Articles
സി എ എക്ക് ജൂതനിയമത്തിന്റെ ഛായ
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശിച്ച രാജ്യം ഇസ്‌റാഈലാണ്. ഇസ്‌റാഈല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. “നെതന്യാഹു മോദി ലൗ ഫെസ്റ്റ്” എന്നാണ് ആഗോള മാധ്യമങ്ങള്‍ 2017ലെ ഇസ്‌റാഈല്‍ പര്യടനത്തെ വിശേഷിപ്പിച്ചത്. ഈ കൂടിക്കാഴ്ചക്കിടെ നെതന്യാഹു നടത്തിയ ഒരു പ്രയോഗം ഇന്ന് ഓര്‍ത്തെടുക്കേണ്ടതാണ്. “ഈ ബന്ധം സ്വര്‍ഗത്തില്‍ നിന്ന് എഴുതപ്പെട്ട”താണ് എന്നായിരുന്നു “ബിബി”യുടെ മേനിപറച്ചില്‍. സ്വര്‍ഗം ഒരു നയതന്ത്ര പദമല്ല. അത് വിശ്വാസപരമോ ചുരുങ്ങിയപക്ഷം മതപരമോ ആയ സംഗതിയാണ്. ഇന്ത്യയില്‍ പൗരത്വ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം അലയടിക്കുമ്പാള്‍ ഈ പ്രയോഗം എത്രമാത്രം മാരകമായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. സംഘ്പരിവാര്‍ ഇന്ത്യയിലും സയണിസ്റ്റുകള്‍ ലോകമാകെയും പടര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ആശയത്തിന്റെ പ്രതിഫലനമാണ് ഈ പ്രയോഗം. “ഹിന്ദുക്കള്‍ക്ക് ഒറ്റ നാടേ ഉള്ളൂ. അത് ഇന്ത്യയാണ്. പാക്കിസ്ഥാന്‍ ഉണ്ടായത് മതപരമായ വിഭജനത്തിന് ശേഷമാണ്. പുതുതായി ഉണ്ടായത് മുസ്‌ലിം രാഷ്ട്രമാണെങ്കില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണി നിരന്തരം നേരിടുകയാണ്. അവര്‍ ഉത്തരവാദിത്വമില്ലാത്ത ആണവ ശക്തിയായതിനാല്‍ ഇന്ത്യ മുള്‍മുനയിലാണ് നില്‍ക്കുന്നത്. അഥവാ ഇന്ത്യ ഒരു ഇര രാഷ്ട്രമാണ്. ഹിന്ദുത്വവത്കരണമാണ് പോംവഴി. മുസ്‌ലിംകളെ ആട്ടിയോടിക്കണം.” ഇതാണ് സംഘ്പരിവാറിന്റെ ആശയം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഹെഡ്‌ഗേവാറുമൊക്കെ ഈ വാദമാണ് മുന്നോട്ടുവെച്ചത്.
ഇത് തന്നെയാണ് സയണിസ്റ്റുകളുടെയും ന്യായം. വേട്ടയാടപ്പെട്ട ജൂതന്‍മാര്‍ക്ക് ഒറ്റ നാടേ ഉള്ളൂ. ഫലസ്തീന്‍ തങ്ങളുടെ സമാധാനപരമായ നിലനില്‍പ്പിന് ഭീഷണിയാണ്. ഹമാസിനെപ്പോലുള്ള സംഘങ്ങള്‍ ഞങ്ങളെ നിരന്തരം ആക്രമിക്കുന്നു. ഇറാനും കുഴപ്പക്കാരാണ്- ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇസ്‌റാഈല്‍ ഈ നുണ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഈ ഇരവാദ പ്രത്യയശാസ്ത്രം സയണിസത്തെയും ഹിന്ദുത്വത്തെയും “സ്വര്‍ഗ”ത്തില്‍ ഒന്നിപ്പിക്കുന്നു.
ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ഏറ്റവും അപകടരമായ ചുവടുവെപ്പാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ പട്ടികയും. സി എ എ മതരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണെന്നും പൗരത്വത്തിന്റെ നിര്‍വചനത്തിലേക്ക് മതം കൊണ്ടുവരുന്നത് ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണെന്നും വ്യക്തമാകാന്‍ 2018ല്‍ ഇസ്‌റാഈല്‍ കൊണ്ടുവന്ന ഒരു നിയമം പഠനത്തിനെടുത്താല്‍ മതിയാകും.
പൗരത്വ ഭേദഗതി നിയമവും “നാഷന്‍ സ്റ്റേറ്റ് ലോ” എന്ന് വിളിക്കപ്പെടുന്ന ഇസ്‌റാഈലിലെ നിയമവും തമ്മില്‍ വലിയ സാമ്യമുണ്ട്. 2018 ജൂലൈ 19നാണ് ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റ് ഈ നിയമം പാസ്സാക്കിയത്. കാലങ്ങളായി കടുത്ത വിവേചനം അനുഭവിച്ചുവരുന്ന, ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സമ്പൂര്‍ണമായി രാഷ്ട്രരഹിതരാക്കുന്നതായിരുന്നു ഈ നിയമം.
മൂന്ന് വ്യവസ്ഥകളാണ് ഈ നിയമത്തെ വിഭജനപരവും മതരാഷ്ട്രവാദത്തിന്റെ അടിസ്ഥാനവുമാക്കി മാറ്റുന്നത്.
1- ദേശീയ സ്വയം നിര്‍ണയാവകാശം (നാഷനല്‍ സെല്‍ഫ് ഡിറ്റര്‍മിനേഷന്‍) ജൂതന്‍മാര്‍ക്ക് മാത്രമായിരിക്കും. ദേശരാഷ്ട്രം സംബന്ധിച്ച് സയണിസ്റ്റ് ഐഡിയോളജിയിലും ഹിന്ദുത്വത്തിലും ഒരു പോലെ കാണുന്ന ആശയമാണ് പിതൃഭൂമി. ഇസ്‌റാഈലിന്റെ കാര്യത്തില്‍ വാഗ്ദത്ത ഭൂമിയെന്ന മതപരമായ പ്രയോഗം കൂടി നടത്താറുണ്ട്. നാഷന്‍ സ്റ്റേറ്റ് ലോ ഈ പ്രയോഗം നേരിട്ട് നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. പകരം സ്വയം നിര്‍ണയാവകാശം ജൂതര്‍ക്ക് മാത്രമായി ചുരുക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ പൗരത്വത്തിന്റെ നിര്‍വചനത്തിലേക്ക് ഇതാദ്യമായി മതം കടന്നു വരികയും പൗരത്വ പട്ടിക തയ്യാറാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ചിലരുടെ പൗരത്വം സംരക്ഷിക്കപ്പെടുകയും മറ്റു ചിലരുടേത് സംശയത്തിലാകുകയും ചെയ്യുകയാണല്ലോ ഉണ്ടായത്. ഇസ്‌റാഈലിലെ നിയമം ഇത് ഒട്ടും മറയില്ലാതെ ചെയ്യുന്നു. രാഷ്ട്രം എങ്ങനെയായിരിക്കണം, രാഷ്ട്രത്തിന്റെ മുന്‍ഗണന എന്തായിരിക്കണം എന്ന് നിശ്ചയിക്കുന്നവരില്‍ ജൂതരല്ലാത്തവര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് നിയമം പ്രഖ്യാപിക്കുന്നു. ജൂതരും അല്ലാത്തവരുമായി പൗരന്‍മാരെ കൃത്യമായി വിഭജിക്കുകയാണ് ഈ നിയമം.
നാസിസത്തിന്റെ ഇരകളെന്ന ആനുകൂല്യത്തിന്റെ മേലാണ് ജൂതര്‍ക്ക് താമസിക്കാന്‍ ഒരു രാഷ്ട്രം കണ്ടെത്താനുള്ള ഉത്തരവാദിത്വം ബ്രിട്ടീഷ് രാജ്ഞിയില്‍ വന്നു ചേരുന്നത്. അതാണ് 1918ലെ ബാല്‍ഫര്‍ പ്രഖ്യാപനം. ചരിത്രപരമായും പുരാതന ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കുമ്പോഴും ജൂതരുടെ വാഗ്ദത്ത ഭൂമിയാകേണ്ടത് ദക്ഷിണ റഷ്യയിലോ യൂറോപ്പിലെ മറ്റ് മേഖലയിലോ ആയിരുന്നു. എന്നാല്‍, ഈ സമൂഹത്തെ സ്വീകരിക്കാന്‍ യൂറോപ്പ് ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് ഫലസ്തീനികളെ ആട്ടിയോടിച്ചും കൊന്നൊടുക്കിയും അറബ് മേഖലയില്‍ ഇസ്‌റാഈല്‍ സ്ഥാപിച്ചെടുക്കുന്നത്.
ലോകത്തെമ്പാടുമുള്ള ജൂതന്‍മാരെ ഇസ്‌റാഈലിലേക്ക് ആകര്‍ഷിക്കലും അറബ് കൂട്ടക്കൊലകളും ഒരുമിച്ച് നടന്നു. ഇതിനെല്ലാം സാമ്രാജ്യത്വ ശക്തികള്‍ പിന്തുണ നല്‍കി. ഈ പിന്തുണക്കുള്ള ഉപാധിയായി അവര്‍ മുന്നോട്ടുവെച്ചത് പുതിയ രാജ്യം പാശ്ചാത്യ ലിബറല്‍ രാഷ്ട്ര സങ്കല്‍പ്പത്തെ പിന്തുടരണമെന്നത് മാത്രമായിരുന്നു. “നാഷന്‍ സ്റ്റേറ്റ് ലോ”യിലൂടെ ആ ഉപാധിയും പൊളിച്ചുകളയുകയാണ് ചെയ്തത്. സയണിസത്തിന്റെ നടത്തിപ്പുകാരെന്ന നിലക്ക് ഇസ്‌റാഈലിനെ ജൂതരാഷ്ട്രമെന്ന് വിളിക്കപ്പെട്ടെങ്കിലും നിയമപരമായി അത് അങ്ങനെ ആയിത്തീരുന്നത് ഈ നിയമത്തോട് കൂടിയാണ്. ജൂതരല്ലാത്ത മുഴുവന്‍ പേരെയും അത് രണ്ടാം കിട പൗരന്‍മാരാക്കി.
2- ഈ നിയമത്തിന്റെ മറ്റൊരു പ്രധാന വ്യവസ്ഥ ഹീബ്രു ഔദ്യോഗിക ഭാഷയായിരിക്കുമെന്നതാണ്. അറബി പ്രത്യേക പദവിയുള്ള ഭാഷയുമായിരിക്കും. 70 വര്‍ഷമായി ഹീബ്രുവും അറബിയും ഔദ്യോഗിക ഭാഷകളായിരുന്നു. സര്‍ക്കാര്‍ വ്യവഹാരങ്ങളില്‍ ഇരുഭാഷകളും ഉപയോഗിച്ചുവന്നു. ഈ നിയമത്തോടെ ആ പതിവ് അവസാനിച്ചു. ഒരു ദേശ രാഷ്ട്രം മഹത്തരമാകുന്നത് എല്ലാതരം ന്യൂനപക്ഷങ്ങളെയും ചേര്‍ത്ത് നിര്‍ത്തുമ്പോഴാണല്ലോ. ഹീബ്രുവിനെ ഔദ്യോഗിക ഭാഷയാക്കിയതു വഴി ആധുനിക രാഷ്ട്രമായിരിക്കാനുള്ള യോഗ്യത ഇസ്‌റാഈലിന് നഷ്ടമായി.
3 ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തെ നാഷന്‍ സ്റ്റേറ്റ് ലോ നിയമപരമാക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. ജൂത കുടിയേറ്റ സമുച്ചയങ്ങളുടെ നിര്‍മാണം ദേശീയ മൂല്യം ഉയര്‍ത്തുമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, എവിടുത്തെ ജൂതകുടിയേറ്റമെന്ന് പറയുന്നില്ല. വെസ്റ്റ്ബേങ്കെന്ന് നിയമത്തില്‍ എടുത്തുപറയാത്തതിന് നെതന്യാഹുവിന്റെ അനുയായികള്‍ പ്രതിഷേധിച്ചിരുന്നു. എന്തിന് വെസ്റ്റ്ബേങ്കെന്ന് പറയണം? 1967 മുതല്‍ വെസ്റ്റ്‌ബേങ്ക് അധിനിവേശം തുടരുകയാണല്ലോ. ബൈബിള്‍ കഥ ഉദ്ധരിച്ചാണ് ക്രൂരമായ പിടിച്ചടക്കലുകള്‍ ന്യായീകരിക്കുന്നത്. ഇസ്‌റാഈലിന്റെ പ്രഥമ പ്രധാനമന്ത്രിയായി തീരും മുമ്പേ ഡേവിഡ് ബന്‍ഡഗൂറിയന്‍ ഇത് പ്രഖ്യാപിച്ചിട്ടുണ്ട്: “രാഷ്ട്രം സ്ഥാപിച്ച് കരുത്തുറ്റ ശക്തിയായി തീര്‍ന്ന ശേഷം നാം ഫലസ്തീനിലേക്ക് മുഴുവനുമായി വ്യാപിക്കും. ലക്ഷ്യ പൂര്‍ത്തീകരണത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ രാഷ്ട്രം. വ്യാപനത്തിന് കളമൊരുക്കുകയാണ് രാഷ്ട്രത്തിന്റെ ദൗത്യം. ഈ രാഷ്ട്രം അതിന്റെ വ്യവസ്ഥ കാത്തുസൂക്ഷിക്കേണ്ടത് യന്ത്രത്തോക്കുകള്‍ കൊണ്ടാണ്.”
നാഷന്‍ സ്റ്റേറ്റ് നിയമം ബന്‍ഗൂറിയനിസത്തിന്റെ പൂര്‍ത്തീകരണമാണ്. ജൂതരെ ഉത്കൃഷ്ട സമൂഹമാക്കുമ്പോള്‍ മറ്റുള്ളവരെ നികൃഷ്ടരാക്കുകയാണ് ഈ നിയമം ചെയ്തത്. അറബികളുടെയോ ക്രിസ്ത്യാനികളുടെയോ പേരെടുത്ത് പറയാതെയാണ് ഇത് സാധ്യമാക്കിയത്. ഇന്ത്യയിലെ പൗരത്വ നിയമത്തിലും മുസ്‌ലിം എന്നൊരു നാമമില്ല. അമിത് ഷായുടെ ക്രൊണോളജി പക്ഷേ എല്ലാം വ്യക്തമാക്കി. ആദ്യം സി എ എ, പിന്നെ എന്‍ പി ആര്‍, ഒടുവില്‍ എന്‍ ആര്‍ സി. പേര് പോലും പറയാതെ മുസ്‌ലിംകളുടെ പൗരത്വത്തെ നിതാന്തമായ സന്ദേഹത്തിലേക്ക് വലിച്ചെറിഞ്ഞു. ഹിന്ദുത്വത്തിന് ഒത്ത കൂട്ട് തന്നെ സയണിസം.