Ongoing News
പ്രതിസന്ധികളില്‍ തളര്‍ന്നില്ല; വേദിയില്‍ മിന്നിത്തിളങ്ങി മിനു
കാഞ്ഞങ്ങാട് | കുടുംബത്തിന്റെ സാമ്പത്തിക പരാധീനതയും, തനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ അമ്മയെയും തന്നെയും ഉപേക്ഷിച്ചു പോയതിന്റെ വിഷമവുമെല്ലാം മറികടന്ന് മിനു നാടോടി നൃത്തത്തില്‍ സ്വന്തമാക്കിയത് തിളക്കമുള്ള നേട്ടം. കുഴല്‍ കിണറില്‍ വീണ കുട്ടിയുടെ ദുരന്തകഥ വിഷയമാക്കിയുള്ള മിനുവിന്റെ നാടോടി നൃത്തം എ ഗ്രേഡിന് അര്‍ഹമായി. ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് മിനു.
തൃശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ നാടോടി നൃത്തം, കേരള നടനം, ഗ്രൂപ്പ് സോങ് എന്നീ ഇനങ്ങളില്‍ മിനു എ ഗ്രേഡ് നേടിയിരുന്നു. അന്ന് വീടു വിറ്റാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനു വേണ്ട ചെലവ് കണ്ടെത്തിയതെന്ന് മിനുവിന്റെ മാതാവ് സീമ പറഞ്ഞു. പിന്നീട് സിനിമാ താരങ്ങളുടെ സംഘടനയായ “അമ്മ”യാണ് വീടുവച്ചു നല്‍കിയത്. ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നതിന് പുറമെ നിന്നുള്ള സുമനസ്‌കരുടെ സാമ്പത്തിക സഹായം ലഭിച്ചു. ഒരു നൃത്ത ഇനത്തില്‍ പങ്കെടുക്കുന്നതിനു തന്നെ 60,000ത്തോളം രൂപ ചെലവ് വരുമെന്ന് സീമ പറയുന്നു. ആലപ്പുഴ മാരാരിക്കുളത്താണ് സീമയും മിനുവും താമസിക്കുന്നത്.