ത റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് കണ്ടെത്താകുന്നതാണ്. ഓപറേഷന്‍ അനന്ത പോലെ കൊച്ചിയിലെ ഓപറേഷന്‍ ബ്രേക്ക് ത്രൂക്ക് ചീഫ് സെക്രട്ടറി ചുമതല വഹിക്കണം. അടുത്ത മഴക്ക് മുമ്പായി ഈ പദ്ധതി തീര്‍ക്കണം. ഓപറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഒരു ഘട്ടത്തിലും രാഷ്ട്രീയ ഇടപെടല്‍ പാടില്ല. ഇനിയൊരിക്കലും കൊച്ചിയിലെത്തുന്ന യാത്രക്കാര്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കരുത്. വീടുകളും കടകളും വെള്ളം പൊങ്ങി നാശമാകരുത്. കൊച്ചി മെട്രോ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് രക്ഷപ്പെടണം. വെള്ളപ്പൊക്കം മൂലം നഗര ജീവിതം സ്തംഭിക്കരുത്.
ഡോ. സി എം ജോയി
jcheenikkal@gmail.com