National
ബെംഗളൂരു: കുടിലുകൾ പൊളിച്ചുമാറ്റിയ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ
ബെംഗളൂരു | ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് നോർത്ത് ബെംഗളൂരു കരിയമ്മന അഗ്രഹാര പ്രദേശത്തെ മുന്നൂറിൽ പരം കുടിലുകൾ പൊളിച്ചുമാറ്റിയ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി ബി എം പി) ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ. ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചല്ല കരിയമ്മന അഗ്രഹാരയിലെ കുടിലുകൾ ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയതെന്ന് ബി ബി എം പി കമ്മീഷണർ ബി എച്ച് അനിൽകുമാർ വിശദീകരിച്ചു. പൊളിക്കലിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിലുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. ഇവിടെ അനധികൃതമായി കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്ന പരാതി നേരത്തേ ലഭിച്ചിരുന്നുവെന്നും എന്നാൽ പൊളിച്ചുനീക്കേണ്ട ദിവസം തീരുമാനിച്ചിരുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു. ഇതിന് ഉത്തരവിട്ട മഹാദേവപുര സോൺ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ നാരായണ സ്വാമിയെ ഈ ചുമതലയിൽ നിന്ന് നേരത്തേ ജോലി ചെയ്തിരുന്ന പി ഡബ്ല്യു ഡി വിഭാഗത്തിലേക്ക് മാറ്റി. ജോലിയിൽ നിന്ന് ഇയാളെ സസ്‌പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുമെന്നും കമ്മീഷണർ പറഞ്ഞു.
കുടിലുകൾ നീക്കിയത് സംബന്ധിച്ച് കമ്മീഷണർ വിശദീകരണം ആരാഞ്ഞപ്പോൾ പോലിസാണ് ഇതിന് നേതൃത്വം നൽകിയതെന്നും ബി ബി എം പിക്ക് ഇതിൽ പങ്കില്ലെന്നുമായിരുന്നു എൻജിനീയറുടെ മറുപടി. എന്നാൽ, കുടിലുകൾ പൊളിച്ചത് ബി ബി എം പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും ഇവർക്ക് സംരക്ഷണം നൽകിയത് മാറത്തഹള്ളി പോലീസായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബി ബി എം പി എൻജിനീയർ മാറത്തഹള്ളി പോലീസിന് എഴുതിയ കത്ത് ഇതിന്റെ തെളിവാണ്. പൊതുപ്രവർത്തകരുടെ ശ്രമഫലമായാണ് ചില പ്രദേശങ്ങളിലെ കുടിലുകൾ സംരക്ഷിക്കാനായത്. കുടുംബങ്ങൾ കുടിൽ കെട്ടി താമസിക്കുന്നത് സ്വകാര്യ ഭൂമിയിലാണെന്നിരിക്കെ, പൊളിച്ചുനീക്കാൻ ഉത്തരവിട്ട എൻജിനീയറുടെ നടപടിക്കെതിരെ കൂടുതൽ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. കുടിയേറ്റക്കാർ തങ്ങൾക്ക് ശല്യമായി മാറുന്നതായും സമാധാനം തകർക്കുകയാണെന്നും കാണിച്ച് സ്ഥലത്തെ അപ്പാർട്ട്‌മെന്റ് നിവാസികൾ ബി ബി എം പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻജീനിയർ പൊളിച്ചുനീക്കാൻ ഉത്തരവിട്ടതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ ഭൂമിയിൽ നിർമിച്ച കുടിലുകൾ പൊളിച്ചുനീക്കാനും നിർബന്ധിതമായി കുടിയൊഴിപ്പിക്കാനും എ ഇ ഇക്ക് അധികാരമില്ലെന്നാണ് കമ്മീഷണർ ചൂണ്ടിക്കാണിക്കുന്നത്.
2018 ആഗസ്റ്റിൽ കരിയമ്മന അഗ്രഹാരയിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ താമസിച്ചുവന്നിരുന്ന 400 കുടിലുകൾ ബി ബി എം പി നീക്കം ചെയ്തിരുന്നു. അന്ന് ഈ സംഭവം വൻ വിവാദത്തിനിടയാക്കിയിരുന്നു. ഒരു കിലോമീറ്ററിലധികം അകലെയുള്ള ബെലന്തൂർ തടാകത്തിന്റെ ബഫർ സോൺ ലംഘിച്ചതിനാൽ ശേഷിക്കുന്ന കുടിലുകളും പൊളിച്ചുനീക്കേണ്ടിവരുമെന്ന് അന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ പ്രദേശവാസികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് കർണാടക ഹൈക്കോടതി കുടിയൊഴിപ്പിക്കൽ നടപടി സ്റ്റേ ചെയ്തിരുന്നു.
ആയിരക്കണക്കിന് പേർക്കാണ് കിടപ്പാടം നഷ്ടമായത്. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെയാണ് അനധികൃത കുടിയേറ്റക്കാരാണെന്ന് മുദ്രകുത്തി സിറ്റി കോർപറേഷനും ബെംഗളൂരു പോലീസും കുടിലുകൾ നീക്കം ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ ഈ ചേരി പ്രദേശത്ത് നിന്നുള്ളവരും ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് പോലീസ് നടപടിയെന്നുമുള്ള ആരോപണവും ശക്തമായിട്ടുണ്ട്.
കുടിയൊഴിക്കപ്പെട്ടവർ പലരും ബെലന്തൂരിലും മാറത്തഹള്ളിയിലും താത്കാലിക ഷെഡുണ്ടാക്കിയാണ് ഇപ്പോൾ കഴിയുന്നത്. മറ്റ് ചിലർ വാടക മുറികളിലാണ്. ചിലർ ഈ പ്രദേശം വിട്ട് പോയിരിക്കുകയാണെന്നും കുടിയൊഴിക്കലിന് ഇരയായ അസം സ്വദേശി മുഹമ്മദ് അഹദ് ഉൽ പറഞ്ഞു. ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടായിട്ടും കുടിലുകൾ പൊളിച്ചുനീക്കി കുടുംബങ്ങളെ പെരുവഴിയിലാക്കിയ ബി ബി എം പി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടന കർണാടക ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.