Ongoing News
കലോത്സവത്തില്‍ കോഴിക്കോട് മുന്നേറ്റം തുടരുന്നു; തൃശൂരും കണ്ണൂരും തൊട്ടടുത്ത്
കാഞ്ഞങ്ങാട് | സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ വേദികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സുവര്‍ണ കിരീടത്തിലേക്കുള്ള യാത്രയില്‍ 422 പോയിന്റുമായി കോഴിക്കോട് മുന്നിട്ട് നില്‍ക്കുമ്പോള്‍ തൃശൂരും കണ്ണൂരും 410 വീതം പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 408 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 104 ഇനങ്ങളുടെ ഫലമാണ് ഇതുവരെ പുറത്തുവന്നത്.
സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 84 പോയിന്റുമായി മുന്നിലാണ്. 45 പോയിന്റുമായി ആലപ്പുഴ ജില്ലയിലെ എന്‍ എസ് ബോയ്‌സ് എച്ച് എസ് എസ് മാന്നാറും കോഴിക്കോട് മേമുണ്ട എച്ച് എസ് എസും രണ്ടാം സ്ഥാനത്തും 43 പോയിന്റുമായി വയനാട് മീനങ്ങാടി ജി എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമാണ്.
രണ്ടാം ദിനമായ ഇന്നും നഗരിയില്‍ കാലുകുത്താനിടമില്ലാത്ത വിധം ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചക്ക് ശേഷം ഐങ്ങോത്ത് ഗ്രൗണ്ടിലെ വേദി ഒന്നില്‍ കലോത്സവത്തിലെ ഏറ്റവും ജനപ്രിയ ഇനമായ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന ആരംഭിച്ചതോടെ ജനത്തിരക്ക് പരിധിവിട്ടു. വേദിക്ക് സമീപം കിലോമീറ്ററുകളോളം ദൂരം വാഹന തടസ്സം അനുഭവപ്പെടുകയാണ്. വാഹനതടസ്സം ഒഴിവാക്കാന്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.