Connect with us

Vazhivilakk

അല്ലെങ്കിലും ഇതെല്ലാം ഇട്ടേച്ച് പോവേണ്ടതല്ലേ?

Published

|

Last Updated

ഓലമേഞ്ഞ വീടുകൾ വ്യാപകമായുണ്ടായിരുന്ന ഒരു കാലം നമുക്ക് കഴിഞ്ഞുപോയി. വർഷം തോറും വീട് മേയൽ ഒരു ആഘോഷം പോലെ നടത്തപ്പെട്ടിരുന്നു, അക്കാലത്ത്. അങ്ങനെ ഒരു വീട് മേയൽ നടക്കുകയാണ്. പഴയ ഓലകളെല്ലാം കെട്ടറുത്ത് താഴേക്ക് തള്ളിയ ശേഷം കഴുക്കോൽ- വാരി ചതുരങ്ങളെ അടിച്ചുവൃത്തിയാക്കുകയാണ് മകൻ. പൊരിവെയിലത്ത് നിന്നുകൊണ്ടുള്ള മകന്റെ ഈ തടിയുരുകൽ കണ്ട അച്ഛന് കരൾ കരിഞ്ഞു. മകനേ നീ വെയിലത്ത് ഇവ്വിധം പച്ചക്കങ്ങനെ നിൽക്കല്ല, ഒരു മുണ്ടെടുത്ത് തലയിൽ കെട്ട്. അയാൾ ഉപദേശിച്ചുനോക്കി. ഒന്നല്ല, രണ്ടല്ല, മൂന്ന് തവണ! പക്ഷെ, മകൻ അതത്ര ഗൗനിച്ചതേയില്ല.
അച്ഛനൊരു ഐഡിയ തോന്നി. താനൊരു വല്യച്ഛനാണല്ലോ എന്ന ഓർമപ്പെടലിൽ നിന്നാണ് ആ ഐഡിയ നുരഞ്ഞുപൊന്തിയത്. ഉടൻ, തണലത്തിരുന്ന് കളിക്കുകയായിരുന്ന തന്റെ പേരക്കുഞ്ഞിനെ എടുത്ത്‌കൊണ്ടുവന്ന് പുരപ്പുറത്തിരുന്ന അവന്റെ അച്ഛൻ കാണുംവിധം പൊരിവെയിലത്ത് വച്ചു. കുഞ്ഞിന് വെയിലേൽക്കുന്നുണ്ടെന്നും അവനെ എടുത്തുമാറ്റണമെന്നും അവൻ വിളിച്ചുപറഞ്ഞപ്പോൾ അച്ഛന്റെ മറുപടി ഇതായിരുന്നു. എന്റെ കുഞ്ഞിനും വേയിലേൽക്കുന്നു. വല്ലതും എടുത്ത് തലയിൽകെട്ട്. മകന് കാര്യം മനസ്സിലായി. ഒരു മുണ്ടെടുത്ത് തല ചുറ്റിക്കെട്ടി പണി തുടർന്നു.
നമുക്കോരോരുത്തർക്കും എന്റേത് എന്ന ഈയൊരു കാഴ്ചപ്പാട് ഉണ്ട്. എന്റേതിനോട് മറ്റൊന്നിനോടുമില്ലാത്ത ഒരു അനുഭാവം ഉണ്ടായിരിക്കുക എന്നത് മാനുഷികമാണ്. ഒരു പരിധിവരെ അത് നല്ലതുമാണ്. ഒരാളിനുള്ളിലെ കർമാഗ്നിയെ ആളിക്കത്താൻ ഈ “എന്റേത് ബോധ”ത്തിന് നന്നായി കഴിയും. പക്ഷെ, പരിധിവിട്ടാൽ ഇത് സ്വാർഥതയായി മാറും.

അപ്പോൾ എന്റേതിനോട് പരിധിവിട്ട അഭിനിവേശം തോന്നും. എന്റേതല്ലാത്തവയോട് ഒരു തരം അന്യതാബോധവും തോന്നും. കൂട്ടുകുടുംബമായി ജീവിക്കുമ്പോൾ തന്റെ ഓൾക്കും മക്കൾക്കുമായി മാത്രം മിഠായിപ്പൊതിയും ഉടുപ്പ് പാക്കറ്റുമായി കയറിവരുന്നത് ഇതുകൊണ്ടാണ്. ക്ഷയ രോഗിയായ ജ്യേഷ്ഠനും മക്കളും ഓലക്കൂരയിൽ ചോർന്നൊലിച്ച് നരകിക്കുമ്പോൾ, സിറ്റൗട്ടിൽ പതിച്ച പഴയ ടൈൽസുകൾ അടർത്തിയെറിഞ്ഞ് തിളങ്ങുന്ന ഗ്രാനെറ്റുകൾ പകരം പാകുന്നത് ഈ എന്റേതുബോധം മൂത്തതുകൊണ്ടാണ്.

സത്യത്തിൽ എന്റേത് എന്നു പറയാൻ എന്താണ് നമുക്കുള്ളത്? രേഖയിലും ആധാരത്തിലും എന്തൊക്കെയോ നമ്മുടെ പേരിലുണ്ട്. അതുകൊണ്ടുമാത്രം അതൊന്നും നമുക്കുള്ളത് ആയിക്കൊള്ളണമെന്നില്ല. മുപ്പത്തിമൂന്ന് വയസ്സാകുമ്പോഴേക്ക് ലോകമൊന്നാകെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്, അലക്‌സാണ്ടർ ചക്രവർത്തി. അദ്ദേഹത്തിന്റെ പോരാട്ടവേഗം കണ്ട് ഞെട്ടിയ മകൻ ഒരിക്കൽ ചോദിച്ചുവത്രെ: അച്ഛൻ ഇങ്ങനെ ഇത്രവേഗം ഈ രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ചാൽ, ഞാൻ വലുതായി രാജാവായാൽ പിന്നെ എനിക്ക് പിടിച്ചടക്കാൻ എവിടെ രാജ്യം? പിന്നീടെന്തായി? അലക്‌സാണ്ടർ ഒന്നും കൊണ്ടുപോയില്ല. അദ്ദേഹത്തിന്റെ ശവപ്പെട്ടിയുടെ ഇരുവശത്തും രണ്ട് തുളകൾ ഉണ്ടാക്കിയിരുന്നു. പനി പിടിച്ചു മരിച്ച അദ്ദേഹത്തിന്റെ രണ്ടുകൈകളും ആ ദ്വാരങ്ങളിലൂടെ പുറത്തേക്ക് നീട്ടി ഉള്ളം കൈ മലർത്തിപ്പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതത്രേ. “ഇതാ കണ്ടോളൂ. ഇത്രയൊക്കെ പിടിച്ചടക്കിയിട്ടും ഞാൻ എന്റേതായി ഒന്നും കൂടെക്കൊണ്ടുപോകുന്നില്ല” എന്ന് പറയുന്ന പോലെയുണ്ട് ആ വെറും കൈകൾ.

“ഇപ്പോൾ രാജാവായി വാഴുകയും വേണം; ഒടുവിൽ കൈ മലർത്താതെ പോകുകയും വേണം” എന്ന് ചിന്തിച്ച രാജാക്കളും ഉണ്ട്. അപ്പോൾ എന്ത് ചെയ്യും? രണ്ടും കൂടി നടക്കുമോ? അതിന്, ദാവൂദ് നബി (അ) യോ, സുലൈമാൻ നബി(അ)യോ മറ്റോ ആവണം. സുലൈമാൻ നബി നല്ല പകിട്ടും പത്രാസുമുള്ള ഛത്രാധിപതിയായിരുന്നു. മനുഷ്യരെ മാത്രമല്ല ഇതര ജീവജാലങ്ങളേയും കാറ്റ് പോലുള്ള പ്രകൃതി പ്രതിഭാസങ്ങളേയും ജന്തുബാഹ്യ ജിന്നു വർഗങ്ങളെയുമെല്ലാം അടക്കിവാണിരുന്ന പകരമില്ലാ രാജനായിരുന്നു സുലൈമാൻ നബി. ഒപ്പം, അല്ലാഹുവിന്റെ വിനീതമായ ദാസനും. തന്റെ ആത്മീയ ജീവിതത്തിന്റെ അഭ്യുന്നതിക്ക്, കോട്ടയും കൊട്ടാരവും നീർത്തടവും പൂന്തോപ്പുമൊന്നും എതിരുനിന്നില്ല. വല്ലാത്തൊരു കഴിവാണത്. ഇതേ രീതിക്കാരനായിരുന്നു, പിതാവ് ഹസ്രത്ത് ദാവൂദ് നബിയും. രാജാക്കളുടെ കാര്യം വിട്! നമുക്ക് നമ്മുടെ കാര്യം പറയാം. ഈ കണ്ടകളിയെല്ലാം കളിച്ച്, അവസാനം നമ്മളും പിരിഞ്ഞുപോകുമല്ലോ. അന്ന് നമ്മുടെ കൈകളിൽ എന്ത് കാണും? നമ്മൾ ഉടുത്ത് നുരുമ്പിച്ച തുണി നമ്മുടേതാണ്. നമ്മുടെ തൊണ്ടക്ക് താഴെ ഇറങ്ങിയ അന്നപാനങ്ങൾ നമ്മുടേതാണ്. നാം അകത്തേക്ക് വലിച്ചുകയറ്റിയ സൗജന്യവായു നമ്മുടേതാണ്. നാം പല്ലു തേക്കാൻ ഉപയോഗിച്ച ഉമിക്കരിയും തേച്ചുകുളിച്ച സോപ്പും തലയിൽ പുരട്ടിയ എണ്ണപ്പശയും നമ്മുടേതായിരിക്കും. പക്ഷെ, നാം മതിലുകെട്ടി വളച്ചുവച്ച വീടും പറമ്പുമൊക്കെ നമ്മുടേതാണോ? വാസ്തവത്തിൽ ഈ കാണുന്ന വീടും വാതിൽ മാടവും പടിക്കല്ലും മുറ്റവും മുറ്റത്തെ മുല്ലയും ഒന്നും ഒന്നും നമ്മുടേതല്ല. വാടകക്കുടിശ്ശിക അടച്ചുതീർക്കാനാകാത്തതിനാൽ ഒരു സാധുകുടുംബത്തെ വീട്ടുടമ അടിച്ചിറക്കുമ്പോൾ കൊച്ചുമോൻ വളരെ നിഷ്‌ക്കളങ്കമായി ചോദിക്കുന്നുണ്ട്, ഇത് നമ്മുടെ സ്വന്തവീടല്ലേ അച്ഛാ പിന്നെന്തിന്….അതിനച്ഛൻ കൊടുക്കുന്ന മറുപടി മനസ്സ് നുറുങ്ങുന്ന ഒരു കവിതയാണ്. തീരെ അറിയപ്പെടാത്ത ഒരു കവിയുടെ ആ കവിത വായിച്ച് ഒരു പെരുങ്കവി വിമ്മിട്ടപ്പെട്ടു പോകുന്നുണ്ട്. കിടങ്ങറ ശ്രീവത്സനാണ് ആ കവി. ബാലചന്ദ്രൻ ചുള്ളിക്കാടാണ് മറ്റേ കവി.

നമ്മുടേതല്ലീ വീടും വാതിൽമാടവും പടി-
ക്കല്ലുമിപ്പുറവേലിപ്പടർപ്പും പൊൻപൂക്കളും.
നമ്മുടേതല്ലീ വീടും മുറ്റവും നന്ത്യാർവട്ട
ത്തറയുമരളിയുമിലഞ്ഞിപ്പൂഗന്ധവും.
നമ്മുടേതല്ലീ വീടും കുളവും കാവും കുളിർ
ചാമരം വീശും സന്ധ്യാശോണിമകളും…..
നമ്മുടേതല്ലീ വീടും വീടിന്റെ സംഗീതവും
നമ്മൾ പോവുന്നു കാലദേശങ്ങളറിയാതെ.
യാത്രയാണനന്തമാം യാത്രയാണിടയ്ക്കല്പ
മാത്രയൊന്നിളവേൽക്കാൻ വീടുതേടുന്നോർ നമ്മൾ.
ഒരു കാര്യമുറപ്പ്, ഈ യാത്ര ഇവിടം വിടുമ്പോൾ പറ്റാവുന്നതെല്ലാം മറ്റുള്ളവർ അഴിച്ചെടുക്കും. വീടും പറമ്പും ഫോണും വണ്ടിയും എല്ലാം അവർ വീതിച്ച് പങ്കിടും. ഒരു കോറത്തുണിയിൽ ചുറ്റിവരിഞ്ഞ് നമ്മെ അവർ മണ്ണിലേക്ക് പൂഴ്ത്തും. കൂടി നിന്നവരെ കരയിച്ചുകൊണ്ട് മണ്ണുകൊട്ടാരത്തിലേക്ക് ആറുകാൽ കട്ടിലിൽ പോവുമ്പോൾ എന്തെല്ലാം, ആരെല്ലാം നമ്മുടെകൂടെ വരും? എന്തെല്ലാം നമുക്ക് സ്വന്തമായുണ്ടാവും? നമുക്ക് നമ്മുടെ തന്നെ തണൽ പോവുന്ന നേരമാണത്; അന്നേരം സ്രഷ്ടാവിന്റെ തണൽ മാത്രം.