Kozhikode
ചെറുത്തുനിൽപ്പിന് കരുത്ത് പകർന്ന് എസ് വൈ എസ് യുവജന റാലി
താമരശ്ശേരി | മലയോരത്തിന്റെ സിരാകേന്ദ്രമായ താമരശ്ശേരിയെ പാൽക്കടലാക്കി യുവജനങ്ങൾ ആർത്തിരമ്പി എത്തിയപ്പോൾ അത് പുതു ചരിതമായി. പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തിൽ എസ് വൈ എസ് ജില്ലാ കമ്മിറ്റി താമരശ്ശേരിയിൽ നടത്തിയ യുവജന റാലി സംഘബോധത്തിന്റെ കരുത്തും പ്രതിരോധത്തിന്റെ നിശ്ചയദാർഢ്യവും വിളിച്ചോതി.
രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച പ്രവാചകരുടെ അനുയായികളെ പൗരത്വത്തിന്റെ പേരിൽ രാജ്യത്ത് നിന്ന് പുറത്താക്കാമെന്ന മോഹം നടക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് റാലി കടന്നുപോയത്.
വൈകീട്ട് 4.50ന് താഴേ പരപ്പൻപൊയിലിലെ പ്രതിനിധി സമ്മേളന നഗരിക്ക് സമീപത്തുനിന്ന് ആരംഭിച്ച റാലിയുടെ മുൻനിര സമാപന സമ്മേളന നഗരിയായ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ഗ്രൗണ്ടിൽ എത്തിയപ്പോഴും നൂറുകണക്കിന് ആളുകൾ റാലിയിൽ അണിനിരക്കാൻ പരപ്പൻപൊയിലിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഒരു മണിക്കൂറിലേറെ സമയമെടുത്താണ് റാലി ഒരുപോയിന്റ് കടന്നു പോയത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് റാലിയുടെ മുൻനിരയിൽ അണിനിരന്നത്. ഇവർക്കുപിന്നിലായി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കർമരംഗത്തിറങ്ങുന്ന സന്നദ്ധ സേനയായ ടീം ഒലീവ് അംഗങ്ങൾ അണിനിരന്നു. രണ്ടായിരത്തോളം ഒലീവ് അംഗങ്ങളാണ് പ്രത്യേക യൂനിഫോമിൽ സമസ്തയുടെ പതാകയുമേന്തി റാലിയിൽ അണിനിരന്നത്.
ഇവർക്കുപിന്നിലായി സോൺ, സർക്കിൾ നേതാക്കളും ആയിരക്കണക്കായ പ്രവർത്തകരും അടിവെച്ചു നീങ്ങി.
“സായിപ്പിനെ തുരത്തി ഓടിച്ച, ഹിന്ദു മുസ്‌ലിം ഭായീ ഭായീ, ഉയർത്തിക്കെട്ടിയ സ്‌നേഹ പതാക, ഇന്ത്യാരാജ്യത്തുയർന്നു പാറും, കുങ്കുമ ധവള ഹരിത പതാക, താഴ്ത്തിക്കെട്ടാൻ ആവില്ല”…..തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്.
പ്രതിഷേധം ആളിക്കത്തുമ്പോഴും തികഞ്ഞ അച്ചടക്കവും സാഹിത്യ സമ്പന്നമായ മുദ്രാവാക്യങ്ങളും റാലിയെ വേറിട്ടതാക്കി. താമരശ്ശേരി പോസ്റ്റോഫീസിന് മുൻവശത്തെ ഗ്രൗണ്ടിലാണ് റാലി സമാപിച്ചത്.
റാലി ഇവിടെ എത്തും മുമ്പ് തന്നെ നൂറുകണക്കിന് മുസ്്ലിം ജമാഅത്ത് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
തുടർന്ന് നടന്ന സമാപന സമ്മേളനം കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ മുഖ്യ പ്രഭാഷണം നടത്തി.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സമസ്ത വൈസ് പ്രസിഡന്റ്് സയ്യിദ് അലി ബാഫഖി പ്രാർഥന നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് വള്ളിയാട് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.
കെ കെ അഹമ്മദ് കുട്ടി മുസ്്ലിയാർ, സി മുഹമ്മദ് ഫൈസി, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. എം അബ്ദുൽ മജീദ് പ്രസംഗിച്ചു. സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ, വി പി എം ഫൈസി വില്യാപ്പള്ളി, ടി കെ അബ്ദുർറഹ്്മാൻ ബാഖവി സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അഫ്‌സൽ കൊളാരി സ്വാഗതവും ബി സി ലുഖ്മാൻ ഹാജി നന്ദിയും പറഞ്ഞു.