Connect with us

Ongoing News

കലാകിരീടം പാലക്കാട് നിലനിർത്തി; ഇനി ദേശിംഗ നാട്ടിൽ

Published

|

Last Updated

കാഞ്ഞങ്ങാട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാാഞ്ഞങ്ങാട്ട് ആവേശകരമായ പരിസമാപ്തി. വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് കിരീടം നിലനിർത്തി. അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കരിമ്പനകളുടെ നാട്ടിലേക്ക് കലോത്സവ കിരീടം ഒരിക്കല്‍ കൂടി വിരുന്നെത്തുന്നത്. അറുപത്തിയൊന്നാമത് കലോത്സവത്തിന് കൊല്ലം ജില്ല ആതിഥ്യമരുളും. 1988, 1999, 2008 എന്നീ വർഷങ്ങൾക്ക് ശേഷം നാലാം തവണയാണ് കലോത്സവം ദേശിംഗനാട്ടിലേക്ക് എത്തുന്നത്.

അവസാന ദിനത്തിലെ മാറി മറിഞ്ഞ പോയിന്റ് നിലയില്‍ കണ്ണൂരിനെയും കോഴിക്കോടിനെയും കൊതിപ്പിച്ചായിരുന്നു പാലക്കാടിന്റെ മുന്നേറ്റം. അവസാന മത്സരം വരെ നീണ്ട ഉദ്വോഗ നിമിഷത്തിനൊടുവില്‍ 951 പോയിന്റ് നേടിയാണ് പാലക്കാട് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടത്. രണ്ട് പോയിന്റ് മാത്രം വ്യത്യാസത്തില്‍ കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടുവെങ്കിലും നറുക്കെടുപ്പിലൂടെ കപ്പ് കോഴിക്കോട് നിലനിര്‍ത്തി. 940 പോയിന്റ് നേടിയ തൃശൂരാണ് മൂന്നാമത്തെിയത്.

ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട് എന്നീ നാല് ജില്ലകളും 95 വീതം പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും 95 പോയിന്റുകള്‍ നേടി ഒന്നാമതെത്തി.

ആദ്യ രണ്ടു ദിനങ്ങളിലും മാറി മറിഞ്ഞ പോയിന്റിനൊപ്പം കണ്ണൂരും കോഴിക്കോടുമാണ് ആദ്യ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരുന്നത്. ആദ്യ ദിനങ്ങളില്‍ മത്സരങ്ങളവസാനിച്ചപ്പോള്‍ കോഴിക്കാടിന്റെ മുന്നേറ്റമായിരുന്നു. സമാപന ദിനമായ ഇന്ന് രാവിലെ മുതല്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോഴെല്ലാം കോഴിക്കോടും കണ്ണൂരും തുല്യ പോയിന്റ് പങ്കിടുന്ന കാഴചയായിരുന്നു. എന്നാല്‍, ഉച്ചയോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് ജില്ല ഇരു ടീമുകളെയും മറികടന്ന് സ്ഥാനത്തെത്തി. വൈകീട്ടോടെ കോഴിക്കോട് ജില്ല വീണ്ടും ഒന്നാമതെത്തി ഫോട്ടോഫിനിഷിന് വഴിയൊരുക്കി. പക്ഷേ അവസാന ഫലമറിവായപ്പോള്‍ പാലക്കാട് വിജയക്കോട്ട കാക്കുകയായിരന്നു.

കനത്ത മഴയുടെ അകമ്പടിയോടെയാണ് കലോത്സവത്തിന് തിരശീല വീണത്. വേദികളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ ശക്തമായ ഇടിയും മഴയും പെയ്തിറങ്ങുകയായിരുന്നു. ജനബാഹുല്യം കൊണ്ട് ശരദ്ധേയമായ മേളയില്‍ അവസാന ദിവസവും വേദികളിലേക്ക് നൂറുക്കണക്കിന് പേര്‍ ഒഴുകിയെത്തി. സമാപന സമ്മേളനത്തില്‍ മന്ത്രി ഇ ചന്ദ്ര ശേഖരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു. മുന്‍ കലാതിലകം വിന്ദുജ മേനോന്‍, സിനിമ താരം രമേശ് പിഷാരടി തുടങ്ങിയവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി ട്രോഫി സമ്മാനിച്ചു.

കൂടുതൽ കലോത്സവ വാർത്തകൾക്കും ചിത്രങ്ങൾക്കും പോയിന്റ് പട്ടികക്കും സന്ദർശിക്കുക: https://www.sirajlive.com/kalotsavam2019