Kerala
എൽ ഡി എഫും ആയി ചേർന്നുള്ള സമരത്തെ എന്തു കൊണ്ട് പിന്തുണച്ചു? വിശദീകരണവുമായി വി ഡി സതീഷൻ എം എൽ എ
പൗരത്വ നിയമ പ്രശ്നത്തിൽ എൽ ഡി എഫും ആയി ചേർന്നുള്ള സമരത്തെ ഞാൻ എന്തു കൊണ്ട് പിന്തുണച്ചു?
1. പൗരത്വ നിയമവും എൻആർസിയും ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലീം സമുദായത്തിനിടയിൽ വലിയ ഉത്ക്കണ്ഠയും അരക്ഷിതത്വബോധവും ഉണ്ടാക്കിയിരുന്നു. അത് മാറ്റി അവർക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കേണ്ട ചുമതല മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുണ്ടായിരുന്നു. നമ്മൾ ആ സമയത്ത് ചേരികളിലായി നിന്ന് പോരടിച്ചാൽ അത് അവർക്കിടയിൽ രാഷ്ട്രീയത്തോടു തന്നെ അവമതിപ്പുണ്ടാക്കും.
2. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കൾ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്.
3. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് ഈ വിഷയം ഉയർത്തിയാൽ അത് ദേശീയ ശ്രദ്ധ ആകർഷിക്കും
4. അതോടെ തീവ്രവാദം പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന, കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ ഒറ്റപ്പെടും. തങ്ങളെ സംരക്ഷിക്കാൻ ആരുമില്ലെന്ന തോന്നലുണ്ടായാൽ പലരും ഇവരുടെ പുറകെ പോകും.
ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താൽ ഇല്ലാതാകുന്നതാണോ സി പി എമ്മും കോൺഗ്രസും തമ്മിലുള്ള അകലം?
അതിനർത്ഥം എല്ലാ ദിവസവും അവരുടെ കൂടെ സമരം ചെയ്യണമെന്നാണോ?
ഞങ്ങളൊക്കെ പിണറായിയെയും സി പി എമ്മിനെയും നിയമസഭക്കകത്തും പുറത്തും നേരിട്ടെതിർക്കുന്നവരാണ്. (പ്രസ്താവനയിലും പത്രസമ്മേളനത്തിലും മാത്രമല്ലാ) അങ്ങിനെ എതിർക്കുന്നവർ എത്ര പേർ നമുക്കിടയിൽ ഉണ്ടെന്നു കൂടി മനസ്സിലാക്കിയാൽ നന്നായിരിക്കും.
ഒരു ഗൗരവമായ ദേശീയ പ്രശ്നത്തിൽ കോൺഗ്രസുകാർ എന്ത് നിലപാടെടുക്കണമെന്നതിന്റെ ഉത്തമമായ ഉദാഹരണമാണ് കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി എടുക്കുന്ന നടപടികൾ. ഉമ്മൻ ചാണ്ടി സാറിനെ ഞാൻ അഭിനന്ദിക്കുന്നു. കാരണം അദ്ദേഹം എടുത്ത നിലപാടിൽ ഉറച്ചു നിന്നു.