Ongoing News
കലോത്സവം നാടിന്റെ സംഗീതമായി; ആഹ്ലാദ നിറവില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍
കാഞ്ഞങ്ങാട് | സപ്തഭാഷാ സംഗമ ഭൂമിയുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായിത്തീര്‍ന്നിരിക്കുകയാണ് 28 വര്‍ഷത്തിനു ശേഷം കാസര്‍കോട് ജില്ലയില്‍ തിരിച്ചെത്തിയ സ്‌കൂള്‍ കലാ മാമാങ്കമെന്ന് പ്രമുഖ ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍. മത്സരവേദിയില്‍ സിറാജുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരാര്‍ഥികള്‍ക്കു താമസിക്കാന്‍ 300 ഓളം വീടുകളാണ് ഈ നാട്ടുകാര്‍ ഒഴിഞ്ഞുകൊടുത്തത്. കാഞ്ഞങ്ങാട്ടെ ജനതയൊന്നാകെ ഈ ഉത്സവത്തെ നെഞ്ചേറ്റിയിരിക്കുകയാണ്. വേദികളിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങള്‍ അതിന്റെ അടയാളമാണ്. 60 ാമത് മേള എന്നാല്‍ മേളയുടെ ഷഷ്ഠിപൂര്‍ത്തിയാണ്. ഈ വര്‍ഷം മേളക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് സവിശേഷ ഭാഗ്യമാണെന്ന് സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
പി കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി കേളുനായര്‍, ഉബൈദ് സാഹിബ് മുതല്‍ എത്രയോ മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. വേദിയില്‍ പിറവിയെടുക്കുന്ന കലയുടെ മുത്തുകള്‍ ഇവിടെ കൊഴിഞ്ഞു പോകാന്‍ പാടില്ല. ഗ്രേസ് മാര്‍ക്കിനപ്പുറത്തേക്ക് കുട്ടികളുടെ കഴിവുകളെ കൊണ്ടുപോകേണ്ടത് പരിശീലകരല്ല, രക്ഷിതാക്കളാണ്. അമ്മമാരുടെ കരുതലിന് അതില്‍ പ്രത്യേക പ്രാധാന്യമുണ്ട്. കല ഉള്ളിലുള്ള മനുഷ്യര്‍ കളങ്കപ്പെട്ടു പോവില്ലെന്ന യാഥാര്‍ഥ്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളണം. സംഗീതം ശരീരത്തിന്റെ പരിമിതികളെ ഭേദിക്കുന്നതു കൊണ്ടാണ് ശാരീരം എന്നു പറയുന്നത്. സംഗീതത്തിനു ശുദ്ധി മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ചിട്ടപ്പെടുത്തിയ സ്വാഗതഗാനമായിരുന്നു കലോത്സവ വേദിയിലേക്ക് പ്രതിഭകളെ സ്വാഗതം ചെയ്തത്.