Connect with us

Articles

കോള്‍ ചാര്‍ജ് വര്‍ധന; പ്രതികളാര്?

Published

|

Last Updated

അങ്ങനെ മൊബൈല്‍ സേവനരംഗം റിവേഴ്സ് ഗിയറില്‍ ഓടാന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നിലേറെ വര്‍ഷമായി ടോപ് ഗിയറില്‍ ഓടിക്കൊണ്ടിരുന്നവരാണ് പെട്ടെന്ന് ഓട്ടം റിവേഴ്സ് ഗിയറിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചത്. യഥാര്‍ഥത്തില്‍ ഈ നിരക്ക് വര്‍ധനവിന്റെ ഉറവിടം അന്വേഷിക്കുമ്പോള്‍ സേവനദാതാക്കളെ പോലെ തന്നെ സര്‍ക്കാറും ടെലികോം റെഗുലേറ്ററി അതോറിറ്റിയും ഉപഭോക്താക്കളും എല്ലാം പ്രതിസ്ഥാനത്താണെന്ന് പറയേണ്ടി വരും. 2016ല്‍ റിലയന്‍സ് ജിയോയുടെ വരവാണ് മൊബൈല്‍ സേവനരംഗത്തെ നിരക്ക് കുറയാന്‍ കാരണം. ജിയോയുടെ വിപണി പിടിക്കാനുള്ള ശ്രമമാണ് ഈ രംഗത്ത് നിരക്ക് കുറവിനും ഇപ്പോള്‍ നിരക്ക് വര്‍ധനവിനും ഇടയാക്കിയത്.

എന്തൊക്കെയായാലും കഴിഞ്ഞ മൂന്ന് വര്‍ഷം ഇന്ത്യയിലെ മൊബൈല്‍ ഉപയോഗം വളരെ അധികം മാറിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഇത്തരമൊരു മാറ്റം ഉണ്ടാക്കുന്നതില്‍ ജിയോ വലിയ പങ്ക് വഹിച്ചുവെന്നതില്‍ സംശയമില്ല. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും ഇന്ന് സൗജന്യ വൈഫൈ ലഭിക്കുന്ന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമായി എന്നതാണ് ഇത്തരം സേവനങ്ങള്‍ വ്യാപിക്കാന്‍ കാരണം. എന്നാല്‍ ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍ക്ക് ഇനി വലിയ തുക മുടക്കേണ്ടി വരുന്നു എന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്. ഐഡിയയുടെ മൊത്തം കടബാധ്യത ഒരു ലക്ഷം കോടിയിലധികമാണ്. ഇതില്‍ 53,000 കോടിയിലധികം വരും സര്‍ക്കാറിന് വിവിധ ഇനങ്ങളിലായി നല്‍കാനുള്ളത്. പക്ഷേ, ഇത്രയധികം ഓഫറുകള്‍ നല്‍കിയിട്ടും നഷ്ടക്കണക്കുകള്‍ക്കിടയിലും ജിയോക്ക് 1,000 കോടിയുടെ അടുത്ത് ലാഭമുണ്ടത്രെ. ഒന്നുകില്‍ തെറ്റായ കണക്കുകള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ വഴിവിട്ട സഹായങ്ങള്‍ ജിയോക്ക് ലഭിച്ചു എന്നുവേണം കരുതാന്‍. ഈ വര്‍ധനക്കാലത്ത് ജിയോയും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ടെങ്കില്‍ കൂടി മറ്റ് സേവനദാതാക്കളെ അപേക്ഷിച്ച് കുറവാണെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും കാലത്ത് ഉപഭോക്താവിന് മറ്റൊരു അടിയായി മാറും മൊബൈല്‍ നിരക്ക് വര്‍ധന എന്നതില്‍ സംശയമൊന്നുമില്ല.

ട്രായ് എന്ത് ചെയ്തു?

ഒന്നും ചെയ്തില്ല എന്നതാണ് സത്യം. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം വിപണി പിടിക്കാനായി ജിയോ നടത്തിയ ഓഫര്‍ തള്ളിച്ച നിയന്ത്രിക്കണമായിരുന്നു. ഈ സമയത്ത് കൃത്യമായ മാനദണ്ഡങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇടപെടേണ്ടിയിരുന്നു. ബി എസ് എന്‍ എല്ലിനെ ഓര്‍ത്തെങ്കിലും അത്തരമൊരു നടപടി ഉണ്ടാകേണ്ടിയിരുന്നു. സേവനത്തിന് ഈടാക്കുന്ന അനിയന്ത്രിതമായ വിലക്കുറവ് എങ്ങനെ ജനങ്ങളെ ബാധിക്കുമെന്ന് ഇന്ത്യക്കാരെ പഠിപ്പിക്കാനായി എന്നത് ജിയോ ചെയ്ത വലിയ “സേവന”മായി കാണണം. മൂന്ന് വര്‍ഷം മുമ്പ് ഒരു ജി ബി ഡാറ്റക്ക് മാസത്തില്‍ 200 രൂപയെങ്കിലും വേണമായിരുന്നു. എന്നാല്‍ ജിയോയുടെ വരവിനു ശേഷം അത് വെറും പത്തില്‍ താഴെ രൂപയിലേക്ക് വന്നു. ഇവിടെയാണ് ഇപ്പോഴത്തെ വര്‍ധനവ് ഉപഭോക്താവിന് അടിയായി തോന്നുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള വര്‍ധന ഏതാണ്ട് 42 ശതമാനം വരെയാണ്. ഇതുകൊണ്ടും നില്‍ക്കില്ല; ഭാവിയില്‍ നൂറ് ശതമാനം തന്നെ വര്‍ധനവ് പ്രതീക്ഷിക്കാം.
അതായത് അനിയന്ത്രിതമായ നിരക്കിളവ് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തതിനാല്‍ ഇപ്പോള്‍ കമ്പനികള്‍ നടത്തുന്ന നിരക്കുവര്‍ധന വലിയൊരു അടിയായി ഉപഭോക്താവിന് തോന്നുന്നുവെന്നര്‍ഥം. ഏതൊരു ഉത്പന്നവും അതിന്റെ വിലയില്‍ വന്‍വര്‍ധനവ് വരുത്തുന്നതും അതുപോലെ തന്നെ വിലയില്‍ ഒരു പരിധിയിലധികം കുറവ് വരുത്തുന്നതും വിപണിയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് തത്വം. ജിയോ വിപണി പിടിക്കാനായി നടത്തിയ നിരക്കിളവ് ടെലികോം മേഖലയെ തകര്‍ക്കുമെന്ന് മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. അപ്പോള്‍ ഇപ്പോഴത്തെ വന്‍വര്‍ധന വരുത്തി വെച്ചതില്‍ ഒന്നാം പ്രതി ട്രായ് ആയി മാറുന്നു.

കമ്പനികള്‍ എന്ത് ചെയ്തു?

പരസ്പരം കുട്ടനും മുട്ടനും കളിച്ചു. അപ്പോള്‍ കുറച്ച് ചോരയൊക്കെ കുടിക്കാന്‍ ഉപഭോക്താവിന് അവസരം കിട്ടി. കൈയടിച്ച് പ്രാത്സാഹിപ്പിച്ചു. ഈ പോരിനിടയില്‍ മൂന്ന് സേവനദാതാക്കള്‍ അകാല ചരമം പ്രാപിച്ചു. എയര്‍സെല്‍, ടാറ്റാ ഡോകോമോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയാണവ. ബി എസ് എന്‍ എല്‍ ആകട്ടെ ഈ അടിക്കിടയില്‍ തളര്‍ന്നു ഊര്‍ധശ്വാസം വലിച്ചുകൊണ്ടിരുന്നു. അപ്പോഴും വരിക്കാര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ അടി തുടര്‍ന്നു. ജിയോയെ അടിക്കാനാണ് ഐഡിയയും വോഡഫോണും ഒന്നിച്ച് ചേര്‍ന്നത്. ആ ഒരുമിക്കലും ലക്ഷ്യത്തിലെത്തിയില്ല എന്നതാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മൂന്ന് വര്‍ഷം അടിച്ചപ്പോഴേക്കും കാലിനടിയിലെ മണ്ണെല്ലാം ഒലിച്ചുപോയിരുന്നു. ഇനി അത് നികത്താനുള്ള ബന്ധപ്പാടാണ്. നികത്തേണ്ടത് ഉപഭോക്താക്കള്‍ തന്നെ. ഇത്രയും കാലം നല്‍കിയത് തിരിച്ചുപിടിക്കുകയാണ് ഇപ്പോള്‍ കമ്പനികള്‍ തുടങ്ങിവെച്ച നിരക്ക് വര്‍ധനവിലൂടെ. കൈയും മെയ്യും മറന്ന് ഓഫര്‍ നല്‍കിയ കമ്പനികള്‍ പ്രതിപ്പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വരുന്നു.

സര്‍ക്കാര്‍ എന്ത് ചെയ്യും?

ഒന്നും ചെയ്യില്ല. അത് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. മാത്രവുമല്ല ലോകത്ത് ഇപ്പോഴും ഈ സേവനങ്ങള്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ മറ്റൊരു രാജ്യത്തുമില്ല എന്നതും തങ്ങളുടെ വാദത്തിന് ബലമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പിന്നെയോ സ്‌പെക്ട്രം, ലൈസന്‍സ് ചാര്‍ജ് എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്ക് അടക്കേണ്ട തുകയില്‍ കുറഞ്ഞ തുകക്ക് മാത്രം രണ്ട് വര്‍ഷത്തെ മൊറട്ടോറിയം നല്‍കും. 73,000 കോടിയിലധികമാണല്ലോ എയര്‍ടെല്‍, വോഡഫോണ്‍- ഐഡിയ എന്നീ രണ്ട് കമ്പനികള്‍ സര്‍ക്കാറിലേക്ക് അടക്കേണ്ടതായിട്ടുള്ളത്. വിവിധ ഫീസ് ഇനത്തില്‍ സര്‍ക്കാറിന് ലഭിക്കേണ്ട കോടികള്‍ ജനുവരിയില്‍ നല്‍കണം. അപ്പോള്‍ പിന്നെ അതിനായി കമ്പനികള്‍ നടത്തുന്ന നിരക്ക് വര്‍ധന തടയാനൊന്നും സര്‍ക്കാര്‍ മിനക്കെടില്ല. സര്‍ക്കാറിന് ലഭിക്കേണ്ട ഈ ഭീമമായ സംഖ്യ നല്‍കാതെ വിപണിയില്‍ നടത്തിയ അമ്മാനമാട്ടത്തിന് കുടപിടിച്ച സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ മൂന്നാംസ്ഥാനത്ത് വരുന്നു.

ഉപഭോക്താവ് എന്ത് ചെയ്തു?

എല്ലാം ആസ്വദിച്ചു, അടിച്ചുപൊളിച്ചു. വെറുതെ കിട്ടിയതെല്ലാം വാരിവലിച്ചു കയറ്റി. ഇപ്പോഴോ അത് ശീലമായി. ഇനിയോ മാറ്റാന്‍ പറ്റില്ല. അപ്പോള്‍ കൂടുതല്‍ പണം കൊടുത്ത് സൗകര്യം നിലനിര്‍ത്തുക തന്നെ. ഒരു മാസം ഒന്നും രണ്ടും ജി ബി ഡാറ്റ ഉപയോഗിച്ചവര്‍ ഒരു ദിവസം അത്രയും ഡാറ്റ ഉപയോഗിക്കാന്‍ തുടങ്ങി.

സാമൂഹികമാധ്യമങ്ങള്‍ പടര്‍ന്നു പന്തലിച്ചു. ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും ശ്വാസം കിട്ടിയില്ലെങ്കിലും ഒരു നിമിഷം പോലും ഓഫ്്ലൈൻ ആകാന്‍ പാടില്ലെന്നായി. പലരും പണി നിര്‍ത്തി വീഡിയോ വ്‌ളോഗര്‍മാരായി. ചാരിറ്റി പ്രവര്‍ത്തനം വരെ സാമൂഹിക മാധ്യമങ്ങള്‍ വഴിയായി. ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ 80 ശതമാനത്തിലേറെ മൊബൈല്‍ കണക്ടിവിറ്റി ഉള്ളവരായി. ഇതൊക്കെ സാധ്യമാക്കിയത് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമായി എന്നത് തന്നെയാണ്.
അനിയന്ത്രിതമായ നിരക്കിളവ് ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞവരെ കല്ലെറിഞ്ഞു, ആട്ടിപ്പായിച്ചു. വിത്ത് എറിയുന്നവന്‍ ഫലം കൊയ്യാനായി വരുമെന്ന് പറഞ്ഞപ്പോള്‍ അംബാനിയോടും മോദിയോടുമുള്ള കെറുവ് എന്ന് ആക്ഷേപിച്ചു. ഇപ്പോള്‍ നിരക്ക് ഉയര്‍ത്തിയപ്പോള്‍ കുടുംബ ബജറ്റ് താളം തെറ്റുമെന്ന് പറയുന്നു. തീര്‍ച്ചയായും അതും സംഭവിക്കും. കാരണം കുടുംബത്തിലെ എല്ലാ അംഗങ്ങളും മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ആണെന്നത് തന്നെ. നവയുഗത്തില്‍ അതില്‍ മാറ്റം വരുത്തുകയും സാധ്യമല്ല. അപ്പോള്‍ പിന്നെ മൂന്നിലേറെ വര്‍ഷം സേവനദാതാവിനെ പ്രോത്സാഹിപ്പിച്ചവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാകുന്നില്ല.

ഇനി എന്ത്?

എന്ത് സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം ബിര്‍ള പറഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ സേവനം നിര്‍ത്തേണ്ടി വരും. ഇതായിരിക്കും മൊബൈല്‍ സേവനരംഗം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കുറഞ്ഞ സേവനദാതാക്കളാണ് ഇപ്പോഴുള്ളത്. ഐഡിയ കൂടി രംഗം വിട്ടാല്‍ പിന്നെ ജിയോയുടെ ഏകാധിപത്യത്തിന് കീഴിലായി മാറും. ഐഡിയയുമായുള്ള കൂട്ടുസംരംഭം അവസാനിപ്പിച്ച് വോഡഫോണ്‍ സര്‍വീസ് തുടര്‍ന്നാലും കാര്യമായ പ്രതിയോഗികള്‍ ഇല്ലാതെ മൊബൈല്‍ സേവനരംഗം ജിയോയുടെ കാല്‍ക്കീഴിലേക്ക് വരും. ഇങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍- ഡീസല്‍ വില നിലവാരം നിശ്ചയിക്കുന്ന രീതിയിലേക്ക് മൊബൈല്‍ സേവന രംഗവുമെത്തും. ഇതായിരിക്കും രാജ്യം അനുഭവിക്കാന്‍ പോകുന്നത്.