Ongoing News
സപ്തഭാഷകളുടെ മണ്ണില്‍ കൗമാര കലയുടെ വര്‍ണോത്സവത്തിന് പ്രൗഢമായ തുടക്കം
കാഞ്ഞങ്ങാട് | സപ്തഭാഷകളുടെ സംഗമ ഭൂമിയില്‍ കൗമാര കലയുടെ വര്‍ണോത്സവത്തിന് പ്രൗഢമായ തുടക്കം. ചടുലതയും ചാരുതയും ഒത്തുചേരുന്ന കലാവിസ്മയങ്ങള്‍ക്ക് ഇനിയുള്ള നാലു പകലും മൂന്നു രാവും സാക്ഷിയാകും. സംസ്ഥാനത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് വെളിച്ചം പകര്‍ന്ന പ്രതിഭാധനന്മാരുടെ പേരുകളിലുള്ള 31 വേദികളിലായാണ് ഉത്സവം അരങ്ങേറുക. കൗമാര പ്രതിഭകളുടെ നിറഞ്ഞാട്ടങ്ങള്‍ ഈ വേദികളില്‍ സൂര്യപ്രഭ ചാര്‍ത്തും. 28 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കാസര്‍കോട് കലോത്സവത്തിന് വേദിയാകുന്നത്. ഭാഷാ വൈവിധ്യം, സംസാര ശൈലി, പ്രചാരണ ജാഥകളുടെ ആരംഭ കേന്ദ്രം തുടങ്ങിയ സവിശേഷതകളാല്‍ ശ്രദ്ധേയമായ നാട് ആപാദചൂഢം ആഘോഷാരവങ്ങളില്‍ മുങ്ങിക്കിടക്കുകയാണ്. ഇന്നു മുതല്‍ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച വരെയാണ് കലാമാമാങ്കം നീണ്ടുനില്‍ക്കുക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96ഉം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105ഉം സംസ്‌കൃതോത്സവത്തില്‍ 19ഉം അറബിക് കലോത്സവത്തില്‍ 19ഉം അടക്കം 239 ഇനങ്ങളിലാണ് മത്സരം നടക്കുക.
രാവിലെ എട്ടിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാകയുയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. പ്രശസ്ത വാദ്യ കലാകാരന്‍ മഡിയന്‍ രാധാകൃഷ്ണ മാരാരും സംഘവും അവതരിപ്പിച്ച തായമ്പക അരങ്ങേറി. 60ാമത് കലോത്സവത്തിന്റെ ഭാഗമായി 60 അധ്യാപകര്‍ ചേര്‍ന്ന് ആലപിച്ച് സ്വാഗത ഗാനവുമുണ്ടായി. സംഗീത സംവിധായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സ്വാഗത ഗാനം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ നൃത്തശില്‍പവും അരങ്ങിനെ കൊഴുപ്പിച്ചു.
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐങ്ങോത്തെ പ്രധാന വേദിയില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി.