Connect with us

National

കാർട്ടോസാറ്റ്-മൂന്ന് വിക്ഷേപണം 25ന്

Published

|

Last Updated

ബെംഗളൂരു | ഭൗമ നിരീക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ച അത്യാധുനിക കാർട്ടോസാറ്റ് ഉപഗ്രഹം വഹിച്ചുള്ള പി എസ് എൽ വി- 47 റോക്കറ്റ് ഈ മാസം 25ന് രാവിലെ 9.28ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഇന്ത്യയുടെ കാർട്ടോഗ്രഫി സാറ്റലൈറ്റായ കാർട്ടോസാറ്റ് മൂന്നും 13 വാണിജ്യ നാനോ സാറ്റലൈറ്റുകളുമാണ് വിക്ഷേപിക്കുകയെന്ന് ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ അറിയിച്ചു. ഉയർന്ന റസല്യൂഷനിൽ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള മൂന്നാം തലമുറയിലെ പുതിയ ഉപഗ്രഹമാണ് കാർട്ടോസാറ്റ്-മൂന്ന്. 509 കിലോമീറ്റർ ഭ്രമണപഥത്തിൽ 97.5 ഡിഗ്രി ചെരിവിലാണ് ഉപഗ്രഹം സ്ഥാപിക്കുക.

ബഹിരാകാശ വകുപ്പിന് കീഴിൽ അടുത്തിടെ ആരംഭിച്ച പുതിയ കമ്പനിയായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള (എൻ എസ് ഐ എൽ) വാണിജ്യ ഉടമ്പടിയുടെ ഭാഗമായുള്ളതാണ് യു എസിൽ നിന്നുള്ള 13 നാനോ സാറ്റലൈറ്റുകൾ. കാർട്ടോസാറ്റ് രണ്ടിനേക്കാൾ വ്യക്തമായി സ്ഥലങ്ങളുടെ ഭൂപടങ്ങൾ തയ്യാറാക്കാൻ കാർട്ടോസാറ്റ് മൂന്നിന് സാധിക്കും. കാലാവസ്ഥാ മാപ്പിംഗ്, ഭൂപട പഠനം എന്നിവക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താൻ കഴിയും.

കാർട്ടോസാറ്റ്- 3 വിക്ഷേപണത്തിന് ശേഷം റിസാറ്റ്-2 ബി ആർ-1, റിസാറ്റ്-2 ബി ആർ-2 എന്നിവയും വിക്ഷേപിക്കും. ഇവ രണ്ടും നിരീക്ഷണ ഉപഗ്രഹങ്ങളായതിനാൽ ഡിസംബറിലാണ് വിക്ഷേപിക്കുക. പി എസ് എൽ വി-48 റിസാറ്റ്-2 ബി ആർ- ഒന്നിനെയും പി എസ് എൽ വി സി-49 റിസാറ്റ്- 2 ബി ആർ രണ്ടിനെയും ഭ്രമണപഥത്തിലെത്തിക്കും. 2007 ജനുവരി പത്തിനാണ് കാർട്ടോസാറ്റ്-രണ്ട് വിക്ഷേപിച്ചത്. പി എസ് എൽ വി സി-7 റോക്കറ്റിൽ വിക്ഷേപിച്ച കാർട്ടോസാറ്റ് രണ്ടിൽ നിന്നുള്ള ആദ്യചിത്രം ജനുവരി 11ന് തന്നെ ലഭ്യമായിരുന്നു.

Latest