Connect with us

Editorial

കേരളം നിയമ പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍

Published

|

Last Updated

പ്രതിഷേധ റാലികളിലോ നിയമസഭാ പ്രമേയത്തിലോ അവസാനിപ്പിക്കാതെ നിയമ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പൗരത്വ പ്രശ്‌നത്തില്‍ പിണറായി സര്‍ക്കാര്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനയുടെ 131ാം വകുപ്പ് പ്രകാരം സുപ്രീം കോടതിയില്‍ സ്യൂട്ട് ഹരജി സമര്‍പ്പിച്ചിട്ടുണ്ട് കേരളം. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ കോടതി 22ാം തീയതി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമ മന്ത്രി എ കെ ബാലന്‍ ചൂണ്ടിക്കാട്ടിയത് പോലെ സംസ്ഥാനത്തിന്റെ ഒരു പൊതുവികാരമാണ് ഇതിലൂടെ സര്‍ക്കാര്‍ മാനിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏതറ്റം വരെയും പോകണമെന്നാണ് കേരളീയ സമൂഹത്തിന്റെ ആവശ്യം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ബഹുകക്ഷി, സംഘടനാ യോഗത്തില്‍ കോടതിയെ സമീപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. കേരളത്തിനു പിറകെ ഛത്തീസ്ഗഢും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
പൗരത്വ ദാനത്തിന് മതം അടിസ്ഥാനമാക്കുന്നത് മതേതര തത്വങ്ങള്‍ക്ക് നിരക്കാത്തതും, യുക്തിരഹിതവും ഭരണഘടനയുടെ 14, 21, 25 അനുഛേദങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം സ്യൂട്ട് സമര്‍പ്പിച്ചത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ക്കും ശ്രീലങ്ക, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം നല്‍കാതിരിക്കുന്നതിന് നീതീകരണമില്ലെന്നും പൗരത്വ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാറിന്റെ അധികാര ദുര്‍വിനിയോഗമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. നിയമഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ കാര്യവും ഹരജിയില്‍ എടുത്തു പറയുന്നുണ്ട്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദവെയും ജയ്ദീപ് ഗുപ്തയുമാണ് സംസ്ഥാന സര്‍ക്കാറിന്റെ സ്യൂട്ട് ഹരജി തയ്യാറാക്കിയത്. ഭേദഗതി നിയമമനുസരിച്ചു സംസ്ഥാനത്തിന്റെ അനുമതി കൂടാതെ കേസ് എടുക്കാനും അന്വേഷണം നടത്താനും കേന്ദ്രത്തിന് അനുവാദം നല്‍കുന്നതിനാല്‍ ഇത് കേന്ദ്രത്തിനു ഏകപക്ഷീയമായ അധികാരം നല്‍കുമെന്ന് ഛത്തീസ്ഗഢിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതെങ്കിലും നിയമം ഒരു സംസ്ഥാനത്തിനോ വിവിധ സംസ്ഥാനങ്ങള്‍ക്കോ നടപ്പാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കാവുന്ന വകുപ്പാണ് 131. ഇതനുസരിച്ചു കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമല്ല കേരളം. മുമ്പ് പശ്ചിമ ബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ 131 ഉപയോഗപ്പെടുത്തി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ മുതല്‍, രണ്ട് സംസ്ഥാനങ്ങള്‍ വരെയുള്ള തര്‍ക്കങ്ങളിലാണ് ഇവര്‍ കോടതിയിലെത്തിയത്.

സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരെ നിയമ വേദികളില്‍ വിവാദമുയര്‍ന്നിട്ടുണ്ട്. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ തന്നെ 131ാം വകുപ്പ് പ്രകാരമാണോ അതോ 32ാം വകുപ്പ് പ്രകാരമാണോ സ്യൂട്ട് സമര്‍പ്പിക്കേണ്ടത് എന്നതില്‍ നിയമജ്ഞര്‍ക്കിടയില്‍ ഭിന്നസ്വരമാണ്. സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന പാര്‍ലിമെന്റ് നിയമം ചോദ്യം ചെയ്തു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബഞ്ച് വിസമ്മതിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ പാര്‍ലിമെന്റ് നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നാണ് അവരുടെ നിരീക്ഷണം. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം കോടതിയെ സമീപിച്ചത് പോലെ, സംസ്ഥാനങ്ങള്‍ പാസ്സാക്കുന്ന നിയമം ചോദ്യം ചെയ്തു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ തുടങ്ങിയാല്‍ ഫെഡറല്‍ സംവിധാനം എന്താകുമെന്നും സിക്രിയും അശോക് ഭൂഷണും ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.
എന്നാല്‍ ഇത് ഒരു ബഞ്ചിന്റെ വീക്ഷണം മാത്രമാണെന്നും ഇത്തരം വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ടെന്നുമാണ് നിയമ വിദഗ്ധരില്‍ മറ്റു പലരുടെയും പക്ഷം. എങ്കിലും 131ാം വകുപ്പ് പ്രകാരമാണോ 32ാം വകുപ്പ് പ്രകാരമാണോ സ്യൂട്ട് സമര്‍പ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ഭിന്നതയുണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഒരു ഹരജിയില്‍, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഭരണഘടനയുടെ 131ാം അനുഛേദ പ്രകാരം സ്യൂട്ടിലൂടെ സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്നായിരുന്നു രണ്ടംഗ ബഞ്ച് ഉത്തരവ്. 2011ലായിരുന്നു ഈ വിധി. അതേസമയം, 2014ല്‍ ബിഹാര്‍ സര്‍ക്കാറിന് എതിരെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെ ഭരണഘടനാപരമായ വിഷയങ്ങളില്‍ 131ാം അനുഛേദ പ്രകാരം സ്യൂട്ട് ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ടെന്നാണ് ജസ്റ്റിസ് ജെ ചെലമേശ്വറും എസ് എ ബോബ്‌ഡെയും അടങ്ങുന്ന ബഞ്ച് സ്വീകരിച്ച നിലപാട്. രണ്ട് ബഞ്ചുകള്‍ക്ക് വ്യത്യസ്തമായ നിലപാടായതോടെ വിഷയം പിന്നീട് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനക്ക് വിട്ടു സുപ്രീം കോടതി. എങ്കിലും ഇത് വരെയും വിഷയം പ്രസ്തുത ബഞ്ച് പരിഗണനക്കെടുത്തിട്ടില്ല.

കേരളം സമര്‍പ്പിച്ച സ്യൂട്ട് പരിഗണനക്കെടുക്കാന്‍, ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ തീര്‍പ്പ് വരാന്‍ കാത്തിരിക്കുമോ അതോ രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്‌നമെന്ന നിലയില്‍ അതിനു കാത്തുനില്‍ക്കാതെ തന്നെ പരിഗണനക്കെടുക്കുമോ എന്നു ഉറ്റുനോക്കുകയാണ് നിയമജ്ഞരും കേരളീയ സമൂഹവും ദേശീയ രാഷ്ട്രീയവും. കോടതി ഹരജി പരിഗണിക്കുകയും അതിലെന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്താല്‍ അതനുസരിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ബാധ്യസ്ഥരായിരിക്കുമെന്നതിനാല്‍ കോടതി നിലപാട് ഇരുപക്ഷത്തിനും പ്രധാനമാണ്.