Ongoing News
തിരിച്ചറിയാൻ ഇനിയും വൈകരുത്
വളരെ, ശ്രദ്ധിച്ചോളണം; അധ്യാപകരെ പറ്റിയാണ് പറയാൻ പോകുന്നത്! ഒരിടത്തെ ഒരധ്യാപകനെ പറ്റി ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്, മുമ്പ് കാലത്താണ്. അവിടെ അഞ്ചാറ് ഗുരക്കൻമാരുണ്ട.് പക്ഷെ, അവരിലൊരാളെ അവിടുത്തെ ഒരൊറ്റ കുട്ടിക്കും കണ്ണിനുകണ്ടുകൂടാ. കാരണം ക്ലാസിലും അല്ലാത്തപ്പോഴും കുട്ടികളെ ഇൻസൾട്ട് ചെയ്‌തേ അയാൾ സംസാരിക്കൂവത്രെ! കുട്ടികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് വന്നുപോയാൽ, ചോദിച്ച ഉടനെ ഉത്തരം കിട്ടിയില്ലെങ്കിൽ, ക്ലാസിലെത്താൻ ഒരൽപം വൈകിപ്പോയാൽ, ക്ലാസിലോട്ട് അറിയാതെ കണ്ണ് ചിമ്മിപ്പോയാൽ… പിന്നെ തീർന്നു കഥ!
കുട്ടികൾ കുട്ടികളാണെങ്കിലും അവർക്കുമുണ്ടാവില്ലേ അവരുടേതായ അഭിമാനബോധം? പറഞ്ഞുകേട്ടതനുസരിച്ച്, അയാൾക്ക് ഒരു കുട്ടിയിൽ നിന്നും ഒരാദരവും കിട്ടുന്നില്ലെന്ന് മാത്രമല്ല, അയാളെക്കൊണ്ട് ഒരു കുട്ടിക്കും ഒരുപകാരവും ലഭിക്കുന്നുമില്ലത്രെ. കാരണം കുട്ടികളെല്ലാം അവരുടെ ഹൃദയങ്ങളെ അയാൾക്കുനേരെ കൊട്ടിയടച്ചിരിക്കുകയാണ്. ശബ്ദമലിനീകരണം, സമയനഷ്ടം, ഊർജ നഷ്ടം, ശമ്പളനഷ്ടം എന്നിവയാണ് അയാളുടെ അധ്യാപനം കൊണ്ടുള്ള നാലു “ലാഭ”ങ്ങൾ!!
[irp]
ദാഹിക്കുന്നവന് വെള്ളം കിട്ടണം, വിശക്കുന്നവന് അപ്പം കിട്ടണം, അതുപോലെ അംഗീകാരത്തിന് അതിനുള്ള അർഹതയോടെ കൊതിക്കുന്നവന് അതും കിട്ടണം, എന്നതാണ് ശരി. ശരീരത്തിന് പൈദാഹങ്ങളുള്ളതുപോലെ മനസ്സിനും അതുണ്ടെന്ന് നാമുൾക്കൊണ്ടേ പറ്റൂ.
നാം ഫൂട്ട്പാത്തിലൂടെ നടക്കുമ്പോൾ ഒരു യാചകൻ ദയനീയമായി കൈനീട്ടി. നാം രണ്ടുരൂപ കോയിൻ എടുത്തു കൊടുത്തു. അയാൾ നന്ദി സൂചകമായി കൈ ഉയർത്തി എന്തോ ആംഗ്യം കാണിക്കുകയോ, പ്രാർഥിക്കുകയോ ചെയ്തു. അപ്പോൾ നമുക്കുണ്ടാവുന്ന സംതൃപ്തിയുടെ വില നാം തിരിച്ചറിയാത്തത്, അതേപോലെ മറ്റൊരു യാചകൻ പൈസ കൈയിൽ വാങ്ങി പുച്ഛത്തോടെ നമ്മെ നോക്കുകയോ “ഫും.. ഫും.. കാലിച്ചായക്ക് വേണം എട്ടു രൂപ, ഈ എരപ്പാളി തത്കണ്ടില്ലേ, രണ്ടുലുവാ, ഹും ഹും..” എട്ട് പിറുപിറുക്കുകയോ ചെയ്താലാണ്.
ചില ഗുരുക്കന്മാർ ശിഷ്യരെ ഉള്ളാലെ സ്‌നേഹിക്കും, പക്ഷേ, ഒട്ടും പ്രകടിപ്പിക്കുകയില്ല. എന്ന് മാത്രമല്ല, എന്നും പോരായ്മാ ഭാഷയിലാണ് സംസാരിക്കുക. നീ ചെയ്ത അതും ഇതുമൊക്കെ ശരി, പക്ഷെ പോരാ…പോരാ..പോരാ. ഇതിങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ അവൻ ഇനിയും അതിമിടുക്കനാകും, ആകണം, എന്ന്് തന്നെയാണ് അയാളുടെ ഉള്ളിലിരുപ്പ്.
കുട്ടികളിൽ അഹങ്കാരം അങ്കുരിക്കുമോ എന്ന ഭയത്താലായിരിക്കും ചില വേളകളിൽ ചില അധ്യാപകർ ഇത് ചെയ്യുന്നത്, നല്ലത്. അല്ലെങ്കിൽ, വാചാ പ്രകടിപ്പിച്ചില്ലെങ്കിലും അവനെ പറ്റി എനിക്ക് മുന്തിയ മതിപ്പുണ്ടെന്ന് അവൻ മനസ്സിലാക്കിക്കൊള്ളും എന്ന സദ്‌വിചാരത്തോടെ ആയിരിക്കും ചിലരിത് ചെയ്യുന്നത്, കൊള്ളാം. അതൊന്നും പ്രശ്‌നമുള്ള കേസല്ല. അതേസമയം വിദ്യാർഥികൾ താഴ്ന്നവരാണെന്നും അവരെ സദാ താഴ്ത്തിക്കെട്ടിയേ നാം സംസാരിക്കാവൂ എന്നതുമൊരു നിലപാടാക്കി മാറ്റുന്നതാണ് അപകടകരം. ഓർക്കുക! നമ്മേക്കാൾ താഴ്ന്ന കുട്ടികൾ ഉള്ളതുകൊണ്ടാണ്, അത് കൊണ്ട് മാത്രമാണ് അവരേക്കാൾ വലിയവർ എന്ന്് നമുക്കു തോന്നുന്ന നാം, വലിയവരായി വാഴുന്നത്. തറനില താഴെ താങ്ങി നിൽക്കുന്നത് കൊണ്ടാണ് ഒന്നാം നിലക്ക് മുകളിലിരുന്ന് ഞെളിയാനാകുന്നത്.
ഇതു പറയുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ചില ഗുരുക്കന്മാർ ഉത്തേജകപരമായ സമീപനങ്ങളിലൂടെ ഒരുപാട് ശിഷ്യന്മാരെ ഉയരങ്ങളിലേക്ക് കൈപിടിച്ചെത്തിക്കാറുണ്ട്. നമ്മുടെ ദൃഷ്ടിയിൽ നിസ്സാരമായ അത്തരം കാര്യങ്ങൾ പക്ഷേ, ആ ശിഷ്യരുടെ ജീവിതത്തിലെ വഴിത്തിരിവുകളായി വർത്തിക്കും. ചെറിയ ക്ലാസുകളിൽ പഠിക്കവേ മാഷന്മാരുടെ/ ഉസ്താദുമാരുടെ കൈയിൽ നിന്ന് നിങ്ങൾക്ക് കിട്ടിയ ഒരു പുറത്ത് തട്ട്, ഒരു ചുവപ്പു ശരി, ഒരു പൊട്ട് ചോക്ക്, ഒരു പേരുവിളി എന്നിവയുടെ മധുരം ഓർമരസനകൊണ്ട് ഇപ്പോൾ ഒന്ന് നുണഞ്ഞു നോക്കൂ. നല്ല ഗുരുക്കൾ അങ്ങനെയാണ്. അവർ കുട്ടികൾക്ക് മഹാന്മാരുടെ അറിവുകൾ പകർന്ന് ഉൾവലിയുകയല്ല; മറിച്ച് അവരെ മഹാന്മാരാക്കി മാറ്റാൻ പറ്റുമോ എന്ന് നോക്കുകയാണ് ചെയ്യുക.
ഒരു കാര്യമോർക്കേണ്ടത്, മാതാപിതാക്കളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ കിട്ടുന്നതിനേക്കാൾ എത്രയോ മാസ്മരിക വീര്യമുള്ളതായിരിക്കും ഒരാൾക്ക് തന്റെ ഗുരുവിൽ നിന്ന് കിട്ടുന്ന അംഗീകാരത്തിന്റേതായ ഒരു വാഴ്ത്തുവാക്ക്. അടക്കവും ഒതുക്കവുമില്ലാത്ത നിങ്ങളുടെ ഒരു ശിഷ്യനെ ആയിരം തവണ ശകാരിക്കുന്നതിനേക്കാൾ ഫലപ്രദമായിരിക്കും, കണ്ണായ ഒരു സമയത്ത് സമർഥമായി ഒന്ന്് പുകഴ്ത്തുന്നത്. ഒരുപക്ഷെ ഞാൻ വിലകെട്ടവനാണെന്ന് സ്വയം കരുതി നീറിക്കഴിയുന്ന ഒരു കുഞ്ഞുമനസ്സിലേക്ക് നിങ്ങൾ പെയ്യിക്കുന്ന തേൻമഴയായിരിക്കും ആ ഒരൊറ്റവാക്ക്.
ഇനി വേണമെങ്കിൽ അത് കൂട്ടമായ ഒരു ഹലാൽ നാടകമാക്കി മാറ്റുകയും ആവാം. അഥവാ ഒരധ്യാപകൻ മാത്രമല്ല എല്ലാവരും കൂടി ഒരു കുരുത്തംകെട്ട മരമന്ദു ശഫീഖിനെ നോട്ടമിടുക. “നീയിപ്പോൾ നല്ലോണം പഠിക്കുല്ലോടാ! എന്നൊരാളും, പരീക്ഷ നീ നല്ലോണം എഴുതിയെന്ന് പറയുന്നത് കേട്ടു എന്ന് മറ്റൊരാളും, നിന്നെ പറ്റി ഇപ്പോൾ എല്ലാർക്കും നല്ല അഭിപ്രായമാണല്ലോടാ എന്ന് മൂന്നാമതൊരാളും, നീ സാഹിത്യസമാജത്തിൽ ഇപ്പം കല കലക്കുന്നുണ്ടെന്ന് കേട്ടു എന്ന് ഇനിയുമൊരാളും, ക്ലാസിൽ കയറിയ ഉടനെ ആരാണ് ശഫീഖ് ഒന്ന് കാണട്ടെ എന്ന പുതിയൊരാളും, അടുപ്പിച്ച് പറഞ്ഞിട്ടാൽ നിങ്ങൾ ശഫീഖിനെ ആയിരം തവണ ഏത്തമിടീക്കുന്നതിനേക്കാൾ, അത്രതന്നെ ഇമ്പോസിഷൻ എഴുതിക്കുന്നതിനേക്കാൾ, പത്തുപ്രാവശ്യം രക്ഷിതാവിനെ കൂട്ടിവരീപ്പിക്കുന്നതിനേക്കാൾ, കൂട്ടുകാർക്കിടേ “പച്ചപ്പൊട്ടാ മരമന്ദൂ, മന്ദബുദ്ധീ ഇബ്‌ലീസേ, ഐലസാ ഐലസാ..” എന്ന് വിളിച്ച് സംസ്‌കരിച്ചെടുക്കുന്നതിനേക്കാൾ എത്രയോ ഫലപ്രദമാണെന്ന് തിരിച്ചറിയാൻ ഇനിയും വൈകരുത്.