Connect with us

Ongoing News

കലാവാസന പകര്‍ന്നു കിട്ടിയത് പിതാവില്‍ നിന്ന്; നാദസ്വരത്തില്‍ മൃദുലയെ വെല്ലാനാളില്ല

Published

|

Last Updated

കാഞ്ഞങ്ങാട് | പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ കലാവാസനയെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ മത്സരിക്കുകയാണ് മക്കള്‍. കലോത്സവ ടൈറ്റില്‍ സോങില്‍ നാദസ്വരം വായിച്ച മുരളീധരന്റെ മക്കളായ മൃദുലശ്രീയും മൃദുല്‍രാഗുമാണ് കലോപാസനയാല്‍ വേദികളെ കീഴടക്കുന്നത്. കണ്ണൂര്‍ പെരളശ്ശേരി എ കെ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ മൃദുലശ്രീ നാദസ്വരത്തില്‍ ഇത്തവണയും എ ഗ്രേഡ് സ്വന്തമാക്കി. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് മൃദുല ആദ്യ സ്ഥാനത്തെത്തുന്നത്.

ഇനി ഓടക്കുഴലിലും വൃന്ദവാദ്യത്തിലും കൂടി മൃദുലക്കു മത്സരിക്കാനുണ്ട്. ഓടക്കുഴലില്‍ കഴിഞ്ഞ മൂന്നു തവണയും എ ഗ്രേഡ് നേടിയ മൃദുല അത് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. പിതാവ് തന്നെയാണ് ഓടക്കുഴലിലും ഗുരു. വൃന്ദവാദ്യത്തില്‍ കഴിഞ്ഞ തവണത്തെ ആദ്യ സ്ഥാനക്കാരിയാണ്. ഡല്‍ഹിയില്‍ നടന്ന കലാ ഉത്സവ്-2018ല്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തു. മുന്‍ കലോത്സവങ്ങളില്‍ നാലു വര്‍ഷം തുടര്‍ച്ചയായി ജേതാവായ സഹോദരന്‍ മൃദുല്‍രാഗും മൃദുലക്ക് പ്രോത്സാഹനവും പ്രചോദനവുമേകി ഒപ്പം തന്നെയുണ്ട്. ഇക്കഴിഞ്ഞ യൂനിവേഴ്‌സിറ്റി കലോത്സവത്തിലെ സംഗീത പ്രതിഭയാണ് മൃദുല്‍രാഗ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ജീവനക്കാരിയായ യു രജിതയാണ് മാതാവ്.

Latest