Cover Story
പഠിപ്പിസ്റ്റ് @105
സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ഭാഗീരഥിയമ്മയെ ആദരിക്കുന്നു
ഭാഗീരഥിയമ്മ; ആ പേരിന് നൂറ്റിയഞ്ചിന്റെചെറുപ്പമാണ്. കേരള സാക്ഷരതാ മിഷന്റെ കൊല്ലം ജില്ലയുടെ ബ്രാൻഡ് അംബാസഡറായി മാറാൻ “ഭഗീരഥ” പ്രയത്‌നമൊന്നും വേണ്ടിയിരുന്നില്ലെന്ന് ഭാഗീരഥിയമ്മയുടെ വാക്കുകളിലെ കരുത്തിലൂടെ മനസ്സിലാകും. രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവായതോടെ വീട്ടിലും സന്ദർശകരുടെ ബഹളമാണ്. ആര് വന്നാലും സ്വീകരിക്കാനായി സെറ്റ് സാരിയുമുടുത്ത് പതിനെട്ടിന്റെ ചുറുചുറുക്കോടെ അമ്മ ഹാജരാകും. പിന്നെ വിശേഷങ്ങൾ പറയാനും ചോദിക്കാനുമെല്ലാം ഉത്സാഹമാണ്. സംസ്ഥാന സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ തുല്യതാ പരീക്ഷയിലാണ് ഭാഗീരഥിയമ്മ നാലാം തരം എഴുതിയത്. കുടുംബ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനായി പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരായ സ്ത്രീകളുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറക് വിരിക്കാൻ ഭാഗീരഥിയമ്മയുടെ ജീവിതം മാതൃകയാകുമെന്ന വിലയിരുത്തലിലാണ് ജില്ലയുടെ സാക്ഷരതാ മിഷൻ ബ്രാൻഡ് അംബാസിഡറായി അധികൃതർ അവരെ തിരഞ്ഞെടുത്തത്. അനുമോദനങ്ങൾ കത്തുകളായും ഫോൺ വിളികളായും അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും എത്തുന്നുണ്ടെന്ന് മകൾ പറയുന്നു. കൊല്ലം ജില്ലയിൽ അഞ്ചാലുംമൂട് കാഞ്ഞാവെളിയാണ് ഭാഗീരഥിയമ്മയുടെ സ്വദേശം.
ആറ് മക്കളും 15 പേരക്കുട്ടികളുമടങ്ങുന്നതാണ് ഭാഗീരഥിയമ്മയുടെ കുടുംബം. ആറ് മക്കളിൽ ഇളയവളായ തങ്കമണിയോടൊപ്പം നന്ദ്ധാം വീട്ടിൽ കഴിയുന്ന മുത്തശ്ശി നൂറ്റിയഞ്ചാം വയസ്സിൽ നാടിന്റെ അഭിമാനമുയർത്തി സെലിബ്രിറ്റിയാവുകയാണ്.
വീട്ടിലെ സാഹചര്യം മൂന്നാം ക്ലാസിൽ പഠനം മുടക്കി
ഒരു നൂറ്റാണ്ടിന് മുമ്പ് പ്രാക്കുളം ഗവ. എൽ പി സ്‌കൂളിൽ പഠനം തുടങ്ങിയ ഭാഗീരഥിയമ്മക്ക് വീട്ടിലെ സാഹചര്യങ്ങളാണ് മുന്നോട്ടുള്ള യാത്രക്ക് വിനയായത്. അമ്മക്ക് സ്‌കൂളിലയക്കാൻ താത്പര്യമുണ്ടായില്ല. ഇളയ സഹോദരങ്ങളെ നോക്കാനും പരിചരിക്കാനും അമ്മയെ സഹായിക്കാനുമായി മൂന്നാം ക്ലാസിൽ പഠനം ഉപേക്ഷിക്കുകയായിരുന്നു. അച്ഛൻ മകളുടെ പഠനത്തിന് പൂർണ പിന്തുണയായിരുന്നുവെങ്കിലും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പഠിത്തം നിർത്തി. എന്നാൽ, എല്ലാം കഴിഞ്ഞ് ഒരവസരം കിട്ടിയപ്പോൾ അത് 105ാം വയസ്സിലായി. കേരള സംസ്ഥാന സാക്ഷരതാ മിഷന് കീഴിൽ പഠനം പുനരാരംഭിക്കുന്നത് ഉറ്റ സുഹൃത്തിന്റെ മകളും സാക്ഷരതാ മിഷൻ പ്രവർത്തകയുമായ വി ഷേർളിയുടെ സഹായത്തോടെയാണ്. ശാരീരിക അസ്വസ്ഥകളെല്ലാം പഠനത്തിന്റെ ആവേശത്തിൽ ഭാഗീരഥിയമ്മ മറക്കുമെന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്. സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരിപാടിയിൽ 100ൽ 98 മാർക്ക് നേടിയ ഹരിപ്പാട് സ്വദേശിയായ 96കാരിയായ കാർത്ത്യായനിയമ്മയുടെ വിജയമാണ് ഷേർളിയെ ഇങ്ങനൊരു ദൗത്യത്തിലേക്കെത്തിച്ചത്. കാർത്ത്യായനിയമ്മ 95ാം വയസ്സിൽ നേടിയത് ഭാഗീരഥിയമ്മയെ 105ാം വയസ്സിൽ നേടിക്കൊടുക്കാമെന്ന ദൃഢനിശ്ചയം ചരിത്രത്തിലിടം ചേർത്ത തീരുമാനമാകുകയായിരുന്നു.
ഭാഗീരഥിയമ്മ കടുത്ത മത്സരാർഥിയാണെന്ന് തെളിയിക്കുന്ന മുന്നേറ്റവും കാഴ്ചവെച്ചു. അതോടൊപ്പം ഭാഗീരഥിയമ്മയുടെ ഊർജവും പഠനത്തോടുള്ള അടങ്ങാത്ത ആവേശവും കാര്യങ്ങൾ കൂടുതൽ സുഗമമാക്കി.
95കാരി കാർത്യായനിയമ്മ പിന്നീട് കോമൺവെൽത്ത് ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു.
സച്ചിൻ വിരമിച്ചു; കളി കാണലും നിർത്തി
ക്രിക്കറ്റിൽ സച്ചിനും ദ്രാവിഡുമൊക്കെ ഭാഗീരഥിയമ്മയുടെ ഇഷ്ടതാരങ്ങളായിരുന്നു. എന്നാൽ, ഇപ്പോൾ ക്രിക്കറ്റിനോട് പഴയ ഇഷ്ടമൊന്നുമില്ല. തങ്കമണിയമ്മയുടെ രണ്ട് ആൺ മക്കളാണ് എല്ലാത്തിലും കൂട്ടായി ഭാഗീരഥിയമ്മക്കൊപ്പമുണ്ടായിരുന്നത്. എന്നാൽ, അകാലത്തിലെ കൊച്ചുമകൻ പിള്ളയ് അനീഷാനന്ദന്റെ മരണം ഭാഗീരഥിയമ്മക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നുവെന്ന് മകൾ തങ്കമണി പറഞ്ഞു. അതേസമയം, സച്ചിൻ വിരമിച്ചതാണ് കളി കാണൽ നിർത്തിയതെന്ന കാരണം പറയുമ്പോഴും കൊച്ചു മകന്റെ വേർപാടാണ് യാഥാർഥ്യമെന്ന് മകൾ പറയുന്നു. 1974ൽ മുംബൈയിലേക്ക് തനിച്ച് വിമാനം കയറിയതും മകൾ ഓർത്തെടുക്കുന്നു. കൊച്ചു മകന്റെ ജനനത്തിന് ശേഷം കുട്ടിയെ നോക്കുന്നതിനായി തനിച്ച് മുംബൈയിലേക്ക് വിമാനം കയറിയത് ചെറു ചിരിയോടെ ഭാഗീരഥിയമ്മയും ഓർത്തെടുത്തു. സീരിയലുകൾ കണ്ട് സമയം കളയുന്നതിനിടെയാണ് പഠിതാവിന്റെ റോൾ ഏറ്റെടുക്കുന്നത്. അടുത്തിടെയായി ചില കാര്യങ്ങൾ പഠിക്കുമ്പോൾ മനസ്സിലാകുന്നില്ലായെന്ന പരിഭവവും പങ്ക് െവച്ചു. വാർധക്യ സഹജമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും കാര്യങ്ങൾ മനഃപാഠമാക്കുന്നതിൽ ഒന്നും തടസ്സമാകുന്നില്ല.
മികച്ച കാഴ്ചശക്തിയും കേൾവിയും ഈ പ്രായത്തിലും അസാധ്യമായതിനെ സാധ്യമാക്കാൻ അമ്മയെ സഹായിക്കുന്നുണ്ട്. സാക്ഷരതാ മിഷന്റെ പാഠാവലിയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആദ്യം സ്വന്തമായും പിന്നീട് സ്ക്രൈബിന്റ സഹായത്തിലൂടെയുമാണ് എഴുതിയത്. പരിശീലകയായ ഷേർളിയും കീ റിസോർസ് പഴ്‌സൺ കെ ബി വസന്തകുമാറുമാണ് എല്ലാവിധ പിന്തുണയും നൽകിയത്. ഇവർ വീട്ടിലെത്തി പഠിപ്പിക്കുകയും പരീക്ഷകൾക്ക് തയ്യാറെടുക്കാനും സഹായിച്ചു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല വീട്ടിലെത്തി ഭാഗീരഥിയമ്മയെ കണ്ട് കാര്യങ്ങൾ അന്വേഷിക്കുകയും അനുമോദിക്കുകയും ചെയ്തത്.
ആധാറും പെൻഷനുമില്ലാത്ത
വി ഐ പി
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ മിഷന്റെ പഠിതാവായ ഭാഗീരഥിയമ്മക്ക് ഒരു ആവലാതിയുണ്ട്. ആധാർ കാർഡില്ലാത്തതിനാൽ അവർക്ക് ഇതുവരെ ഒരു പെൻഷനും ലഭിച്ചിട്ടില്ല. ഇളയമകൾ തങ്കമണിയുടെ ഭർത്താവ് മരിച്ചതിനുശേഷം, സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അമ്മ അഞ്ച് വർഷം മുമ്പ് പെൻഷനു വേണ്ടി അപേക്ഷിച്ചു. വിരലടയാളം, വാർധക്യ പ്രശ്‌നങ്ങൾ എന്നിവ കാരണം നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ആധാർ ഓഫീസിലെ ഏജന്റുമാർക്ക് അവരുടെ ബയോമെട്രിക് വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെന്ന് മകൾ തങ്കമണി പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് അമ്മ വിധവാ പെൻഷന് അപേക്ഷിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ ഇത് അംഗീകരിക്കപ്പെട്ടില്ല. എന്നാൽ, ഇപ്പോൾ ആധാർ കാർഡിന്റെ അഭാവമാണ് അധികൃതർ ഉന്നയിക്കുന്ന ഒരേയൊരു തടസ്സമെന്നും അവർ പറഞ്ഞു.
സർക്കാറിന്റെ പുതിയ മാനദണ്ഡമനുസരിച്ച് 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആധാർ ഇല്ലാതെ പെൻഷനായി ചേരാം. അത്തരമൊരു ഉത്തരവ് പുറത്തിറക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും തങ്കമണി പറയുന്നു.
അനുമോദനവുമായെത്തുന്ന സർക്കാർ അധികാരികളോട് തന്റെ അപേക്ഷ പരിഗണിച്ച് പെൻഷൻ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് മാത്രമാണ് ഭാഗീരഥിയമ്മയുടെ അപേക്ഷ. കൂടുതൽ പഠിക്കാനും അറിയാനുമെല്ലാം ഭാഗീരഥിയമ്മക്ക് ആവേശമാണ്. ദേശീയ ചാനലുകളിലടക്കം ചർച്ചയാവുന്ന തന്റെ പഠനത്തിലൂടെ പുതിയ ചരിത്രം സൃഷ്ടിച്ചതൊന്നും അറിയാതെ വീട്ടിലെത്തുന്നവർക്ക് നിറ പുഞ്ചിരിയും വിതറി ഉയരങ്ങൾ കീഴടക്കാനുള്ള ആഗ്രഹവുമായി ഭാഗീരഥിയമ്മ യുവതലമുറക്ക് മാതൃകയാവുകയാണ്.