Connect with us

Articles

പൗരത്വ ഭേദഗതി ഒരു മുന്നറിയിപ്പാണ്

Published

|

Last Updated

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഈ സമ്മേളനം ഏതെങ്കിലും ഒരു പ്രത്യേക കക്ഷിയുടെയോ നാട്ടുകാരുടെയോ മതത്തിന്റെയോ ജാതിയുടെയോ മാത്രമല്ല. കാരണം ഈ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഏതെങ്കിലും പ്രത്യേക വിഭാഗം ആളുകളുടേത് മാത്രമല്ല. ഈ പ്രതിഷേധങ്ങളെല്ലാം ഇന്ത്യന്‍ ജനതയുടേതാണ്. ഇന്ത്യയെ നിലനിര്‍ത്തുന്ന ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടിയാണ്. ഇന്ത്യ ലോകത്തെങ്ങും തല ഉയര്‍ത്തി നില്‍ക്കാനുള്ള പ്രധാന കാരണം തന്നെ അതിന്റെ ഭരണഘടനയാണ്. ആ ഭരണഘടനയെ പ്രശസ്തമാക്കുന്ന ഘടകം ജാതി മത വേര്‍തിരിവുകളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാനുള്ള അതിന്റെ വിശാലമായ മനസ്സും സമീപനവുമാണ്. ഇന്ത്യയെ പോലെ വൈവിധ്യം നിറഞ്ഞ മറ്റൊരു രാജ്യവും ലോകത്തില്ല തന്നെ.

ഈ വൈവിധ്യത്തിനിടയിലും യാതൊരുവിധ ഏറ്റുമുട്ടലുകളുമില്ലാതെ മനുഷ്യര്‍ കാലങ്ങളോളമായി ജീവിച്ചുവരികയാണ്. സമാധാനപരമായ ആ ജീവിതത്തിനു വിഘാതം വരുത്തുന്നു എന്നതാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തോടുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധത്തിന്റെ അടിസ്ഥാനം. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നു എന്നതു കൊണ്ടുതന്നെ ഈ നീക്കത്തെ നിയമപരമായി തന്നെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമുണ്ട്. ബാധ്യതയുണ്ട്. ആ ചോദ്യം ചെയ്യാനുള്ള അധികാരം നിയമ വ്യവസ്ഥ നമുക്ക് നല്‍കുന്നുണ്ട്. അതുകൊണ്ടാണല്ലോ ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെ കേരള നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ പ്രമേയം അവതരിപ്പിച്ചതും കക്ഷിഭേദമന്യേ എല്ലാവരും ഈ നിയമത്തെ എതിര്‍ക്കാന്‍ തീരുമാനിച്ചതും. നിയമവ്യവസ്ഥയെ കുറിച്ച് വിശ്വാസവും ധാരണയും ഉള്ളതുകൊണ്ടുതന്നെയാണ് നാം ഇത്തരം നീക്കങ്ങള്‍ നടത്തുന്നതും. അതു വിജയം കാണുമെന്നു പ്രതീക്ഷിക്കാം.

കൊച്ചിയിലെ അറബിക്കടലിന്റെ ഓരത്ത് കടല്‍ പോലെ നിറഞ്ഞുനില്‍ക്കുന്ന ഈ ജനാവലിയുടെ പ്രതിഷേധം ഇവിടെ അവസാനിക്കില്ല. ആവശ്യവും സാഹചര്യങ്ങളും അനുസരിച്ച് ഇതു തുടര്‍ന്നുകൊണ്ടിരിക്കും. അതില്‍ യാതൊരു സംശയവും വേണ്ട. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സമാധാനത്തോടെ ജീവിക്കാന്‍ ഇവിടെ ജനങ്ങളെ അനുവദിക്കുന്നതില്‍ ഭരണകൂടത്തിന് എന്താണ് തടസ്സം എന്നതാണ് നമ്മള്‍ ഉന്നയിക്കുന്ന ചോദ്യം. സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത തീരുമാനത്തെ തെറ്റിദ്ധരിച്ചതു കൊണ്ടല്ല ഈ ചോദ്യം നമ്മള്‍ ഉന്നയിക്കുന്നത്. അങ്ങനെ കരുതേണ്ട. ഈ നിയമത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും വളരെ വ്യക്തമായി തന്നെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അയല്‍ രാജ്യങ്ങളിലെ പാവപ്പെട്ട, കഷ്ടപ്പെടുന്ന ആളുകള്‍ ഇന്ത്യയിലേക്ക് കടന്നുവരുമ്പോള്‍ അവരെ കൈപിടിച്ചുയര്‍ത്താനുള്ള ഒരു തീരുമാനമല്ലേ പാര്‍ലിമെന്റ് എടുത്തത്, അതിനെയെന്തിന് നിങ്ങള്‍ എതിര്‍ക്കണം എന്നാണു ഈ നിയമത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. അവരോടു നമുക്ക് ഒരു ചോദ്യമേ ഉള്ളൂ; ഈ കഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ നിന്ന് മുസ്്ലിംകളെ എന്തുകൊണ്ട് ഒഴിവാക്കി. പാവപ്പെട്ടവരെ രക്ഷിക്കുകയാണെങ്കില്‍ മ്യാന്‍മറില്‍ നിന്ന് വരുന്ന ആളുകളെ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല.

മുസ്്ലിം സമുദായം ഇന്ത്യാ രാജ്യത്തിനെതിരായി വല്ല തെറ്റും ചെയ്തതായി തെളിയിക്കാന്‍ ഇവിടെ ആര്‍ക്കെങ്കിലും കഴിയുമോ. ഇല്ലതന്നെ. ഇന്ത്യാ രാജ്യത്ത് അതിന്റെ ഭരണഘടനക്ക് വിരുദ്ധമായി, രാജ്യത്തിന്റെ പൊതു തത്വങ്ങള്‍ക്കെതിരായി നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ആശയത്തിനെതിരായി ഇവിടുത്തെ മുസ്്ലിം സമുദായം ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. ഒന്നുകൂടി കടന്നുപറഞ്ഞാല്‍ ഇന്ത്യാ രാജ്യത്തെ ലോകത്തിനു മുന്നില്‍ അപമാനിച്ച വേദനാജനകമായ സംഭവമാണ് മഹാത്മാ ഗാന്ധിയുടെ കൊലപാതകം. രണ്ട് പ്രധാനമന്ത്രിമാര്‍ ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ആ കേസുകളിലെല്ലാം അന്വേഷണം നടക്കുകയും കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ടല്ലോ. അതില്‍ ഏതെങ്കിലും മുസ്്ലിംകളുണ്ടായിരുന്നോ? ഇല്ല. എന്നിട്ടും മുസ്്ലിംകളെ എന്തിനു ഇങ്ങനെ പുറം തള്ളുന്നു എന്നതാണ് നമ്മുടെ ചോദ്യം. ഈ ചോദ്യം നമ്മളെ അലോസരപ്പെടുത്തേണ്ടതല്ലേ.
ഇന്ത്യ ഹിന്ദുക്കളുടെതല്ല, ഇന്ത്യ മുസ്്ലിമിന്റേതല്ല, ക്രിസ്ത്യാനികളുടെതല്ല. ഇന്ത്യ എല്ലാവരുടേതുമാണ്.

ഹിന്ദുസ്ഥാന്‍ നമ്മുടെയെല്ലാമാണ്. ഈ മഹത്തായ തത്വം എന്തുകൊണ്ടാണ് നമ്മുടെ പാര്‍ലിമെന്റിന് അംഗീകരിക്കാന്‍ കഴിയാതെ പോയത്. അപ്പോള്‍ മുസ്്ലിം സമുദായത്തെ ഒറ്റപ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം തന്നെയാണ് ഈ നിയമം നിര്‍മിച്ചവരുടെ ലക്ഷ്യം എന്നു നമുക്ക് വ്യക്തമാകുകയാണ്. ഇവിടെ മുത്വലാഖിനെ വലിയൊരു പ്രശ്‌നമായി പാര്‍ലിമെന്റില്‍ കൊണ്ടു വന്നു. യഥാര്‍ഥത്തില്‍ ഒരു പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പറ്റിയ വിഷയമേയല്ല അത്. മാലിക് ദീനാര്‍ (റ) വിന്റെ കാലം മുതല്‍ ഇവിടെ മുസ്്ലിംകളുണ്ട്. അതായത് നബി (സ)തങ്ങളുടെ ആ കാലഘട്ടം മുതല്‍ക്കേ മുസ്്ലിംകള്‍ ഇന്ത്യാ രാജ്യത്തുണ്ട്. അന്നുമുതല്‍ തന്നെ വിവാഹ- വിവാഹ മോചന സമ്പ്രദായങ്ങളുമുണ്ട്. നാട്ടിലെ ഖാളി, ജഡ്ജി, മതപണ്ഡിതന്മാര്‍ എന്നിവരുടെ തീരുമാനങ്ങളനുസരിച്ചാണ് ഇതൊക്കെ നടന്നു പോന്നത്. മുസ്്ലിം സമുദായത്തില്‍ വിവാഹ മോചന നിരക്ക് വളരേ കുറവാണ്. ആയിരത്തില്‍ ഒരാള്‍ പോലും ത്വലാഖ് ചൊല്ലാറില്ല. ഇതില്‍ മുത്വലാഖ് ചൊല്ലുന്നവരുടെ എണ്ണം എത്രയുണ്ടാകും? അങ്ങനെയുള്ള ഒരു വിഷയമെടുത്ത് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് മുത്വലാഖ് ചൊല്ലുന്നവരെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയാണ്. മുത്വലാഖിലൂടെ വിവാഹമോചനം നടക്കില്ലെന്നു പറയുന്നു. എന്നാല്‍ അതിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യുന്നു.

ഇതിന്റെയൊക്കെ അര്‍ഥം എന്താണ്. ഇസ്്ലാമിന്റെ നിയമത്തെ അട്ടിമറിക്കല്‍ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതൊന്നും അറിയാത്തവരല്ല നമ്മള്‍. അതുപോലെ ബാബരി മസ്ജിദിന്റെ കാര്യം നിങ്ങള്‍ പരിശോധിച്ചു നോക്കൂ. മുസ്്ലിംകള്‍ ഉണ്ടാക്കിയ പള്ളിയാണത്. ബാബരി മസ്ജിദ് അമ്പലം തകര്‍ത്തുണ്ടാക്കിയതല്ല എന്നും കര്‍സേവകരാണ് അതു തകര്‍ത്തത് എന്നും അതു തെറ്റായിരുന്നുവെന്നും എല്ലാം നിരീക്ഷിച്ച ജഡ്ജിമാര്‍ ബാബരി മസ്ജിദ് മുസ്്ലിംകള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് വരുത്തുന്ന ന്യായം അവസാനം വരെയും പറഞ്ഞിട്ടാണ് എന്നാലും പള്ളി നിങ്ങള്‍ക്ക് തിരിച്ചു തരില്ല എന്ന വിധി പ്രസ്താവം നടത്തിയത്. ഇതെന്തൊരു വിധിയാണ്. പക്ഷേ, ആ വിധിയില്‍ പോലും ഈ സമുദായം ക്ഷമിച്ചു. വിധി മുസ്്ലിംകള്‍ക്ക് എതിരാണെങ്കില്‍ പോലും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്നും യാതൊരു കുഴപ്പവും ഉണ്ടാക്കാന്‍ പാടില്ലാ എന്നുമാണ് ബഹുമാനപ്പെട്ട ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള സയ്യിദന്മാര്‍, പണ്ഡിതന്മാര്‍, നേതാക്കള്‍, ഈ സമുദായത്തോട് ആഹ്വാനം ചെയ്തത്. ഈ രാജ്യത്തിന്റെ ഭാവിയോടുള്ള ഞങ്ങളുടെ കടപ്പാടാണത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി.

മുസ്്ലിംകള്‍ക്കു ഈ രാജ്യത്തു ഭാവിയില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
എന്‍ ആര്‍ സി പ്രകാരം അസാമില്‍ 19 ലക്ഷം ആളുകള്‍ ഇന്ത്യക്കാരല്ല. ഇതില്‍ ഏതാണ്ട് മൂന്നിലൊന്നും ഹിന്ദുക്കളാണ്. മുസ്്ലിംകള്‍ താരതമ്യേന കുറവാണ്. ആ ഹിന്ദുക്കളെ ഇന്ത്യക്കാരാക്കി മാറ്റാനാണ് പുതിയ പൗരത്വ നിയമം കൊണ്ടുവന്നത്. മുസ്‌ലിംകളല്ലാത്തവര്‍ക്കൊക്കെ പൗരത്വം കൊടുക്കാം എന്നു നേരെചൊവ്വേ പറഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഫക്റുദ്ദീന്‍ അലി സാഹിബിന്റെ കുടംബത്തില്‍പ്പെട്ടവരടക്കം പൗരത്വം ഇല്ലാത്തവരായി മാറിപ്പോയി. അങ്ങനെ യാതൊരു മറയുമില്ലാതെ മുസ്‌ലിം സമുദായത്തോട് കാണിക്കുന്ന അവഗണനയും മുസ്്ലിം സമുദായത്തെ ഇവിടെ നിന്ന് പുറന്തള്ളണമെന്ന പ്രഖ്യാപനവും ഉണ്ടായതു കൊണ്ടാണ് എല്ലാവരും യോജിച്ചുകൊണ്ട് സമര രംഗത്തേക്ക് എത്തിയത്. +

ഈ പ്രതിഷേധം ഇനിയും തുടരുമെന്നാണ് ഇന്ത്യാ ഗവണ്‍മെന്റിനോട് എനിക്ക് പറയാനുള്ളത്. ഇനിയും തുടരുക തന്നെ ചെയ്യും. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തന്നെ പല പ്രതിഷേധങ്ങളും നടന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഈ സമരങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിച്ചു. കേരളത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് ഡല്‍ഹിയില്‍ നിന്ന് കാണാന്‍ വന്ന ആളുകളോട് അവിടുത്തെ കാര്യങ്ങള്‍ ഞാന്‍ ചോദിച്ചറിഞ്ഞു. കഠിനകഠോരമായ തണുപ്പ് സഹിച്ച് ചെറിയ കുട്ടികളെയുമെടുത്ത് കൊണ്ട് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഡല്‍ഹിയില്‍ മുദ്രാവാക്യം വിളിക്കുകയാണ്. പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്. ബുദ്ധിയും വിവേകവും ഉള്ള മനുഷ്യരെല്ലാവരും ഈ നിയമത്തിനു എതിരാണ്. നഗ്‌നമായ ഒരു അവഹേളനം നടന്നത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. ജനങ്ങളെതിര്‍ക്കുന്ന നിയമമാണിത് എന്ന് ഭരണകൂടം മനസ്സിലാക്കണം.

ഇത് യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ മാത്രം നേരിടേണ്ടി വരുന്ന ഒരു അപകടമല്ല. ഇന്ത്യയുടെ ഭരണഘടന തട്ടിത്തകര്‍ത്ത് തരിപ്പണമാക്കിക്കഴിഞ്ഞാല്‍ പിന്നെ എന്തും കൊണ്ടുവരാം. എന്തും കൊണ്ടുപോകാം. ഈ രാജ്യം തന്നെ എവിടേക്കാണ് പോകുന്നതെന്ന് പോലും പറയാന്‍ കഴിയാത്ത സ്ഥിതി വരും. അതുകൊണ്ടുതന്നെ എല്ലാ ആളുകളും വളരെ വ്യക്തമായ നിലക്ക് ചിന്തിക്കുകയും അതിനു യോജിച്ച തീരുമാനങ്ങള്‍ എടുക്കുകയും വേണം. ഇക്കാര്യങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുഖ്യമന്ത്രിയും മറ്റു ഉത്തരവാദപ്പെട്ട രാഷ്ട്രീയ സമുദായ നേതാക്കളും എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും നാം പിന്തുണ നല്‍കണം. സര്‍വശക്തനായ അല്ലാഹു നമുക്ക് വിജയിപ്പിച്ചു തരുമാറാകട്ടെ. മുസ്്ലിം സഹോദരങ്ങളോട് പറയാനുള്ളത്, അല്ലാഹുവിന് തഖ്‌വ ചെയ്യണം, അല്ലാഹുവിലേക്ക് മടങ്ങണം എന്നാണ്. ഇത്തരം പ്രതിഷേധങ്ങളിലും സിന്ദാബാദ് വിളികളിലും അവസാനിച്ച് പോകാതെ നാമെല്ലാവരും അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ കല്‍പ്പനകള്‍ സ്വീകരിക്കുകയും അതിലൂടെ സന്തോഷത്തിലും സമാധാനത്തിലും പാരസ്പര്യത്തിലും ജീവിക്കുകയും വേണം. സര്‍വശക്തനായ അല്ലാഹു നമ്മുടെ എല്ലാ നല്ല ഉദ്ദേശ്യങ്ങളും വിജയിപ്പിച്ചു തരുമാറാകട്ടെ.

(മുസ്‌ലിം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരായ സമര പ്രഖ്യാപന കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ അക്ഷരാവിഷ്‌കാരം)

Latest