Connect with us

Articles

ഡിജിറ്റല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ്

Published

|

Last Updated

എന്‍ ആര്‍ സിയുടെ കരുത്തില്‍ ഡിജിറ്റല്‍ ഇന്ത്യ “തിളങ്ങുകയാണ്”. ദേശീയ പൗരത്വം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം എങ്ങനെയായിരിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതിനെതിരെ നടക്കുന്ന വ്യാപക പ്രക്ഷോഭങ്ങള്‍ തടയാന്‍ വേണ്ടി സര്‍ക്കാര്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. പ്രക്ഷോഭകരുടെ ഒരുമിച്ചുകൂടല്‍ തടയുകയെന്നതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ തടയുകയെന്നതിന് വേണ്ടിയാണിതെല്ലാം എന്നാണ്. പൗര പ്രതിഷേധങ്ങളെ ബി ജെ പി സര്‍ക്കാര്‍ എത്രമാത്രം ഭയക്കുന്നുവെന്ന് ഈ നിരോധം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലെങ്കിലും വിവരവും വിദ്യാഭ്യാസവും സാങ്കേതികവിദ്യകളും ആര്‍ എസ് എസിനും സംഘ്പരിവാറിനും വലുതല്ലല്ലോ. ചാണകവും ഗോമൂത്രവുമൊക്കെയല്ലേ പുണ്യവസ്തുക്കള്‍. ലോകത്ത് പലയിടത്തും ഇത്തരം ആഭ്യന്തര പ്രക്ഷോഭങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ അവിടങ്ങളില്‍ ഒന്നും കാണാത്തതാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയെന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ അതിലും ചില “മാതൃകകള്‍” സൃഷ്ടിക്കുകയാണ്.

മോദിയുടെ “ഫയര്‍വാള്‍”

നടക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ കാലിന് തൊഴിച്ചു വീഴ്ത്തിയത് പോലെയാണ് ബി ജെ പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. 2014ല്‍ നടന്ന ഡിജിറ്റല്‍ സമ്മിറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു. രാജ്യത്തുള്ള എല്ലാവര്‍ക്കും അതിരുകളില്ലാത്ത ഇന്റര്‍നെറ്റ് എന്നതായിരുന്നു അത്. എന്നാല്‍ മോദി ആദ്യമായി അധികാരത്തിലേറിയ 2014 മുതല്‍ രാജ്യത്ത് ക്രമാനുഗതമായി ഇന്റര്‍നെറ്റ് നിരോധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2014ല്‍ ആറ് തവണ നിരോധനമുണ്ടായപ്പോള്‍ 2019 ഡിസംബര്‍ അവസാനിക്കുമ്പോള്‍ അത് നൂറിലേറെ തവണയായാണ് വര്‍ധിച്ചിരിക്കുന്നത്. 2015ൽ 14ഉം 2016ൽ 31ഉം 2017ൽ 79ഉം 2018ൽ 134 തവണയുമാണ് ഇന്റർനെറ്റ് നിരോധിച്ചത്. ഏതായാലും ബി ജെ പിയുടെ “ഡിജിറ്റല്‍ ഇന്ത്യ” വളരുകയാണ്! വളര്‍ന്ന് വളര്‍ന്ന് രാജ്യത്ത് ഇന്റര്‍നെറ്റ് തന്നെ വേണ്ട എന്ന് തീരുമാനിക്കാതിരുന്നാല്‍ മതി.

ഇന്ത്യയില്‍ 2012 മുതല്‍ ഇതുവരെ 380 തവണ ഇന്റര്‍നെറ്റ് നിരോധം നടന്നിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ 2014 മുതല്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന മോദിയുടെ കാലത്താണ് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധം നടന്നിട്ടുള്ളത്. 357 തവണ. രാജ്യത്തിന്റെ അതിരുകള്‍ ന്യൂനപക്ഷ പൗരന്മാര്‍ക്കായി “തുറന്നിടുമ്പോള്‍” മറ്റൊരു ഭാഗത്ത് ഇന്റര്‍നെറ്റിന് അതിരുകള്‍ നിശ്ചയിക്കുന്ന തിരക്കിലാണ് മോദി സര്‍ക്കാര്‍. 2018ല്‍ അതായത് മോദി സര്‍ക്കാറിന്റെ ഒന്നാം ഭരണ കാലഘട്ടത്തിലെ അവസാന വര്‍ഷത്തില്‍ ലോകത്ത് നടന്ന ഇന്റര്‍നെറ്റ് റദ്ദാക്കലുകളുടെ 67 ശതമാനവും നടന്നത് ഡിജിറ്റല്‍ ഇന്ത്യയിലാണ്. എത്രമാത്രം ഭീകരമായാണ് സര്‍ക്കാര്‍ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും കാണുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപവത്കരിക്കുകയും ചെയ്ത മോദി സര്‍ക്കാര്‍ ആഗസ്റ്റ് നാല് മുതല്‍ അവിടെ ഇന്റര്‍നെറ്റ് നിരോധം ഏര്‍പ്പെടുത്തിയിരിക്കയാണ്. ഇതുവരെ പിന്‍വലിച്ചിട്ടില്ല. 147 ദിവസമായി കശ്മീരിലെ ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ട്.
2019ല്‍ മാത്രം നൂറിലേറെ തവണയാണ് രാജ്യത്ത് പലയിടത്തായി ഇന്റര്‍നെറ്റ് സേവനം പിന്‍വലിച്ചിട്ടുള്ളത്. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം 21 ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച പ്രാര്‍ഥനക്കുശേഷം പ്രതിഷേധപ്രകടനങ്ങള്‍ നടക്കാതിരിക്കാനാണ് ഇത്തരത്തിലൊരു തീരുമാനം സംസ്ഥാന ആഭ്യന്തരമന്ത്രാലയം എടുത്തിട്ടുള്ളത്. വെള്ളിയാഴ്ചകളിലെ ഇന്റര്‍നെറ്റ് നിരോധനം പ്രതിഷേധപ്രകടനങ്ങള്‍ക്ക് മതത്തിന്റെ ലേബല്‍ നല്‍കുകയെന്ന ബി ജെ പിയുടെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ്.

സര്‍ക്കാര്‍ സേവനങ്ങള്‍, വാങ്ങല്‍ കൊടുക്കലുകള്‍, വിവിധ തരം ബില്ലുകള്‍ അടക്കല്‍ ഇങ്ങനെ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണുള്ളത്. ഇവിടേക്കാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ആശാന്മാര്‍ ഇന്റര്‍നെറ്റ് നിരോധനവുമായി വരുന്നത്. ഒരു ഭാഗത്ത് ക്യാഷ്ലെസ് ട്രാന്‍സാക്്ഷന്‍ പറയുകയും മറുഭാഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ എടുത്തു കളയുകയും ചെയ്യുന്ന അവസ്ഥ.

റദ്ദാക്കലുകള്‍ പലവിധം

ഇന്റര്‍നെറ്റ് നിരോധം മൂന്ന് തരത്തിലുണ്ട്. പലപ്പോഴും ചില സൈറ്റുകള്‍ മാത്രമായിരിക്കും ഇങ്ങനെ നിരോധിക്കാറ്. അധികവും അശ്ലീല സൈറ്റുകള്‍. അതുപോലെ ചില രാജ്യങ്ങള്‍ ഫേസ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമങ്ങളും നിരോധിക്കാറുണ്ട്.
മൊബൈല്‍ ഇന്റര്‍നെറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക എന്നതാണ് മറ്റൊന്ന്. അതാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരും ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ച ഇക്കാലത്ത് ഇത്എന്തുമാത്രം ദ്രോഹമാണ്. പലപ്പോഴും ഇത് 24 മുതല്‍ 72 മണിക്കൂര്‍ വരെയാണ് നിരോധിക്കാറ്. എന്നാല്‍ ഡല്‍ഹിയിലും ബംഗാളിലും ഉത്തര്‍പ്രദേശിലും ആഴ്ചകളായി ഇതുതന്നെയാണ് അവസ്ഥ. മാത്രമല്ല പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ഇടങ്ങളിലെ ഇന്റര്‍നെറ്റ് വിച്ഛേദിക്കുക എന്ന ഒരു രീതിയും ഇപ്പോള്‍ അധികാരികള്‍ സ്വീകരിച്ചിരിക്കുന്നതായി കാണാം. എന്നിട്ട് ട്വിറ്ററിലൂടെ സംയമനം പാലിക്കാന്‍ ആഹ്വാനവും. നല്ല രസമുള്ള സംഗതിയാണ്. ഏറ്റവും കുറഞ്ഞപക്ഷം സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമൊക്കെ ജനങ്ങള്‍ അറിയേണ്ടതും അനുസരിക്കേണ്ടതുമില്ലേ. ഇതൊക്കെ അറിയാന്‍ ഇന്റര്‍നെറ്റ് ആവശ്യമില്ലേ?
കേബിള്‍ വഴി നല്‍കുന്ന ഇന്റര്‍നെറ്റ് നിരോധമാണ് മറ്റൊരു രീതി. ഇത്തരത്തില്‍ സംഭവിച്ചാല്‍ എല്ലാ സംവിധാനങ്ങളും താറുമാറാകുമെന്നതില്‍ സംശയമില്ല. അതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉള്‍പ്പെടും.

“ആപ്പി”ലാകുന്ന നിരോധനം

ഇന്റര്‍നെറ്റ് നിരോധനം മറികടക്കാന്‍ നിരവധി മൊബൈല്‍ ആപ്പുകള്‍ സേവനം നല്‍കുന്നുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഈ ആപ്പുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത്. ഒരു സിറ്റിക്കുള്ളില്‍ ആളുകള്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുകയാണ് ഈ ആപ്പുകള്‍ ചെയ്യുന്നത്. രാജ്യത്ത് പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ വന്‍തോതില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുകയാണ്.

ബ്രിഡ്ജ്‌ഫൈ ആപ്പ് ഇതിനകം അഞ്ച് ലക്ഷത്തിലധികം പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. നേരത്തേ ദിവസംതേറും 25 പേര്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ഇത്തരം ആപ്പുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധത്തിന്റെ പശ്ചാത്തലത്തില്‍ ദിവസം 2,500 ലേറെ പേരാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഒരുകാര്യം ഉറപ്പാണ്. സര്‍ക്കാര്‍ എന്തുതന്നെ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാലും അതൊക്കെ മറികടക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഒരുങ്ങുമെന്നതാണ് സത്യം. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ആശയവിനിമയത്തിന്റെ വേഗതയും കാര്യക്ഷമതയുമൊന്നും ഇത്തരം ആപ്പുകള്‍ക്ക് ലഭിക്കില്ലെങ്കിലും ജനങ്ങള്‍ അറിയേണ്ടത് അറിഞ്ഞിരിക്കും.

സാമ്പത്തിക നഷ്ടം

ഇന്റര്‍നെറ്റ് സേവനം നിരോധിക്കുക വഴി രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2012 മുതല്‍ 2017 വരെ ഇത്തരത്തില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ശരൃശലൃ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്റര്‍നാഷനല്‍ ഇക്കണോമിക് റിലേഷന്‍സ്) പഠനം തെളിയിക്കുന്നത്. സ്വന്തം അക്കൗണ്ടില്‍ പണമുണ്ടായിട്ടും ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 2019ലെ കണക്കുകള്‍ ഇതിലുമെത്രയോ വരുമെന്നതില്‍ തര്‍ക്കമില്ല.
നിലവില്‍ കശ്മീരില്‍ പ്രാബല്യത്തിലുള്ള നിരോധനമാണ് രാജ്യത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്ത് 2016 ജൂലൈ എട്ടുമുതല്‍ നവംബര്‍ 19 വരെ ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ 133 ദിവസത്തെ വിലക്കാണ്. മൂന്നാംസ്ഥാനത്ത് 2017 ജൂണ്‍ 18 മുതല്‍ സെപ്തംബര്‍ 25 വരെ പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ ഏര്‍പ്പെടുത്തിയ 100 ദിവസത്തെ വിലക്കാണ്.

മൗലികാവകാശം
ഇന്റര്‍നെറ്റ് പൗരന്റെ മൗലിക

അവകാശങ്ങളില്‍പ്പെട്ടതാണെന്ന 2016ലെ കേരള ഹൈക്കോടതി വിധി ഓര്‍ക്കേണ്ടത് കൂടിയാണ്. വായു, വെള്ളം എന്നതുപോലെ തന്നെ വളരെ അത്യാവശ്യമായ ഒരു സംഗതിയാണ് പ്രതിഷേധങ്ങളുടെ പേരില്‍ നിരോധിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാം ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന വര്‍ത്തമാനകാലത്ത് ഈ സൗകര്യം ഒരു പൗരന് തടയുക എന്നത് ആ ഭരണകൂടം ജനങ്ങളില്‍ നിന്നും എത്ര അകലെയാണെന്നതിന് തെളിവാണ്.
പ്രത്യകിച്ചും ക്യാഷ്ലെസ് ഇക്കണോമിയും ഡിജിറ്റല്‍ ഇന്ത്യയും ഒക്കെ പറഞ്ഞ് നടക്കുന്ന ഒരു കക്ഷി ഭരണത്തിലിരിക്കുമ്പോള്‍.

Latest