Connect with us

Religion

നാമലിഞ്ഞ, നമ്മിലലിഞ്ഞ പുണ്യറസൂൽ

Published

|

Last Updated

നാടാകെ മീലാദാഘോഷത്തിന്റെ പൊടിമഞ്ഞ് പാറിപ്പെയ്യുകയാണ്, സന്തോഷം! പക്ഷെ സങ്കടം വരുന്നു, അൽപംപേർ മീലാദെന്നറിഞ്ഞ് മുഖം മ്ലാനമാക്കി മാറിനിൽക്കുന്നത് കാണുമ്പോൾ. എന്നുനിൽക്കുമീ ആദർശ ബോധക്ഷയം? “നാം അങ്ങയുടെ സ്മൃതി ഉതത്തിൽ വെച്ചിരിക്കുന്നു” എന്ന് ഖുർആൻ പറഞ്ഞ സ്ഥിതിക്ക് മീലാദുർറസൂൽ ആണ്ടോടാണ്ട് പൊലിവേറിവരികയേയുള്ളൂ, അല്ലേ?

മാറ്റങ്ങൾ വന്ന് തുടങ്ങുന്നുണ്ട്, ജമാഅത്തിൽ. മീലാദ് കാലത്ത് മുഹമ്മദ് മുസ്തഫ (സ) യെ പറ്റിയുള്ള വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ വിദ്യാർഥി സംഘടന പരസ്യപ്പെടുത്തിക്കഴിഞ്ഞു. കഹാർട്ടുലേഷൻസ്! ഇതിനേയും നമുക്ക് മീലാദാഘോഷത്തിന്റെ ഒരു ഛേദമായി പരിഗണിക്കാം. എന്ന് മാത്രമല്ല, മീലാദാഘോഷിച്ച് വരുന്നതിന്റെ പാരമ്പര്യ രീതികളായ മൗലൂദോത്ത്, തോരണം തൂക്കൽ, ഘോഷജാഥ, പോത്തറവ്, ചോറുവെയ്പ്പ് എന്നിവയോടൊപ്പം ചില അപ്ഡേറ്റഡ് ഛേദങ്ങൾ കൂടി നമുക്ക് തന്നെ പരിചയപ്പെടുത്താവുതാണ്.

മുത്ത് റസൂലിന്റെ തിരുപ്പിറവി നാളിൽ യാത്രക്കാർക്കും രോഗികൾക്കും അശരണർക്കും ബിരിയാണിപ്പൊതികൾ കൊടുത്തുതുടങ്ങിയിട്ടുണ്ട്. ഇതേപോലെ മുത്ത് റസൂലിന്റെ അധ്യാപനങ്ങളുടെ പ്രായോഗിക പ്രകാശനങ്ങളായി റോഡുവെട്ട്, വഴി വൃത്തിയാക്കൽ, കിണർകുഴി, പള്ളികഴുക്, കുളംതോണ്ട്, ആശുപത്രിതുട, ദാനധർമം, കുടുംബ സന്ദർശനം തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിക്കാവുന്നതാണ്. പറ്റാത്തത് ഈ കണ്ടതെല്ലാം ശിർക്കാണെന്ന് പറഞ്ഞുള്ള ആദർശ അപസ്മാരാണ്.
ജമാഅത്തും ഇതര ആന്റി അഹ്‌ലുസുന്നക്കാരും പഠിച്ച, പഠിപ്പിച്ചു പോരുന്ന പ്രവാചകൻ എന്നത് മഹാനായ ഒരു മനുഷ്യനാണ്. പിന്നെ എന്തല്ല? പുണ്യവാളനല്ല! അതെന്താ വ്യത്യാസം. അതുണ്ട്. ചരിത്രത്തിൽ നവോത്ഥാനം സൃഷ്ടിച്ച ഒരു സാമൂഹിക വിപ്ലവകാരി, മൂല്യങ്ങൾ സ്ഥാപിച്ചെടുത്ത ഒരു മതമേധാവി എന്നിടത്തൊക്കെ മാത്രമേ അത് എത്തിനിൽക്കുന്നുള്ളൂ. ഇതൊക്കെ തലച്ചോറിന്റെ പടിവാതിൽക്കൽ പ്രവേശനം കാത്തുനിൽക്കുന്ന പ്രവാചകനെ ആകുന്നുള്ളൂ. അല്ലാതെ വിശ്വാസിയുടെ മാനസ സരോവരത്തിൽ വിരിഞ്ഞ മുത്ത് നബിയാവുന്നില്ല.
ജമാഅത്ത് മദ്റസയിൽ പഠിച്ചാൽ അവരുടെ പ്രസംഗം കേട്ടാൽ, ബുക്ക് വായിച്ചാൽ ഒക്കെ കിട്ടുന്നത് മേൽചൊന്ന മഹാനായ പ്രവാചകൻ മാത്രമാണ്. എത്ര മാർക്കാണെറിയോ ആ വിലയിരുത്തലിന്. വെറും ഒന്നേ ദശാംശം പൂജ്യം പൂജ്യം പൂജ്യം ഒന്ന് മാത്രം. എത്രയിൽ? ആറിലല്ല. നൂറിൽ! യാ ഉമ്മാ…….

അതേസമയം അശിഖീങ്ങൾ ആത്മാവിൽ ഒപ്പിയെടുക്കുന്ന അശ്റഫുൽ ഖൽഖിന്/ആരമ്പപ്പൂവിന് നൂറ് മാർക്കും കവിഞ്ഞ് പതഞ്ഞ് തുളുമ്പിയൊലിക്കുകയാണ്. അത് വായകൊണ്ട് വർത്താനം പറയുന്ന ഒരാൾക്ക് ആവിഷ്‌കരിക്കാനാവുന്നതിലപ്പുറം പരിധിരഹിതമാണെ് പറഞ്ഞ് ബുർദയുടെ ചിറക് കുഴയുന്നു. അതുകൊണ്ടാണ് ബുസ്വൂരി ഇമാം അഭിവന്ദനത്തിന്റെ അമിതഭീതിയെ അതിരുകൊത്തിയെരിഞ്ഞ് നിങ്ങൾക്ക് ബോധിച്ച പോലെ ശറഫും ഇളമും പാടി പൊളിച്ചോ എന്ന് ലക്കില്ലാലൈസൻസ് തരരുത്. മാത്രം, അച്ചായർ അവരുടെ നബിയിൽ ചാർത്തിയ “കർത്താവ്”ത്വം അരുതേ!

63 കൊല്ലം വിപ്ലവകരമായി ജീവിച്ച് മദീനയിൽ മരിച്ചു പിരിഞ്ഞ പൗരാണിക പുരുഷനെയാണ് ജമാഅത്ത് മദ്റസ മക്കളുടെ മനസ്സിൽ വിളമ്പിക്കൊടുക്കുന്നത്. അങ്ങനെ ആയിരത്തിഅഞ്ഞൂറ് സംവത്സരങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകനെ തലയിൽപേറി പുറത്തിറങ്ങുന്ന ഒരു പഠിതാവ് കുറേക്കാലം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ 1500 ഗുണം 12 സമം പതിനെട്ടായിരത്തോടടുത്ത് മാസങ്ങൾക്കപ്പുറം ജീവിച്ച ഏതോ ചരിത്ര പുരുഷനായി മനസ്സിന്റെ ചരിത്രസ്‌കെയിലിൽ അകന്ന് നിൽക്കും. ഒടുക്കം മരിക്കാനാകുമ്പോഴേക്ക് ആ അകലം ദിവസം കൊണ്ട് ഗുണിച്ച് അങ്ങ് ദൂരെ എവിടെയോ ഇരുളിലലിയുന്ന നിഴലായി മായുന്നു. അപകടമാണേ ഇത്!

ആശിഖീങ്ങളുടെ ലോകം അങ്ങനെയല്ല. മൗലിദ് ചൊല്ലുന്നതിന് മുമ്പ് മിക്ക സദസ്സുകളിലും പാടുന്ന ഒന്നാണ് സലാം ബൈത്ത്. അസ്സലാമു അലൈക്ക യാ സൈനൽ അമ്പിയാ…..അമ്പിയാഇലെ അഴകായ നബിയേ അങ്ങേക്ക്/ താങ്കൾക്ക് സലാം എന്ന് നേരിട്ട് അഭിസംബോധന ചെയ്യുകയാണ്. എല്ലാ വെള്ളിയാഴ്ച രാവുകളിലും ചൊല്ലപ്പെടുന്ന സ്വലാത്തിന്റെ അവസാനത്തിൽ ഈ അസ്സലാമു അലൈക്ക യാ. ഉണ്ട്. പിന്നെ ഇന്നലെ മുത്താപ്പ ഗൾഫിൽ പോവുമ്പോൾ ചൊല്ലിയ മൗലിദ് ആ മുത്തുനബിയുടേതായിരുന്നു. കഴിഞ്ഞ മാസം വല്ലുമ്മാന്റെ ആണ്ടിനും ചൊല്ലിയിരുന്നു അതേ മൗലിദ്. കഴിഞ്ഞയാഴ്ച അനുജത്തിയുടെ വിവാഹ നിശ്ചയം തുടങ്ങിയതുതന്നെ ഇലാ ഹള്‌റത്തിബിയ്യിൽ മുസ്തഫാ മുഹമ്മദിൻ (സ) എന്നായിരുന്നല്ലോ. ഇക്കാക്കക്ക് കുറ്റിയടിച്ചപ്പോഴും കട്ടില വെച്ചപ്പോഴും ഉണ്ടായിരുന്നു ആ ഇലാ ഹളറത്തി.

ചെറിയ അനുജൻ റെഡിമെയ്ഡ് കട തുടങ്ങിയത് തന്നെ സുബ്ഹിക്ക് ശേഷം മൗലിദ് കഴിച്ചിട്ടാണ്. കഴിഞ്ഞമാസം നാച്ചൂന്റെ ച്ചിമണി മുറിക്കുമ്പം നീട്ടിചൊല്ലിയത് ഓർമയില്ലേ, യാ നബീ സലാം അലൈക്കും…യാ റസൂൽ സലാം അലൈക്കും…

ഇങ്ങനെ നിത്യജീവിതത്തിന്റെ ഓരോ കുത്തിലും കോമയിലും പടർലിഞ്ഞ്, ആശിഖീങ്ങളുടെ മനസ്സിൽ മുത്ത്‌നബി തളം കെട്ടിനിൽക്കുമ്പോൾ എവിടെ എ. ഡി 571? എവിടെ ഡാർകേജ്? എവിടെ മക്കാമുശ്രിക്? എവിടെ മദീനമുനാഫിഖ്? മുത്തുനബി എന്നും എപ്പോഴും നമ്മോടൊപ്പമല്ല, നമ്മിലാണ്. ഫിദാക റൂഹി ഫിദാക ഉമ്മീ വ അബീ യാ റസൂലല്ലാഹ്!

ഫൈസൽ അഹ്സനി ഉളിയിൽ
faisaluliyil@gmail.com