Connect with us

Articles

എല്ലാം ‘ശാന്തം'; പക്ഷേ പ്രവേശനമില്ല

Published

|

Last Updated

പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിയോ ഇല്ലയോ എന്ന് പോലും അറിയാത്ത വിധം ദൃശ്യ, ശ്രാവ്യ, സാമൂഹിക മാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണമായ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ മുഖം രക്ഷിച്ചെടുക്കാന്‍ പുതിയ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണിപ്പോള്‍. ഡല്‍ഹി ആസ്ഥാനമായുള്ള 20 നയതന്ത്ര പ്രതിനിധികളുടെ സംഘത്തെ ശ്രീനഗറിലേക്ക് അയക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ക്ഷണം നല്‍കിയിരിക്കുകയാണ്. ആഗസ്റ്റ് നാലിന് ശേഷം രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്താണെന്ന് പോലും അറിയാത്ത വിധം ഇന്റര്‍നെറ്റ് പാടെ വിച്ഛേദിച്ച് കൂട്ടിലടക്കപ്പെട്ട പക്ഷിയെപോലെ “വളരുകയാണ്” ഒരു ജനത. നേരത്തേ തന്നെ പ്രശ്‌ന ബാധിതമല്ലാത്ത ചില പ്രദേശങ്ങളില്‍ അങ്ങിങ്ങായി ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു എന്നല്ലാതെ ഇനിയും ധാരാളം പ്രദേശങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാതെ “ഡിജിറ്റല്‍ ഇന്ത്യ”യില്‍ അലയുകയാണ്.

കഴിഞ്ഞ ഒക്ടോബറില്‍ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ നടത്തിയ കശ്മീര്‍ സന്ദര്‍ശനം ഏറെ വിവാദമായിരുന്നു. ക്ഷണിതാക്കള്‍ ആരെന്നുള്ള അവ്യക്തത പോലും നിലനിന്നിരുന്നു. ഇപ്പോള്‍ പ്രതിനിധി സംഘത്തെ ശ്രീനഗറിലേക്ക് അയക്കുന്നതിന് കാര്‍മികത്വം വഹിക്കുന്നത് വിദേശകാര്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളാണ്. കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ഈ സന്ദര്‍ശനത്തില്‍ കേന്ദ്രം കിണഞ്ഞു പരിശ്രമിക്കുക ഒരു ലക്ഷ്യത്തിനു വേണ്ടിയായിരിക്കും. ചരിത്രപരമായ കാരണങ്ങളാല്‍ കശ്മീരിന് നല്‍കപ്പെട്ട പ്രത്യേക പദവി റദ്ദാക്കിയത് ശരിയായ തീരുമാനമാണെന്നും അശാന്തമായ കശ്മീരിനെ ശാന്തമാക്കിയെന്നും വരുത്തിത്തീര്‍ക്കുക. ഇതിലൂടെ കശ്മീര്‍ ജനതയോട് ചെയ്ത അനീതികള്‍ക്ക് നീതീകരണം തേടുകയുമാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍തന്നെ തിരഞ്ഞെടുക്കുന്ന നയതന്ത്ര പ്രതിനിധികള്‍ സൈനിക അകമ്പടിയില്‍ നേരത്തേ തീരുമാനിച്ചുറച്ച കേന്ദ്രങ്ങളില്‍ വളരെ ആസൂത്രിതമായി എത്തുകയും നേരത്തേ കണ്ടെത്തിയവരോട് കുശലാന്വേഷണം പറയുന്ന പടങ്ങളും അവരുടെ എഡിറ്റ് ചെയ്ത അഭിപ്രായങ്ങളും മാത്രം പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍ കളിക്കുന്ന ഷേക്‌സ്പിയറിയന്‍ ഡ്രാമയാകുമോ ഇത് എന്നതാണ് സന്ദര്‍ശനത്തിലെ പ്രധാന ആശങ്ക. കശ്മീരിന്റെ മണ്ണും മനസ്സും വായിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ ഈ സന്ദര്‍ശനത്തെ സ്‌പോണ്‍സേഡ് നാടകമാക്കുമോ? വസ്തുതകളെ കൃത്യമായി അവലോകനം ചെയ്ത് ജനമനസ്സുകളെ വായിക്കാന്‍ കഴിയുമ്പോഴേ ഇത്തരം സന്ദര്‍ശനങ്ങള്‍ അര്‍ഥപൂര്‍ണമാകൂ.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ സര്‍വായുധ സജ്ജരായ സൈനികരുടെ വലയത്തില്‍ വിദേശ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തുന്നത് തന്നെ ആത്യന്തികമായി പരിമിതിയെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കനത്ത സുരക്ഷാ വലയത്തില്‍ രണ്ട് കശ്മീരികളെയും കണ്ട്, സംസാരിച്ച്, കശ്മീര്‍ ജനതയാകമാനം പ്രസ്തുത നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. വസ്തുതകളെ അനാവരണം ചെയ്യപ്പെടാതെ പോകുന്ന ഇത്തരം ഗിമ്മിക്കുകളുടെ തുടര്‍ച്ചയായി മാറരുത് പുതിയ നീക്കമെന്ന് പ്രത്യാശിക്കാം. രാജ്യത്തിനകത്തെ ഒരു പ്രദേശത്തേക്ക് നിങ്ങളാരും പോകരുത്; ബി ജെ പിയും സൈനികരും അവരുടെ പ്രതിനിധികളും മാത്രം പോയാല്‍ മതി എന്നാക്രോശിക്കുന്ന “ജനാധിപത്യം” അവകാശപ്പെടുന്ന “ശാന്തത” എന്താണെന്ന് നിഷ്പ്രയാസം മനസ്സിലാക്കാം. രാജ്യത്തെ എത്ര രാഷ്ട്രീയ പ്രതിനിധികളെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സൈനികരും പോലീസും ചേര്‍ന്ന് ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചത്? “സാധാരണ ജീവിതം” നയിക്കുന്ന ജനങ്ങളോട് പോലും സംവദിക്കാന്‍ അനുവദിക്കാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ തിരിച്ചയക്കുകയായിരുന്നു.

[irp]

രാജ്യത്ത് അരങ്ങേറുന്ന ഇത്തരം ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന ഇടതുപക്ഷ നേതാക്കളാണ് സീതാറാം യെച്ചൂരിയും ഡി രാജയും. കശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയും അസുഖ ബാധിതനായി കിടക്കുന്ന പാര്‍ട്ടി അംഗം മുഹമ്മദ് യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയും ഇവര്‍ ആഗസ്റ്റ് എട്ടിന് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞുവെക്കുകയായിരുന്നു. ഒരു പ്രമുഖ ദേശീയ പാര്‍ട്ടിയുടെ നേതാവിന്റെ അവസ്ഥ ഇപ്രകാരമാണെങ്കില്‍ അവകാശ നിഷേധങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുന്ന സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പത്തിലധികം വരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ സ്വതന്ത്ര ഇന്ത്യയിലെ കശ്മീരില്‍ കാലുകുത്താന്‍ അനുവദിക്കാതെ ശ്രീനഗര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ തടവിലാക്കി, പിന്നീട് തിരിച്ചയച്ചത് എത്ര ആശ്ചര്യകരമാണ്. ഇവരില്‍ ഗുലാം നബി ആസാദും ഉണ്ടായിരുന്നു എന്നതാണ് ഏറെ കൗതുകകരം. കശ്മീരിലെ ബലേസയില്‍ ജനിച്ച പൗരനാണ് ഗുലാം നബി ആസാദ്. ഇത്രമേല്‍ വിരോധാഭാസമാണ് വര്‍ത്തമാന ജനാധിപത്യം.
ഇപ്പോള്‍ 20 നയതന്ത്ര പ്രതിനിധികളുടെ സംഘത്തെ ശ്രീനഗറിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നത് പൂര്‍ണമായും സൈനിക സംരക്ഷണത്തിലാണ്. ഈ പ്രതിനിധികളുമായി സംഭാഷണം നടത്തുന്ന കശ്മീരിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നേരത്തേ സംസാരിച്ചിട്ടുമുണ്ട്. എത്രമേല്‍ ആസൂത്രിതമാണ് ഈ നീക്കമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ചില പ്രതിനിധികള്‍ നിസ്സഹകരണവും വിയോജിപ്പും അറിയിച്ചിട്ടുണ്ട്. എന്തിനെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്ര ഭയപ്പെടുന്നത്? നിഗൂഢതയില്ലാത്ത ഒരു പ്രദേശത്തേക്ക് ഇത്രമേല്‍ സുരക്ഷാകവചം തീര്‍ത്ത് പ്രതിനിധികളെ അയക്കുമ്പോള്‍ ഭരണകൂടം എന്തൊക്കെയാണ് മറച്ചുവെക്കുന്നത്?

[irp]

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി ഏഴിന് ഖബറിടം സന്ദര്‍ശിക്കാനൊരുങ്ങിയ പൗത്രി ഇല്‍ത്തിഫ മുഫ്തിയെ പ്രത്യേക സുരക്ഷാ വിഭാഗം തടഞ്ഞു വെച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയുടെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പോലും നിഷേധിച്ച ഈ ജനാധിപത്യവിരുദ്ധത എത്രമാത്രം പ്രതിഷേധാര്‍ഹമാണ്. ഇല്‍ത്തിഫയുടെ മാതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആഗസ്റ്റ് അഞ്ച് മുതല്‍ ശ്രീനഗറിലെ സബ്ജയിലില്‍ തടവിലാണ്. ചെയ്ത അപരാധം എന്തെന്ന് പോലും നിശ്ചയമില്ലാത്ത അസംഖ്യം രാഷ്ട്രീയ നേതാക്കളെയാണ് തടവറയില്‍ തളച്ചിട്ടിരിക്കുന്നത്. ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും സ്വാതന്ത്ര്യ നിഷേധത്തിനും രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം നല്‍കിയ പേരാണ് “ജനാധിപത്യം”.
കടുത്ത നിരാശാബോധം വരിഞ്ഞു മുറുക്കിയ ഒരു ജനതയുടെ ആകെത്തുകയാണ് കശ്മീര്‍. സ്വന്തം രാജ്യത്ത് സ്വതന്ത്രമായ സഞ്ചാരം പോലും നിഷേധിക്കപ്പെട്ട് കാരാഗൃഹത്തില്‍ മോചനത്തിന്റെ സുന്ദര നിമിഷവും കാത്ത് പ്രതീക്ഷയോടെ കഴിയുന്ന രാഷ്ട്രീയ പ്രതിനിധികള്‍ കശ്മീരിലുണ്ട്. സ്വന്തം വീടിനെ സൈന്യം തടവറയായി പ്രഖ്യാപിച്ചത് കൊണ്ട് ഗൃഹം കാരാഗൃഹമായ ഹതഭാഗ്യര്‍. ഇവരൊക്കെ വിദേശ പ്രതിനിധികളുടെ കണ്ണിലുടക്കുമോ എന്നതാണ് സുപ്രധാന ചോദ്യം.

Latest