Connect with us

Eranakulam

മരടിൽ പൊടി പേടിച്ച് സമീപ വീടുകൾ പൊതിഞ്ഞുകെട്ടി

Published

|

Last Updated

കൊച്ചി | മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ തട്ടാതിരിക്കാൻ സമീപത്തെ വീടുകൾ ഭദ്രമായി പൊതിഞ്ഞുകെട്ടി. ആൽഫ ഫ്ലാറ്റിന് സമീപമുള്ള മൂന്ന് വീടുകളാണ് ടാർ പായ ഉപയോഗിച്ച് മൂടിയത്. കാരോട്ട് ഹരിശ്ചന്ദ്രൻ, കാരോട്ട് അനൂപ്, ആന്റണി നടുവിലേവീട്ടിൽ എന്നിവരുടെ വീടാണിത്. ജനാലകളും കതകുകളും പ്രത്യേകം പൊതിഞ്ഞിട്ടുണ്ട്. കാരോട്ട് ഹരിയുടെ വീട്ടിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.

[irp]

വീട്ടുടമകളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു മൂടൽ. ആൽഫ ഫ്ലാറ്റിന് എതിർവശത്തുള്ള ഫ്ലാറ്റും മൂടിക്കഴിഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് സമീപത്തെ വീടുകൾ മൂടുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. സബ് കലക്ടർ ഉൾപ്പെടെയുള്ളവർ പൊളിച്ചുനീക്കുന്ന ഫ്ലാറ്റുകളിൽ വന്നുപോകുന്നുണ്ടെങ്കിലും സമീപത്തെ വീടുകളിൽ സന്ദർശിക്കുന്നില്ലെന്നാണ് പരിസരവാസികളുടെ പരാതി.ഫ്ലാറ്റ് നിലം പതിക്കുമ്പോഴുണ്ടാകുന്ന സിമന്റിന്റെയും മറ്റും പൊടി അലർജി സ്വഭാവമുള്ളവർക്ക് പ്രശ്‌നമുണ്ടാക്കിയേക്കും. ഇത്തരം പൊടി ശരീരത്തിനുള്ളിലേക്ക് വന്നാലും തൊലിപ്പുറത്ത് വീണാലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നു.

[irp]

എക്‌സിമയുടെ വകഭേദമുള്ളവർ കടുത്ത ജാഗ്രത പുലർത്തണം. പതിവ് മരുന്നുകൾ ഉപേക്ഷിക്കരുത്. ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ചികിത്സ വൈകരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്‌ഫോടനം ശബ്ദം നന്നേ കുറച്ച്

മരട് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയായതിനാൽ ശബ്ദ നിയന്ത്രണം ഉണ്ടായേക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർക്കുന്നതിനാൽ കേൾവിയുമായി ബന്ധപ്പെട്ട ആശങ്കയുണ്ടാകില്ലെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. ചെറിയ ഇടവേളകളിലാണ് സ്‌ഫോടനമെന്നതിനാൽ വെടിക്കെട്ടുകളുടെ പോലും ശബ്ദമുണ്ടാകില്ല. എന്നാൽ സ്‌ഫോടനം നടക്കുന്നതിന്റെ പരിസരങ്ങളിൽ ആരും പോകരുതെന്ന് നിർദേശമുണ്ട്.

[irp]

രാവിലെ ഒമ്പത് മുതൽ നിരോധനാജ്ഞ

സ്‌ഫോടനം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതൽ പ്രദേശത്ത് നിരോധനാജ്ഞ നിലവിൽ വരും.
അതീവ പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഉണ്ടാവുക. ഇന്ന് മോക്ഡ്രിൽ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തും.

[irp]

35 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ്

മരട് ഫ്ലാറ്റ് പൊളിക്കലിനെ തുടർന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള 57 കുടുംബങ്ങളിൽ 35 കുടുംബങ്ങൾക്ക് തുക അനുവദിച്ച് സർക്കാർ ഉത്തരവ്.
എട്ട് കോടി 75 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഈ തുക ഫ്ലാറ്റുടമകളുടെ അക്കൗണ്ടിൽ ഉടൻ ലഭിക്കും. ഫ്ലാറ്റ് സമുച്ചയങ്ങൾ നാളെ പൊളിക്കാനിരിക്കെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകൾ സമരത്തിന് ഒരുങ്ങിയിരുന്നു.
25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് നാല് മാസം മുമ്പ് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്.

കുടിയിറക്കപ്പെടുന്നവർക്ക് 25 ലക്ഷം രൂപ പ്രാഥമിക നഷ്ടപരിഹം നൽകണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇത് ചിലർക്ക് മാത്രമായി ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റി പരിമിതപ്പെടുത്തിയതോടെയാണ് ഒക്ടോബറിൽ എല്ലാവർക്കും 25 ലക്ഷം നൽകണമെന്നും നാല് ആഴ്ചക്കകം നഷ്ടപരിഹാരം കൊടുത്ത് തീർക്കണമെന്നും കോടതി ഉത്തരവിട്ടത്.

[irp]

സുരക്ഷാ ക്രമീകരണം: ഫ്ലാറ്റുകളിൽ പരിശോധന നടത്തി

മരടിലെ ഫ്ലാറ്റ് സമുഛയങ്ങൾ സ്‌ഫോടനത്തിന് സജ്ജമായതോടെ സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുന്നതിൽ അതീവ ജാഗ്രത. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പോലീസ് കമ്മീഷനർ ഐ ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഫ്ലാറ്റുകളിൽ പരിശോധന നടത്തി. നിശ്ചയിച്ച പ്രകാരം ഫ്ലാറ്റുകളിൽ സുരക്ഷിതമായി സ്‌ഫോടനം നടക്കുമെന്ന് വിജയ് സാക്കറെ അറിയിച്ചു. ഗോൾഡൻ കായലോരം ഫ്ലാറ്റിലാണ് ഏറ്റവും അവസാനമായി സ്‌ഫോടക വസതുക്കൾ നിറച്ചത്. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതിലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.