Editors Pick
അദ്ദേഹത്തെ നിങ്ങൾ വിദേശിയാക്കി; മരിച്ചപ്പോഴെങ്ങനെ സ്വദേശമുണ്ടായി?
ഗുവാഹത്തി | ദേശീയ പൗരത്വ രജിസ്റ്ററി(എൻ ആർ സി)ൽ നിന്ന് പുറത്തായവരെ പാർപ്പിക്കാൻ രാജ്യത്തൊരിടത്തും തടങ്കൽ പാളയങ്ങൾ സംവിധാനിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ച് ദിവസങ്ങൾക്കകമായിരുന്നു അസമിലെ ഗോൽപാര തടവുകേന്ദ്രത്തിലെ തടവുകാരൻ നരേഷ് കോച്ച് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അസമിൽ 2014 മുതൽ തടവുകേന്ദ്രങ്ങളിൽ മരിക്കുന്ന 29ാമത്തെ ആളായിരുന്നു കഴിഞ്ഞ അഞ്ചിന് മരിച്ച നരേഷ്. അദ്ദേഹത്തിന്റെ ജീവിതാവസ്ഥ വളരെ ദയനീയവും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് പറയുന്നു അസമിലെ മനുഷ്യാവകാശ ഗവേഷകനായ അബ്ദുൽ കലാം ആസാദ്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ചരിത്ര പ്രദേശമായി സംരക്ഷിക്കുന്ന സൂര്യ പഹാറിലാണ് നരേഷിന്റെ കുടുംബം താമസിക്കുന്നത്. ഗോൽപാര ജില്ലയിലാണ് ഈ സ്ഥലം. ഇവിടെ നിന്നുള്ള നിരവധി പേർ തടവു കേന്ദ്രങ്ങളിലുണ്ട്. തടവുകേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തവരുണ്ട്. എൻ ആർ സി പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ദിനംപ്രതിയെന്നോണം വിദേശീ ട്രൈബ്യൂണലിൽ കേസിനായി കയറിയിറങ്ങുന്നവരുണ്ട്. വ്യവസ്ഥാപിത ക്രൂരതയുടെയും അനീതിയുടെയും ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഇവയെങ്കിലും നരേഷിന്റെ ജീവിതാനുഭവം ഏറെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം മരിച്ച് മൂന്നാം നാൾ ഇവിടം സന്ദർശിച്ച ആസാദ് പറയുന്നു.
അസമിലെ ഗോത്രവർഗമായ കോച്ചിലെ അംഗമാണ് നരേഷ്. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച അന്തിമ എൻ ആർ സി പട്ടികയിൽ നരേഷിന്റെ മകനും സഹോദരനും ഉൾപ്പെട്ടിട്ടുണ്ട്. പൂർവപിതാക്കൾ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയതാകാമെന്ന് വ്യാപകമായി പ്രചരിക്കപ്പെടുന്ന ബംഗാളി മുസ്‌ലിമോ ബംഗാളി ഹിന്ദുവോ മറ്റേതെങ്കിലും സമുദായമോ അല്ല നരേഷ്. വീട്ടിൽ നിന്ന് ഏറെയകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മത്സ്യഫാമിലെ ജീവനക്കാരനായിരുന്നു നരേഷും രണ്ടാം ഭാര്യ ജിനുവും. മേഘാലയയിലെ ഗാരോ ഗോത്രക്കാരിയാണ് ജിനു. രണ്ട് വർഷം മുമ്പ് ജോലി കഴിഞ്ഞെത്തിയ നരേഷ് മദ്യം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ്, “പ്രഖ്യാപിത വിദേശി”യാണെന്ന് ട്രൈബ്യൂണൽ വിധിച്ചുവെന്ന് പറഞ്ഞ് പോലീസുകാർ പിടിച്ചുകൊണ്ടുപോകുന്നത്. നരേഷിനോ പൂർവ പിതാക്കൾക്കോ അസമുമായി മാത്രമാണ് ബന്ധമെന്ന യാഥാർഥ്യം നിലനിൽക്കെ തന്നെ വിദേശിയായി ട്രൈബ്യൂണൽ വിധിച്ചു.
“പ്രഖ്യാപിത വിദേശീ പൗരനാ”യതോടെ അവകാശങ്ങൾ ഇല്ലാതായി. നരേഷിനെ തടവിലാക്കിയ വിവരം ദിവസങ്ങൾ കഴിഞ്ഞാണ് ജിനുവും ആദ്യ ഭാര്യയിലെ മകൻ ബാബുലാലും അറിയുന്നത്. ഗ്രാമീണർ പറഞ്ഞാണ് ഇവർക്ക് വിവരം ലഭിച്ചത്. മേൽക്കോടതികളിൽ കേസ് നടത്താനുള്ള ചെലവ് വഹിക്കുന്നത് പോയിട്ട് തടവു കേന്ദ്രത്തിൽ ചെന്ന് നരേഷിനെ കാണാനുള്ള ഏതാനും രൂപ പോലും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. നരേഷിന്റെ അറസ്റ്റിന് ശേഷം ഏറെ വൈകാതെ ജിനുവിന് മത്സ്യഫാമിലെ ജോലി നഷ്ടപ്പെട്ടു. കുടിശ്ശിക കൂലിയും ലഭിച്ചില്ല. പിന്നീട് ബാബുലാലായി കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സ്.
തടവുകേന്ദ്രത്തിൽ വെച്ച് നരേഷിന് രക്തസമ്മർദം കലശലായി. പിന്നീട് സ്‌ട്രോക്ക് വന്നു. അങ്ങനെയാണ് തടവുകേന്ദ്രത്തിൽ നിന്ന് ഗുവഹാത്തി മെഡിക്കൽ കോളജിലെത്തിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം, പോലീസ് സംഘം വീട്ടിലെത്തി ഭർത്താവിനെ കാണാൻ ഗോൽപാര ആശുപത്രിയിലെത്താൻ പറയുകയായിരുന്നു. ചില്ലിക്കാശ് പോലുമില്ലാതിരുന്ന ജിനുവിന് പോലീസുകാർ നൂറ് രൂപ കൊടുത്തു. അവർ ഗോൽപാര ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും ഭർത്താവിനെ ഗുവാഹത്തി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് 150 കിലോ മീറ്റർ അകലെയാണ് മെഡിക്കൽകോളജ് ആശുപത്രി. ഇത്തവണ പോലീസ് ജിനുവിന് ആയിരം രൂപ നൽകി. നിരക്ഷരയായ ഗോത്രവിഭാഗക്കാരി ജിനു ആദ്യമായാണ് ഗുവാഹത്തിയിലേക്ക് പോകുന്നത്. അസം- മേഘാലയ അതിർത്തിയിലെ ഖർദാംഗ് ഗ്രാമത്തിൽ ജനിച്ച ജിനുവിന് നേരാംവണ്ണം അസമീസ് പോലുമറിയില്ല. എങ്ങനെയൊക്കെയോ ആശുപത്രിയിലെത്തിയ അവർ കണ്ടത് പക്ഷാഘാതം വന്ന് നിശ്ചലനായ ഭർത്താവിനെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഭർത്താവിനെ കാണുന്നത്. അദ്ദേഹത്തോട് സംസാരിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹത്തിനും സംസാരിക്കണമെന്ന് തോന്നി. എന്നാൽ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല.
മെഡിക്കൽ കോളജിൽ 13 ദിവസം ജിനു നരേഷിനൊപ്പമുണ്ടായിരുന്നു. രാത്രിയും പകലും രണ്ട് പോലീസുകാരുമുണ്ടാകും. ജനുവരി അഞ്ചിന് നരേഷ് അന്ത്യശ്വാസം വലിച്ചു. “പ്രഖ്യാപിത” വിദേശിയെന്ന നിലക്ക് എവിടെ നിന്നാണോ നരേഷിനെ പിടികൂടിയത് അവിടേക്ക് തന്നെയാണ് ഭൗതികശരീരം പോലീസ് കൊണ്ടുവന്നത്. ജീവിച്ചിരിക്കുമ്പോഴും വിദേശിയെന്ന നിലക്ക് പെരുമാറിയ ഭരണകൂടം ഒടുവിൽ മൃതദേഹം വിദേശത്തേക്ക് അയക്കാതെ ജന്മനാട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നതിലെ യുക്തിരാഹിത്യവും വിരോധാഭാസവും ചോദ്യം ചെയ്യുന്നു നാട്ടുകാർ. മൃതദേഹം ആശുപത്രിയിൽ നിന്ന് നാട്ടിലെത്തിയ അന്ന് രാത്രി തന്നെ പോലീസ് സംസ്‌കാരം നടത്തി. അഞ്ചോ ആറോ പേർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. സംസ്‌കാരത്തിന് ശേഷം ഉടനെ പോലീസ് സ്ഥലം കാലിയാക്കി.
ചെറിയൊരു കൂരയിൽ നരേഷിന്റെ ഓർമകളുമായി കഴിയുകയാണ് ജിനു. നരേഷിന്റെ മരണശേഷം ഒന്നും കഴിക്കാനില്ലായിരുന്നു. അങ്ങാടിയിലിറങ്ങി യാചിച്ച് കിട്ടിയ 200 രൂപ കൊണ്ടാണ് അരിയും മറ്റും വാങ്ങിയത്. നരേഷിന്റെ മൃതദേഹം ദഹിപ്പിക്കാനുള്ള വിറകിന് കടം വാങ്ങിയ 700 രൂപ എങ്ങനെ തിരിച്ചടക്കുമെന്ന വേവലാതിയാണ് ഇപ്പോൾ ജിനുവിനുള്ളത്.