Ongoing News
മാളു സ്റ്റോറിൽ നിന്ന് എഴുത്തുകാരിയായ നുസ്‌റത്ത് വഴിക്കടവ്
മനക്കരുത്ത് കൊണ്ട് ശാരീരിക വൈകല്യങ്ങളെ മറികടന്ന് തന്റേതായ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എടക്കര മരുത സ്വദേശിയായ നുസ്റത്ത് വഴിക്കടവ് എന്ന ഈ കൊച്ചു മിടുക്കി. വീടിനുള്ളിൽ വലിയ സ്വപ്നങ്ങൾ കാണാനാകാതെ നിരാശയിലിരിക്കുമ്പോഴാണ് വീടിന് സമീപം ഒരു കട തുടങ്ങിയത്. ഇവിടുന്നങ്ങോട്ട് നുസ്റത്തിന് പുതിയ ജീവിതം മറ്റൊരു വഴിയിൽ തളിർക്കുകയായി.
വഴിക്കടവ് മരുത വേങ്ങാപാടം മുതിരക്കുളവൻ വീട്ടിൽ കോയ- റംലത്ത് ദമ്പതികളുടെ നാല് മക്കളിൽ മൂത്ത മകളാണ് നുസ്റത്ത്. ഓടിനടന്ന് കളിക്കുന്ന പ്രായമായപ്പോഴേക്കും വിധി അവളെ തളർത്തി. നുസ്റത്തിന് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് പേശികളുടെ ബലം ക്ഷയിച്ച് പോകുന്ന അസുഖം (മസ്‌കിലോ ഡിസ്ട്രോഫി) വന്നത്. തന്റെ പ്രായക്കാരായ അടുത്ത വീട്ടിലെ കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ തനിക്ക് സ്‌കൂളിൽ പോകാനാകാതെ കുറെ കരഞ്ഞിട്ടുണ്ടെന്ന് നുസ്റത്ത് പറയുന്നു.
കോയക്കയും റംലത്തയും തന്റെ മകളെ കുറെ ചികിത്സിച്ചു. വീട്ടിലിരുന്ന് കൊണ്ട് വീടിനടുത്തുള്ള ചന്ദ്രബാബു എന്ന സാമൂഹിക പ്രവർത്തകന്റെ സഹായത്തോടെ അവൾ അക്ഷരങ്ങൾ പഠിച്ചു. മരുത ജി യു പി സ്‌കൂളിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ പൂർത്തിയാക്കി. എട്ടാം ക്ലാസിലേക്ക് തൊട്ടടുത്ത പാലേമാട് സ്‌കൂളിൽ ചേർന്നെങ്കിലും ക്ലാസ് റൂം ഒന്നാം നിലയിലായതിനാൽ പഠനം പൂർത്തിയാക്കാനായില്ല. സഹോദരങ്ങളായ നജ്മുന്നീസയും റശീദും സ്‌കൂളിൽ പോയി വരുമ്പോൾ സ്‌കൂളിലേയും പുറലോകത്തേയും വിവരങ്ങൾ നുസ്റത്ത് ചോദിച്ചറിയും. അവര് പറഞ്ഞ് തരുന്ന ലോകമായി നുസ്റത്തിന്റേത്. അതിനിടയിലാണ് ഇളയ സോഹദരന്റെ റിശാദിന്റെ ജനനം. റിശാദിനും നുസ്റത്തിന്റെ അതേഅസുഖമായിരുന്നു. ഇതോടെ നുസ്റത്തിന്റെ മാതാപിതാക്കൾ കണ്ണീരിലായി.
ചുങ്കത്തറയിലെ സ്നേഹതീരം പാലിയേറ്റീവ് കെയർ യൂനിറ്റിൽ ഫിസിയോ തെറാപ്പിക്ക് പോകാൻ തുടങ്ങിയതോടെയാണ് നുസ്റത്തിന് മാറ്റങ്ങൾ തുടങ്ങുന്നത്. പതുക്കെ സ്നേഹതീരത്തിന്റെ പകൽ വീടിലെ പ്രധാന അതിഥിയായി നുസ്റത്ത് മാറി. അവിടെ നിന്നാണ് നിർത്തിവെച്ച പഠനം വീണ്ടും ആരംഭിക്കുന്നത്. പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. ഉന്നത വിജയം നേടി. പിന്നീട് പ്ലസ്ടു പഠനം പൂർത്തിയാക്കി കമ്പ്യൂട്ടർ ടി ടി സി പഠിച്ചു.
വീടിനുള്ളിൽ പുറം ലോകമില്ലാതെ ഇരുന്നപ്പോഴാണ് നുസ്റത്തിന് പുതിയ ആശയം തോന്നിയത്. തന്റെ ആശയം പിതാവുമായി പങ്കുവെച്ചപ്പോൾ ആവശ്യമായ സാമ്പത്തിക സഹായം പിതാവ് നൽകി. അങ്ങനെ വീടിന് സമീപം “മാളു സ്റ്റോർ” ആരംഭിച്ചു. സ്റ്റേഷനറി, ഫാൻസി, കളിപ്പാട്ടങ്ങൾ, ബാഗുകൾ, മൊബൈൽ റീച്ചാർജ് എന്നിങ്ങനെ പോകുന്നു സ്റ്റോറിലെ വിഭവങ്ങൾ. തന്റെ ഇലക്ട്രോണിക് ചെയറിൽ വന്ന് കടയിലെ കാര്യങ്ങളെല്ലാം നുസ്‌റത്ത് ഭംഗിയാക്കി. കുടുംബത്തിന്റെ വലിയൊരു വരുമാനമാർഗമായി ഈ സംരംഭം വളർന്നു.
ചെറുപ്രായത്തിലെ പുസ്തകങ്ങൾ ധാരാളം വായിക്കുന്ന ശീലമുണ്ട്. പ്രത്യേകിച്ച് ആത്മകഥകൾ. സി എച്ച് മാരിയത്തിന്റേയും മാലതിയുടെയും പുസ്തകങ്ങൾ വായിക്കാനിടയായി. രണ്ടുപേരും തന്റേതല്ലാത്ത കാരണത്താൽ വീൽ ചെയറിൽ ജീവിക്കേണ്ടി വന്നവരാണ്. അവരുടെ പ്രയാസങ്ങളും നടന്നു നീങ്ങിയ വഴികളും ഏകദേശം ഒരുപോലെ. ആലോചിച്ചപ്പോൾ നുസ്റത്തിനും വലിയ മാറ്റങ്ങൾ ഒന്നുമില്ല. അവരെല്ലാം തന്റെ അനുഭവങ്ങൾ അക്ഷരങ്ങളായി സമൂഹത്തിന്റെ മുന്നിലേക്ക് വന്നത് ഇത്രയൊക്കെ പ്രയാസങ്ങൾ അനുഭവിച്ചിട്ടും ഞങ്ങളും ഈ ഭൂമിയിൽ മനോഹരമായി ജീവിക്കുന്നു എന്ന വലിയ സന്ദേശം നൽകിക്കൊണ്ടാണ്.
ജീവിതം വളരെ നിസ്സാരമായി കാണുന്ന ഒരു തലമുറ ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്നുണ്ട്. അവരെയൊക്കെ ഓർത്തപ്പോളായിരുന്നു തന്റെ വീൽ ചെയർ ജീവിതം അവരിലേക്കെത്തണമെന്ന് നുസ്റത്തിന് തോന്നിയത്. അങ്ങനെ നുസ്റത്ത് എഴുതാൻ ആരംഭിച്ചു. കച്ചവടത്തിനിടക്ക് വീണുകിട്ടുന്ന സമയങ്ങൾ എഴുത്തിലായി. പലപ്പോഴും പിന്നിട്ട വഴികൾ ഓർത്തെടുത്ത് എഴുതാനിരിക്കുമ്പോൾ കണ്ണു നിറഞ്ഞിട്ട് എഴുതാൻ കഴിയാതെ മടക്കിവെച്ചിട്ടുണ്ടെന്ന് നുസ്റത്ത് പറയുന്നു. രണ്ട് വർഷം കൊണ്ടാണ് നുസ്റത്ത് തന്റെ “നദി പിന്നെയും ഒഴുകുന്നു” എന്ന ആത്മകഥയെഴുതി പൂർത്തീകരിച്ചത്. പുസ്തകം ഇറങ്ങി ഏകദേശം പത്ത് മാസത്തോളം വിപണിയിൽ വിറ്റഴിക്കപ്പെട്ടതിന് ശേഷമാണ് പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞത്. ഈ മാസം അഞ്ചിന് വയനാട് എം പി രാഹുൽ ഗാന്ധിയാണ് നുസ്റത്തിന്റെ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.
ഇപ്പോൾ നുസ്റത്തിന് കച്ചവടത്തിനൊന്നും വേണ്ടത്ര സമയമില്ല. എന്നും നാട്ടിലെ സാമൂഹിക- സാംസ്‌കാരിക പരിപാടികളുടെ തിരക്കിലാണ്. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി എനിക്കൊരു ജീവിതം പടച്ചോൻ നൽകിയിട്ടുണ്ടെങ്കിൽ അതിനൊരു നിയോഗവുമുണ്ടാവും. അതിനൊരു ധർമമുണ്ടാവും, അതായിരിക്കും എന്റെ കാലുകൾക്ക് പകരം എനിക്ക് വീൽ ചെയർ സമ്മാനിച്ചതെന്നാണ് നുസ്റത്ത് പറയുന്നത്.