Vazhivilakk
പരമാനന്ദത്തിലേക്കുള്ള പലായനം
പഠിക്കുന്ന കാലമാണ്. നട്ടപ്പാതിര. ഏതോ ഒരു ജില്ലാസമ്മേളനം കഴിഞ്ഞ് തിരിച്ചുവരികയാണ്. വണ്ടി കിട്ടാതെ ഏറെ അലഞ്ഞു. കൊത്തിക്കുടയുന്ന വിശപ്പ്. നഗരിയിൽനിന്ന് മുപ്പത് രൂപക്ക് വാങ്ങിയ കറിരഹിത നെയ്‌ച്ചോർ റഫ്ഫായി വാരിത്തിന്നതാണ്. നല്ല മന്ദിപ്പ്. നാല് പേരാണ് ഉള്ളത്. ഒന്നിച്ച് കൈ കാട്ടിയപ്പോൾ ഒരു അണ്ണൻ ലോറി നിർത്തി. കാഴ്ചയിൽ തന്നെ അവലക്ഷണമുള്ള ഡ്രൈവറും ക്ലീനറും. കള്ള് നാറിയിട്ട് അടുത്തുകൂടാ. ചോരച്ച കണ്ണുകൾ. ഓരോരുത്തരായി വഴിയിൽ ഇറങ്ങി. ഒടുവിൽ ഞാൻ മാത്രം. വണ്ടി നിർത്താതെ സേലത്തേക്കോ തിരുപ്പൂരിലേക്കോ കൊണ്ടുപോയി കണ്ണും കിഡ്‌നിയും ചൂഴ്ന്ന് വിറ്റേക്കുമോ എന്ന് ചിന്തിച്ചുപോകുന്ന സന്ദർഭം. സ്‌റ്റോപ്പിലിറങ്ങിയപ്പോൾ ഒറ്റക്കുട്ടിയില്ല. രണ്ടുമൂന്ന് പട്ടികൾ.
നേരെ വെച്ചുപിടിച്ചു. നല്ല ഇരുട്ട്. വളഞ്ഞ് പോകുകയാണെങ്കിൽ ഇനിയും അരമണിക്കൂർ നടക്കണം. പള്ളിക്കാട് ക്രോസ് ചെയ്ത് പോകുകയാണെങ്കിൽ ഇതാ ഇങ്ങെത്തി എന്നുതന്നെ പറയാം. ലാഭം നോക്കി. ഒരുപാട് കഥകളുള്ള പള്ളിക്കാടാണ്. ജിന്ന,് റൂഹാനി, തിര്യക്ക്. എണ്ണൂറ്റിനാൽപതിലേറെ പഴക്കമുണ്ട്. എത്രയോ തലമുറകൾ വാക്കും വക്കാണവുമില്ലാതെ, കൊത്തും മുറിയുമില്ലാതെ ശാന്തരായി ചാഞ്ഞുറങ്ങുന്നു. കാട്ടിലേക്ക് കടന്നതേ ഒരു ഉൾതണുപ്പ്. നടുക്കാട്ടിലെത്തിയപ്പോൾ പിന്നിൽ എന്തൊക്കെയോ ഒച്ച. തിരിഞ്ഞുനോക്കിയപ്പോൾ ഒന്നുമില്ല. വീണ്ടും അടിവെച്ചതും പരപരയൊച്ച. തിരിഞ്ഞുനോക്കി. ഒന്നുമില്ല. പെട്ടെന്ന്, കിലികിലിച്ചിരി, അട്ടഹാസം. വീണ്ടും നടക്കാനോങ്ങിയപ്പോൾ ആരോ കൈക്ക് തോണ്ടി. ഞാൻ മൈന്റാക്കിയില്ല. നടത്തം തുടർന്നു. ആരോ കൈയിൽ പിടിക്കുന്നു. തവളയുടെ പള്ള പോലെ ഈർത്ത പിടുത്തം. ഒരു ചവിട്ടുവെച്ചുകൊടുത്തു. നാലടിവെച്ചതും ആരോ കഴുത്തിന് പിടിച്ചു. ഞെരുക്കാൻ നോക്കുമ്പോഴേക്കും ഞാൻ ആ കൈകളിൽ അമർത്തിക്കടിച്ചു. പിന്നെ എനിക്ക് നടക്കാൻ വഴി കാണാതെയായി. എന്തൊക്കെയോ രൂപങ്ങളിൽ മുന്നിലും പിന്നിലും ഇടത്തും വലത്തും. ഒക്കെ വെണ്ണീരിന്റെ ചാരവെളുപ്പുള്ള മുഖങ്ങൾ. ചോരയിറ്റുന്ന കണ്ണുകൾ. ഇളിച്ചുകാട്ടുന്ന മോണകൾ. അവ എന്നെയങ്ങ് വളഞ്ഞു. എനിക്ക് ഇളകേണ്ടയാളിങ്ങിളകി. ഞാൻ പറഞ്ഞു: എടേ, ധൈര്യമുണ്ടെങ്കിൽ ഒറ്റക്കൊറ്റക്ക് വാഡേ. പൊട്ടാടികളേ…!!! എല്ലാം പോയ്മറഞ്ഞു. വേറൊരിക്കൽ പള്ളിയിലെ കഴിഞ്ഞയാഴ്ച വന്ന മുക്രിക്കയുണ്ട് എന്നെ ഫോണിൽ വിളിക്കുന്നു, രാത്രി പത്തേമുക്കാലിന്. “ഉസ്താദിന് ബസ് കിട്ടിയില്ല പോലും, ഒന്ന് കൂട്ട് കിടക്കാൻ വരുമോ” എന്ന് ചോദിച്ച്. നൂറ്റാണ്ട് പഴക്കമുള്ള പള്ളിയാണ്. ജിന്നുകൾ മേയുന്ന ഇടം. പല കഥകളും രണ്ട് ദിവസത്തിനകം മൂപ്പരുടെ ചെവിയിലെത്തിയിരിക്കും. ഞാൻ ചെന്നു. വെള്ളത്തിൽ വീണ എലിക്കുഞ്ഞിനെ പോലെ വിറക്കുന്നു, മൂപ്പർക്ക്.എട്ടാം ഹെയർപിൻ വളവും കഴിഞ്ഞ് ഉറക്കം മുറുകിവരുകയാണ്. മൂപ്പരുണ്ട് കുലുക്കി വിളിക്കുന്നു. സമയം കൃത്യം ഒരുമണി.
“പള്ളിക്കകത്തും ഹൗളിൻകരയിലും ഭയങ്കര ആൾപെരുമാറ്റം.” അതിനെന്താ, നിങ്ങൾ കെടന്നോ. ആരുമില്ല നിങ്ങൾക്ക് തോന്നിയതാ. അരമണിക്കൂറായിട്ടില്ല. വീണ്ടും കുലുക്കിവിളി. ഇത്തവണ ഞാൻ ചെവി വട്ടം പിടിച്ചു. ശരിയാണ്. പത്തറുപതാള് തിരക്കുകൂട്ടുന്നതിന്റെ ഒച്ചപ്പാടുകൾ. ഈ പാതിരാക്ക്. ആരുവരാൻ? ഞാൻ റൂമ് തുറന്ന് പുറത്തേക്കിറങ്ങാൻ നോക്കി. മുക്രിക്ക എന്നെ ബലമായി പിടിച്ചുവലിച്ചു. ഞാൻ പറഞ്ഞു. “നിങ്ങൾ കിടന്നോ.” അയാൾ മൂടിപ്പുതച്ചു. ഞാൻ എന്റെ പുതപ്പുകൂടി കൊടുത്തു. ഞാൻ പുറത്തിറങ്ങി ലൈറ്റിട്ടു. ആരെയും കണ്ടില്ല. തിരിച്ചുവന്ന് കിടന്നു. പെട്ടെന്ന് ഉറക്കം വരായ്കയാൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നോക്കുമ്പോൾ ശരിക്കും കാൽപെരുമാറ്റം. അത് കൂടിക്കൂടി വന്നു. അത് പെരുകി പുരുഷാരമായി. എനിക്ക് ക്ഷമകെട്ടു. ഞാൻ റൂമിൽനിന്ന് ഇരുമ്പിന്റെ ഒരു കമ്പിക്കഷ്ണം കൈയിലെടുത്ത് പുറത്തേക്കിറങ്ങി. ഇത്തവണ ഞാൻ ലൈറ്റിട്ടില്ല.
കാൽപെരുമാറ്റങ്ങൾ നിലച്ചതുമില്ല. ഞാൻ അങ്ങോട്ട് അലറി. പിന്നെ ഒരുകാര്യം: “നിങ്ങൾ നിങ്ങളുടെ പണി എടുത്ത് പോയ്‌ക്കോളുക, ഒച്ചയുണ്ടാക്കുകയും ഉറക്ക് ശല്യപ്പെടുത്തുകയോ ചെയ്താലുണ്ടല്ലോ. സകലതിനെ ഞാൻ തച്ചുകലക്കിക്കളയും.”പിന്നെ ശാന്തം. ഒരു വ്യാഴാഴ്ച നട്ടുച്ച. നല്ല പനി കാരണം സ്‌കൂളിൽനിന്ന് ലീവുപറഞ്ഞ് പോരുകയാണ്. വരുംവഴിയിൽ ഒരു കാവുണ്ട്. കുറെ തറകളും. നെയ്‌വിളക്കുകളും ഉണ്ട്. കുറച്ചപ്പുറത്ത് പുരാതന ക്ഷേത്രവും പരന്ന കുളവുമുണ്ട്. പലരും പല രൂപങ്ങളും കണ്ടതായി കഥകളുമുണ്ട്. കുട്ടികളെയും യുവതികളെയും ചോരകുടിച്ച് കൊന്നിട്ട കഥകൾ വേറെയുണ്ട്. പനിച്ചൂട് കാരണം ബാലൻസ് കിട്ടാത്ത പോലെ വേച്ചാണ് നടത്തം. കുളത്തിന്റെ വടക്കേമൂലയിൽ പെട്ടെന്നൊരു മിന്നൽ വെളിച്ചം. അതൊരു ഗോളമായി വളർന്നു. ഒരു വികൃത മനുഷ്യന്റെ മുഖമായി രൂപപ്പെടുന്നു. പേടിപ്പിക്കുന്ന കണ്ണുകൾ. നീട്ടിപ്പിടിച്ച തീനാക്ക്.
[irp]
ചോരയുറ്റുന്ന കൂർപല്ലുകൾ. അത് അതിവേഗം എന്നിലേക്കടുക്കുകയാണ്. കുളിരുകോരി. രോമങ്ങൾ എഴുന്നുനിന്നു. ഞാൻ നടത്തം നിർത്തി. അതിന് നേരെ സധൈര്യം തിരിഞ്ഞുനിന്നു. അതിനെത്തന്നെ കടുപ്പിച്ചുനോക്കി. അതിന്റെ വരവുവേഗം കുറഞ്ഞു. അതിന്റെ രണ്ട് കണ്ണ് കുറുകിക്കുറുകി ഒന്നായി. മൂക്ക് മാഞ്ഞു. പകരം കത്തിക്കാളുന്ന ഒറ്റക്കണ്ണ്. ഞാൻ കാർക്കിച്ച് ഒരു തുപ്പുകൊടുത്തു. അതൊരു തീഗോളമായി കറങ്ങി പുകയായി അലിഞ്ഞു. ഞാനീ മൂന്ന് കഥകളും പറയടുന്നതാരോടാണെന്നോ. പേടി രോഗത്താൽ ഉള്ള് കലങ്ങിയ ഒരു വിദ്യാർഥിയോടല്ല. മറിച്ച് ഇരുത്തം വന്ന ഒരു മുദർരിസിനോടാണ്. കഥകൾ എന്റെ സ്വന്തമല്ല. ഒരു വിടൽകാസ്‌ട്രോ സുഹൃത്തിന്റേതാണ്. ഇദ്ദേഹത്തിന് എന്തോ ഒരു ഉൾഭയം തുടങ്ങിയിട്ട് കുറേക്കാലമായി. അത് കൂടിക്കൂടി ദിനസരികളെയും വ്യക്തിബന്ധങ്ങളെയും കുടുംബ ജീവിതത്തെത്തന്നെ മാന്തിപ്പറിച്ച് തുടങ്ങിയിരിക്കുന്നു. എന്നെ സമീപിച്ചാൽ പരിഹാരം കിട്ടുമെന്ന് ഏതോ വ്യാജ കേന്ദ്രത്തിൽനിന്ന് വിവരം കിട്ടിയതുപ്രകാരമാണ് ആൾ വന്നിരിക്കുന്നത്. ഞാൻ, ആദ്യം നല്ല ആട്ടിൻകരള് വരട്ടിയതും ഹോട്ടലിൽനിന്നെത്തിച്ച ആട്ടപ്പൊറോട്ടയും വിളമ്പി വിരുന്നൂട്ടി. തീരാൻ നേരം ഇഞ്ചിയും മിന്റും ഇട്ട നല്ല കട്ടനും വന്നു. അദ്ദേഹത്തിന്റെ മനസ്സിൽ ഗർത്തം തീർത്തുറങ്ങുന്ന ഭയപാതാളത്തെ വെടിപൊട്ടിച്ച് തരിപ്പണമാക്കലായിരുന്നു എന്റെ ഉദ്ദേശ്യം. ആൾക്ക് എന്താ പറ്റിയതെന്നറിയില്ല. എപ്പഴാ തുടങ്ങിയത് എന്നുമറിയില്ല. ഇപ്പോൾ നിലകിട്ടാത്ത ഭയമാണ്. ജിന്ന് റൂഹാനികളുടെ തോണ്ടുമാന്തുകൾ ആയിരുന്നു ആദ്യനാളുകളിലെ ഭയങ്ങൾ. പിന്നീട് മറ്റ് പലതുമായി പടർന്നുകയറി. ഇപ്പോൾ ആളിന് എന്തെന്നില്ലാത്ത മരണഭയമാണ്. റൂഹ് പിരിയുന്നത്, സകറാത്തിൽ പിടക്കുന്നത്, കഫൻതുണിയിൽ പൊതിയുന്നത്, ഖബ്‌റിൽ ഇറക്കുന്നത്, ചെറുകുഴിയിൽ താഴ്ത്തുന്നത്. കവിള് ചെളിയുണ്ടയിൽ ചേർത്തുന്നത്, മൂടുപലക പാകുന്നത്, വെളിച്ച ദ്വാരങ്ങൾ കട്ടമണ്ണിട്ട് തൂർക്കുന്നത്, ഏകാന്തമായ ഇരുട്ടുമുറിക്ക് മീതെ മണ്ണുകൊത്തി നിറക്കുന്നത്. ഖബ്ർ ഇടുക്കുന്നത്, മൂൻകർനകീർ ഭീകരമായി ഭേദ്യം ചെയ്യുന്നത്, പാമ്പുകളുടെ കൊത്തേറ്റ് പുളയുന്നത്, തീമണ്ണിൽകിടന്ന് പൊള്ളിയുരുകുന്നത്… ഓർക്കുമ്പോഴേക്കും ആൾ ചോരവറ്റി, ചിറിവെളുത്ത്, കണ്ണ്മറഞ്ഞ് കോലം കെടുന്നു. മരണഭയം രണ്ടുവിധത്തിലുണ്ട്. ഒന്ന,് ഉയർന്ന ആത്മീയ ബോധത്താൽ ഉരുവം കൊള്ളുന്നത്. ദുൻയവീ ജീവിതത്തിന്റെ ക്ഷണികതയും ഉഖ്‌റവീ ജീവിതത്തിന്റെ സ്ഥായീഭാവവും ഉള്ളിലുറഞ്ഞവരിൽ നിന്ന് ഉറവയെടുക്കുന്നത്. കൊള്ളാമിത്.
ഖുർആനും ഹദീസും ഉദ്ദീപിപ്പിച്ചതാണിത്. അതേസമയം ഇയാളിൽ കാണുന്നത് അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇൽമും അമലും ഒക്കെ ഉള്ള ആൾ ആകാം. പക്ഷേ, ഇതൊരു മാനസിക തകരാറാണ്. ഭൂമിയിൽ കടലും കരയും പോലെയാണ് മനുഷ്യനിൽ ഭാവനയും യുക്തിയും (വികാരവും വിചാരവും). തൊടുപ്പുവ്യത്യാസത്തിലാണ് കിടപ്പ്. കടലിന് ഹാലിളകി ഒന്നങ്ങ് സർക്കസ് കളിച്ചാൽ പിന്നെ കര കഞ്ഞിയാകും. യുക്തിബോധത്തിന്റെ കുറഞ്ഞ കരഭാഗത്തേക്ക് പിടിവിട്ട ഇമോഷണാലിറ്റി ഇടിച്ചുകയറിയാൽ പിന്നെ മൊത്തം ചൊത്തയായി. അതാണ് ഇയാൾക്ക് സംഭവിച്ചിരിക്കുന്നത്. അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ പലതാകാം. ജീവിതത്തിലെ ഓർക്കാസന്ധികളിൽ സംഭവിച്ച അഹിതാനുഭവങ്ങളുടെ അവക്ഷിപ്തങ്ങൾ വർക്കൗട്ട് ചെയ്യുന്നതാകാം. രോഗമാണത്. തഖ്‌വയല്ല. വസ്‌വാസുപോലെ. വിശ്വാസികളുടെ മരണ-മരണാനന്തര ഭയങ്ങളെ സംബന്ധിച്ച് ഒരുകാര്യം പറയാം.
മതപ്രഭാഷണങ്ങളിലും പഠനക്ലാസുകളിലും വിശ്വാസ പുസ്തകങ്ങളിലും പഠനലേഖനങ്ങളിലുമെല്ലാം നിറഞ്ഞുതൂവുന്നത് ഭയാനകമായ മരണരംഗങ്ങളാണ്. ഇവിടെ ഒരുതരം ഹൈജാക്കിംഗ് നടക്കുന്നുണ്ടോയെന്ന് സംശയിക്കണം. ഖുർആന്റെ രീതിക്കെതിരാണിതെന്ന് പറയുമാറാണ് കാര്യങ്ങളുടെ കിടപ്പ്. ഖുർആനിൽ തർഗീബ് തർഹീബുകൾ സന്തുലിതമായാണ് ഉള്ളത്. നരകത്തീ വന്ന ഉടനെ സ്വർഗക്കാറ്റ് അടിച്ചുവീശും. പൊള്ളുന്ന ചീഞ്ചലത്തിന് പിറകെ പാൽതേൻ തോൽക്കുന്ന ഹൗളുൽകൗസർ ഒഴുകിവരും. നരകക്കാരുടെ ആർത്തട്ടഹാസങ്ങൾക്കുപിറകെ സ്വർഗഹൂറികളുടെ സ്വാഗതഗാനം വരും. പക്ഷേ, പൊതുമനസ്സിൽ അസ്‌റാഈലിന്റെ വരവും മുൻകർ നകീറുമാരുടെ ആഗമനവും ഖബ്‌റിന്റെ സ്വീകരണവും ഒക്കെ ഭയവിഹ്വലതയാൽ ഭീകരപ്പെട്ടുകിടക്കുകയാണിന്ന്. ഉസ്താദ് ഉത്തരം പറയണം. ഞാൻ ചില ചോദ്യങ്ങൾ ചോദിക്കട്ടെ. ജയിലിൽ കഠിന പീഡനങ്ങളോടെ തടവനുഭവിക്കുന്ന ഒരാൾ. നേരെ നിൽക്കാനോ, മര്യാദക്ക് കിടക്കാനോ കഴിയില്ല. വർഷങ്ങളായി പുറംലോകം കണ്ടിട്ടില്ല. ഒരാളുമായി സംസാരിച്ചിട്ടില്ല. തിന്നാൻ കല്ല് നിറഞ്ഞ ചോറ്. കുടിക്കാൻ ചെളിയടിഞ്ഞ വെള്ളം. ബാത്‌റൂം പുഴുവരിക്കുന്നത്. പുതപ്പും വിരിപ്പും നാറുന്നത്. കുളിയില്ല, നനയില്ല. വെട്ടമില്ല. വെടിപ്പില്ല. ഇരുണ്ട ഗുഹയിൽ വെറുത്തുമടുത്ത ജീവിതം. എപ്പോൾ എങ്ങനെ രക്ഷപ്പെടുമെന്ന യാതൊരു ഐഡിയയുമില്ല. അങ്ങനെയിരിക്കവെ ഒരു സുപ്രഭാതത്തിൽ ആരോ വന്ന് വാതിൽ മുട്ടുന്നു. തുറന്ന് നോക്കുമ്പോൾ ഒരു കൂട്ടം ഓഫീസർമാർ തൊഴുകൈയോടെ നിൽക്കുന്നു. ക്ഷമിക്കണം സർ, തെറ്റുപറ്റിപ്പോയി! നിങ്ങളുടെ ജയിൽവാസം തീർന്നിരിക്കുന്നു!! നിങ്ങളുടെ കാര്യത്തിൽ ഭരണകൂടം അതീവ ദുഃഖത്തിലാണ്. പിഴവുവന്നതിൽ നഷ്ടപരിഹാരമെന്നോണം നാലായിരത്തി അഞ്ഞൂറ് കോടി രൂപ. പ്രധാനപ്പെട്ട ആറ് പട്ടണങ്ങളിൽ ഫ്ലാറ്റുകൾ, അത്യാഡംബര കാറുകൾ, സ്വന്തമായി വിമാനം, നിത്യഹരിത പൂന്തോട്ടങ്ങളുള്ള മണിമാളിക, സുരക്ഷാ ഉദ്യോഗസ്ഥർ, വിദേശകാര്യ മന്ത്രിയുടെ മകളുമായി എൻഗേജ്‌മെന്റ് തുടങ്ങിയ ഓഫറുകളുമായി അവർ മുന്നിൽ നിൽക്കുന്നു.
പക്ഷേ, ഒന്നുണ്ട്, ഈ ഇരുളടഞ്ഞ ഗുഹയിൽനിന്ന് പുറത്തുവരണം. സമ്മതമാണോ? വിമ്മിഷ്ടമുണ്ടോ? “ഇല്ലേയില്ല”! എന്നാൽ, അദ്ദുൻയാ സിജ്‌നുൽ മുഅ്മിനീൻ- ഈ കാണുന്ന ദുൻയാവില്ലേ വിശ്വാസികളുടെ ജയിലാണ്. ശരീരത്തിന്റെ മണ്ണുമറക്കുള്ളിൽ കിടന്ന് തിരിയാനും മറിയാനും കഴിയാതെ പൊറുതിമുട്ടുകയാണ് നിങ്ങൾ. ഇവിടം വിട്ട് സ്വർഗലോകത്തേക്ക് പറക്കാൻ, ആനന്ദനിത്യതയുടെ ജന്നാതുൽ ഫിർദൗസിലെത്താൻ എന്തിനാ പേടി, എന്തിനാ മടി? ആയതുകൊണ്ടല്ലേ ആരിഫീങ്ങളായ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ സർവസജ്ജരായി മരണത്തെ കാത്തിരുന്നത്? കൊതിച്ചിരുന്ന കാമുകൻ വന്നുചേരാഞ്ഞാലെന്നപോലെ, മരണം വൈകിക്കുന്നതിൽ അവർ അസ്വസ്ഥപ്പെട്ടത്. അത്തറും കഫൻപുടവയും മൈലാഞ്ചിയും കർപൂരവുമായി അവർ കാത്തുകാത്തിരുന്നില്ലേ? മരണാനന്തര ലോകത്ത് ലഭ്യമാവുന്ന പ്രത്യേകമായ ഒന്നാണ് സ്വർഗലോകമെങ്കിലും സ്വാലിഹീങ്ങൾക്ക് ദേഹവിയോഗത്തോടെ തന്നെ സ്വർഗീയ അനുഭൂതികൾ കിട്ടിത്തുടങ്ങും. എന്നല്ല. ദുൻയവീ ലോകത്തുതന്നെ ആ സുവിശേഷ ലബ്ധി (ബുശ്‌റാ) ഉണ്ടാവുമെന്ന് ഖുർആൻ സൂചിപ്പിക്കുന്നുണ്ട്. അത്തരക്കാർക്ക് മരണം ഭീകരാനുഭവം അല്ല. മറിച്ച് ജയിൽ പീഡനത്തിൽനിന്നും പരമാനന്ദത്തിലേക്കുള്ള പലായനമാണ്.
ഉസ്താദേ, ഇതുകുടിക്ക്. ഏലക്കാത്തരിയുടെയും ചെറുനാരങ്ങനീരിന്റെയും പശ്ചാത്തലരുചി പരന്ന സ്റ്റൈലൻ വത്തക്ക ജ്യൂസ് നീട്ടി ഞാൻ പറഞ്ഞു. ഉസ്താദ് ഒരുകാര്യം ചെയ്യ്. സച്ചരിതരായ ഔലിയാക്കളുടെ മരണ രംഗങ്ങൾ മാത്രം തേടിപ്പിടിച്ച് വായിക്ക്. ഖുർആൻ തഫ്‌സീർ സഹിതം- സ്വർഗവർണനകളുള്ള ഭാഗം മാത്രം ആസ്വദിച്ച് വായിക്കാം. ഹദീസുകളിൽനിന്ന് സൽമരണത്തെയും സ്വർഗപ്രവേശനത്തെയും ചിത്രീകരിക്കുന്നവ മാത്രം തിരഞ്ഞുപിടിച്ച് വായിക്ക്. വായിച്ചവ തന്നെ വീണ്ടും വീണ്ടും വായിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ആ ചിത്രങ്ങൾ മനസ്സിൽ വായിച്ച് ഉറങ്ങ്. എന്നിട്ട് കൃത്യം മൂന്ന് മാസം കഴിഞ്ഞ് വാ. ഉത്തരവാദപ്പെട്ട ആരെയെങ്കിലും കൂടെ കൂട്ടി വേണം വരാൻ. കൈയിൽ എന്തെങ്കിലും ചിക്ലി കരുതുകയും ചെയ്‌തോ.