Connect with us

Articles

മണ്ണു തിന്നാലും ഇല്ലെങ്കിലും

Published

|

Last Updated

നിരത്തില്‍ കാക്ക കൊത്തുന്നു/ചത്ത പെണ്ണിന്റെ കണ്ണുകള്‍/മുല ചപ്പി വലിക്കുന്നു/നര വര്‍ഗനവാതിഥി/വെളിച്ചം ദുഃഖമാണുണ്ണീ/തമസ്സല്ലോ സുഖപ്രദം”
ജ്ഞാനപീഠ ജേതാവായ മഹാകവി അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയില്‍ എഴുതി. “അരവയര്‍ നിറയാപ്പെണ്ണിന് പെരുവയര്‍ നല്‍കും മര്‍ത്യനു സ്തുതിപാടുക നാം” എന്ന് അയ്യപ്പപണിക്കരും എഴുതി. ഇത്തരം കവി വാക്യങ്ങള്‍ വെറും കാല്പനിക ലിഖിതങ്ങള്‍ അല്ല എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് മണ്ണുതിന്നുന്ന കുട്ടികള്‍ ഇതായിരുന്നു ആദ്യം വാര്‍ത്ത. ഇപ്പോള്‍ കേള്‍ക്കുന്നു ഇതൊരു തെറ്റിദ്ധാരണ ആയിരുന്നു. ഭക്ഷണം കിട്ടായികയായിരുന്നില്ല കുട്ടികളുടെ മണ്ണുതിന്നലിന് കാരണം. കേരളം വളരുകയാണ്. വഴിയോരങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍. നിരത്തുകളില്‍ ആഡംബര കാറുകളുടെ മേളാങ്കം. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും അവരവര്‍ക്കിഷ്ടപ്പെട്ട തരത്തിലുള്ള വാഹനങ്ങള്‍. അടുക്കളകള്‍ അടച്ചു പൂട്ടപ്പെടുന്നു. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളും ഇഷ്ടപ്പെട്ടതെന്തും ഞൊടിയിടയില്‍ കിട്ടുന്ന തട്ടുകടകളും. അങ്ങോട്ടൊന്നും പോകണമെന്ന് പോലും ഇല്ല. മൊബൈല്‍ ഫോണുകളിലെ ചില നമ്പറുകള്‍ ഒന്ന് ഞെക്കുകയേ വേണ്ടൂ. വേണ്ടതൊക്കെ അതിവേഗം നമ്മളിരിക്കുന്നിടത്ത് എത്തിച്ചുതരും. പോരെ ഇതിലും വലുതായി മറ്റെന്ത് സ്വര്‍ഗരാജ്യമാണ് വേണ്ടത്?
പണ്ടാരോ ഒരു പാഴ്‌വാക്ക് പറഞ്ഞിട്ടുണ്ടല്ലോ ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന്. സത്യം മറിച്ചാണ്, ഈ നാട് എത്രയോ പണ്ടേ ദൈവവും ചെകുത്താനും കൂടി പങ്കുവെച്ചെടുത്ത കാര്യം ഉണ്ടോ നമ്മള്‍ അറിയുന്നു. ആ നാട്ടില്‍ നിന്ന് കുറച്ചായി കാര്യമായ വാര്‍ത്തകളൊന്നും പുറത്തു വരുന്നില്ല. ആ കുറവ് പരിഹരിക്കാന്‍ കൂടിയാകാം ഇപ്പോള്‍ ഒന്നിനു പിന്നാലെ ഒന്നായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഭാര്യയെക്കൊല്ലുന്ന ഭര്‍ത്താവ്. ഭര്‍ത്താവിനെ കൊല്ലുന്ന ഭാര്യമാര്‍. മകളില്‍ സന്താനഉത്പാദനത്തിന് വരെ ശ്രമിക്കുന്ന പിതാക്കന്മാര്‍. മാതാവ്, പിതാവ്, സഹോദരന്‍, സഹോദരി ഇങ്ങനെ വാകഴുകി വിശുദ്ധിയോടെ ഉച്ചരിക്കേണ്ടിയിരുന്ന വാക്കുകളൊക്കെ ഇപ്പോള്‍ അശ്ലീല വാക്കുകളുടെ പര്യായമായി മാറിയിരിക്കുന്നു.
വയനാട്ടിലെ ഒരു സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഒരു കുട്ടിയുടെ മരണവാര്‍ത്ത നമ്മളെ കരയിച്ചു. ആ കണ്ണുനീര്‍ വറ്റുന്നതിന് മുമ്പ് തിരുവനന്തപുരത്തെ നമ്മുടെ സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ ഉപ്പിടാംമൂട് പാലത്തിന് സമീപം റെയില്‍വേ പുറമ്പോക്ക് കോളനിയിലെ കുടിലില്‍ മൂന്ന് മാസം മുതല്‍ ഏഴ് വയസ്സ് വരെയുള്ള ആറ് പിഞ്ചുകുട്ടികള്‍ അവരുടെ വിശപ്പിന്റെ വിളിക്ക് മറുപടിയായി മണ്ണ് തിന്ന് വിശപ്പടക്കുന്നു പോലും. വാര്‍ത്ത ആദ്യം പുറത്ത് കൊണ്ടുവന്നത് സംസ്ഥാന ശിശുക്ഷേമ വകുപ്പാണ്. മണ്ണു തിന്നാലും ഇല്ലെങ്കിലും പ്രശ്‌നം ഗുരുതരമാണ്. വയനാട്ടിലെ സര്‍പ്പദംശനവും തിരുവനന്തപുരത്തെ ഭക്ഷണരാഹിത്യവും രണ്ടും അടിസ്ഥാനപരമായി ദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്.

തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുട്ടികളിലേക്കും അവരുടെ പെറ്റമ്മയിലേക്കും ഒരു നിമിഷം മടങ്ങിപ്പോകാം. ഇതും ഇതിലും കഷ്ടമായ സാഹചര്യങ്ങളില്‍ ജീവിച്ചു തീര്‍ക്കുന്ന ധാരാളം മനുഷ്യരുള്ള നാടാണ് നമ്മുടേത്. ആകാശമാര്‍ഗം ഡല്‍ഹിയില്‍ പോയി മടങ്ങുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഇതൊന്നും കണ്ടിരിക്കാന്‍ ഇടയില്ല. കാരണം അവര്‍ സഞ്ചരിക്കുന്നത് ആകാശത്തിലൂടെയാണ്. അവരുടെ ആകാശക്കാഴ്ചയില്‍ ഉപേക്ഷിക്കപ്പെട്ടുപോയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ചുവരും മേല്‍ക്കൂരയുമായി നിര്‍മിച്ച ഒറ്റമുറി വീടുകള്‍ പെട്ടിരിക്കയില്ല. പുറമ്പോക്കുകള്‍ പാഴ് വസ്തുക്കള്‍ വലിച്ചെറിയാന്‍ മാത്രമല്ല ആര്‍ക്കും വേണ്ടാത്ത മനുഷ്യരെ പുറംതള്ളാനുള്ള സ്ഥലം കൂടിയാണ് എന്നൊരു ധാരണ നമ്മുടെ മനസ്സിലെവിടെയോ അടിഞ്ഞുകിടപ്പുണ്ട്.

നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി പണ്ടൊരു പ്രധാനമന്ത്രി പുത്രന്‍ രാത്രിയുടെ മറവില്‍ ന്യൂഡല്‍ഹിയിലെ ആയിരക്കണക്കിന് ചേരി നിവാസികളെ ഒറ്റയടിക്ക് ലോറികളില്‍ കയറ്റി പഴയ ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ ഉപേക്ഷിച്ച കഥകള്‍ നമുക്കറിയാം. എല്ലാ നഗരങ്ങളുടെയും മിനുക്കപ്പെട്ട മുഖങ്ങള്‍ക്കു പിന്നില്‍ ഇത്തരം ധാരാളം വികൃത ദൃശ്യങ്ങള്‍ സൂക്ഷ്മദൃക്കുകള്‍ക്ക് കാണാം. ഇപ്പോള്‍ കഥാനായികയായിരിക്കുന്ന തിരുവനന്തപുരംകാരി പട്ടിക ജാതിക്കാരിയാണ്. എപ്പോഴും വലിച്ചെറിയപ്പെടുന്നതും അവഗണനകള്‍ക്കിരയാകുന്നതും ഈ വിഭാഗത്തില്‍ പെട്ടവരാണ്. ഇന്ത്യയിലെവിടെയും ഇതാണ് അവസ്ഥ. കേരളം ഭേദമാണെന്ന നമ്മുടെ ധാരണകള്‍ തിരുത്തപ്പെടുകയാണ്.

ഭക്ഷണത്തിന് പകരം മണ്ണു തിന്നുന്നു. അതില്‍ അല്‍പ്പം അതിശയോക്തി ഉണ്ട്. ബാലാവകാശ കമ്മീഷന്‍ പറയുന്നത് കുട്ടികള്‍ മണ്ണു തിന്നുന്നത് ഒരു പുതിയ വാര്‍ത്തയൊന്നുമല്ല എന്നാണ്. വെണ്ണ സമൃദ്ധിയായി ഉണ്ടായിരുന്നിട്ടും മണ്ണു തിന്നുന്ന അമ്പാടിയിലെ ഉണ്ണികൃഷ്ണന്റെ കഥ ചെറുശ്ശേരി കൃഷ്ണ ഗാഥയിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഭക്ഷണത്തില്‍ അത്യാവശ്യം പോഷക ഘടകങ്ങള്‍ ഇല്ലാതെ പോയാല്‍ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ചിലപ്പോള്‍ മണ്ണു തിന്നാന്‍ പ്രേരിതരാകുമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കുട്ടികള്‍ക്ക് എന്തെങ്കിലും തിന്നാന്‍ കൊടുത്താല്‍ മതിയോ? അവരുടെ കായികവും ശാരീരികവും ആയ വളര്‍ച്ചക്ക് പര്യാപ്തമായ പോഷക ഘടകങ്ങളും അവരുടെ ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? തീര്‍ച്ചയായും അതവര്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് തന്നെ.

കുട്ടികള്‍ സമൂഹത്തിന്റെ പൊതുസ്വത്താണ്. കുട്ടികള്‍ സംരക്ഷിക്കപ്പെടാത്ത സമൂഹം ദുരന്തമാണ്. ആ നിലക്ക് തിരുവനന്തപുരത്തെ കുട്ടികളുടെ മണ്ണു തീറ്റ എന്ന രോഗത്തില്‍ നമ്മളെല്ലാം കുറ്റക്കാരാണ്. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്.

ഈ കുട്ടിയുടെ മാതാവ് എങ്ങനെ ഇത്തരം ഒരു സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നു? ഇത്തരം വേറെയും പെണ്ണുങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ലേ? ഇവരുടെ ദുരിതത്തിന് എന്താണൊരു പരിഹാരം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാന്‍ നമ്മുടെ സാമൂഹികക്ഷേമ വകുപ്പിനും വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഒക്കെ ബാധ്യതയുണ്ട്. ശബരിമല ദര്‍ശനം നടത്താനും അതുവഴി വാര്‍ത്താ പ്രാധാന്യം കൈവരിക്കാനും പരസ്യ ചുംബനം ഒരു മൗലികാവകാശമായി കരുതാനും വിവാഹേതര സഹജീവനം എന്ന അതിനൂതന ആണ്‍പെണ്‍ ബന്ധങ്ങള്‍ ആസ്വദിക്കാനുമൊക്കെ നമ്മുടെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകള്‍ തീവ്രതാത്പര്യം പുലര്‍ത്തുന്നതായി കാണാം. അവരെന്തുകൊണ്ട് ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയ കൈതമുക്കു കോളനിയിലെ ശ്രീദേവിമാരെ കുറിച്ച് പഠിക്കുന്നില്ല.

പിതാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ ഭയന്നു വിറച്ചു എന്നാണ് റിപ്പോര്‍ട്ട്. പിതാവ് എന്ന സംജ്ഞപോലും നമ്മുടെ കുട്ടികളെ ഭയപ്പെടുത്താന്‍ മാത്രം അധഃപതിച്ചിരിക്കുന്നു. ആരാണ് പിതാവ്, എന്താണ് പിതാവിന്റെ ഉത്തരവാദിത്വം? കുട്ടികളെ വളര്‍ത്തുന്നതില്‍ പിതാവിന് ഒരു ഉത്തരവാദിത്വവുമില്ലേ. മൃഗങ്ങള്‍ പോലും ഒരു ഹ്രസ്വ കാലത്തേക്കെങ്കിലും അവര്‍ ജന്മം നല്‍കിയ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ ചെലുത്തുന്ന ശ്രദ്ധ നമ്മുടെ ആണ്‍ വര്‍ഗത്തില്‍ ചിലര്‍ കാണാതെ പോകുന്നതെന്ത്? ഇത്തരത്തില്‍ ഉത്തരവാദിത്വരഹിതമായ ജീവിതം നയിക്കുന്ന പുരുഷന്മാരെ പുനരധിവസിപ്പിക്കാനും വേണ്ടിവന്നാല്‍ ശിക്ഷിക്കാനും നമ്മുടെ നാട്ടില്‍ നിയമം ഉണ്ടാകേണ്ടതുണ്ട്.

മദ്യപാനം എന്ന രോഗം ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. ആരോഗ്യത്തിനു ഹാനികരമെന്ന ലേബല്‍ പതിപ്പിച്ചു മദ്യം വിറ്റ് ഖജനാവിലേക്കു വരുമാനം വര്‍ധിപ്പിക്കുന്ന ഒരേ ഒരു നാട് നമ്മുടേതു മാത്രമാണെന്നാണ് ഇതു സംബന്ധിച്ച് ഈ ലേഖകന്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്. (മദ്യവും മനുഷ്യനും – കുടിയുടെ ചരിത്രം – ഡി സി ബുക്‌സ് കോട്ടയം -2018) ഒന്നുകില്‍ മദ്യം പൂര്‍ണമായും നിരോധിക്കുക. അല്ലെങ്കില്‍ മദ്യപാനം നിമിത്തം മദ്യപന് വ്യക്തിപരമായും – അയാളുമായി ബന്ധപ്പെട്ട് ഭാര്യക്കും മക്കള്‍ക്കും പൊതുവിലും ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കു സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കണം. മദ്യനിരോധനത്തിനായി നിരുപാധികം ശബ്ദം ഉയര്‍ത്തുന്നവര്‍ക്ക് ഇങ്ങനെ ഒരാവശ്യം കൂടി ഉന്നയിക്കാവുന്നതാണ്.

വീഴ്ചകള്‍ എവിടെ സംഭവിച്ചാലും അതിനെയെല്ലാം രാഷ്ട്രീയവത്കരിച്ച് എതിര്‍പാര്‍ട്ടിയുടെ തലയില്‍ എല്ലാ കുറ്റങ്ങളും ആരോപിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാര്യങ്ങള്‍ എല്ലാം ഭദ്രമാണ് എന്ന് സമര്‍ഥിച്ച് സ്വന്തം പ്രതിഛായ സംരക്ഷിക്കാന്‍ ഭരണപക്ഷവും, പിണറായിയുടെ ഭരണകാലത്ത് നാട്ടിലാകെ പട്ടിണി മരണം എന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷവും പരസ്പരം മത്സരിക്കുകയാണെന്നു തോന്നുന്നു. ഇതവസാനിപ്പിക്കണം.

നമ്മുടെ ചുറ്റുപാടും എന്തു സംഭവിച്ചാലും അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. നമ്മള്‍ നമ്മുടെ സുഖം മാത്രം നോക്കിയാല്‍ മതി എന്ന നിരുത്തരവാദിത്വപരമായ സമീപനത്തില്‍ നിന്ന് കേരളം സാവകാശം രക്ഷപ്പെടുന്നു എന്നതിന്റെ ലക്ഷണമായിക്കൂടി കൈതമുക്ക് നിവാസികളായ പൗരസഞ്ചയത്തിന്റെ സമയോചിത ഇടപെടലിനെ കാണാമെന്നു തോന്നുന്നു. അവരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. എത്രപെട്ടെന്നാണ് കാര്യങ്ങള്‍ ഭംഗിയായി കലാശിച്ചത്. കുട്ടികളുടെ അമ്മക്കു ജോലി. കോര്‍പറേഷന്‍ മേയറുടെ അടിയന്തര ശ്രദ്ധ. കോര്‍പറേഷന്‍ നിര്‍മിച്ച ഏതെങ്കിലും ഫ്ലാറ്റിലേക്കു മാറി താമസം. കുട്ടികള്‍ക്കു ശിശുക്ഷേമ സമിതിയുടെ സുരക്ഷ. ബാലാവകാശ കമ്മീഷന്റെ മേല്‍നോട്ടം. നല്ല കാര്യം. ഇത്രയൊക്കെ ചെയ്യാന്‍ ഈവക സ്ഥാപനങ്ങള്‍ ഇതു പോലെ വാര്‍ത്താ മാധ്യമങ്ങള്‍ ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതു വരെ കാത്തിരിക്കണമായിരുന്നോ എന്നാണ് ചോദ്യം.

Latest