Connect with us

Ongoing News

തുല്യതയില്ലാത്ത അത്യുന്നത വ്യക്തിത്വം

Published

|

Last Updated

തിരുനബി(സ) ലോകത്തിന്റെ നായകനാണ്. നബി (സ) സൃഷ്ടിച്ച സാമൂഹിക വിപ്ലവത്തിന്റെ വീര്യമറിയാൻ ആറാം നൂറ്റാണ്ടിന്റെ ചരിത്രത്താളു പരതണം. കെട്ടതായിരുന്നു ആ കാലം. വേണ്ടാത്തരങ്ങളുടെ ഫെസ്റ്റിവൽ ആയിരുന്നു ആ സാമൂഹികജീവിതം. വിശ്വാസപരമായി അവർ അപകടത്തിന്റെ പടുകുഴിയിലായിരുന്നു. അവർ സൃഷ്ടിച്ച് അവർ തന്നെ പോറ്റി നടക്കുന്ന ലാത്ത ഉസ്സമാരെയാണ് അവർ വണങ്ങിയിരുന്നത്. സാമ്പത്തികം ചൂഷ്ണാധിഷ്ഠിതമായിരുന്നു. സാമൂഹിക ക്രമം അക്രമാസക്തമായിരുന്നു. കുടുംബ ബന്ധങ്ങൾ ശിഥിലമായിരുന്നു. ലഹരി നീരുകളായിരുന്നു അവരുടെ ദാഹാശമനി. യുദ്ധമായിരുന്നു അവരുടെ അന്തസുമുദ്ര. കൊലയായിരുന്നു, അവരുടെ ഹിറോയിസം.
തങ്ങൾ അവരിലേക്കിറങ്ങിച്ചെന്നു. രക്തരഹിതമായ പുഷ്പ വിപ്ലവങ്ങളിലൂടെ അവരെ മാലാഖമാരെപ്പൊലെ വിശുദ്ധരാക്കി. അന്തസ്സും അഭിമാനവും ആത്മീയതയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചു. അവരുടെ ഹൃദയങ്ങളിൽ കട്ടകുത്തിയിരുന്ന രക്തക്കറകൾ കഴുകിക്കളയുകയും ഹൃദയത്തിന്റെ കോണുകളിൽ മുളച്ച ദംഷ്ട്രകളെ ഇളക്കിയെറിയുകയും ചെയ്തു. അങ്ങനെ, സ്‌നേഹിക്കാനും ആദരിക്കാനും ലാളിക്കാനും ബഹുമാനിക്കാനും ഒക്കെ കഴിയുന്ന ഒരു സംസ്‌കാര സമൂഹം പിറന്നു. അവർ ലോകത്തിന്റെ നായകരായി.
ത്വാഹാ റസൂൽ മുസ്‌ലിംകൾക്ക് വേണ്ടി മാത്രം ശബ്ദിച്ച ആളായിരുന്നില്ല. മനുഷ്യനായിരുന്നു തങ്ങളുടെ വായനാപുസ്തകം. ക്രൈസ്തവനും ജൂതനും മജൂസിയും നിർമതനുമൊക്കെയടങ്ങുന്ന, അതിന്റെ ഒരോ അധ്യായവും തങ്ങൾ ശരിക്ക് വായിച്ചവതരിപ്പിച്ചു. എല്ലാവരോടുമുള്ള കടപ്പാടുകൾ വിശദീകരിച്ചു. ആക്രമണങ്ങളെ നിരോധിച്ച ആ സ്‌നേഹം മനുഷ്യേതര ജൈവലോകത്തിനു കൂടി പങ്കിടപ്പെട്ടതായിരുന്നു. മർദിക്കപ്പെട്ട എത്രയോ മിണ്ടാപ്രാണികൾക്ക് ത്വാഹാ റസൂൽ അഭയം കൊടുത്ത കഥകൾ ചരിത്രത്തിൽ കാണാം.
ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പരിഷ്‌കൃത കാലസന്ധിയാണ്. ഇവിടെ നാം പ്രവാചകന്റെ പാഠശാല പഠന വിധേയമാക്കണം. ആദ്യമായി ത്വാഹാ തിരുമേനി ചെയ്യാൻ പ്രോത്സാഹിപ്പിച്ച കാര്യങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക. എന്ന പോലെ അരുതെന്ന് പറഞ്ഞ കാര്യങ്ങളുടെ ചാർട്ടും തയ്യാറാക്കുക. ഒരോന്നും, ആധുനിക ജീവിതത്തിന്റെ സാംസ്‌കാരികമാപിനി വെച്ച് അളന്ന് നോക്കുക. തിരുനബി(സ) യുടെ എത്ര വലിയ വിമർശകനാണെങ്കിലും ഒരൊറ്റ പോയിന്റിൽ പോലും നിങ്ങൾക്ക് വിഘടിച്ച് നിൽക്കാനാവില്ല. നമ്മെ കാർന്ന് തിന്നുന്ന പലിശ, ലഹരി, ചൂതാട്ടം, ചൂഷണം, വ്യഭിചാരം, നുണ, ഏഷണി, പരദൂഷണം, പൂഴ്ത്തിവെപ്പ്, ചതി, വഞ്ചന തുടങ്ങി ഒരു തെമ്മാടിത്തത്തിനും അവിടെ പാസ്സില്ല. ആദരം, സ്‌നേഹം. ധർമം, പരോപകാരം, വിനയം, മിതത്വം തുടങ്ങി എല്ലാ നല്ല വിളകളും അവിടെ കുലച്ചു തൂങ്ങുന്നു.
പഠിക്കാനിരുന്നാൽ ഉൾക്കൊള്ളേണ്ടി വരും, ആയതിനാൽ തുറന്ന് നോക്കുക പോലും ചെയ്യാതെ മുൻവിധിയെ മഹാഗുരുവാക്കി വിമർശിക്കുക- ഇതാണ് ചില യുറോപ്യൻ നിരൂപകരുടെ ശൈലി. നിഷ്പക്ഷമായി തിരുജീവിതം പഠനവിധേയമാക്കുക. നമ്മുടെ മസ്തിഷ്‌ക്കം ഏതെങ്കിലും ദാർശനിക ബേങ്കിൽ പണയപ്പെട്ടിട്ടില്ല. മറിച്ച്, അത് സർവത്രസ്വതന്ത്രമാണ്. ആ അധ്യാപനങ്ങളെ ആ ബുദ്ധി കൊണ്ട് വിലയിരുത്തുക. നല്ലതിലേക്ക് വശപ്പെടുന്ന ഒരു മനച്ചായ്‌വ് തന്ന് അനുഗ്രഹിക്കണേ നാഥാ എന്ന് പ്രാർഥിക്കുകയും ചെയ്യുക.
ഒരു ചരിത്രപുരുഷന്റെ വ്യക്തിപ്രഭാവം മനസ്സിലാക്കാൻ ധാരാളം രീതികളുണ്ട്. സത്യത്തിന്റെ സാന്നിധ്യത്തോടെ ആയിരക്കണമതെന്നുണ്ടെങ്കിൽ, അതിനു പറ്റിയ ഏറ്റവും ശ്രേഷ്ഠമായ മാർഗമാണ് നിഷ്പക്ഷമായ ചരിത്രപഠനം. പ്രധാനപ്പെട്ട മറ്റൊരു മാർഗം. നിഷ്പക്ഷമായി ചരിത്രം അപഗ്രഥിക്കുകയും താന്തങ്ങളുടെ കണ്ടെത്തലുകൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്ന നല്ല ഗവേഷകരുടെ നിരീക്ഷണങ്ങൾ നിഷ്പക്ഷമായിത്തന്നെ വിലയിരുത്തുക എന്നുള്ളതാണ്.

ഈ രണ്ട് നിലക്ക് തിരുനബി (സ)യെ സമീപിക്കുകയാണെങ്കിലും, തുല്യതയില്ലാത്ത അത്യുന്നത വ്യക്തിത്വമായിരുന്നു തിരുനബി (സ) യെന്ന് ഒരു പഠിതാവിന് കണ്ടെത്താനാവുമെന്ന് നിഷ്പക്ഷമായും നിഷ്‌കളങ്കമായും തന്നെ പറയുകയാണ്. ഈ പ്രസ്താവനയിലെ പക്ഷരാഹിത്യത്തിന്റെ ആഴം കണ്ടെത്തേണ്ടത് ഓരോ അന്വേഷകന്റെയും ബാധ്യതയാണ്.
ക്രൈസ്തവ ലോകത്തുനിന്ന് പ്രവാചകനെക്കുറിച്ച് മാന്യമായി വിലയിരുത്തുന്ന ഒരു നിരീക്ഷണം കടന്നുവരുമ്പോൾ അതിനെ മനം നിറയെ സ്വാഗതം ചെയ്യാൻ ലോകത്തിന്ന് അറച്ചുനിൽക്കേണ്ടതില്ല; പ്രത്യേകിച്ച് പ്രവാചകനിന്ദാ രചനകളാൽ ദേശാന്തരീയ, മതസാഹിത്യമണ്ഡലം ദുർഗന്ധം മുറ്റി നിൽക്കുന്ന കാലത്ത്.
ലോക പ്രസിദ്ധനായ കാത്തലിക് ദൈവ ശാസ്ത്രജ്ഞൻ ഹാൻസ് ക്യൂംഗ് ആണ് സംവാദ മനസ്ഥിതിയോടെ ലോകത്തിന്റെ ശ്രദ്ധ പ്രവാചകനിലേക്ക് തിരിച്ചുവിടുന്നത്. ആദ്യമാദ്യം ക്രൈസ്തവതയുടെ അന്ത:പ്രതിസന്ധികൾ എഴുത്തുവിഷയമാക്കിയ ക്യൂംഗ് പിന്നീടാണ് പ്രവാചകനെക്കുറിച്ച് സംസാരിച്ചു കൊണ്ട് നേരെ ചൊവ്വെ പൊതുമണ്ഡലത്തിലേക്ക് കടന്നുവരുന്നത്. ക്രൈസ്തവതയെ മറ്റു മതങ്ങളുമായി താരതമ്യം ചെയ്ത് ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളയാളാണ് ക്യൂംഗ്, മുഹമ്മദ് നബി (സ)യെക്കുറിച്ച് ആഴത്തിൽ പഠിച്ച ക്യൂംഗ് തന്റെ പഠനഫലങ്ങളെ മധ്യ- ആധുനിക പോളെമിക് എഴുത്തുകാരുടെ മുൻവിധികളുമായി തട്ടിച്ചുനോക്കിയപ്പോൾ അന്ധാളിച്ചുപോയി. അത്രക്ക് ഭീകരം!
ക്യൂംഗ് കുറ്റവിചാരണ ചെയ്യുന്നത് പ്രവാചകനിന്ദ നടത്തി നിത്യവൃത്തി കഴിക്കുന്ന പെയ്ഡ് ഓതേഴ്‌സിനെ മാത്രമല്ല, മുഹമ്മദ് നബി(സ) യുടെ പ്രവാചകത്വത്തെ അംഗീകരിക്കാൻ അറച്ചുകളിക്കുന്ന ക്രൈസ്തവ ലോകത്തെ കൂടിയാണ്. പക്ഷേ ഒന്നോർക്കണം. അപ്പോഴും, ക്യൂംഗ് ക്രിസ്ത്യാനികൾക്കിടയിലെ ഒരു സൽമാൻ റുഷ്ദിയൊന്നുമല്ല. യേശുവിനെ സ്വന്തം ജീവനായും രക്തമായും കാണുന്ന ഒരു പരിശുദ്ധ നസ്രാണി തന്നെയാണ്. എന്നു പറഞ്ഞാൽ സ്വന്തം മതസംവിധാനത്തിനെതിരെ പേനയെടുത്ത് പേരും പെരുമയും കൊയ്യുന്ന ഒരു ഒറ്റുസാഹിത്യകാരനല്ല ക്യൂംഗ്. ക്രൈസ്തവ , മുസ്‌ലിം ബന്ധങ്ങൾ കൂടുതൽ സുദൃഢവും സർഗാത്മകവുമാവണം എന്നതു മാത്രമാണ് ക്യൂഗിന്റെ ലക്ഷ്യം. എന്നാൽ ഇങ്ങനെ ഒരു ഒത്തു തീർപ്പിന് വേണ്ടി കാര്യങ്ങൾ വഴുപ്പൻ രീതിയിൽ പറഞ്ഞവസാനിപ്പിക്കുന്നതും ക്യൂംഗിന്റെ രീതിയല്ല.
മുഹമ്മദ് (സ) യെ ചരിത്ര സാഹചര്യങ്ങൾ വെച്ചും, അവിടുത്തെ അധ്യാപനങ്ങളെ മാനവിക ചരിത്രത്തിന്റെ ധാരയുമായി സമരസപ്പെടുത്തിയും പഠിച്ചെടുക്കാനാവും എന്നാണദ്ദേഹം ഉപന്യസിക്കുന്നത്. പ്രമാണ ബദ്ധമായി വസ്തുതകൾ വിലയിരുത്തിയാൽ പ്രവാചകൻ എന്ന് വിളിക്കപ്പെടാൻ ഏറ്റവും അർഹൻ മുഹമ്മദ് (സ) യായിരിക്കും എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തന്റെ ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഈ കാര്യം തെര്യപ്പെടുത്തിക്കൊടുക്കാൻ അദ്ദേഹം ചെയ്യുന്നത് പ്രവാചകനെ ഇസ്്റാഈൽ പ്രവാചകരുമായി താരതമ്യം ചെയ്യുകയാണ്. നലനിൽക്കുന്ന ചൂക്ഷണാധിഷ്ഠിത അരാജകത്വത്തിനെതിരെ വിരിമാറുമായി സധൈര്യം പടനയിച്ച ഈ പ്രവാചകൻ സ്വന്തം കാര്യം പറയുകയല്ല, മറിച്ച ദൈവത്തിന്റെ മൗത്ത്പീസായി പ്രവർത്തിക്കുകയാണ് ചെയ്തതെന്ന് ക്യൂംഗ് വെളിപ്പെടുത്തുന്നു. പ്രക്ഷുബ്ധമായ വർത്തമാനത്തോടും വൃത്തികെട്ട ഭൂതത്തോടും വിടവാങ്ങി ഭാവിയുടെ പുതിയ ഒരു ഭൂഖണ്ഡം പടുത്തുയർത്തുകയായിരുന്നു പ്രവാചകനെന്ന് ക്യൂംഗ് പ്രസ്താവിക്കുന്നു.
മൂന്ന് കാര്യങ്ങളാണ് ക്യൂഗ് തന്റെ സഹോദരങ്ങളോട് പറയുന്നത്. ഒന്നാമതായി പ്രവാചകന്റെ അധ്യാപനങ്ങളെക്കുറിച്ച് പഠിക്കുക. ശേഷം അവയെ പഴയനിയമത്തിൽ പ്രതിപാദിക്കപ്പെട്ട പ്രവാചകരുടെ അധ്യാപനങ്ങളുമായി മാറ്റുരച്ചു നോക്കുക. ഒടുവിൽ ആ അധ്യാപനങ്ങളുടെ സാമ്യത പരിഗണിച്ച മുഹമ്മദ്‌നബി (സ) യുടെ സ്ഥാനം അടയാളപ്പെടുത്തുക. ഈ പഠനത്തിന് ക്യൂംഗ് മുന്നോട്ടു വയ്ക്കുന്ന ഒരേയൊരു മാനദണ്ഡം ഖുർആനും ബൈബിളും (പ്രത്യേകിച്ചു പഴയ നിയമം) തന്നെയാണ്.
യഹൂദ- ക്രൈസ്തവ ഇസ്‌ലാം മതങ്ങൾ ഒരേവേരിൽ നിന്ന് ഇഴപരിഞ്ഞെവയാണെന്നും ദാർശനികമായ ഒരു അന്തർധാര ഈ ത്രിമതങ്ങൾക്കും സ്വന്തമായുണ്ടെന്നും ഇത്തരം പഠനത്തിലൂടെ കിട്ടുമത്രെ. പഴയ നിയമത്തിലെ നിന്റെ നാഥൻ ഇങ്ങനെ പറയുന്നു എന്ന വചനം ഖുർആനിലെ പറയൂ (ഖുൽ) എന്ന വചനവുമായി എത്രമാത്രം സാമ്യപ്പെട്ടു കിടക്കുന്നു എന്ന് ക്യൂഗ് അതിശയിക്കുന്നു. ദർശനപരമായ അകക്കാമ്പിൽ ഇത്രമാത്രം ഒട്ടിനിൽക്കവേ വെറും സൈദ്ധാന്തിക മുൻവിധി ഒന്നുകൊണ്ടു മാത്രമാണ് നാം ക്രിസ്ത്യാനികൾ മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കാത്തതെന്ന് ക്യൂഗ് പരിഭവപ്പെടുന്നു.
It is only dogmatic prejudice when we recognize Amos and Hosea, Isaiah and jeremiah as prophets, but not muhammed
സ്‌നേഹബുദ്ധ്യാ ഈ മതപണ്ഡിതൻ തന്റെ സഹോദരങ്ങളോട് ഉപദേശിക്കുന്നത്, പ്രവാചകൻ കാട്ടാള അറബി സമൂഹത്തിൽ വരുത്തിയ പ്രത്യുത്പന്നപരമായ പരിവർത്തനങ്ങളെക്കൂടി വിലയിരുത്താനാണ്. മറ്റു മതവിഭാഗങ്ങളെയെല്ലാം വെല്ലുമാറ് അന്തർദേശീയ സാഹോദര്യം പ്രകടിപ്പിക്കുന്ന ഭദ്രമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് സാധ്യമാക്കിയ, ആ യുഗപ്രഭാവനെ ക്യൂംഗ് നന്നായി ആസ്വദിക്കുന്നു. ഇവിടെ ബോസ്വർത്ത് സ്മിത്തിനെയും മോണ്ട്‌ഗോമറി വാട്ടിനെയും പോലെ ക്യൂഗും പ്രവാചകാധ്യാപനങ്ങളുടെ ദാർശനികതലത്തേക്കാൾ അവയുടെ പ്രായോഗിക മണ്ഡലങ്ങളിലേക്കിറങ്ങിപ്പോവുന്നുണ്ട്. എല്ലാറ്റിനപ്പുറം പ്രാമാണികതയുടെ പിടിക്കയറിൽ പിടിച്ച് അദ്ദേഹം ചോദിക്കുന്നുഃ ഇനിയും വരാനിരിക്കുന്ന ദൈവദൂതനെക്കുറിച്ച് പ്രവചനപരമായ വചനങ്ങൾ പഴയ, പുതിയ നിയമങ്ങളിൽ ഉണ്ടെന്നിരിക്കെ, നാമെന്തിന് മുഹമ്മദ് പ്രവാചകന്റെ ആധികാരികത വകവെച്ചു കൊടുക്കാൻ മടികാണിക്കുന്നു?
ഒരുറച്ച ക്രിസ്ത്യാനി ആയിരിക്കെ, ക്യൂംഗ് നടത്തിയ പ്രവാചക വിചാരങ്ങളിൽ പതിര് കണ്ടെന്നു വന്നേക്കാം. എങ്കിലും, പ്രവാചക നിന്ദമാത്രം അറിയാവുന്ന പടിഞ്ഞാറു നിന്ന് ഒരു മത പുരോഹിതൻ, ഈവിധം വിശാലമായ ആശയസംവാദത്തിന്റെ ലോകം തുറക്കുമ്പോൾ നാമതുൾക്കൊള്ളേണ്ടതുണ്ട്. വാസ്തവത്തിൽ, വിശ്വാസസംഹിതയോടുള്ള അറുത്തുമാറ്റാനാവാത്ത പ്രതിപത്തിക്കു പകരം വൈകാരികപരമായ വംശീയ ആന്ധ്യമാണ് ലോകത്തെ വേട്ടയാടുന്നത്. തിരുനബിയെക്കുറിച്ച പടിഞ്ഞാറ് ജനിച്ചു മരിച്ചുപോയ ശതലക്ഷമാളുകൾ വെറും യുദ്ധപ്രിയനും കൈനോട്ടക്കാരനും വ്യാജ മന്ത്രവാദിയും അധികാരക്കൊതിയനും സ്ത്രീ ലമ്പടനുമൊക്കെയായി മനസ്സിലാക്കിവെച്ചുപോയി. ഡാന്റയുടെ ഡിവൈൻ കോമഡി ആസ്വദിച്ചവരൊക്കെ പ്രവാചകനെ നരകത്തിന്റെ അവസാന തട്ടിൽ വെന്തുകരിയുന്നത് കണ്ടുനിന്നു. ഡാനിയൽ നോർമൻ ചൂണ്ടികാണിച്ചത് പോലെ, മധ്യകാല യൂറോ എഴുത്തുകളിൽ അധികാര മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ പ്രതികാരാർഥം ക്രിസ്ത്യൻ മതത്തിൽ നിന്ന് തിരിഞ്ഞു നടന്ന ഒരു ഭയങ്കരനാണ് മുഹമ്മദ് നബി(സ). ഇതേ നോർമൻ പോളമിക് എഴുത്തുകാരുടെ ചതിമുഖം അനാവരണം ചെയ്യവെ ആഞ്ഞെറിയുന്ന ഒരു കരിങ്കൽ ചീള് ഇസ്‌ലാം മതത്തിനകത്തെ സ്യൂഡോ പരിഷ്‌കരണക്കാരുടെ നെറ്റിയിലും ചെന്ന് തറയ്ക്കുന്നു എന്നത് കൗതുകത്തിനപ്പുറം ഉൾക്കിടിലം സൃഷ്ടിക്കുന്നു. മുഹമ്മദ് നബി(സ) യെ വെറും ഒരു സാധാരണക്കാരനായി ചിത്രീകരിക്കുകവഴി, അവർ ചെയ്തത് നബി ദിവ്യബോധനം സ്വീകരിക്കാൻ അർഹനായിരുന്നില്ല എന്നു വരുത്തുകയാണ്. ദിവ്യസന്ദേശം സ്വീകരിക്കുന്നയാൾ അസാധാരണ മനുഷ്യനായിരിക്കണമല്ലോ?
മതവികാരത്തിന്റെ പേരിൽ ലോകം കത്തിച്ചാമ്പലാവും നേരം ക്യൂംഗിന്റേതു പോലുള്ള നിരീക്ഷണങ്ങൾക്ക് നാം അടിവര നൽകണം. ഒരു മതവിഭാഗത്തിലെ അപൂർവം ചിലരുടെ ദുഷ്‌ചെയ്തികൾ കാരണം ഒരു മതസമൂഹമാകമാനം ചീത്ത കേട്ടുതുടങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്. ക്രിസ്ത്യൻ സമൂഹത്തിൽ നല്ലൊരു വിഭാഗം നല്ല പഠിപ്പും ലോകവീക്ഷണവുമുള്ളവരാണ്. മതത്തിന്റെയോ വിശ്വാസത്തിന്റെയോ നൂൽപ്രശ്‌നങ്ങൾക്ക് തീക്കൊളുത്തി സാമുദായിക മൈത്രിയെ ചുട്ടുകരിക്കാൻ അവർക്കിഷ്ടമല്ല. സാമൂഹ്യ ജീവിതത്തിന്റെ പൊതു മണ്ഡലങ്ങളിൽ പക്വവും വിവേകപൂർവ്വകവുമായ നിലപാടുകളാണ് പൊതുവെ ക്രിസ്ത്യൻ സമൂഹത്തിന്റേത്. പക്ഷബോധമോ മുൻവിധിയോ ഇല്ലാതെ, ക്യൂംഗിന്റെ നിലപാടുകൾ പരിശോധിക്കുമെന്നും, ബോധ്യപ്പെട്ടവയെ മനസ്സാ ഉൾക്കൊള്ളാനും, പരസ്യമായി പ്രഖ്യാപിക്കാനും, ക്രിസ്ത്യൻ സുഹൃത്തുക്കൾ തയ്യാറാവുമെന്നാണ് പ്രതീക്ഷ. പാശ്ചാത്യ ലോകത്ത് പ്രവാചക ജീവിതം ഏറ്റവും ഗൗരവമായി പഠിച്ചു കൊണ്ടിരിക്കുന്നത്, ക്രിസ്ത്യൻ പശ്ചാത്തലങ്ങളുള്ള ബുദ്ധിമതികളാണെന്നത് നമുക്ക് ആവേശം പകരുന്നതാണ്.

Latest