Connect with us

Vazhivilakk

എളുപ്പമായിരിക്കുമോ കഷ്ടതയാർന്ന വെട്ടുപാതകൾ ?

Published

|

Last Updated

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും അസഹ്യമായി അനുഭവപ്പെട്ട സംഗതി എന്തെന്ന് ഓരൊന്നര മണിക്കൂറുകൊണ്ട് ഓർത്തെടുക്കാമോ? അസഹ്യമായ അനുഭവം എന്നുപറയുമ്പോൾ അതൊരു ശാരീരിക വേദനയാവാം, അല്ലെങ്കിൽ മാനസിക ദു:ഖമാകാം, അതിനപ്പുറം മറ്റെന്തെങ്കിലുമാകാമെങ്കിൽ അതൊക്കെയാകാം, കുഴപ്പമില്ല.

അനുഭവത്തിന്റെ അസഹ്യത എന്ന് പറയുന്നത് ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ചിലർക്ക് കാലിൽ ഒരു മുള്ളുതറയ്ക്കുക എന്നത് മഹാസംഭവമാണെങ്കിൽ, മറ്റുചിലർക്ക് തെന്നിവീണ് തുടയെല്ല് പൊട്ടിയാലേ ഒരു സംഭവം എന്ന് പറയാൻ മാത്രമാവൂ. ചിലർ ഇഞ്ചക്ഷൻ സൂചി കാണുമ്പോഴേക്ക് കത്തികണ്ട പോത്തിനെപ്പോലെ വിരണ്ടോടുമെങ്കിൽ മറ്റു ചിലർ കാൻസർ ഞണ്ട് കാർ കാൽപാദം നഖം മുറിക്കുന്ന ഭാവേന, വെട്ടിമാറ്റാൻ നീട്ടിവെച്ചുകൊടുക്കുന്നു.

മറ്റേത്, ഓർത്ത് കിട്ടിയോ? മുറുക്കി ഓർത്തുനോക്ക്. ക്ലൂകൾ തരാം. അടുത്തൊരാളിന്റെ മരണമാകാം. അപകടത്തിൽപെട്ട ഒരവയവം ഛേദിക്കപ്പെട്ടതാകാം. സ്വന്തം പെൺകുട്ടി ഒരു നാടോടിയുടെ കൂടെ ഓടിപ്പോയതാകാം. രോഗം വന്ന് വശം തളർന്ന് കിടപ്പിലായതാകാം. കച്ചവട പങ്കാളി പറ്റിച്ച് മുങ്ങിയതാകാം. കുരുത്തംകെട്ട മക്കളെകൊണ്ട് പൊറുതിമുട്ടിയതാകാം. കരകയറാത്ത ദാരിദ്ര്യത്തിൽ മുങ്ങിത്താഴ്താകാം. കാരണം കിട്ടാത്ത കാര്യത്താൽ മനസ്സ് ദുഃഖിക്കുതാകാം. ഇണയുടെ സ്‌നേഹം നഷ്ടപ്പെട്ടതാകാം. ഒടുങ്ങാത്ത കുടുംബകലഹത്തിന്റെ മുടിഞ്ഞ വിരസതയാകാം…

ഏതാണ് ആ കയ്പനുഭവം എത് പ്രധാനം തന്നെയാണ്. പക്ഷേ, അതിനെക്കാൾ പ്രധാനം, ആ ഘട്ടത്തിൽ നിങ്ങളതിനോട് മാനസികമായി എങ്ങനെ പെരുമാറി എന്നതാണ്. നിൽക്കക്കള്ളിയില്ലാത്ത പൊറുതികേടും, നിറുത്താതെയുള്ള ശാപവാക്കും, കാണുവരോടെല്ലാം, ആവലാതി പറയലും, ഉറക്കമില്ലാതെയുള്ള എരിപിരിയും, ദേഷ്യം കയറിയുള്ള ഉറഞ്ഞുതുള്ളലും, ഒക്കെയാണ് നിങ്ങളന്നേരം പ്രകടിപ്പിച്ചതെങ്കിൽ, നിങ്ങൾ അയ്യൂബ് നബി അലൈഹിസ്സലാമിന്റെ ജീവിതത്തിൽ നിന്ന് പാഠമുൾക്കൊണ്ടിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. താരതമ്യേന കടുത്ത പരീക്ഷണമായിരുന്നു അയ്യൂബ് നബിക്ക് അല്ലാഹു നൽകിയത്.

വളരെ പ്രതാപത്തിൽ ജീവിച്ച ആളായിരുന്നു അയ്യൂബ് നബി(അ). നിരവധി അനുഗ്രഹങ്ങൾ നൽകി അല്ലാഹു അവരെ ഉന്നതസ്ഥാനത്തിരുത്തി. സമ്പത്ത്, സന്താനം, അധികാരം, ജനസമ്മതി…എല്ലാം വേണ്ടുവോളം. നല്ല നിലക്കങ്ങനെ കഴിയവെ ഉണ്ട് അവന്റെ പരീക്ഷണം ഓരോന്നോരോന്നായി വരുന്നു. സമ്പത്ത് പോയി. മക്കൾ മരിച്ചു. അധികാരം നീങ്ങി. ആളുകളകന്നു. പോരാത്തതിന് രോഗവും- കലശലായ രോഗം. ജനങ്ങൾ പറയാൻ തുടങ്ങി ഇയാൾക്കെന്തോ പറ്റിയിരിക്കുന്നു, അല്ലാഹു ഇയാളെ കൈവെടിഞ്ഞിരിക്കുന്നു. വളരെ ചുരുക്കം പേരൊഴിച്ച് സകലരും അകന്നു. ക്ഷമാശീലയായ ഭാര്യ നിത്യസേവനവുമായി കൂടെത്തന്നെ നിന്നു. പക്ഷെ അവർക്ക് തന്നെയും ഇളക്കം തട്ടി. ചിലതൊക്കെ പറഞ്ഞു. ഇത് കൂടി കേട്ടപ്പോൾ നബിക്ക് വല്ലാതെ സങ്കടം വന്നു. മഹാൻ ക്ഷമിച്ചു. അതിരുകളില്ലാത്ത ക്ഷമ. ഒടുവിൽ അല്ലാഹു സ്വീകരിച്ചു. എല്ലാം തിരിച്ചു കൊടുത്തു. വരാനിരിക്കുന്ന അനേകായിരം തലമുറകൾക്ക് പാഠമായി ആ ജീവിതം ജ്വലിച്ചു നിൽക്കുന്നു. ത്വാഹാറാസൂലിന്റെ അരുൾപ്പാടുകളിൽ ജീവിതപരീക്ഷണങ്ങളെ പറ്റിയുള്ള പ്രദിപാദനമുണ്ട്. “ആർക്കാണ് ഏറ്റവും കഠിനമായ പരീക്ഷണം വരുക നബിയേ” എന്ന ചോദ്യത്തിന് ആറ്റലോരുടെ മറുപടി “അമ്പിയാ” എന്നായിരുന്നു. നബിമാർക്ക് ശേഷം, അവരോട് അടുപ്പമുള്ളവർക്ക,് അവരോഹണക്രമത്തിൽ. താഴോട്ട് പോവുംതോറും പരീക്ഷണം ശക്തി കുറഞ്ഞുകുറഞ്ഞുവരും.
അസുഖബാധിതനായ അയ്യൂബ് നബി(അ) അലമുറയിട്ടു കരഞ്ഞില്ല. ശാന്തമായി സ്വീകരിച്ചു. ക്ഷമിച്ചു. പ്രാർഥിച്ചത് തന്നെ എനിക്കിതാ ഇടങ്ങേറുവന്നുപെട്ടിരിക്കുന്നു; നീയാണെങ്കിലോ അങ്ങേയറ്റത്തെ കരുണാവാരിധിയും” എന്നായിരുന്നു. കഴിഞ്ഞു! അല്ലെങ്കിലും ആരോടാണിത് പറയേണ്ടത്? ഡോക്ടറാണ് രോഗം തിരിക്കുന്നത്. വേദനയുടെ എരിവും തീക്ഷ്ണതയും, മുറിവുകളുടെ ആഴവും പരപ്പളവും, കൂടിയ ബിപിയുടെ അപകടനിലയും മറ്റും മറ്റും എണ്ണിയെണ്ണിപ്പറയേണ്ടത് ഇതാരോടാണ്? അതും ആര്?

അയ്യൂബ് നബി! ഒന്നും പറഞ്ഞില്ല എന്നു വരരുത് എന്ന് കരുതി കേവലം ഒരു വെറും പറച്ചിൽ. ഓരോ അക്ഷരവും ഒരു കരയായി നമുക്ക് കണക്കാക്കാമെങ്കിൽ അതിന്റെ മൂന്നിരട്ടി മൗനക്കടൽ അപ്പുറത്ത് ശാന്തമായി കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ക്ഷമയുടെ ഗഹന ഗൗരവങ്ങളായ മഹാസാഗരങ്ങളുടെ പരപ്പ് കണ്ടെത്തിയത് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്: “നമ്മളദ്ദേഹത്തെ ക്ഷമാശീലനായി കണ്ടെത്തി. ഗുണവാനായ ദാസൻ”. മാത്രവുമല്ല, അയ്യൂബ് (അ) നൊരു പട്ടവും നൽകി; അവ്വാബ് ” സുലൈമാൻ നബിക്ക് നൽകപ്പെട്ട അതേ പട്ടത്തിനൊരു പങ്കുകാരൻ. ഒരാൾ സമ്പത്ത് കൊണ്ട് പരീക്ഷിക്കപ്പെട്ടു, ജയിച്ചു. മറ്റേയാൾ അസുഖം കൊണ്ട് പരീക്ഷിക്കപ്പെട്ടു, ജയിച്ചു. ഇരുവരും പിൽക്കാലക്കാർക്ക് മാതൃകയും മാർഗദർശികളുമായി.

മൊത്തത്തിൽ മനുഷ്യജീവിതം തന്നെ ഒരു പരീക്ഷണമാണ്. ആരൊക്കെയാണ് ഉത്തമർ ആരൊക്കെയാണ് അധമർ എന്ന് കണ്ടുപിടിക്കാനുള്ളതാണ് ഈ പരീക്ഷണജീവിതം. തബാറക സൂറത്തിന്റെ പ്രാരംഭവചനം തന്നെ ഇതാണ്. പരീക്ഷണം വരുമ്പോൾ ക്ഷമിക്കണമെന്ന് പറയാൻ, പ്രസംഗിക്കാൻ, എഴുതാൻ, വായിച്ചു വിടാൻ വളരെ സുഖമാണ്. പക്ഷെ, അത് പച്ച ജീവിതത്തിന്റെ ഇടനാഴികളിലേക്ക് ഇടിച്ചു കയറുമ്പോഴറിയാം അതിന്റെയൊരു ഹുങ്കാരം, അങ്കലാപ്പ്, വിഹ്വലത. കാരണം ഓരോ പരീക്ഷണവും ഔത്യത്തിന്റെ ഉച്ചിയിലേക്ക് പിടിച്ചു കയറാനുള്ള ഗോവണിപ്പടികളാണ്. ആത്മീയ പുരോയാനത്തിന്റെ കഷ്ടതയാർന്ന വെട്ടുപാതകൾ. അത്ര എളുപ്പമായിരിക്കുമോ അവ?

ജീവിക്കുന്നത് സ്വർഗത്തിലല്ലെന്ന് ബോധം വേണം. നരകത്തിലല്ലെന്ന തിരിച്ചറിവും വേണം. എന്നാൽ, രണ്ടിന്റേയും ഇടകലർ ഗന്ധരുചികൾ ഇടക്കിടെ നമ്മെ തേടിയെത്തും എന്നതോർമ വേണം. അല്ലാഹുവിന്റെ അടിമയാണെന്ന ബോധം അകതാരിലുറഞ്ഞാൽ പിന്നെ എന്ത് പിണ്ണാക്കായാലും പ്രശ്‌നമില്ല. ഒപ്പം അല്ലാഹു അവനുദ്ദേശിക്കുന്നവരെ ആത്മീയമായി ഉയർത്താൻ പരീക്ഷണങ്ങളുടെ അഗ്നിവിമാനങ്ങൾ കൊടുത്തയക്കുമെന്ന അധിക വിവരവും ഉണ്ടായിരിക്കണം. ആരംഭ റസൂൽ (സ്വ) അതു തീർത്ത് പറഞ്ഞിട്ടുണ്ട്. “പരീക്ഷണത്തിന്റെ തീക്ഷ്ണതയനുസരിച്ച് കൂലിയുടെ മഹാത്മ്യമേറും. തീർച്ച! അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടുവെന്നാൽ, അവരെ പരീക്ഷിച്ചുനോക്കും. അവരതിൽ തൃപ്തിപെട്ടാൽ അവർക്ക് അല്ലാഹുവിന്റെ തൃപ്തി; കോപിച്ചാലോ, കോപവും”.