Articles
പൗരത്വ നിഷേധത്തിന്റെ നാരായവേര്
പൗരത്വം ഇന്ന് കത്തിപ്പടരുന്ന ഒരു വിഷയമാണ്. പൗരത്വ വിവാദം സത്യത്തില്‍ 2019ല്‍ ആകാശത്ത് നിന്ന് അത്ഭുതകരമായി അറ്റുവീണതല്ല. അത് സംഘ്പരിവാര്‍ ആശയത്തിന്റെ അകത്തുനിന്ന് തീര്‍ത്തും സ്വാഭാവികമായും വളര്‍ന്ന് വികസിച്ച് രൂപം കൊണ്ടതാണ്. 2019ല്‍ ലോക്‌സഭയും രാജ്യസഭയും പാസ്സാക്കി പ്രസിഡന്റ് ഒപ്പിട്ട പൗരത്വ ഭേദഗതി നിയമം എന്നാണ് നാം ഇതിനെ പരിഗണിക്കുന്നത്. അത് പ്രസക്തം തന്നെയാണ്. അതേസമയം, ഇതിന്റെ വേര് എവിടെയാണ് ആഴ്ന്നുകിടക്കുന്നത്? അത്തരം ആലോചന കൂടി നാം നിര്‍വഹിക്കേണ്ടതുണ്ട്.
അപരത്വം എന്നതിന്റെ ഇന്ത്യന്‍ അടിത്തറ ജാതിമേല്‍ക്കോയ്മയിലാണ് കുടികൊള്ളുന്നത്. ആ ജാതീയാവസ്ഥയുടെ കായിക, സായുധ, സൈനിക സന്നദ്ധ പ്രസ്ഥാനമാണ് സത്യത്തില്‍ ആര്‍ എസ് എസ്. ഇതിന്റെ രൂപവത്കരണ പശ്ചാത്തലത്തില്‍ ഉടനീളം ഏറ്റവും പ്രധാനമായി അവര്‍ പറഞ്ഞു പോന്നത് പൗരത്വ നിരാകരണം ആണ്. ആര്‍ എസ് എസ് പട്ടികയില്‍ പെടാത്ത മുഴുവന്‍ ആളുകളുടെയും പൗരത്വം നിരാകരിക്കുകയെന്നതാണ് അവരുടെ അജന്‍ഡ. 1947ല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വിഭജനം നടക്കുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇന്ത്യയെ അവര്‍ സാംസ്‌കാരികമായി രണ്ടായി പകുത്തു കഴിഞ്ഞിരുന്നു. ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള നമ്മുടെ ആലോചന 1947ല്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നു. അത് സൂക്ഷ്മമല്ല. കാരണം ഇന്ത്യ- പാക് വിഭജനം ഇന്ത്യയുടെ മുറിവാണ്. ഈ മുറിവിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത് 1937ലെ സവര്‍ക്കറുടെ ഹിന്ദു മഹാസഭയുടെ ഹിന്ദു മഹാ സമ്മേളനത്തില്‍ അവതരിപ്പിച്ച ദ്വിരാഷ്ട്ര സിന്താദ്ധമല്ല. മറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഇന്ത്യയിലെ കുലീനര്‍ ഉള്‍ക്കൊള്ളുന്ന ഒരു ആര്യസ്ഥാനുമായും ഭൂരിപക്ഷം ദളിതരും ന്യൂനപക്ഷങ്ങളും അവര്‍ണരും ഉള്‍ക്കൊള്ളുന്ന ഒരു മ്ലേച്ഛസ്ഥാനുമായും ഇന്ത്യയെ ഇവിടുത്തെ സവര്‍ണര്‍ സാംസ്‌കാരികമായി വിഭജിച്ചു കഴിഞ്ഞിരുന്നു. ആ ആര്യസ്ഥാനില്‍ പെട്ട ജനത ശ്രേഷ്ഠര്‍, കുലീനര്‍. മ്ലേച്ഛസ്ഥാനില്‍ പെട്ടവര്‍ ശൂദ്രര്‍, നികൃഷ്ടര്‍, കൊള്ളരുതാത്തവര്‍. ആര്യസ്ഥാനിലെ കുലീനരുടെ ഭക്ഷണം മഹത്തരം. മ്ലേച്ഛസ്ഥാനിലെ ശൂദ്രരുടെ ഭക്ഷണം, വസ്ത്രം, ആരാധന മ്ലേച്ഛം. പ്രത്യക്ഷത്തില്‍ കാണാത്ത അതിര്‍ത്തിയായിരുന്നു ഇതെങ്കിലും നിത്യജീവിതത്തില്‍ ആളുകള്‍ അതെന്നും നേരിട്ട് അനുഭവിച്ചവരായിരുന്നു. ആ അര്‍ഥത്തില്‍ പൗരത്വ നിരാകരണത്തിന്റെ വേര് കണ്ടെത്തേണ്ടത് ഇന്ത്യയെ രണ്ടായി വിഭജിച്ച, ഭൂരിപക്ഷം മനുഷ്യരെ മ്ലേച്ഛരായി പരിഗണിച്ച ഇന്ത്യന്‍ ജാതി വ്യവസ്ഥയിലാണ്. ഈ ജാതി വ്യവസ്ഥയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട് നിരവധി പ്രതിലോമ സംഘടനകള്‍ ഇന്ത്യയില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയിലാണ് ഇന്ത്യയില്‍ ആര്‍ എസ് എസ് രൂപം കൊള്ളുന്നത്. ആര്‍ എസ് എസിന്റെ സൈദ്ധാന്തിക പശ്ചാത്തലമൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് വി ഡി സവര്‍ക്കറും ബാലകൃഷ്ണ ശിവറാം മൂഞ്ചെയുമാണ്. അവരുടെ ആശയങ്ങളില്‍ നിന്നാണ് സംഘ്പരിവാര്‍ ശക്തി സംഭരിച്ചത്. ഇതില്‍ സവര്‍ക്കര്‍ രണ്ട് മുഖ്യ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചു. ഒന്ന് പിതൃരാജ്യം. രണ്ട് പുണ്യഭൂമി. പിതൃരാജ്യം എന്ന പരിഗണന പിന്തുടര്‍ന്നാലും പുണ്യ ഭൂമി എന്ന പരിഗണന പിന്തുടര്‍ന്നാലും ഇന്ത്യയുടെ ഭൂരിപക്ഷം വരുന്ന ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം ഇല്ല എന്ന നിലപാടിലേക്ക് നാം എത്തിപ്പെടേണ്ടിവരും. പിതൃഭൂമി എന്ന ആശയം മുന്നോട്ടുവെക്കുന്നത് പൗരത്വത്തെ കുറിച്ചുള്ള ആധുനിക കാഴ്ചപ്പാടല്ല. ആധുനിക ജനാധിപത്യ കാഴ്ചപ്പാട്, നിങ്ങളുടെ ജന്മമാണ് നിങ്ങളുടെ പൗരത്വത്തിന്റെ മാനദണ്ഡം എന്നതാണ്. നിങ്ങളിവിടെ ജനിച്ചിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് പൗരത്വം. മറ്റു തെളിവുകള്‍ ആവശ്യമില്ല. ജ്വലിക്കുന്ന നമ്മുടെ ജീവിതം തന്നെയാണ് തുരുമ്പിക്കാത്ത പൗരത്വത്തിന്റെ തെളിവ്.
പക്ഷേ, സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ അത് അംഗീകരിക്കില്ല. പുറത്തുനിന്ന് വന്നവര്‍, അകത്തുള്ളവര്‍ എന്നിങ്ങനെ ഒരു വിഭജനം അവര്‍ സൃഷ്ടിച്ചു. ലോകത്തെ ഏതൊരു ജനതയുടെയും ചരിത്രമെടുത്ത് പരിശോധിച്ചാല്‍ അത് കുടിയേറ്റങ്ങളുടെയും കലര്‍പ്പുകളുടെയും സമന്വയങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകളുടെയും ആകെത്തുകയാണ്. വംശ ശുദ്ധിയെന്നത് ഫാസിസ്റ്റുകളുടെ ഒരു മിത്താണ്. ഈ മിത്തിന്റെ മുകളിലാണ് അവര്‍ അവരുടെ മുഴുവന്‍ സൗധങ്ങളും കെട്ടിപ്പൊക്കിയിട്ടുള്ളത്. അതുകൊണ്ട് പിതൃഭൂമി എന്ന പരിഗണന തന്നെ ആധുനിക മനുഷ്യ പ്രവാഹത്തിന്റെ മുമ്പില്‍, ജനാധിപത്യത്തിന്റെ മുമ്പില്‍ പൊളിഞ്ഞു വീഴുന്നതാണ്. നിങ്ങള്‍ എവിടെ ജനിച്ചു, എങ്ങനെ ജനിച്ചു എന്നതല്ല, നിങ്ങള്‍ ജീവിക്കേണ്ടത് പോലെ ജീവിക്കുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്‌നം. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണോ ജീവിക്കുന്നതെന്നതാണ് പ്രധാനം.
എന്നാല്‍ സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയെ തന്നെ അവര്‍ ദൈവവത്കരിക്കുന്നു. അത് വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. ദളിതര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അധ്വാനിക്കുക എന്നതില്‍ നിന്ന് വിട്ടുനിന്ന സവര്‍ണരെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു പൂജാ വസ്തുവായി. ദളിതര്‍ക്ക് അത് അധ്വാനിക്കാനുള്ള ഇടമാണ്. അതുകൊണ്ട് തന്നെ പിതൃഭൂമി, പുണ്യഭൂമി എന്നൊക്കെയുള്ളത് ദളിത് വിരുദ്ധമാണ്, മനുഷ്യത്വ വിരുദ്ധമാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 1948 ജനുവരി 30ന് മഹാത്മാ ഗാന്ധിയെ വധിക്കുമ്പോള്‍ സംഘ്പരിവാര്‍ നടത്തിയത്, ജനാധിപത്യ, മതനിരപേക്ഷ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കെതിരെയുമുള്ള യുദ്ധപ്രഖ്യാപനമായിരുന്നു. ഗാന്ധിയന്‍ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ലെന്ന് വിചാരധാരയില്‍ പറയുന്നുണ്ട്. ഗാന്ധി അവരെ സംബന്ധിച്ചിടത്തോളം രാജ്യവഞ്ചകനാണ്. അത്തരമൊരാള്‍ക്ക് പൗരത്വം ഉണ്ടാകുകയുമില്ലല്ലോ. മറ്റൊന്ന് ഗാന്ധി സമാധാനത്തിന് വേണ്ടി വാദിച്ചയാളാണ്. എന്നാല്‍ സമാധാനം ഭീരുക്കളുടെ സ്വപ്‌നമാണ്, യുദ്ധമാണ് മോക്ഷം എന്ന മുസ്സോളിനിയുടെ കാഴ്ചപ്പാടാണ് തീര്‍ച്ചയായും സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിച്ചത്. വിചാരധാരയില്‍ പറയുന്നുണ്ട്, ഒരു വലിയ യുദ്ധമാണ് സ്വാഗതാര്‍ഹമെന്ന്. അതുപോലെ നെഹ്‌റുവിയന്‍മാര്‍ക്കും സംഘ്പരിവാര്‍ പൗരത്വം കനിഞ്ഞിട്ടില്ല. 1966ല്‍ ജലന്ധറില്‍ നടന്ന ജനസംഘത്തിന്റെ മഹാ സമ്മേളനത്തില്‍ ബല്‍രാജ് മധോക്ക് നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ചോദിക്കുകയാണ്, ഇന്ത്യക്കാരായ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന്. എന്നിട്ട് അദ്ദേഹം സ്വയം തന്നെ മറുപടിയും പറയുന്നു, അത് ലാല്‍ബഹദൂര്‍ ശാസ്ത്രിയാണെന്ന്. 1947 മുതല്‍ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ, ലോകത്തിന്റെ അഭിമാനമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൗരത്വം അദ്ദേഹം മരിച്ച് രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ ബല്‍രാജ് മധോക്ക് മുന്‍കാല പ്രാബല്യത്തോടെ റദ്ദ് ചെയ്തു. കാരണം നെഹ്‌റു ഇന്ത്യക്കാരനായ ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല. മരണാനന്തരം നെഹ്‌റുവിന്റെ പൗരത്വം മുന്‍കാല പ്രാബല്യത്തോടെ റദ്ദ് ചെയ്ത ഒരു പ്രസ്ഥാനം 2019 ഡിസംബര്‍ 12ന് ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ പൗരത്വം റദ്ദ് ചെയ്തു എന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. അതുപോലെ തന്നെ ഘര്‍വാപസി കാലത്തും സംഘ്പരിവാര്‍ ഇതേ പൗരത്വ വാദം ഉന്നയിച്ചു എന്ന് നാം ഓര്‍ത്തെടുക്കണം. ഏതെങ്കിലുമൊരാള്‍ ഹിന്ദുമതത്തില്‍ നിന്ന് മാറിയാല്‍ അത് മൂല മതം വിട്ട് മാറിപ്പോകലാണ്. മതം മാറ്റം എന്ന് പറയുന്നത് പൗരത്വം ഇല്ലാതാക്കും എന്നൊരു ആശയവും അവര്‍ മുന്നോട്ട് വെച്ചിരുന്നു. അതുകൊണ്ട് മതം മാറ്റത്തെ അവര്‍ മതത്തിന്റെ ഒരു പ്രശ്‌നമായി അല്ല, പൗരത്വത്തിന്റെ പ്രശ്‌നമായാണ് അവതരിപ്പിച്ചത്. സംഘ്പരിവാര്‍ എത്രയോ കാലമായി പുലര്‍ത്തുന്ന ഒരു ആശയമാണ് ഇപ്പോള്‍ അവര്‍ നടപ്പാക്കിയിരിക്കുന്നത് എന്ന് വേണം തിരിച്ചറിയാന്‍.
അസമിലെ എന്‍ ആര്‍ സി നടപ്പാക്കിയപ്പോള്‍ അത് മുഴുവന്‍ കുഴപ്പമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ഇതോടെ എന്‍ ആര്‍ സി നിര്‍ത്തിവെക്കേണ്ടതായിരുന്നു. പക്ഷേ അടിമുടി കുഴപ്പമായിട്ടുള്ള ഈ പൗരത്വ പരിശോധന ഇന്ത്യയിലെ മറ്റു മുഴുവന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതിനര്‍ഥം ഇന്ത്യ മുഴുവന്‍ അവര്‍ കുഴപ്പമുണ്ടാക്കുമെന്നാണ്. ഇന്ത്യന്‍ ജനതയില്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. സംഘര്‍ഷവും കലാപങ്ങളും കൊലകളും സംഘ്പരിവാറിന് വിജയിക്കാന്‍ ആവശ്യമാണ്. സമാധാനത്തിന്റെ കാലത്ത് അവര്‍ക്ക് കുതിപ്പുണ്ടാകില്ല. സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ജനതയുടെ സമാധാന കാലം അവരുടെ കിതപ്പിന്റെ കാലമാണ്. ഗുജറാത്ത് വംശഹത്യ അതിന് വലിയൊരു തെളിവാണ്. അധികാരത്തിലേക്കുള്ള വഴിയായിരുന്നു സംഘ്പരിവാറിന് ഗുജറാത്ത് വംശഹത്യ.
പുറത്തുപോകുന്ന മനുഷ്യരെ കാത്തിരിക്കുന്നത് തടങ്കല്‍ പാളയങ്ങളാണ്. പലയിടങ്ങളിലും നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ സംഘ്പരിവാര്‍ നേതാക്കള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇതും അവരുടെ രീതിയാണ്. ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് പൊളിച്ചു. പിറ്റേ ദിവസം അവര്‍ ഇന്ത്യയോട് ക്ഷമ ചോദിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് ദൈവഹിതമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ മതത്തിന്റെ ഹിതത്തിന് വിധേയമായി ജീവിക്കാതിരുന്നാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് ധാർഷ്്ട്യത്തോടെ പറഞ്ഞു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഡിസംബര്‍ ആറ് വിജയദിനമായി ആഘോഷിച്ചു. അതേ തന്ത്രമാണ് ഇപ്പോള്‍ പൗരത്വ വിഷയത്തിലും അവര്‍ തുടരുന്നത്. ആദ്യം അതൊരു തര്‍ക്കപ്രശ്‌നമാക്കി മാറ്റുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അടുത്തഘട്ടം എന്തായിരിക്കുമെന്ന് ബാബരി വിഷയം അറിയുന്ന എല്ലാവര്‍ക്കും വ്യക്തവുമാണ്. അതുകൊണ്ട് പൗരത്വത്തെ തര്‍ക്കപ്രശ്‌നമാക്കി തുടങ്ങിയ ഈ വഴിത്തിരിവില്‍ വെച്ച് നാം സംഘ്പരിവാര്‍ അജന്‍ഡയെ ചെറുത്തു തോല്‍പ്പിക്കണം.
പൗരാവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രക്ഷോഭങ്ങള്‍. എന്നാല്‍ പൗരാവകാശം ലഭിക്കണമെങ്കില്‍ പൗരത്വം വേണമല്ലോ. ഇപ്പോള്‍ സംഘ്പരിവാര്‍ ചെയ്യുന്നത് ആ പൗരത്വത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്.