Connect with us

Ongoing News

ബാങ്ക് വിളിച്ച് നേട്ടങ്ങളുടെ നെറുകെയിൽ

Published

|

Last Updated

മുഹമ്മദ് മുഹ്്സിന് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉപഹാരം നൽകുന്നു.

ജീവിതത്തിലെ ആദ്യ ബാങ്കുവിളിക്ക് ലോകതലത്തിൽ അംഗീകാരം… അവിസ്മരണീയമായ നേട്ടവുമായി മടങ്ങിയെത്തിയിരിക്കുകയാണ് ഈ പ്ലസ്ടു വിദ്യാർഥി. തിരുവനന്തപുരം ജില്ലയിലെ ചുള്ളിമാനൂർ പുനവകുന്നിൽ കെ കെ എം മൻസിലിലെ മുഹമ്മദ് മുഹ്‌സിന്റെ ജീവിതം മാറിമറിഞ്ഞത് അപ്രതീക്ഷിതമായാണ്. മദ്റസയിലെ നബിദിന പരിപാടിയിൽ പോലും ബാങ്കുവിളിക്കാത്ത മുഹ്‌സിൻ മദീനയിൽ നടന്ന അന്താരാഷ്ട്ര ബാങ്കുവിളി മത്സരത്തിൽ ഏഴാം സ്ഥാനം നേടാനായതിന്റെ ആഹ്ലാദത്തിലാണ്. പെരിങ്ങമല ഇഖ്ബാൽ ഹയർ െസക്കൻഡറി സ്‌കൂളിൽ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. സ്‌കൂളിലെ പൊളിറ്റിക്‌സ് അധ്യാപിക സുൽഫിയാണ് ഇങ്ങനെയൊരു മത്സരത്തെ കുറിച്ച് ആദ്യമായി പറയുന്നത്. സഊദി അറേബ്യൻ സർക്കാറിന് കീഴിലുള്ള ജനറൽ എന്റർടൈൻമെന്റ് അതോറ്റി നടത്തുന്ന പ്രഥമ മത്സരത്തിൽ പങ്കെടുക്കാൻ ടീച്ചർ തന്നെയാണ് മുഹ്‌സിന്റെ പേര് രജിസ്റ്റർ ചെയ്തത്. ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് അപേക്ഷകരിലൊരാളായി അങ്ങനെ മുഹ്‌സിന്റെ പേരും ചേർക്കപ്പെട്ടു. ലോകത്തുള്ള ഏതു പ്രായക്കാരായ മുസ്‌ലിംകൾക്കും പങ്കെടുക്കാമെന്ന് മാത്രമായിരുന്നു യോഗ്യത. ഇതുകാരണം അപേക്ഷകരുടെ എണ്ണം കൂതിച്ചുയർന്നു.

സൗത്ത് ഇന്ത്യയിൽ നിന്നുള്ള
ഏക മത്സരാർഥി

ഓൺലൈനായിട്ടായിരുന്നു ആദ്യ അഞ്ച് ഘട്ടങ്ങളിൽ മത്സരം. ഓരോ തവണയും ലൈവായി ബാങ്കുകൊടുത്ത് ഇതിന്റെ ഓഡിയോ അപ് ലോഡ് ചെയ്യേണ്ടിയിരുന്നു. ഓഡിഷനിൽ വിജയിച്ചതോടെ ആറാം റൗണ്ട് മത്സരത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് ബംഗളൂരുവിലേക്കെത്താനായിരുന്നു നിർദേശം. അഞ്ഞൂറിലേറെ പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. കാര്യമായ പരിശീലനം ഇല്ലാത്തതും മത്സരിക്കാനെത്തിയവരുടെ ബാഹുല്യം കാരണവും ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. കേരളത്തിൽ നിന്നു മാത്രം നൂറിലധികം പേരുണ്ടായിരുന്നു. സഊദി അറേബ്യൻ ഗവ. ഒഫീഷ്യൽസാണ് മത്സരം നിയന്ത്രിച്ചത്. ബാങ്കുവിളിയും ഇതിനു ശേഷമുള്ള പ്രാർഥനയുമായിരുന്നു മത്സരം. മത്സരത്തിനൊടുവിൽ അടുത്ത ഘട്ടത്തിന് യോഗ്യത നേടിയ അഞ്ചുപേരുടെ പട്ടികയിൽ മുഹ്‌സിനും ഇടംപിടിച്ചു. സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഏക മത്സരാർഥി.

2018 ആഗസ്ത് 20ന് മദീനയിലായിരുന്നു ഏഴാം റൗണ്ട് മത്സരം തീരുമാനിച്ചിരുന്നത്. മത്സരത്തിന് യോഗ്യത നേടിയതോടെ യൂട്യൂബിൽ നിന്ന് വിദേശ രാഷ്ട്രങ്ങളിലെ ബാങ്കുകളുടെ ഏതാനും വീഡിയോകൾ കണ്ടും കേട്ടുമുള്ള ആത്മബലം മാത്രമാണുണ്ടായിരുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നത് അപ്പോഴേക്ക് സ്‌കൂളിലും നാട്ടിലുമെല്ലാം പരസ്യമായിരുന്നു. ഇതോടെ നിരവധി യാത്രയയപ്പ് പരിപാടികളിൽ പങ്കെടുക്കേണ്ടി വന്നു. സ്‌കൂളിലും ഗംഭീര യാത്രയയപ്പു നടന്നു. ബംഗളുരുവിൽ നിന്ന് പുറപ്പെടാനിരിക്കെയാണ് മത്സരം താത്കാലികമായി മാറ്റിവെച്ചിരിക്കുന്നുവെന്ന അറിയിപ്പ് ലഭിക്കുന്നത്.

ഇതോടെ ആകെ നിരാശനായി. പന്ത്രണ്ട് ദിവസങ്ങൾക്കു ശേഷം മറ്റൊരു അറിയിപ്പു ലഭിച്ചു. സെപ്തംബർ പത്തിന് ശേഷമുള്ള ഏതുദിവസവും മത്സരത്തിന് പുറപ്പെടാൻ തയ്യാറായി നിൽക്കണമെന്നായിരുന്നു സന്ദേശം. ഒടുവിൽ സെപ്തംബർ 17ന് മത്സരം നടക്കുന്നതായുള്ള അറിയിപ്പു കൂടി ലഭിച്ചു. സെപ്തംബർ 12ന് പുറപ്പെടാനുള്ള വിസയും ടിക്കറ്റും അവർ അയച്ചു തരികയും ചെയ്തു. ഇതിനിടെ കാലിന് ചെറിയ പൊട്ടലുണ്ടായി. യാത്ര മുടങ്ങുമോ എന്നായി ആശങ്ക. ഇക്കാര്യം സഊദി അധികൃതരെ അറിയിച്ചപ്പോൾ മുംബൈ വരെ സഹായിയെ കൂട്ടാൻ അനുവാദം നൽകി. അദ്ദേഹത്തിനുള്ള ടിക്കറ്റും അവർ നൽകി. അങ്ങനെ സുഹൃത്തിന്റെ കൂടെ മുംബൈ വരെയെത്തി. ഇവിടെ നിന്ന് റിയാദിലേക്കായിരുന്നു വിമാനം.

പിന്നീട് മത്സരം നടക്കുന്ന മദീനയിലേക്ക് മറ്റൊരു വിമാനത്തിൽ. അവിടെയെത്തിയപ്പോൾ 106 രാഷ്ട്രങ്ങളിൽ നിന്നെത്തിയ വിവിധ പ്രായക്കാരായ നൂറുകണക്കിന് പേർ. ഏഴാം റൗണ്ടിൽ ഇന്ത്യയിൽ നിന്നുള്ള മറ്റു നാലുപേരെ പിന്നിലാക്കി ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി. പിറ്റെ ദിവസം ഇതേ വേദിയിൽ തന്നെയായിരുന്നു ഗ്രാന്റ് ഫിനാലെയും. സംഘർഷം നിറഞ്ഞ മനസ്സുമായാണ് സമയം തളളിനീക്കിയത്. വൈകുന്നേരം ഇന്ത്യൻ സമയം 4.25നായിരുന്നു മത്സരവേദിയിൽ കയറി. ഇരു ഹറമുകളുടെയും മേധാവികളും ഇമാമുമാരുമെല്ലാം മത്സരം കാണാൻ മുൻനിരയിൽ തന്നെ സന്നിഹിതരായിരുന്നു. മൂന്ന് മിനിറ്റും 49 സെക്കൻഡുമെടുത്താണ് ബാങ്കുവിളിയും പ്രാർഥനയും പൂർത്തിയാക്കുന്നത്. സഊദിയിലെ മറ്റു സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലാത്തതിനാൽ മത്സരം കഴിഞ്ഞ് അന്നുതന്നെ മടങ്ങി. പ്രതീക്ഷകളൊന്നുമില്ലാതെയായിരുന്നു മടക്കയാത്ര. തിരിച്ച് മുംബെയിൽ എത്തിയപ്പോൾ തന്നെ ഏഴാം സ്ഥാനം ലഭിച്ചതായുള്ള സന്ദേശമെത്തിയപ്പോൾ സ്വപ്‌നമാണോ എന്നു പോലും കരുതി. ലോകത്തെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് വിജയികൾക്ക് സംഘാടകർ പ്രഖ്യാപിച്ചിരുന്നത്. ഹറം പള്ളിയിലെ മുഖ്യ മുഅദ്ദിനായിരുന്നു മത്സരത്തിലെ ഒന്നാം സ്ഥാനക്കാരൻ. ഇദ്ദേഹത്തിന് 22 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരന് 18 കോടി, മൂന്നാം സ്ഥാനക്കാരന് 12 കോടി, നാലാം സ്ഥാനക്കാരന് എട്ടു കോടി രൂപയുമാണ്. മുഹ്‌സിനും സമാനമായ തുക സമ്മാനമായി ലഭിക്കും. എൽ കെ ജി മുതൽ എട്ടാംക്ലാസു വരെ മസ്‌കത്തിൽ പഠിച്ചതിനാൽ അറബി ഭാഷയിലെ മികവും മത്സരത്തിന് മുഹ്‌സിന് സഹായകമായി.

നേട്ടങ്ങൾ ഏറെ

ലോക തലത്തിൽ ഇന്ത്യക്കും കേരളത്തിനും നേട്ടമുണ്ടാക്കിയ മുഹ്‌സിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെയും മന്ത്രി കെ ടി ജലീലിന്റെയും അറിയിപ്പുകൾ മുഹ്‌സിന് ലഭിച്ചു കഴിഞ്ഞു. ഡിഗ്രി പഠനത്തിന് ശേഷം കേന്ദ്ര സർവകലാശാലയിൽ ജോലിയും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്ലസ് ടു പഠനത്തിന് ശേഷം സിവിൽ സർവീസാണ് മുഹ്‌സിൻ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ശ്രമങ്ങളിലാണിപ്പോൾ ഈ പതിനെട്ടുകാരൻ.
ബഹുഭാഷകളിലുള്ള മിടുക്കും മുഹ്‌സിനെ വ്യത്യസ്തനാക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, അറബി, ആഫ്രിക്കയിലെ ടെൻസാനിയ നിവാസികളുടെ സിൻജിബാരി, പാകിസ്ഥാനിലെ ലാഹോറുകാരുടെ പുഷ്തു ഭാഷകളും ഈ വിദ്യാർഥി സംസാരിക്കും. ഒമാനിൽ ട്രാൻസ്‌പോർട്ട് മാനേജറായിരുന്ന പിതാവിന്റെ കൂടെ ജോലി ചെയ്തവരുമായുള്ള സമ്പർക്കത്തിലൂടെയാണ് സിൻജിബാരി, പുഷ്തു ഭാഷകൾ പഠിച്ചെടുത്തത്. വിശുദ്ധ ഖുർആനിലെ 19 അധ്യായങ്ങളും മനപാഠമുള്ള മുഹ്‌സിൻ എസ് എസ് എഫ് നെടുമങ്ങാട് സെക്ടർ മഴവിൽ സെക്രട്ടറിയാണ്.

നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും മുഹ്‌സിനെ അസ്വസ്ഥമാക്കുന്നത് ഇതൊന്നും കാണാൻ പിതാവില്ലെന്നതാണ്. മത-ഭൗതിക മേഖലയിൽ കഴിവുള്ളവനാക്കി മകനെ മാറ്റണമെന്നായിരുന്നു പിതാവ് സൈഫുദ്ദീന്റെ ആഗ്രഹം. കഴിഞ്ഞ വർഷം പിതാവ് മരിച്ചതോടെ വീട്ടിൽ ഉമ്മ ഫെമിന മാത്രമാണിപ്പോൾ മുഹ്‌സിന് കൂട്ടായുള്ളത്. ഏഴാം സ്ഥാനവുമായി നാട്ടിൽ മടങ്ങിയെത്തിയ മുഹ്‌സിനിപ്പോൾ സ്വീകരണങ്ങളും ഉദ്ഘാടനങ്ങളുമെല്ലാമായി തിരക്കൊഴിഞ്ഞ നേരമില്ല. സ്വീകരണങ്ങളിൽ പങ്കെടുക്കാൻ ഒമാനിലേക്കും മലേഷ്യയിലേക്കും അടുത്ത ദിവസം പുറപ്പെടും.

Latest