Socialist
ആർക്കും ഒരു സംശയവുമില്ല; വ്യക്തമാണ് കാര്യങ്ങൾ

ഭരണഘടന ഉയർത്തിപ്പിടിച്ചു സംസാരിക്കാനും പ്രതിഷേധിക്കാനുള്ള അവകാശം ഉപയോഗിക്കുമെന്ന് പോലീസിന്റെ മുഖത്തു നോക്കി പറയാനും തയ്യാറാകുന്ന ജനാധിപത്യവാദികളുടെ എണ്ണം ഇന്ത്യയിൽ ഏറുകയാണ്. ഇതോടൊപ്പം നൽകിയിട്ടുള്ള വീഡിയോയിലെ സാലി ജോർജിനെ നോക്കൂ. പ്രത്യാഘാതങ്ങളെക്കുറിച്ചു വേവലാതിപ്പെടാതെ എത്ര ചങ്കൂറ്റത്തോടെയാണ് ആ പെൺകുട്ടി സംസാരിക്കുന്നത്. സാലി ജോർജ് എന്നാണ് ആ കുട്ടിയുടെ പേര്.
സാലി ഒറ്റയ്ക്കല്ല. പ്രായം വകവെയ്ക്കാതെ പോരാടാനിറങ്ങിയ ഒരമ്മയുമുണ്ട് ഈ വിഡീയോയിൽ. മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെയും കുറിച്ച് പോലീസുകാരോട് എത്ര മൂർച്ചയോടെയാണ് അവർ സംസാരിക്കുന്നത്. ഇരുവരും പറയുന്നതിൽ കാര്യമുണ്ടെന്ന് അംഗീകരിക്കുന്നതുകൊണ്ടാകാം, 144 നടപ്പാക്കാനിറങ്ങിയ പോലീസുകാർക്കും ശ്രദ്ധിച്ചു നിന്ന് കേൾക്കേണ്ടി വന്നു.
തകർന്ന സമ്പദ് വ്യവസ്ഥയെക്കുറിച്ചും പെരുകുന്ന തൊഴിലില്ലായ്മയെക്കുറിച്ചുമുള്ള ചർച്ചകൾ സമൂഹത്തിൽ നിന്നൊഴിവാക്കാനാണ് കേന്ദ്രസർക്കാർ ഇത്തരം കിരാതനിയമങ്ങൾ പാസാക്കി സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുന്നത് എന്ന് ഇന്ത്യ ഉറക്കെപ്പറയുന്നു. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ഏതു നാട്ടിലെയും ഏതു പ്രായക്കാർക്കും തിരിച്ചറിയും വിധം വ്യക്തമാണ് കാര്യങ്ങൾ.