Connect with us

Articles

ക്ഷോഭിക്കണം, ബഹിഷ്‌കരിക്കണം...

Published

|

Last Updated

പൗരത്വ ഭേദഗതി ബില്‍ പ്രാഥമികമായി മുസ്ലിംകള്‍ക്കെതിരെയുള്ള ഒരു നിയമ നിര്‍മാണമാണ്. മുസ്ലിംകള്‍ക്കെതിരെ വിവേചനം കാണിക്കുന്നു എന്നതിനാലാണ് ഇത് ഭരണഘടനാ വിരുദ്ധമാകുന്നത്. മാനവികതയുടെ പേരിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പറയുന്ന ആഭ്യന്തര മന്ത്രിയും അതിനെ അടിവരയിട്ട് പ്രശംസിക്കുന്ന പ്രധാനമന്ത്രിയും എന്തുകൊണ്ട് മാനവിക പരിഗണന മുസ്ലിംകള്‍ക്ക് നല്‍കുന്നില്ല? എന്തുകൊണ്ട് മൂന്ന് അയല്‍ രാജ്യങ്ങള്‍ക്ക് മാത്രമായി മാനവികതാ പരിഗണന ചുരുക്കി? ഈ ചോദ്യങ്ങള്‍ക്ക് അവര്‍ ലോകത്തിന് മുന്നില്‍ ഉത്തരം നല്‍കേണ്ടതുണ്ട്.

ബില്‍ പാസ്സായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ലോകത്തെ വംശീയ ഹത്യകളുടെ ചരിത്രമോര്‍മിപ്പിച്ചത് എത്രപേര്‍ ശ്രദ്ധിച്ചുവെന്ന് അറിയില്ല. ആംനസ്റ്റി ഇന്റര്‍നാഷണലും യു എസ് ഫെഡറല്‍ കമ്മീഷനും ഞെട്ടലോടെയാണ് ഈ നിയമ നിര്‍മാണത്തെ നോക്കിക്കാണുന്നത്. ലോകത്തേറ്റവും ശക്തമായ ഭരണഘടനയുള്ള ഒരു രാജ്യം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കൊണ്ട്, ആത്മാവിനാല്‍ ദുര്‍ബലരായ ഭരണകര്‍ത്താക്കളുടെ കീഴില്‍ മൂല്യച്യുതിക്ക് വിധേയമാക്കപ്പെടുന്ന കാഴ്ച ലോകത്തെ ഞെട്ടിക്കാതെ പിന്നെ!

ഭരണഘടനയെ ലംഘിച്ചു കൊണ്ട് ഒരു ബില്‍ പാസാക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന ഒരു പാര്‍ലിമെന്റ് അംഗമാണ് ഞാന്‍. അതോടൊപ്പം രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലും ഭരണഘടനയിലും വിശ്വാസവും പ്രതീക്ഷയുമുള്ള, അതിനെതിരെയായ ചെറിയ വിരലനക്കങ്ങള്‍ പോലും അതീവ വൈകാരികതയോടെ കാണുന്ന ഒരു സാധാരണ പൗരന്‍ കൂടിയാണ്. അതുകൊണ്ട് എന്റെ പ്രതികരണവും പ്രതിഷേധവും ശക്തവും വൈകാരികവുമാണ്.

ഭരണഘടനയുടെ 14, 21, 25 ആര്‍ട്ടിക്കിളുകളുടെ നഗ്നമായ ലംഘനമാണ് പൗരത്വ ഭേദഗതി ബില്‍. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ, സിഖ് സമുദായങ്ങളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ലെന്നതാണ് ബില്‍ പറയുന്നത്. മേല്‍പ്പറഞ്ഞ സമുദായങ്ങളില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയിരിക്കുകയാണ്. ഭരണഘടന നല്‍കുന്ന തുല്യതക്ക് വേണ്ടിയുള്ള അവകാശത്തെയാണ് ഇതോടെ ബില്‍ നിരാകരിച്ചിരിക്കുന്നത്. 2018ലെ നവജീത് ജോഹറും ഭാരത സര്‍ക്കാറും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി നടത്തിയ റൂളിംഗിനെയും ബില്‍ തകിടം മറിക്കുന്നു. പൗരന്റെ തീര്‍ത്തും വൈയക്തികമായ ഒരു സവിശേഷതയുടെ അടിസ്ഥാനത്തില്‍ വിവേചനത്തിനിരയാക്കുന്ന ഒരു നിയമവും സാധൂകരിക്കപ്പെടില്ല എന്നായിരുന്നു അത്. എന്നാല്‍ ഈ ബില്‍ അതിനെ ലംഘിച്ചിരിക്കുന്നു.
അതേസമയം, ഈ ബില്‍ ഇന്ത്യയില്‍ നിലവിലുള്ളവരെ ബാധിക്കുന്നേയില്ല എന്ന പ്രചാരണങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു. ഇന്ത്യയില്‍ നടപ്പാക്കാനുള്ള ഒരു നിയമമാണിത്. അല്ലാതെ അഭയാര്‍ഥി സംരക്ഷണത്തിന് ഇന്ത്യ രാജ്യാന്തര തലത്തില്‍ ഉണ്ടാക്കിയ മനുഷ്യാവകാശ ചാപ്റ്ററൊന്നുമല്ല. ഇന്ത്യയില്‍ നടപ്പാക്കുന്ന നിയമം മതം പോലെയുള്ള ഒരു കാരണത്തിന്റെ അടിസ്ഥാനത്തില്‍ വിവേചന പൂര്‍ണമാകുന്നത് സാധൂകരിക്കപ്പെടില്ലെന്നാണ് നേരത്തേ പറഞ്ഞ സുപ്രീം കോടതി റൂളിംഗ്. ആര്‍ട്ടിക്കിള്‍ പതിനാലിന് ഏറ്റവും കൃത്യമായ അവതരണം കൂടിയാണത്.
മുസ്ലിംകളെ മതപരമായ വിവേചനത്തിലൂടെയല്ല പുറത്താക്കിയിരിക്കുന്നതെന്നും അയല്‍ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ മതകീയമായ അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്നതിന്റെ അടിസ്ഥാനത്തില്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനാണ് ഈ ബില്‍ എന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദത്തെ കണ്ണടച്ച് വിശ്വസിച്ചവര്‍ ചിന്തിക്കാന്‍ വേണ്ടി പറയട്ടെ; എങ്കില്‍ അയല്‍ രാജ്യങ്ങള്‍ നമുക്ക് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശും മാത്രമല്ലല്ലോ. നമുക്ക് ശ്രീലങ്കയില്ലേ? നേപ്പാളും ഭൂട്ടാനും മാലിദ്വീപുമില്ലേ? എന്തേ മ്യാന്‍മര്‍ വിട്ടുപോയത്? മതകീയമായി ആക്രമിക്കപ്പെട്ട ലോകത്തിലെ ഏറ്റവും പരീക്ഷിണിതരായ ജനതയെന്ന് ഐക്യരാഷ്ട്ര സഭ പറയുന്ന റോഹിംഗ്യന്‍ ജനത അവിടെ നിന്ന് പുറംതള്ളപ്പെട്ടവരല്ലേ? ചൈനയെ പറ്റി എന്തേ ആലോചിക്കാത്തത്? ചൈനയിലെ ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമണങ്ങളെ കുറിച്ച് എന്തേ ചിന്തിക്കാത്തത്?
ഇനി നിലവില്‍ ഈ ബില്ലില്‍ പറയപ്പെട്ട രാജ്യങ്ങള്‍ തന്നെ എടുക്കാം. പാക്കിസ്ഥാനില്‍ അഹമ്മദിയാക്കള്‍ക്കെതിരെ മതകീയമായ പ്രശ്നങ്ങളുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഹസാരെ മുസ്ലിംകള്‍ക്കെതിരെ പ്രശ്നങ്ങളുണ്ട്. ഈ ബില്‍ മതകീയ അടിസ്ഥാനത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയായതിന്റെ പേരില്‍ ഇന്ത്യയിലേക്ക് വരുന്നവരെ സംരക്ഷിക്കാനുള്ളതാണെങ്കില്‍ അഹമ്മദിയാക്കളെയും ശിയാക്കളെയും ഉള്‍പ്പെടുത്തേണ്ടതായിരുന്നില്ലേ. മതകീയമായ അതിക്രമങ്ങള്‍ കാരണമായി പലായനം ചെയ്തവരെ ഉള്‍ക്കൊള്ളാനാണ് ഈ ബില്‍ എങ്കില്‍ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് ഹിന്ദുക്കളെയും മ്യാന്മറില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്ലിംകളെയും ഈ ബില്‍ ഉള്‍ക്കൊള്ളാത്തത് എന്തുകൊണ്ടാണ്? ചുരുക്കിപ്പറഞ്ഞാല്‍, ആകെ വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു ബില്ലാണിത്.
മതനിരപേക്ഷതയെന്ന ഭാരതത്തിന്റെ അടിസ്ഥാന ശിലയെ തകര്‍ക്കുന്നതാണ് ഈ ബില്‍. ഇതിന്റെ തുടര്‍ച്ചയെന്നോണം രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2020 സെപ്തംബര്‍ മുപ്പതുവരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് കരുതുന്ന ഈ പ്രക്രിയക്കൊടുവില്‍ മുസ്ലിംകള്‍ മാത്രം “രാജ്യമില്ലാത്തവര്‍” ആയിത്തീരുന്ന സാഹചര്യമാണ് ബില്‍ ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ ഈ വിധം മതത്തിന്റെ പേരില്‍ വിഭജിക്കുന്ന ഹീനമായ ഒരു ബില്‍ എങ്ങനെ സാധൂകരിക്കപ്പെടും?

നാസി ജര്‍മനിയില്‍ ജൂതന്മാരെ വംശഹത്യക്ക് വിധേയമാക്കാന്‍ ഉപയോഗിച്ച ന്യൂറംബര്‍ഗ് വംശീയ നിയമത്തിന്റെയും ലോകത്തിലേറ്റവും കൂടുതല്‍ പീഡിതരായ ജനതയെന്ന് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ച റോഹിംഗ്യന്‍ അഭയാര്‍ഥികളെ സൃഷ്ടിച്ച, 1982ല്‍ മ്യാന്മറില്‍ നടപ്പാക്കിയ ബര്‍മ പൗരത്വ ബില്ലിന്റെയും ഇന്ത്യന്‍ പകര്‍പ്പാണ് ഈ ബില്‍. ഇത് നടപ്പാക്കുന്ന പക്ഷം രാജ്യം അതിന്റെ അടിസ്ഥാന താത്പര്യങ്ങളെ കൊന്നു കുഴിച്ചുമൂടുകയാണ്.

പാര്‍ലിമെന്റ് കടന്ന, വര്‍ഗീയവും വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായ ഈ ബില്‍ പ്രഥമ പൗരനെന്ന നിലക്ക് രാഷ്ട്രപതി തടയുമെന്ന് പ്രതീക്ഷിക്കുന്നു. ശുഭ പ്രതീക്ഷകളെല്ലാം നടക്കില്ലല്ലോ. പരമോന്നത നീതിപീഠം ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുമെന്ന് കരുതാം. കൂടാതെ പ്രതിഷേധങ്ങള്‍ വേണം. ശക്തമായ പ്രക്ഷോഭങ്ങള്‍ വേണം. മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഏറ്റവും ഊര്‍ജസ്വലമായ ഐക്യം വേണ്ടത് ഇപ്പോഴാണ്. അതുറപ്പ് വരുത്താന്‍ നേതൃത്വങ്ങള്‍ ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു. കൂടാതെ, കാരണങ്ങള്‍ പലതായാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പൗരത്വ ഭേദഗതി ബില്‍ വിരുദ്ധ സമരങ്ങള്‍ക്കിടയില്‍ ഏകോപനവും പരസ്പര ധാരണയുമുണ്ടാകണം. ബില്ലിനെ കുറിച്ചും അതിലെ വഞ്ചനയെ പറ്റിയും ഭരണഘടനാ വിരുദ്ധതയെ പറ്റിയും വ്യാപകമായ ബോധവത്കരണം കൂടി ഉണ്ടാകണം. ബില്ലിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ സഭകളില്‍ കെട്ടഴിച്ചുവിട്ട നുണകളും അതിന്റെ തുടര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളിലടക്കം കുറെയധികം കാണാനിടയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഞാന്‍ ഈ വിഷയത്തില്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു. രാജ്യസഭയും കടന്നു വരുന്ന ബില്‍ ഒപ്പിടാതെ തിരിച്ചയക്കാനുള്ള ആര്‍ജവം കാണിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ ബില്‍ പാസാക്കാന്‍ കൂട്ടുനിന്നാല്‍ ഭരണഘടന സംരക്ഷിക്കാതിരുന്നതിന്റെ പേരില്‍ ചരിത്രം എല്ലാവരെയും വിചാരണ ചെയ്യുമെന്നും അതില്‍ നിന്ന് ആരും ഒഴിവാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയാണ് കത്ത് ഉപസംഹരിച്ചത്. ഈ വിഷയത്തില്‍ ഇനിയും പ്രതികരിക്കാതെ നില്‍ക്കുന്നവരോട് എനിക്ക് അത് ആവര്‍ത്തിക്കാനേയുള്ളൂ.

രാജ്യത്തെ മുസ്ലിംകള്‍ പേടിക്കേണ്ടതില്ലെന്ന ഉപദേശമൊന്നും ഇവിടുത്തെ ഒരൊറ്റ മുസ്ലിമിനും വേണ്ടിവരില്ല. കപില്‍ സിബല്‍ പറഞ്ഞതുപോലെ ഇന്ത്യയിലെ ഒരൊറ്റ മുസ്ലിമും ഫാസിസത്തെയോ അതിന്റെ നേതാക്കളെയോ തെല്ലും പേടിക്കുന്നില്ല. മുസ്ലിംകളുടെ വിശ്വാസ ദൃഢതയെ പറ്റി യാതൊരു ധാരണയുമില്ലാത്തവരാണ് മുസ്ലിംകളോട് കാപട്യം നിറഞ്ഞ സിംപതി കാണിക്കുന്നത്. ഓരോ മുസ്ലിമിനെ സംബന്ധിച്ചിടത്തോളവും അബദ്ധത്തില്‍ വന്നുപെട്ട മണ്ണല്ല ഇന്ത്യ. മറിച്ച് ആത്മാഭിമാനത്തോടെ നടത്തിയ തിരഞ്ഞെടുപ്പിന്റേതാണ് ഈ മണ്ണും പാരമ്പര്യവും. മുസ്ലിമായതിന്റെ പേരില്‍, ഭരണകൂടം ഇസ്ലാമോഫോബിക്കായതിന്റെ പേരില്‍ ഭരണഘടന അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്ന ഈ വേളയില്‍ മുസ്ലിംകളുടെ, അതുപോലെ സമാന അവകാശ നിഷേധങ്ങള്‍ അനുഭവിക്കുന്നവരുടെ കൂടെയോ അല്ലെങ്കില്‍ അവര്‍ക്ക് പിറകിലോ അണിനിരന്ന് പോരാടുക എന്നതാണ് ആകെ വേണ്ടത്.

---- facebook comment plugin here -----

Latest