Vazhivilakk
'ഇതിനെന്താണ് പറയുക?'
ലോകത്ത് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു ഹിമാലയൻ നർമനാമം ഞാനിതാ പൊട്ടിക്കാൻ പോകുന്നു എന്ന ഭാവമായിരുന്നു മുഖത്ത്. എനിക്കറിയാം അയാളെന്താ പറയാൻ പോകുന്നതെന്ന്; നിങ്ങൾക്കും ഊഹിക്കാം എന്തായിരിക്കുമതെന്ന്. പക്ഷേ, എന്റെ മനസ്സിൽ ഒരാഗ്രഹമുണ്ടായിരുന്നു. അയാൾ പറയാൻ പോകുന്ന നിഗൂഢകാര്യം ലോകത്തെല്ലാവർക്കും അറിയുകയാൽ ഒറ്റക്കുട്ടിപോലും ചിരിക്കാതെ അയാളെ തോൽപ്പിച്ചുകളയണമെന്ന്. പക്ഷേ അയാൾ ഇതാ പറഞ്ഞുകഴിഞ്ഞു: ഇതിന് “വിറതാങ്ങി” എന്നാണ് പറയുക. അതും പറഞ്ഞ് അയാൾ ഒത്തിരിനേരം ചിരിച്ചങ്ങനെ പിടിച്ചു.
കേൾക്കേണ്ട താമസം സദസ്സിലെ വലതുമൂലക്കുനിന്നും പിന്നിലെ രണ്ടുമൂന്ന് റോകളിൽ നിന്നും പടപട ചിരി ഉയർന്നു. ചില കാര്യങ്ങൾ അങ്ങനെയാണ്. നമ്മൾ വിചാരിക്കും ഇതാ കാര്യം തീർന്നു/ ഇതിനാലെ തീരണം എന്ന്. പക്ഷേ, അങ്ങനെയുള്ളതിനെ കൊണ്ട് നടക്കാനും തലയിലേറ്റാനും ചിലരെ കാണാം. “റിട്‌സ്” കാറിറങ്ങിയപ്പോൾ അതിന്റെ തച്ചൊടിച്ച ആ ഷെയ്പ്പ് തീരേ ഇഷ്ടമില്ലാതിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ലോകത്തൊറ്റ ഒരാളും ആ വണ്ടി വാങ്ങരുതെന്നും ആ കമ്പനി അതിനാലെ പൂട്ടിപ്പോകണമെന്നായിരുന്നു ആശാന്റെ ആഗ്രഹം. പക്ഷേ നിരത്തിൽ നിറഞ്ഞ് റിട്‌സ് കാണുമ്പോഴൊക്കെ അവന്റെ നാഡിമിടിപ്പ് കൂടി. ഇവിടെയിതാ കേട്ടുതഴമ്പിച്ച ഈ വിറ്റ് കേട്ട് സദസ്സ് കുലുങ്ങിച്ചിരിക്കുന്നത് കേട്ടിട്ട് എനിക്ക് കുരുപൊട്ടുന്നു.
അടുത്തത് ഒരു പ്രവാസി പ്രതിനിധിയുടെ ആശംസാമർദനമാണ്. നല്ല നല്ല വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. മുമ്പ് അത്യാവശ്യം പ്രസംഗിച്ച ആളാണെന്ന് തോന്നുന്നു. “ആറാം നൂറ്റാണ്ടിലെ കാട്ടറബികളെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും… യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും തീരങ്ങളിൽ… കൊർഡോബയും സമർഖന്തും ബുഖാറയും ഡമസ്‌കസും… ചീഞ്ഞളിഞ്ഞ പാശ്ചാത്യൻ സംസ്‌കാരത്തെ തൊണ്ടതൊടാതെ പുൽകുന്ന ആധുനിക യുവത…” പണ്ടേതോ സാഹിത്യ സമാജത്തിനെഴുതിക്കിട്ടി കാണാപാഠം പഠിച്ച വാക്കുകളാണ് പ്രസംഗകനെ തള്ളിമാറ്റിക്കൊണ്ട് തൊണ്ടയിൽനിന്ന് ലീക്കടിക്കുന്നത്. അയാൾ വാക്കുകളെ നിയന്ത്രിക്കുന്നേയില്ല; വാക്കുകൾ അയാളെ നിരായുധനാക്കുകയാണ്. എന്നാലും, ഈ സദസ്സിലെ ഏറ്റവും കെങ്കേമമായ പ്രസംഗം നടത്തിയ ആൾ ഞാനാണ്, എല്ലാവർക്കുമൊന്നും ഇങ്ങനെയാകില്ല എന്ന വല്യ നാട്യത്തോടെയാണ് ആൾ ഇരിക്കുന്നതെന്ന് “ഇരുത്തഭാവത്തിന്റെ ഛിന്നശാസ്ത്രം” ( Semiotics of sitting Posture) എന്ന ബുക്ക് വായിച്ച ആർക്കുമറിയാം.
പിന്നെ വന്നത് പച്ചക്കോങ്ക്രസുകാരനായ ഒരു ദേശീയ മുസ്‌ലിമാണ്. മുഹമ്മദ് നബി ചൈനയിൽ പോയെങ്കിലും ബുക്ക് വാങ്ങി വായിക്കാനും രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമെന്നും എന്നൊക്കെയുള്ള ഭാഗങ്ങൾ പറഞ്ഞു. എവിടെയും തൊടാത്ത തീർത്തും നിരുപദ്രകരമായ ഏതാനും വാക്കുകൾ, കൂപ്പുകൈകളോടെ ആശംസ ചൊരിഞ്ഞു. പിന്നീട് വന്നത്- അപ്പോഴേക്ക് സമയമെത്രയായെന്നറിയോ? പന്ത്രണ്ടേ മുപ്പത്തേഴ്!- സാംസ്‌കാരിക പ്രതിനിധിയാണ്. ആൾ മാപ്പിളയാണെങ്കിലും തുണി ഞെരിയാണിക്ക് മടമ്പും കടന്ന് കാൽപാദം മൊത്തം മൂടിയിട്ടും ചുറചുറയായി കൂനിക്കിടക്കുന്നു. വായനയെ പറ്റിപ്പറഞ്ഞുതുടങ്ങി തകഴി- കേശവദേവ്- മുട്ടത്തുവർക്കിയിലൂടെ വന്ന് അയ്യപ്പൻ- ചുള്ളിക്കാട്- റഫീക്ക് അഹമ്മദ് കവിതകളിലൂടെ ഉയർന്നിറങ്ങി ആൾ പെട്ടെന്ന് മതമൗലികവാദത്തിലേക്കും ഐ എസിന്റെ കേരള കണ്ണിത്വത്തിലേക്കും പിടുങ്ങനെ വഴുതി. “മതമാണ് മതമാണ് മതമാണ് പ്രശ്‌നം” എന്ന ഹൈലൈറ്റ് പറയാതെ പറഞ്ഞിട്ട് അയാൾ “വായനയുടെ വരിഷ്ട വിഹായസ്സിലേക്ക് സദസ്യരെ ആനയിക്കാൻ സംഘടിപ്പിച്ച ഈ വിശിഷ്ട വേദിക്ക് ഹൃദയസന്ധിയായ ആശംസകളുടെ ആയിരമായിരം പൂചെണ്ടുകൾ” അർപ്പിച്ച് ഉപസംഹാരിച്ച നേരം സദസ്സിലെ ആറിലധികം പേർ ശക്തമായ കടികാരണമായിരിക്കണം, വൃഷ്ണസഞ്ചി ചൊറിയുന്നവരായി കാണപ്പെട്ടു!
കന്നാസിൽ കോരേണ്ടത് എങ്ങനെ പിഞ്ഞാണത്തിലൊതുക്കും എന്നോർത്ത് സമയ നഷ്ടപരമായ ആധിയിൽ ഞാൻ വെന്തുരുകുന്നതിനിടെ സ്റ്റേജിന്റെ ഇടതുഭാഗത്തുള്ള വാതിലിൽ ആളനക്കം. നോക്കുമ്പോൾ ഏതോ ബഹുമാന്യൻ മറ്റുള്ളവരാൽ പിടിച്ച് താങ്ങി സഹായിക്കപ്പെട്ട് വേദിയിലേക്ക് മന്ദം മന്ദം കടന്നുവരികയാണ്. നല്ല പ്രായമുണ്ട്. ജരാനരകൾ ഇഷ്ടംപോലെ. മുഖത്ത് നല്ല ക്ഷീണമുണ്ട്. കഠോരമായ വയറിളക്കം പറ്റിയാൽ നമുക്കില്ലേ ഒരു വിളർച്ച വരൽ- അതുപോലെ! മുഖഭാവത്തിന്റെ ഛിന്നശാസ്ത്രം വായിക്കാതെ തന്നെ ഞാനുറപ്പിച്ചു, ആൾക്ക് ലൂസ്‌മോഷനാണെന്ന്.
ഇത് ഒടുക്കത്തെ ആശംസയായിരിക്കണം! ഇരുന്നു പറഞ്ഞാ മതി എന്ന് പറഞ്ഞത് കൂട്ടാക്കാതെ മൂപ്പർ പീഠത്തിലേക്ക് ഏന്തി നടക്കുകയാണ്. കുപ്പായ കൈയിൽ പറ്റിയ കൂട്ടാൻ കറ എല്ലാവർക്കും ദൃശ്യമാകുന്നുണ്ട്. പല്ലില്ലാ മോണയിലൂടെ വഴുതിക്കൊണ്ടെത്തുന്ന വാക്കുകൾ പക്ഷേ തീരെ ഗ്രാഹ്യയോഗ്യമല്ല. “തിരുക്കുറളിൽ” നിന്നും ഉപനിഷത്തുകളിൽനിന്നുമൊക്കെ എന്തൊക്കെയോ ഉദ്ധരിക്കുന്നുണ്ട്.
വായനശാല നിർമിക്കാൻ തന്റെ മകൻ നടത്തിയ ശ്രമങ്ങളും അവൻ പാർട്ടിക്കാരാൽ കൊലചെയ്യപ്പെട്ടതും സൂചിപ്പിക്കുന്നുണ്ട്. ജ്യോതിഷരത്‌നമായിരുന്ന അച്ഛന്റെ ഓഫീസ്മുറി നിറച്ച് കവിതാസമാഹാരങ്ങളായിരുന്നു എന്നുംകൂടി ചേർത്ത് പറയുമ്പോഴേക്ക് അദ്ദേഹത്തിന്റെ നാക്കുകുഴഞ്ഞു. ഇരിക്കണമെന്ന് തോന്നി കൈകൊണ്ട് പിന്നിൽ തപ്പി. സദസ്സിലുള്ളവർ ചേർന്ന് കസേര നീക്കിവെക്കുമ്പോഴേക്കും അയാൾ അറിയാതെ അൽപ്പം തൂറിപ്പോയി! കൂട്ടിന് വന്ന, കഴുത്തോളം മുടിവെട്ടിയ മകന്റെ ഭാര്യ ദേഷ്യം കൊണ്ട് പല്ലുകടിക്കുന്നുണ്ട്, പ്രാകുന്നുണ്ട്. ഒരുവിധം അദ്ദേഹത്തെ ഇറക്കി. നന്ദിപറഞ്ഞ് ഉദ്ഘാടന സെഷൻ വൈൻഡപ്പിട്ട് ടോക്ക് തുടങ്ങാൻ നോക്കുമ്പോഴേക്കും പതിനെട്ട് മിനുട്ട് ബാക്കി. വരാന്തയിൽ ചായയും ഉണ്ണിയപ്പവും എത്തുകയും ചെയ്തു. അന്നം കാണാത്ത അഭയാർഥികളെ പോലെ എല്ലാരും അങ്ങോട്ടുനീങ്ങി.
പിഞ്ഞാണത്തിൽ ഒഴിക്കേണ്ടത് എങ്ങനെ കുറുക്കി കുപ്പിയുടെ മൂടിയിലൊഴിക്കാം എന്നാണ് ഞാനാലോചിക്കുന്നത്. അമർഷം കൊണ്ട് എന്റെ കോശങ്ങൾക്ക് തീപ്പിടിച്ചു. “ഇത് നിങ്ങളുടെ അവസാനത്തെ പരിപാടി ആയിപ്പോവട്ടെ. ഇനി മേലാൽ നിങ്ങൾക്കിങ്ങനെ ഒരു പരിപാടി നടത്താൻ ആവതുണ്ടാവാതെ നിങ്ങളുടെയൊക്കെ ആയുസ്സ് ചുരുങ്ങിപ്പോവേേേേണ…” എന്ന് പബ്ലിക്കായി പ്രാക്ക് പ്രാർഥന നടത്തി, ഇറങ്ങിയോടിയാലോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി.
സീനിയർ സഹപ്രവർത്തകനായ ഡോ. അബ്ദുർറഹ്മാൻ സർ ബാങ്കോക്കിൽ ഇന്റർനാഷനൽ സെമിനാറിൽ പങ്കെടുത്ത വാർത്ത കേട്ടിട്ട് അതിശയമായി. സ്വാഗതവും അധ്യക്ഷനും ഉദ്ഘാടനവും വെളിച്ചണ്ണപാരലും തിരികൊളുത്തലും ആശംസ ആക്രമണങ്ങളൊന്നുമില്ലാതെ ഓരോരുത്തർ അവരവരുടെ ഊഴമാവുമ്പോൾ അവർ കൊണ്ടുവന്ന ഗവേഷണ പ്രസംഗത്തിന്റെ കോർ ചുരുക്കിയവതരിപ്പിക്കുന്നു. തുടർന്ന് അതിൽപ്രതി ഡിസ്‌കഷൻ നടക്കുന്നു- അങ്ങനെ.
നമുക്ക് അങ്ങനെ വേണമെന്ന് ആശിക്കണമെന്നില്ല. ഒരു കൊച്ചു സ്വാഗതം/ ഒരുദ്ഘാടനം/ ഒരു അധ്യക്ഷപ്രസംഗം. വേണേ ഒന്നോ രണ്ടോ ആശംസയുമൊക്കെയാകാം. പക്ഷേ, ഇത്രയേറിപ്പോവരുത് എനിക്കുണ്ടായ ഒരു ഗതികേട് നിങ്ങൾക്കാർക്കും ഉണ്ടാകരുതെന്ന നല്ല മനസ്സുകൊണ്ടാണിത് പറയുന്നത്. പരിപാടിക്ക് മൊത്തത്തിൽ ഒരു ഗാംഭീര്യം കിട്ടാനൊക്കെ അത് നല്ലതാണ്. എന്ന് കരുതി കല്യാണം കെങ്കേമമാക്കി ഖാനോത്ത് മറന്നുപോകുന്ന അശ്ലീലത അനുവദിക്കാനേ പറ്റില്ല!
മുഖ്യപരിപാടിയുടെ കോപ്പും ഗാംഭീര്യവും കൂട്ടാതെ പറ്റില്ല! ആശംസാദി അലങ്കാരങ്ങൾ മുഖ്യപ്രഭാഷണത്തിൽ നിന്ന് ശ്രദ്ധ തെറ്റിച്ചുകളയുന്ന അശ്രീകരങ്ങളാകരുത്. അത്യാവശ്യകാര്യങ്ങൾക്ക് മേൽ ചാർത്തുന്ന അലങ്കാരങ്ങൾ അനാവശ്യങ്ങളിലേക്ക് നയിക്കാം. ആശംസാപ്രസംഗകരെ കാത്തുകാത്തിരുന്ന് മുഖ്യപ്രഭാഷണം കുളമാകാം. ആശംസക്ക് പേരുകൊടുത്തതിലെ ഫോണ്ട് വ്യത്യാസം, സൈസ് കുറവ്, വിളിച്ചതിലെ പിൻഗണനാക്രമം എന്നിവ ആധാരപ്പെടുത്തിയുള്ള അനന്തര പ്രശ്‌നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് അമിതാലങ്കാരങ്ങളും അനാവശ്യ പൊടിപ്പുകളും ആവത് ഒഴിവാക്കുകയാണ് നല്ലത്. അത് ഒരാശംസ പ്രസംഗത്തിന്റെ കാര്യത്തിൽ മാത്രമല്ല. ഒരാളുടെ ജീവിതത്തിന്റെ തത്വദർശനം അതായിരിക്കണം. ഹദീസിലില്ലേ- അനാവശ്യം ഒഴിവാക്കുക എന്നത് ഒരാളുടെ മതബോധം പഷ്ടായി എന്നതിന്റെ തെളിവാണെന്ന്. ഹസ്‌റത്ത് അലി(റ) പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ആവശ്യമില്ലാത്തത് തേടിപ്പോയാൽ ആവശ്യമുള്ളത് കൈമോശം വരുമെന്ന്.
ഗൾഫിൽ ജോലിക്ക് പോയ ഒരാൾ ഇടക്കിടെ റൂമിലെ പെയ്ന്റ് മാറ്റാനും, കാർപറ്റ് മാറ്റി വിരിക്കാനും റൂഫ് ഡെക്കറേഷൻ ചെയ്ഞ്ചാക്കാനും നിന്നാൽ പിരിലൂസ്/ വേവുകുറവ് എന്നൊക്കെയാണ് നമ്മളെ വിളിക്കുക. കഴിയുന്നത്ര പണിയെടുത്ത് ആവുന്നത്ര പണം നേടുക എന്നതാണ് നാടും വീടും വിട്ടുള്ള പ്രവാസത്തിന്റെ ലക്ഷ്യം. ഈ ജീവിതവും ഒരർഥത്തിൽ ഒരു പ്രവാസമാണല്ലോ. നമുക്കൊരു മറുലോകത്തേക്ക് യാത്രപോകാനുണ്ടല്ലോ. അവിടേക്ക് ആവുന്നത്ര പൊന്നും പണവും കോരി നിറക്കലാണല്ലോ നമ്മുടെ പണി. ഒരു ചോറിന് അഞ്ചാറ് കൂട്ടാനുണ്ടാക്കി വീടിന് പകരം ഒരു കൊച്ചു മെഡിക്കൽ കോളജുണ്ടാക്കി, ലളിത വിവാഹ ചടങ്ങിന് പകരം ജില്ലാ സമ്മേളനമാക്കി ജീവിതസത്യത്തിന്റെ മുഖ്യമർമത്തിൽനിന്ന് നാം തെന്നിപ്പോവുന്നുണ്ടോ എന്ന് ചിന്തിക്കാനും ഈ ആശംസാപ്രളയ പരിപാടി വകനൽകുന്നുണ്ട്. ഇല്ലേ?