Malappuram
കാലാവസ്ഥാ വ്യതിയാനം; സംസ്ഥാനത്ത് വൈകിയെത്തി മാമ്പഴക്കാലം

മലപ്പുറം | കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം മാമ്പഴ സീസൺ വൈകുന്നു. അന്തരീക്ഷ താപനില കൂടിയതും മഴയിലുണ്ടായ മാറ്റങ്ങളും മണ്ണിൽ ജലാംശം ഉയർന്നതുമാണ് മാവുകൾ പൂവിടുന്നത് വൈകാൻ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
സാധാരണയിൽ നവംബർ, ഡിസംബർ മാസത്തിൽ പൂവിട്ട് ഏപ്രിൽ മാസത്തോടെ മാമ്പഴം വിളവെടുപ്പിന് പാകമാകുകയാണ് പതിവ്.
എന്നാൽ ഇത്തവണ ജനുവരി അവസാനം ആകുന്പോഴേക്കും മാവുകൾ പൂവിട്ട് തുടങ്ങിയിട്ടേ ഉള്ളൂ. പൂവിട്ട് 100-120 ദിവസം കൊണ്ടാണ് മൂപ്പെത്തി മാങ്ങയാകുന്നത്. നിലവിൽ മാന്പഴം പാകമാകാൻ മാർച്ച് അവസാനമാകും. തുടർച്ചയായി പെയ്ത മഴയിൽ മണ്ണിന്റെ ജലാംശം മാറാത്തതിനാൽ മാവുകൾ ഇപ്പോഴും തളിർക്കുകയാണ്.
ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം പൂത്തുലഞ്ഞ് കായ്ച്ച നാടൻ ഇനത്തിൽപ്പെട്ട മാവുകൾ പലതും ഭാഗികമായാണ് പൂത്തത്. സുലഭമാകാത്തതിനാൽ വിപണിയിൽ പച്ചമാങ്ങക്ക് ഇപ്പോഴും ഉയർന്ന വിലയാണ്. വിപണി ലക്ഷ്യംവെച്ച് മാവ് കൃഷിചെയ്യുന്നത് പാലക്കാട് ജില്ലയിലെ മുതലമടയിലാണ്. ഇന്ത്യയിൽ തന്നെ മാവുകൾ ആദ്യം പൂക്കുന്നതും ഇവിടെയാണ്. എന്നാൽ ഇത്തവണ മുതലമടയിലും മാവുകൾ പൂവിടാൻ വൈകി.
നാട്ടിൽ പുറങ്ങളിൽ കൂടുതലായുള്ള കോമാങ്ങ, ലാത്തി മാങ്ങ തുടങ്ങിയ ഇനം മാവുകളും ഇത്തവണ പേരിനു മാത്രമാണ് പൂവിട്ടത്. കേരളത്തിൽ കഴിഞ്ഞ വർഷം 424.75 ടൺ മാങ്ങ ഉത്പാദനം നടന്നു.
കാലാവസ്ഥാ മാറ്റം മാവ് ഉൾപ്പെടെയുള്ള ഭക്ഷ്യവിളകളിൽ പരാഗണത്തിന്റെ ശക്തി കുറയാനും പരാഗണം തടസ്സപ്പെടാനും കീടങ്ങളുടെ ശല്യം വർധിക്കാനും കാരണമാകുന്നതായി കൃഷി വിദഗ്ധർ പറയുന്നു.