Connect with us

Kollam

അരിപ്പ ഭൂസമരം ഏഴാം വര്‍ഷത്തിലേക്ക്

Published

|

Last Updated

അരിപ്പ ഭൂസമരം കൃഷി ഭൂമി നല്‍കി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ദലിത് മുന്നേറ്റ സമിതി തിരുവനന്തപുരത്ത് ജനുവരി ഒന്നിന് നടത്തിയ സമരത്തിനിടെ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു (ഫയല്‍ ചിത്രം)

കൊല്ലം |  ആദിവാസി ദലിത് മുന്നേറ്റ സമര സമിതി (എ ഡി എം എസ്) അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയില്‍  ആരംഭിച്ച ഭൂസമരം ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നു.  കൃഷി ചെയ്തു ജീവിക്കാനാവശ്യമായ ഭൂമി  ആവശ്യപ്പെട്ട് സമരം നടത്തുന്ന  ദലിത്  പിന്നോക്ക വിഭാഗങ്ങള്‍ക്ക് നീതി അന്യമായി തുടരുകയാണ്. 2012 ഡിസംബര്‍ 31ന്  ഇടതു മുന്നണി നേതൃത്വത്തില്‍ അരിപ്പയിലെ സര്‍ക്കാര്‍ ഭൂമി കൈയേറി പ്രതീകാത്മക ഭൂസമരം നടത്തിയതിനൊപ്പം  എ ഡി എം എസിന്റെ നേതൃത്വത്തിനു കീഴില്‍ ആയിരത്തിലധികം കുടുംബങ്ങളാണ് അന്ന് ഭൂസമരത്തിലേര്‍പ്പെട്ടത്. ഏഴു വര്‍ഷമായപ്പോഴേക്കും പട്ടിണിയും പരിവട്ടവുമായി ജീവിതം മുന്നോട്ടു നയിക്കാനാവാതെ പോയവരും മരണപ്പെട്ടവരും ഭൂസമരത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നവരും നിരവധിയാണ്.  നിലവില്‍ അറുന്നൂറോളം കുടുംബങ്ങളാണ് നിത്യവൃത്തിക്കു പോലും വക കണ്ടെത്താനാവാതെ സമര ഭൂമിയില്‍ ലക്ഷ്യം നേടാനായി ഭൂസമരം തുടരുന്നത്. കാലങ്ങളായി തരിശ്ശു കിടന്നിരുന്ന ചതുപ്പ് നിലവും കുന്നിന്‍ ചരിവുകളും സമരക്കാര്‍ അധ്വാനിച്ച് കാട് വെട്ടി മാറ്റി കൃഷി ഭൂമിയാക്കി മാറ്റിയായിരുന്നു വര്‍ഷങ്ങളായി ഭൂസമരം മുന്നോട്ട് പോയത്. മരച്ചീനിയും വാഴയും പച്ചക്കറികളും കൃഷി ചെയ്താണ് സമരം തുടര്‍ന്നത്. സമരക്കാര്‍ ചതുപ്പു നിലം പൊന്ന് വിളയുന്ന നെല്‍പാടമാക്കി മാറ്റി നെല്‍കൃഷിയും ആരംഭിച്ചിരുന്നു.

എന്നാല്‍ സമരം പരാജയപ്പെടുത്താമെന്ന പദ്ധതിയില്‍ പോലീസും ജില്ലാ ഭരണകൂടവും പ്രശ്‌നങ്ങളൊഴിവാക്കാനെന്ന പേരില്‍ സമരഭൂമിയിലെ നെല്‍കൃഷി നിരോധിക്കുകയായിരുന്നു.  ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാന ഫലമായി സൃഷ്ടിച്ചെടുത്ത ഏക്കറുകള്‍ വരുന്ന നെല്‍പാടം കൃഷിയിറക്കാതെ വന്നതോടെ ഇപ്പോള്‍ കാട് പിടിച്ച് വീണ്ടും ആര്‍ക്കും ഉപകരിക്കാത്ത വിധമായി. ഇതോടെ കാര്‍ഷിക വൃത്തി മാത്രം തൊഴിലായി അറിയുന്ന ഭൂസമരക്കാര്‍ തൊഴിലുകള്‍ തേടി സമീപ പ്രദേശങ്ങളിലേക്ക് പോകേണ്ട ഗതികേടിലായി മാറി. സമര ഭൂമിയില്‍ കൃഷിചെയ്തു ഉപജീവനം കഴിക്കാന്‍ കഴിയാതെ വന്നതോടെ സമരക്കാരായ സ്ത്രീകള്‍ സമീപത്തെ എണ്ണപ്പന തോട്ടത്തില്‍  വീണു നശിക്കുന്ന പനയോലയില്‍ നിന്നും ഈര്‍ക്കില്‍ ശേഖരിച്ച് ചൂല്‍ നിര്‍മ്മാണത്തിലൂടെ നിത്യവൃത്തിക്ക് വക കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഈ മാസം ഒന്നിന് മുഖ്യമന്ത്രിയുടെ വീട്ട് പടിക്കലില്‍ 100 മണിക്കൂര്‍ കഞ്ഞിവയ്പ്പ് സമരം എ ഡി എം എസ് നേതൃത്വത്തില്‍ നടത്തിയിരുന്നു.  അരിപ്പ ഭൂസമരം കൃഷി ഭൂമി നല്‍കി പരിഹരിക്കുക, സമരഭൂമി നെല്‍ കൃഷി നിരോധിച്ച നടപടി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചണ് തിരുവനന്തപുരത്ത് സമരം നടത്തിയത്. അതേ സമയം സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമര സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ സിറാജിനോട് പറഞ്ഞു. അതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യ വാരത്തോടെ എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റിലേക്കും  മാര്‍ച്ച് മാസത്തില്‍ ആര്യങ്കാവിലെ പ്രിയ എസ്റ്റേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എസ് അയ്യൂബ് 

ayoobcnan@gmail.com