Ongoing News
ഗതാഗതം നിയന്ത്രിക്കാനും ഫ്രീക്കന്മാര്‍ക്ക് പണി കൊടുക്കാനും കലക്ടര്‍ നേരിട്ടിറങ്ങി
കാഞ്ഞങ്ങാട് | ചരക്ക് ലോറികള്‍ക്ക് രാത്രി 11 മണി മുതല്‍ രാവിലെ 5 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പ്രധാനവേദിയായ ഐങ്ങോത്ത് ദേശീയപാതക്ക് മുന്നിലുള്ള ഗതാഗത തടസത്തിന് അയവ് വന്നില്ല. ഫ്രീക്കന്മാര്‍ ഇരുചക്രവാഹനങ്ങളിലും മറ്റു ചിലര്‍ സ്വകാര്യ വാഹനങ്ങളിലും എത്തി പ്രധാനവേദിക്കരികില്‍ വട്ടം ചുറ്റല്‍ തുടര്‍ന്നതോടെ ജില്ല കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു നേരിട്ട് ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.
ആദ്യം തന്നെ പ്രധാനവേദിക്ക് മുന്നില്‍ ദേശീയ പാത മുറിച്ചു കടക്കുന്നത് കലക്ടര്‍ വിലക്കി. പിന്നീട് മൂന്നുപേരെ കയറ്റി ഹെല്‍മെറ്റില്ലാതെ വരുന്ന ഫ്രീക്കന്മാരുടെ വണ്ടി നമ്പര്‍ എഴുതിയെടുത്തു പൊലീസിന് കൈമാറി. ബസുകളെയും, മത്സരാര്‍ഥികളുടെയും വാഹനങ്ങളെയും അദേഹം തന്നെ കടത്തിവിട്ടു. അതോടെ ഗതാഗത തടസത്തിന് അല്പമൊരു കുറവു വന്നു. ഏകദേശം ഉച്ചക്ക് 1.45 മുതല്‍ രണ്ടു മണിക്കൂര്‍ കലക്ടര്‍ ട്രാഫിക്ക് ഡ്യൂട്ടി ചെയ്യുകയായിരുന്നു. പിന്നീട് കലക്ടര്‍ മാറിയതോടെയാണ് വീണ്ടും ഗതാഗത തടസം അനുഭവപ്പെട്ടത്. ഉച്ചക്ക്‌ശേഷം പ്രധാനവേദിയില്‍ ജനപ്രിയ ഇനമായ ഒപ്പനയായതിനാലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവുധിയായതിനാലും റിക്കാര്‍ഡ് ജനക്കൂട്ടമാണ് കലോതസവം കാണാന്‍ എത്തിയിരുന്നത്.