Ongoing News
കലാപ്രതിഭ, തിലക പട്ടങ്ങള്‍ തിരിച്ചുവരുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു വിന്ദുജാ മേനോന്‍
കാഞ്ഞങ്ങാട് | കലാപ്രതിഭ, തിലക പട്ടങ്ങള്‍ തിരിച്ചുവരുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു: വിന്ദുജാ മേനോന്‍
കാഞ്ഞങ്ങാട് സ്‌കൂള്‍ കലോത്സവ വേദിയില്‍ കലാപ്രതിഭാ, കലാ തിലക പട്ടങ്ങള്‍ തിരിച്ചുവരുന്ന നാളുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് 1991ലെ കലാതിലകവും സിനിമാ താരവുമായ വിന്ദുജാ മേനോന്‍. 60ാമത് സ്‌കൂള്‍ കലോത്സവത്തിനു സാക്ഷ്യം വഹിക്കാന്‍ കാഞ്ഞങ്ങാട്ടെ നഗരിയില്‍ എത്തിയതായിരുന്നു അവര്‍.
എല്ലാ മത്സരങ്ങളിലും ഒന്നാമനും രണ്ടാമനും മൂന്നാമനുമുണ്ട്. സ്‌കൂള്‍ മേളയില്‍ മാത്രം അതില്ലാതാവരുതായിരുന്നു. മത്സരം അതിരു കടന്നപ്പോഴാണ് പ്രതിഭാ, തിലക പട്ടങ്ങള്‍ എടുത്തു കളഞ്ഞത്. എന്നാല്‍, അതിന്റെ പേരില്‍ എക്കാലവും ഓര്‍ക്കപ്പെടേണ്ട അനേകം പ്രതിഭാ ശാലികളെ നാം മറന്നു കളഞ്ഞു. സിനിമാ താരം എന്ന നിലയിലല്ല തന്നെ ഈ വേദി ഇപ്പോഴും ആദരവോടെ സ്വീകരിക്കുന്നത്. പഴയകാല കലാ പ്രതിഭ എന്ന നിലയിലാണ്. മത്സര വേദിയില്‍ അനാശാസ്യ പ്രവണതകള്‍ കടന്നു വരുന്നതിനെ തടഞ്ഞുകൊണ്ട് പ്രതിഭാ, തിലക പട്ടങ്ങള്‍ തിരിച്ചു കൊണ്ടുവരണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.
യുവജനോത്സവത്തില്‍ സമ്മാനം നേടുക എന്നത് ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ എക്കാലവും ഓര്‍ക്കാവുന്നതാണ്. തന്റെ ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടായെങ്കിലും സ്‌കൂള്‍ കലോത്സവ വേദിയിലെ ആഹ്ലാദം ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അതിനാണ് എല്ലാ വര്‍ഷവും ഈ വേദിയില്‍ എത്താന്‍ കൊതിക്കുന്നതെന്ന് മലേഷ്യയില്‍ നിന്ന് കലോത്സവം കാണാനെത്തിയ
വിന്ദുജ മേനോന്‍ പറഞ്ഞു. ആള്‍ക്കൂട്ടം നല്‍കുന്ന കൈയടിയെക്കാള്‍ വലിയ പ്രോത്സാഹനം ഒരു കലാകാരനു കിട്ടാനില്ല. ഇന്നത്തെ പോലെ ദൃശ്യ മാധ്യമങ്ങളുടെ വര്‍ണാഭ ഇല്ലാത്ത കാലത്തായിരുന്നു താന്‍ തിലകപ്പട്ടം നേടിയത്. അന്ന് അച്ചടി മാധ്യമങ്ങള്‍ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ പത്രത്തിന്റെ താളില്‍ പടം അച്ചടിച്ചു വരുന്നതിന്റെ ആ ആഹ്ലാദത്തെ വെല്ലാന്‍ ഒന്നിനുമായിട്ടില്ല.
തിരുവനന്തപുരത്തു നടന്ന മേളയിലാണ് താന്‍ തിലകപ്പട്ടം ചൂടിയത്. മുഖ്യമന്ത്രി ഇ കെ നായനാരായിരുന്നു പട്ടം നല്‍കിയത്. അന്നു ചേര്‍ത്തു പിടിച്ചുകൊണ്ട് അദ്ദേഹം മൊഴിഞ്ഞ വാക്കുകള്‍ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ചെവിയില്‍ മുഴങ്ങുന്നു. അന്നു മത്സരങ്ങള്‍ കഠിനമായിരുന്നെങ്കിലും മത്സരാര്‍ഥികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. അന്നുള്ള ബന്ധങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. മത്സരത്തില്‍ വിജയം മാത്രമല്ല, പരാജയങ്ങളും ഓര്‍ത്തു വയ്ക്കാനുള്ളതാണ്. നമ്മെ ജീവിതകാലം മുഴുവന്‍ മുന്നോട്ടു നയിക്കാന്‍ വിജയം പോലെ പരാജയവും ഉപകരിക്കുമെന്നും മത്സര വേദിയില്‍ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് തനിക്ക് കലാ തിലകപ്പട്ടത്തിലെത്താന്‍ കഴിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.