Kerala
കണ്ണടച്ച് തുറക്കും മുമ്പേ എല്ലാം നിലം പൊത്തും

കൊച്ചി | പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ നാളെ കണ്ണടച്ച് തുറക്കും മുമ്പേ നിലം പൊത്തും. ഗോൾഡൻ കായലോരം ആറ് സെക്കൻഡിനകം തകർന്ന് തരിപ്പണമാകും. ജെയിൻ കോറൽ കോവ് എട്ട് സെക്കൻഡ് കൊണ്ടാണ് മണ്ണോട് ചേരുക. എച്ച് ടു ഒ ഒമ്പത് സെക്കൻഡ് കൊണ്ടും തകരും. സംഭവം കാണുന്നവർക്ക് എന്താണ് നടക്കുന്നതെന്നുപോലും വ്യക്തമാകാത്ത രീതിയിലായിരിക്കും കൂറ്റൻ കെട്ടിടങ്ങളുടെ തകർച്ചയുണ്ടാവുക. പൊടിപടലങ്ങൾ മാത്രമേ ഈ സമയം കാണാനാകൂ.
[irp]
ആദ്യ സ്‌ഫോടനത്തിന് പിന്നാലെ 17 മില്ലി സെക്കൻഡ്, 25 മില്ലി സെക്കൻഡ്, 200 മില്ലി സെക്കൻഡ് എന്ന വ്യത്യാസത്തിലാണ് വിവിധ നിലകളിലെ സ്‌ഫോടനങ്ങളുണ്ടാവുക. ചതുപ്പ് സ്ഥലമായതിനാൽ സ്‌ഫോടനത്തിന്റെ ആഘാതം കുറവായിരിക്കും. സ്‌ഫോടനം നടക്കുമ്പോൾ നിയന്ത്രിക്കാനാവാത്തത് പൊടി മാത്രമാണ്. പൊടി ശമിപ്പിക്കാനായി ഫയർ എൻജിൻ വെള്ളം ചീറ്റും. കെട്ടിടത്തിൽ സ്‌ഫോടനത്തിന് തുടക്കമിടുന്ന ബ്ലാസ്റ്റിംഗ് സംഘത്തിൽ അഞ്ച് പേരുണ്ടാകും. ഫ്ലാറ്റിൽ നിന്ന് 100 മീറ്ററോളം മാറി തയ്യാറാക്കുന്ന ബ്ലാസ്റ്റ് ഷെഡിൽ ഇവർ നിലയുറപ്പിക്കും. ആളുകളെ ഒഴിപ്പിക്കുന്ന 200 മീറ്റർ ചുറ്റളവിലുണ്ടാകുന്ന ഏക സംഘവും ഇവരായിരിക്കും.
[irp]
ജെയ്ൻകോവിന്റെ രണ്ട് വശവും കായലായതിനാൽ ആ ഭാഗത്തേക്ക് പൊട്ടിക്കില്ല. ഇതിനടുത്തുള്ള വീടുകളെയും രക്ഷിച്ചായിരിക്കും തകർക്കൽ. അതിനാൽ 49 ഡിഗ്രി ചരിച്ചാണ് ഈ കെട്ടിടം വീഴ്ത്തുക. ഫ്ലാറ്റിന്റെ പിറകുവശത്തേക്കാണിത് വീഴ്ത്തുന്നത്. വെള്ളത്തിലേക്ക് വീഴാതിരിക്കാൻ വേണ്ടിയാണിത്. എച്ച് ടു ഒ ഇ കെട്ടിടം വീഴ്ത്തുന്നത് രണ്ട് ഭാഗത്തേക്കാണ്. അടുത്തുകൂടി പൈപ്പ് ലൈൻ പോകുന്നതിനാലാണിത്. കായലിന്റെ വശത്ത് നിന്നാണ് ഇതുപൊട്ടിച്ചു തുടങ്ങുക. ഇവ പൈപ്പ് ലൈനിന്റെ വശത്തേക്കും വീഴും. ഗോൾഡൻ കായലോരം പ്രശ്‌നങ്ങളൊന്നുമില്ലാതെ പൊളിക്കുന്ന ഫ്ലാറ്റാണ്. കെട്ടിടം തകരുന്നത് വ്യക്തമാകാൻ ദൃശ്യങ്ങൾ ഒപ്പിയെടുക്കും. എട്ട് ക്യാമറയും നാല് ഡ്രോണും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.