Connect with us

Ongoing News

ഒരു വേദിയില്‍ നിന്ന് മറ്റൊന്നിലേക്ക് കിലോമീറ്ററുകള്‍; മത്സരാര്‍ഥികള്‍ക്ക് ആശങ്ക

Published

|

Last Updated

കാഞ്ഞങ്ങാട് | കലോത്സവ വേദികള്‍ തമ്മിലെ അകലം മത്സരാര്‍ഥികളെ വീര്‍പ്പുമുട്ടിക്കുന്നു. വേദി അഞ്ചില്‍ നിന്ന് ആറിലേക്ക് 14 കിലോമീറ്റര്‍ സഞ്ചരിക്കണം. പ്രധാന വേദിയില്‍ നിന്ന് ഊട്ടുപുരയിലെത്താന്‍ നാലു കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മറ്റു ചില വേദികളില്‍ നിന്ന് 12 കിലോമീറ്ററോളം താണ്ടണം. ഇതിനു പുറമെ, ഇടയിലൊരു റെയില്‍വേ ലെവല്‍ ക്രോസിന്റെ കടമ്പയുമുണ്ട്. അറബിക് കലോത്സവത്തില്‍ പങ്കെടുക്കേണ്ടവര്‍ ഈ ലെവല്‍ ക്രോസ് കടന്നുവേണം മത്സര വേദിയില്‍ എത്തിച്ചേരാന്‍. ഒന്നിലേറെ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടവര്‍ വേദികളില്‍ സമയത്തെത്തണമെങ്കില്‍ ആദ്യം ഓട്ട മത്സരത്തില്‍ വിജയിക്കണമെന്നതാണ് സ്ഥിതി.

വേദികള്‍ തമ്മിലുള്ള അകലത്തെച്ചൊല്ലി കലോത്സവം ആരംഭിക്കും മുമ്പു തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. അട്യന്തര ഘട്ടങ്ങളില്‍ മത്സരാര്‍ഥികളെ വേദിയിലെത്തിക്കാന്‍ മറ്റു സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നേരത്തെ അഞ്ചു ദിവസമായിരുന്ന കലോത്സവം നാലു ദിവസമായി ചുരുക്കിയതോടെയാണ് ഇത്രയും അകലത്തില്‍ വേദികള്‍ ഒരുക്കേണ്ടി വന്നതെന്ന് സംഘാടകര്‍ പറയുന്നു. എങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വേദികളില്‍ എത്തിച്ചേരാനായി വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നുമാണ് സംഘാടകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Latest