Connect with us

National

പൗരത്വ നിയമത്തിനെതിരെ ഗുജറാത്ത് രൂപതയും; എൻ ആർ സിയും എൻ പി ആറും പുനരാലോചിക്കണം

Published

|

Last Updated

അഹ‌മ്മദാബാദ് | പൗരത്വ ഭേദഗതി നിയമം വിവേചനപൂർണമാണെന്ന് ഗുജറാത്ത് റോമൻ കത്തോലിക് രൂപതയും. ഭരണഘടനയുടെ അടിസ്ഥാനമായ വസുദൈവ കുടുംബകം എന്ന മുദ്രാവാക്യം കേന്ദ്ര സർക്കാർ പിന്തുടരണമെന്നും എൻ ആർ സിയിലും എൻ പി ആറിലും കേന്ദ്രത്തിന്റെ നിലപാട് പുനരാലോചിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ പോലുള്ള അയൽ രാജ്യങ്ങളിൽ നിന്ന് മത പീഡനം കാരണം കടന്നുവന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, മത സ്വത്വം കാരണം പ്രത്യേക സമുദായത്തെ ഒഴിവാക്കിയതാണ് പ്രശ്‌നം. വസുദൈവ കുടുംബകത്തിന്റെ തത്വത്തിന് എതിരാണിത്. ലോകം മുഴുക്കെ ഒരു കുടുംബമായതിനാൽ ഒരു സമുദായത്തെ മതവിശ്വാസത്തിന്റെ പേരിൽ വേർതിരിക്കുന്നതും ഒഴിവാക്കുന്നതും ശരിയല്ല.

[irp]

രണ്ട് മാസമായി നടക്കുന്ന പ്രതിഷേധത്തെ നിരീക്ഷിച്ചതിൽ നിന്നാണ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ തീരുമാനിച്ചത്. രാജ്യത്തുടനീളം സി എ എക്കെതിരായി നടക്കുന്ന സമാധാനപൂർണമായ പ്രതിഷേധങ്ങളെ മനസ്സാക്ഷിക്കനുസരിച്ചാണ് സർക്കാർ കൈകാര്യം ചെയ്യേണ്ടത്. സമാധാനപൂർണമായ പ്രതിഷേധത്തെ അടിച്ചമർത്താൻ സേനയെയോ മറ്റേതെങ്കിലും സംഘത്തെയോ ഉപയോഗിക്കുന്നതിൽ അപലപിക്കുന്നു. അത്തരം ആക്രമണങ്ങൾ നടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

പ്രസ്താവനയിൽ ഗാന്ധിനഗർ ആർച്ച് ബിഷപ് തോമസ് മക്വാൻ, വഡോദര ആക്ടിംഗ് ആർച്ച് ബിഷപ് സ്റ്റാൻസിലോസ് ഫെർണാണ്ടസ്, അഹമ്മദാബാദ് ബിഷപ് രത്‌നസ്വാമി, രാജ്‌കോട്ട് ബിഷപ് ജോസ് ചിറ്റൂപറമ്പിൽ, ഗുജറാത്ത് കത്തോലിക് ചർച്ച് വക്താവ് ഫാദർ വിനായക് ജാദവ് എന്നിവർ ഒപ്പ് വെച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാൻ കാതോലിക് ചർച്ച് ഓഫ് ഇന്ത്യ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സഭകളുടെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്.

Latest