Connect with us

Editorial

ദേവീന്ദര്‍ സിംഗ്: ദുരൂഹമാണ് കേന്ദ്രത്തിന്റെ മൗനം

Published

|

Last Updated

കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായത് രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കകളുയര്‍ത്തുന്നുണ്ട്. തീവ്രവാദികളുടെ പ്രവര്‍ത്തന പദ്ധതികളെ കുറിച്ചും അത്തരക്കാരുടെ ലക്ഷ്യം സംബന്ധിച്ചും നിര്‍ണായകമായ ചോദ്യങ്ങളുയര്‍ത്തുന്നതുമാണിത്. സൈന്യത്തിലെയും പോലീസിലെയും ഉദ്യോഗസ്ഥര്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതും ഹണി ട്രാപ്പിലും മറ്റും കുടുങ്ങി ചാരപ്രവര്‍ത്തനത്തില്‍ ബോധപൂര്‍വമല്ലാതെ പങ്കാളിയാകുന്നതും പുതിയ കാര്യമല്ല. ഇവരില്‍ ചിലര്‍ സാമ്പത്തിക നേട്ടത്തിനാകാം അത്യന്തം ഗുരുതരമായ രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ മറ്റ് ചിലര്‍ രാഷ്ട്രീയമായ നിഗൂഢ ലക്ഷ്യങ്ങള്‍ക്കായി വിവര ചോരണവും തീവ്രവാദികള്‍ക്ക് അഭയമൊരുക്കലും നടത്തുന്നുണ്ട്. കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡി എസ് പി ദേവീന്ദര്‍ സിംഗിന്റെ കാര്യം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സ്‌ഫോടക വസ്തുക്കളുമായി ഹിസ്ബുല്‍ ഭീകരവാദികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഈ ഭീകരവാദികളെ നാടു കാണിക്കാനല്ലല്ലോ കൊണ്ടുപോകുന്നത്.

ആക്രമണത്തിന് തന്നെയാകാം യാത്ര. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകെ പ്രക്ഷോഭം ആളിപ്പടരുമ്പോള്‍ ഉണ്ടാകുന്ന ഭീകരാക്രമണത്തിന്റെ രാഷ്ട്രീയ ഗുണം ആര്‍ക്കായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ മനസ്സിലാകും ദേവീന്ദര്‍ സിംഗിന്റെ യഥാര്‍ഥ ലക്ഷ്യം എന്തായിരുന്നുവെന്ന്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് നാല് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റ് അങ്ങേയറ്റം പ്രസക്തമാണ്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ കുറിച്ചാണ് രാഹുല്‍ തുറന്നടിക്കുന്നത്. എന്തുകൊണ്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ സംഭവത്തില്‍ നിശ്ശബ്ദരായിരിക്കുന്നു? പുല്‍വാമ ഭീകരാക്രമണത്തില്‍ ദേവീന്ദര്‍ സിംഗിന്റെ പങ്ക് എന്താണ്? മറ്റ് തീവ്രവാദികളെ ഇയാള്‍ എത്രത്തോളം സഹായിച്ചിട്ടുണ്ട്? ആരാണ് ഇയാളെ സംരക്ഷിച്ചത്, എന്തിന്? എന്നിവയാണ് രാഹുലിന്റെ ചോദ്യങ്ങള്‍. ഇയാള്‍ക്കെതിരായ വിചാരണ അതിവേഗ കോടതിയില്‍ നടക്കണമെന്നും ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു.
ഭീകരതയുമായി ബന്ധപ്പെട്ട എന്തിന് പിറകേയും മുൻപിന്‍ നോക്കാതെ വെച്ച് പിടിക്കാറുള്ള ബി ജെ പിയും കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. മുസ്‌ലിംകള്‍ക്കെതിരായ ദുഷ്പ്രചാരണത്തിന് സാധ്യതയില്ലാത്തത് കൊണ്ടാണ് അതെന്ന് ആര്‍ക്കും മനസ്സിലാകും. ഇവിടെ ഭീകരവാദത്തെ കുറിച്ചുള്ള വാര്‍പ്പ് മാതൃകകളെല്ലാം ഇടിഞ്ഞു വീഴുകയാണ്. കശ്മീര്‍ താഴ്‌വരയിലെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പില്‍ ദീര്‍ഘകാലം സേവനം ചെയ്ത ദേവീന്ദര്‍ സിംഗ് ഇതാദ്യമായല്ല തീവ്രവാദികളുമായി ബന്ധപ്പെടുന്നതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. തന്നെ മുമ്പും പലതവണ ദേവീന്ദര്‍ സിംഗ് സുരക്ഷിതമായി അദ്ദേഹത്തിന്റെ വാഹനത്തില്‍ കൊണ്ടുപോയിട്ടുണ്ടെന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സൈദ് നവീദ് ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് ദേവീന്ദറിനൊപ്പം പോയി ജമ്മുവിലെ തന്റെ കുടുംബത്തെ കണ്ടതായും നവീദ് പറയുന്നു. കീഴടങ്ങിയ തീവ്രവാദികളാണ് തന്റെ കൂടെയുള്ളതെന്ന ദേവീന്ദറിന്റെ അവകാശവാദം പൊളിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍. ദേവീന്ദര്‍ സിംഗ് 2005ല്‍ നാല് ഭീകരരെ സഹായിക്കുന്നതിനു വേണ്ടി എഴുതിയ കത്ത് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയെന്നും വാര്‍ത്തയുണ്ട്. കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് നാല് ഭീകരര്‍ക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. ഈ കത്തിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷണം നടത്തും. ഇയാള്‍ക്കെതിരെ യു എ പി എ ചുമത്തി എന്‍ ഐ എ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

[irp]

പക്ഷേ, രാഹുല്‍ ചോദിക്കുന്നത് പോലെ ഈ അന്വേഷണം കൊണ്ട് ദേവീന്ദര്‍ സിംഗിന്റെ പിന്നിലുള്ളവര്‍ വെളിച്ചത്തു വരുമോ? 15 ലക്ഷം രൂപക്ക് വേണ്ടിയാണ് ദേവീന്ദര്‍ ഇതെല്ലാം ചെയ്തു കൂട്ടിയതെന്ന് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ഒരാളും തയ്യാറാകില്ല. വിശിഷ്ട സേവാ മെഡല്‍ നല്‍കി ബഹുമാന്യനാക്കി നിര്‍ത്തി ആരൊക്കെയോ ഈ ഉദ്യോഗസ്ഥനെ സംരക്ഷിച്ചിരുന്നുവെന്ന് വ്യക്തമാണ്. അവരുടെ ലക്ഷ്യം ഒരിക്കലും രാഷ്ട്ര നന്മയായിരിക്കില്ലല്ലോ. ഒന്നുകില്‍ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളാകാം. അല്ലെങ്കില്‍ തീവ്രവാദ പ്രവണത കാലാകാലവും തുടരണമെന്ന ദീര്‍ഘകാല ലക്ഷ്യമാകാം. ദേവീന്ദര്‍ സിംഗിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത് കൊണ്ടോ അദ്ദേഹത്തിന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞ് വെച്ചത് കൊണ്ടോ ഇതൊന്നും പുറത്തുവരില്ല. എല്ലാം ഒറ്റയാളുടെ കുറ്റമായി ചിത്രീകരിക്കപ്പെടുമ്പോള്‍ വമ്പന്‍മാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

പുല്‍വാമ ഭീകരാക്രമണവും അതിന് ശേഷം നടന്ന ബാലാകോട്ട് മിന്നലാക്രമണവുമാണ് മോദി സര്‍ക്കാറിന്റെ തിരിച്ചു വരവിന് മണ്ണൊരുക്കിയത്. പുതിയ വെളിപ്പെടുത്തലുകളും ബി ജെ പി നേതൃത്വത്തിന്റെ മൗനവും പുല്‍വാമ ആക്രമണത്തില്‍ പുനരന്വേഷണം അനിവാര്യമാക്കുന്നുണ്ട്. പാര്‍ലിമെന്റ് ആക്രമിക്കാന്‍ വരുന്നവരെന്ന് പിന്നീട് തെളിഞ്ഞവര്‍ക്ക് താമസ സൗകര്യം ഒരുക്കിക്കൊടുക്കാന്‍ കത്തിലൂടെ തന്നോട് ആവശ്യപ്പെട്ടത് ദേവീന്ദര്‍ സിംഗാണെന്ന് ഈ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു പറഞ്ഞത് അന്നാരും ചെവി കൊണ്ടിരുന്നില്ല. തെളിവില്ലെന്ന് പറഞ്ഞ് കോടതിയും കൈയൊഴിയുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ അക്കാര്യവും അന്വേഷിക്കേണ്ടതുണ്ട്. ശവപ്പെട്ടി കുംഭകോണത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ ഉലഞ്ഞിരിക്കുമ്പോഴായിരുന്നല്ലോ പാര്‍ലിമെന്റ് ആക്രമണം. ഇന്ത്യയിലെ സ്‌ഫോടന കേസുകളെ കുറിച്ചുള്ള ധാരണ തന്നെ മാറ്റിയത് മാലേഗാവ് സ്‌ഫോടനമായിരുന്നു. ദേവീന്ദര്‍ കേസിലും അത്തരം സത്യാന്വേഷണങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം.