Connect with us

Book Review

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സുൽത്താൻ

Published

|

Last Updated

നവാബ് ടിപ്പു സുൽത്താൻ, ഒരു പഠനം | ഡോ. കെ കെ എൻ കുറുപ്പ്

ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ. മതകാര്യങ്ങളിൽ അൽപ്പം ശ്രദ്ധ ചെലുത്തുന്ന ഒരു ഭരണാധികാരിയാണെങ്കിൽ എപ്പോഴും അയാൾ മതഭ്രാന്തനെന്ന് മുദ്ര കുത്തപ്പെടും എന്നതിൽ സംശയമില്ല, ഔറംഗസീബിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ടല്ലോ? ഖുർആൻ പകർത്തിയെഴുതി ജീവിച്ച് ലളിത ജീവിതത്തിന് മാതൃകയായ ഔറംഗസീബ് വർഗീയ വാദിയും ധൂർത്ത പുത്രന്മാരായി നാടും നഗരവും കൊള്ളയടിച്ച ചക്രവർത്തിമാർ ദി ഗ്രേറ്റുമാകുന്നതാണ് ചരിത്രം.

മന്ത്രിമാരായി ഹൈന്ദവരെ നിയോഗിച്ചതും ഹൈന്ദവ ക്ഷേത്രങ്ങൾക്ക് സംഭാവന കൊടുത്തതും മേൽ വസ്ത്രം ധരിക്കാൻ നിരോധനമുണ്ടായിരുന്ന നാട്ടിലെ സ്ത്രീകളെ വസ്ത്രം ധരിക്കാൻ നിർബന്ധിച്ചതുമൊന്നും ടിപ്പുവിനെ വർഗീയവാദിയായി മുദ്രകുത്തുന്നവർ കണ്ടില്ലെന്ന് നടിക്കും.
ടിപ്പുവിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ പലതും ആധികാരിക രേഖകളുടെ പിൻബലത്തോടെ തിരുത്തുന്ന ശ്രദ്ധേയമായ കൃതിയാണ് ഡോ. കെ കെ എൻ കുറുപ്പിന്റെ “നവാബ് ടിപ്പു സുൽത്താൻ, ഒരു പഠനം” എന്ന പുസ്തകം. ആമുഖത്തിൽ പറയുന്നതുപോലെ ഈ ഗ്രന്ഥം ഒരു ജീവചരിത്ര ഗ്രന്ഥം എന്നതിലുപരി ആ കാലഘട്ടത്തിലെ രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലം സുൽത്താനുമായി ബന്ധപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്.

സുൽത്താന്റെ അടിസ്ഥാനപരമായ മതവിശ്വാസം ആർക്കും നിഷേധിക്കാൻ കഴിയുന്നതല്ല. എന്നാൽ അദ്ദേഹത്തിൽ ആരോപിക്കപ്പെടുന്നത് പോലെ മതപരമായ അസഹിഷ്ണുതയും ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്താനുള്ള അഭിലാഷവും ഉണ്ടായിരുന്നുവെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് ഗ്രന്ഥകാരൻ സമർഥിക്കുന്നു. ഒരു ഭരണാധികാരിയെന്ന നിലയിൽ മതത്തിന് അതീതമായി തന്നെയാണ് അദ്ദേഹം പ്രവർത്തിച്ചത്. ഹൈന്ദവ ക്ഷേത്രങ്ങളെയും സ്ഥാപനങ്ങളെയും സാമ്പത്തികമായി സഹായിച്ചു. പൂർണയ്യ, കിഷൻ ദാസ് എന്നിവർ മൈസൂരിന്റെ ദീപസ്തംഭങ്ങളായി സുൽത്താനോടൊപ്പം പ്രവർത്തിച്ചിരുന്നവരാണ്.

യുദ്ധങ്ങളിൽ കീഴടങ്ങിയ സൈനികരോടും മറ്റുമുള്ള സുൽത്താന്റെ മാനുഷികത ജെ ബർഗസ് തുടങ്ങിയ ചരിത്രകാരന്മാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ബിങ്കാപ്പൂരിലെ മറാത്തക്കാരെ കീഴടക്കിയപ്പോൾ അവിടുത്തെ സ്ത്രീകളോട് അദ്ദേഹം കാണിച്ച ഔദാര്യവും ആദരവും ചരിത്രത്തിൽ രേഖപ്പെട്ട് കിടപ്പുണ്ട്. ഇംഗ്ലീഷ് കമ്പനിക്കാർ ശത്രുക്കളെയും സ്ത്രീകളെയും മാനഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്തിരുന്ന സമയത്താണ് ഇതെന്ന് ഓർക്കണം.

മുസ്‌ലിം ഭരണാധികാരികളായിരുന്ന പലരും പൂർണമായി മതത്തെ പിന്തുടരാതിരുന്നപ്പോൾ സുൽത്താൻ തന്റെ ജീവിതം മതപരമായ മൂല്യങ്ങളിൽ കെട്ടിപ്പെടുത്തു. അന്ധമായ വൈദേശിക വംശീയ വിദ്വേഷിയായിരുന്നു ടിപ്പു എന്ന് പറയുന്നത് ശരിയല്ല. ഫ്രഞ്ചുകാരും മറ്റുമായി മൈസൂർ രാജ്യം സൗഹാർദം നില നിർത്തിയതിന് നിരവധി രേഖകൾ സാക്ഷിയാണെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ വൻ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരുന്ന ഇംഗ്ലീഷുകാരുടെ രാജ്യമോഹത്തെ തടഞ്ഞുനിർത്തുകയായിരുന്നു ടിപ്പുവിന്റെ ലക്ഷ്യം. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തങ്ങളുടെ മോഹം നടക്കില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ അദ്ദേഹത്തെ ഏത് വിധേനയും ഇല്ലാതാക്കാൻ ശ്രമിച്ചത് അതുകൊണ്ടാണ്. ചരിത്രത്തിനും കാലത്തിനും മുമ്പേ നടന്നയാളായിരുന്നു ടിപ്പു. പതിനേഴ് വർഷത്തെ ഭരണകാലയളവിൽ ആധുനികമായ പല ഭരണ നയങ്ങളും നടപ്പിലാക്കാൻ സുൽത്താൻ ശ്രദ്ധിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിനനുവദിച്ച ഇളവും ദാനങ്ങളും കോഴിക്കോട്ടെ കലക്‌ടറേറ്റ് രേഖകളിൽ കാണാം. ശൃംഗേരിമഠവുമായി നടത്തിയ കത്തിടപാടുകൾ സുൽത്താന്റെ മതസൗഹാർദത്തിന്റെ ഏറ്റവും വലിയ തെളിവുകളാണ്. ഇതരമതങ്ങളോടുള്ള സുൽത്താന്റെ ആദരം വ്യക്തമാക്കുന്നതാണ് ഈ കത്തുകൾ. സുൽത്താൻ പലപ്പോഴായി പുറപ്പെടുവിച്ച വിളംബരങ്ങളും അദ്ദേഹത്തിന്റെ സഹിഷ്ണുതക്ക് ഉദാഹരണമാണ്.
സുൽത്താൻ 1785ൽ മലബാർ ഗവർണർക്കയച്ച വിവാദമുണ്ടാക്കിയ ഒരു കത്തിന്റെ കാര്യം ഗ്രന്ഥകർത്താവ് ചൂണ്ടിക്കാണിക്കുന്നു. അന്നത്തെ മലബാറിലെ സ്ത്രീകൾ മാറു മറയ്ക്കാത്തത് അവരുടെ ദാരിദ്ര്യം കൊണ്ടാണെങ്കിൽ സ്‌റ്റേറ്റ് അതിനാവശ്യമായ സഹായം നൽകണമെന്നും മതാചാരമാണെങ്കിൽ മതനേതാക്കന്മാരുമായി ബന്ധപ്പെട്ട് ഇത്തരം ആചാരം ഇല്ലാതാക്കാൻ പരിശ്രമിക്കണമെന്നുമായിരുന്നു ഈ എഴുത്തിലെ നിർദേശം. കുപ്പായമിടുക എന്നാൽ മതം മാറ്റം നടത്തുക എന്നൊരാശയം പ്രചാരത്തിൽ വന്നത് ഈ നിർദേശത്തിൽ നിന്നായിരിക്കാം എന്ന് ഗ്രന്ഥകർത്താവ് പറയുന്നു. ഇത്തരത്തിൽ സാങ്കേതിക ശാസ്ത്രം മുതൽ സാമൂഹിക ശാസ്ത്രം വരെയും ധനശാസ്ത്രം മുതൽ സൈനികശാസ്ത്രം വരെയും പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോയ സുൽത്താന്റെ മിഴിവാർന്ന ചിത്രമാണ് ഈ ഗ്രന്ഥത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നത്.

ശ്രീരംഗപട്ടണത്തിൽ 1799ൽ നടന്ന അന്തിമ പോരാട്ടത്തിൽ ധീരോദാത്തം പോരാടി വീരമൃത്യു വരിച്ച സുൽത്താൻ എന്നും ജനമനസ്സുകളുടെ ആവേശമായി നിൽക്കുന്നു. വേണമെങ്കിൽ അദ്ദേഹത്തിന് കീഴടങ്ങാമായിരുന്നു. അല്ലെങ്കിൽ പിതാവ് ഹൈദരലിയുടെ കാലത്ത് തന്നെ കൊട്ടാരത്തിൽ നിർമിച്ചിരുന്ന തുരങ്കത്തിലൂടെ ശത്രുക്കളുടെ പിടിയിൽ പെടാതെ രക്ഷപ്പെടാമായിരുന്നു. ഇത് രണ്ടും അദ്ദേഹം ചെയ്യാതിരുന്നതിന്റെ കാരണം ശത്രുക്കളുടെ മുമ്പിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ഭീരുവായ ഒരു ഭരണാധികാരിയായി ചരിത്രം നാളെ വിലയിരുത്തരുതെന്ന് തീരുമാനിച്ചാവാം. അതോടൊപ്പം യുദ്ധത്തിൽ പോരാടി മരിക്കുന്ന ശഹീദിന്റെ പ്രതിഫലവും സുൽത്താൻ ആഗ്രഹിച്ചിരിക്കാം.

വൈദേശികാധിപത്യത്തിനെതിരെ പോരാടി മരിച്ച മതസൗഹാർദത്തിന്റെ മാതൃകയായിരുന്ന ടിപ്പുവിന്റെ ജീവസ്സുറ്റ ചിത്രമാണ് ഈ ഗ്രന്ഥത്തിലൂടെ കടന്നു പോകുമ്പോൾ നമുക്ക് കാണാൻ കഴിയുക. പല ചരിത്രകാരന്മാരും വർഗീയവാദിയും അക്രമകാരിയുമായി ചിത്രീകരിച്ച ടിപ്പുവിന്റെ യഥാർഥ ചിത്രവും ചരിത്രവും മനസ്സിലാക്കാൻ ഡോ. കെ കെ എൻ കുറുപ്പിന്റെ “നവാബ് ടിപ്പുസുൽത്താൻ, ഒരു പഠനം” എന്ന ഈ ഗ്രന്ഥം നമ്മെ സഹായിക്കും എന്നതിൽ സംശയമില്ല. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ. വില: 180 രൂപ.

നൈന മണ്ണഞ്ചേരി
mirazjnaina@yahoo.co.in

Latest