Connect with us

Articles

തഴഞ്ഞു, ഇപ്പോള്‍ പിഴിഞ്ഞു

Published

|

Last Updated

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒച്ചപ്പാടുകള്‍ക്ക് മുമ്പേ “പൗരത്വം” ചോദ്യം ചെയ്യപ്പെട്ട വിഭാഗമാണ് പ്രവാസികള്‍. അവരുടെ അവകാശങ്ങള്‍ക്ക് മേല്‍ മറ്റൊരു പ്രഹരം കൂടി ഏറ്റിരിക്കുകയാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പ്രവാസി നികുതി പരാമര്‍ശത്തിലൂടെ. ശേഷം വന്ന വിശദീകരണ കുറിപ്പുകളൊന്നും നിലനില്‍ക്കുന്ന ആശങ്കകള്‍ അകറ്റാന്‍ പോന്നവയല്ല. ബാഹ്യഭാഷ്യങ്ങളില്‍ ഒന്ന് മുന്നോട്ട് വെക്കുകയും തനത് അജന്‍ഡകള്‍ ഒളിച്ചു കടത്തുകയും ചെയ്യുന്ന ഒരു സര്‍ക്കാറിന്റെ കാലത്ത് പ്രവാസി നികുതി നിര്‍ദേശം ഗൗരവ സ്വഭാവത്തോടെ വിശകലന വിധേയമാക്കേണ്ടിയിരിക്കുന്നു.

കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമല്ല കുഴല്‍ പണക്കാര്‍ക്ക് കൂടി ആശ്വാസം പകരുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ മുഴുനീള ബജറ്റ്. മെച്ചമത്രയും കുത്തകകള്‍ക്കാണെന്നത് വ്യക്തം. 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കും അഞ്ച് ശതമാനത്തിലേക്ക് കൂപ്പ് കുത്തിയ ജി ഡി പിയും കൈമുതലുള്ള രാജ്യത്തെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ക്ക് പകരം സമ്പദ് വ്യവസ്ഥക്ക് ഗണ്യമായ തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളെ പിഴിയാനാണ് ധനമന്ത്രി തയ്യാറായിരിക്കുന്നത്. ഇതിലൂടെ പ്രവാസികളോട് ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനം ഒരിക്കല്‍ കൂടി മറനീക്കി പുറത്തു വന്നിരിക്കുന്നു.

നികുതി വെട്ടിപ്പ് നടത്തുന്ന പ്രവാസികളെ പിടികൂടാനാണത്രെ പുറം ലോകത്ത് കഷ്ടപ്പെടുന്ന പ്രവാസികളുടെ പള്ളക്കടിക്കാന്‍ സര്‍ക്കാര്‍ മുതിരുന്നത്. അവര്‍, പിറന്ന നാട് വിടുന്നത് സ്വന്തം രാജ്യത്തെ നികുതി വെട്ടിച്ച് സര്‍ക്കാറിനെ കബളിപ്പിക്കാനാണെന്ന് ധനമന്ത്രാലയം കണ്ടെത്തിയത് എത്ര വിചിത്രം. ഇതിനേക്കാള്‍ വലിയ അപമാനം പ്രവാസികള്‍ക്ക് വേറെയുണ്ടോ? എന്നിട്ട് പ്രവാസികള്‍ക്ക് വേണ്ടി ഇതിലപ്പുറം ഒരു ഭരണകൂടത്തിന് ചെയ്ത് നല്‍കാനാകില്ല എന്നതാണ് ഭാഷ്യം. ഇത് ചെറിയ കാര്യമായി തള്ളാവുന്ന ഒന്നല്ല. തെളിഞ്ഞ അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ ചിരിച്ചു നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
പ്രവാസികളെ ഇന്ത്യയുടെ നികുതി വരുമാന പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശവും, അത് മാധ്യമങ്ങളില്‍ വിവാദമായതിനെ തുടര്‍ന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിലെ കാര്യങ്ങളും കണക്കൊത്ത കബളിപ്പിക്കലാണ്. ഒരു രാജ്യത്ത് നിയമവിധേയമായി താമസിക്കുമ്പോള്‍ അവിടെ നികുതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ആ രാജ്യത്തെ സാമ്പത്തിക നിയമങ്ങളാണെന്നിരിക്കെ, അവിടെ നല്‍കിയില്ലെങ്കില്‍ ഇവിടെ നികുതി ഒടുക്കണമെന്ന കണ്ടുപിടിത്തം ഒരിടത്തും കണ്ടെത്താനാകില്ല.
കേന്ദ്ര ബജറ്റിലെ പ്രവാസി നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിശദീകരണം വന്നു, ഇനി ആശങ്കകള്‍ക്ക് സ്ഥാനമില്ല എന്ന പ്രചാരണത്തില്‍ എത്രത്തോളം ശരിയുണ്ട്? വര്‍ഷം 120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങുന്ന ഏതൊരു പ്രവാസിയും നികുതിയുടെ പരിധിയില്‍ വരുമെന്ന് ഉറപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ വിശദീകരണത്തിലൂടെ ചെയ്തിരിക്കുന്നത്. ബാക്കി വിശദീകരണ കുറിപ്പില്‍ ഈ ബജറ്റുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല. പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന സമ്പാദ്യത്തിന് നികുതി ഈടാക്കുമെന്നും പുറത്തെ വരുമാനത്തിന് ഇത് വേണ്ടെന്നും പറഞ്ഞതില്‍ പുതുമയെന്തിരിക്കുന്നു? കണക്കില്‍ മാത്രമല്ല വിശദീകരണത്തിലും കൃത്രിമം നടത്താനാകും എന്ന വൈദഗ്ധ്യമാണ് ധനമന്ത്രി കാണിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യക്ക് പുറത്ത് വ്യവസായം നടത്തുകയും കുറഞ്ഞ ദിവസം രാജ്യത്ത് തങ്ങി നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ നിര്‍ദേശമെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അവരെ വലയിലാക്കാന്‍ 182 ദിവസം ഇന്ത്യയില്‍ തങ്ങാമെന്നത് 120 ദിവസമാക്കി ചുരുക്കിയത് കൊണ്ട് എന്ത് പ്രയോജനം? നികുതി വെട്ടിപ്പുകാര്‍ ഉണ്ടെങ്കില്‍ അവര്‍ അതി സമ്പന്നരും സാമര്‍ഥ്യമുള്ളവരുമാകുമെന്നതില്‍ തര്‍ക്കമില്ല.

ഇത്തരക്കാര്‍ക്ക് 120 ദിവസത്തില്‍ താഴെ മാത്രം രാജ്യത്തെത്തി ഈ പരിധി നോക്കി നികുതിയില്‍ നിന്ന് രക്ഷപ്പെടാനാണോ പ്രയാസം? അപ്പോഴും വെട്ടില്‍ വീഴുന്നത് സാധാരണക്കാരായ പ്രവാസികളും ഇടത്തരക്കാരുമാണ്. തുടര്‍ച്ചയായി രണ്ടും മൂന്നും വര്‍ഷം വിയര്‍പ്പൊഴുക്കി പണിയെടുത്ത് അവസാനം ലഭിക്കുന്ന അവധിയില്‍ നാല് മാസത്തില്‍ കൂടുതല്‍ കുടുംബത്തോടൊപ്പം നാട്ടില്‍ കഴിഞ്ഞാല്‍ അവന്‍ നികുതി വലയില്‍ വീഴും. രോഗം മൂലമോ മറ്റു ആവശ്യങ്ങള്‍ക്കോ നാട്ടില്‍ താമസിക്കുന്നത് അൽപ്പം നീണ്ടാലോ അവരും നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നു. ഇത് അപൂര്‍വം സംഭവിക്കുന്ന ഒന്നായി തള്ളാന്‍ കഴിയില്ല. സഊദി പോലെയുള്ള രാജ്യങ്ങളില്‍ തുച്ഛവരുമാനത്തിന് ജോലി ചെയ്യുന്ന, പ്രത്യേകിച്ച് അവിദഗ്ധരായ തൊഴിലാളികള്‍ക്ക് ഇങ്ങനെ രണ്ടും മൂന്നും വര്‍ഷത്തില്‍ ഒരിക്കല്‍ തുടര്‍ച്ചയായി ലഭിക്കുന്ന പരമാവധി ആറ് മാസമാണ് അവരുടെ ആയുസ്സിലെ ജീവിതം എന്ന് പറയുന്നത്. ആ ആനുകൂല്യമാണ് സര്‍ക്കാറിന്റെ തലതിരിഞ്ഞ നിര്‍ദേശത്തിലൂടെ നഷ്ടപ്പെടാന്‍ പോകുന്നത്.
ഗള്‍ഫിലെ ചെറുകിട പങ്കാളിത്ത ബിസിനസ് സംരംഭം നടത്തുന്നവരും സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവരും ആറ് മാസത്തെ അവധിക്കാണ് നാട്ടില്‍ എത്താറുള്ളത്. ഇവരാരും നാടുപേക്ഷിച്ച് രക്ഷപ്പെട്ടവരോ സുഖവാസത്തിന് അന്യരാജ്യത്ത് ചേക്കേറിയവരോ അല്ല. വീണു കിട്ടുന്ന ഏത് അവസരവും ഉപയോഗപ്പെടുത്തി പരമാവധി കുടുംബത്തോടൊപ്പം നാട്ടില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. അത്തരം ഘട്ടങ്ങളില്‍ പ്രവാസി പദവി തന്നെ നഷ്ടമാകുമെന്നാണ് ധനകാര്യ മന്ത്രിയുടെ വിശദീകരണ കുറിപ്പിന് ശേഷവും നിലനില്‍ക്കുന്ന സത്യം. വലിയൊരു പ്രിവിലേജ് ആയി പ്രവാസത്തെ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയത് കൊണ്ടല്ല ഈ സ്റ്റാറ്റസ് നഷ്ടപ്പെടുന്നതിലെ വേവലാതി. ചുരുങ്ങിയത് 2,000 റിയാലെങ്കിലും മാസവരുമാനം നേടുന്ന ആരും നികുതിയുടെ പരിധിയില്‍ ഇരയാക്കപ്പെടും എന്നതാണ് പ്രശ്‌നം. പ്രവാസികള്‍ക്ക് വേണ്ടിയുള്ള നീക്കിയിരിപ്പോ പദ്ധതികളോ ഒന്നും പ്രഖ്യാപിക്കാതെ നിലനില്‍ക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കുന്ന പുതിയ സമീപനങ്ങള്‍ ഒരു നിലക്കും നീതീകരിക്കാനാകില്ല.
എന്‍ ആര്‍ ഐ പദവി സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നം വെക്കുന്നത് ആദായ നികുതിയുമായി ബന്ധപ്പെട്ട ലാഭം മാത്രമാകില്ല എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. തലമുറകളായി ഇന്ത്യന്‍ മണ്ണില്‍ തന്നെ ജനിച്ചു വളര്‍ന്ന ഒരു വിഭാഗത്തിന്റെ പൗരത്വത്തില്‍ സംശയം ഉന്നയിച്ച് നിയമം മൂലം പുറത്താക്കാനുള്ള പണിപതിനെട്ടും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന അവസരത്തില്‍ പ്രത്യേകിച്ചും. പ്രവാസി പദവിയുടെ കാര്യത്തിലും ഭാവിയില്‍ സാങ്കേതികതയുടെ പേരില്‍ പ്രവാസികള്‍ ഇരയാക്കപ്പെടുമെന്നുറപ്പാണ്. അവരുടെ അധ്വാനവും സമ്പത്തും കൂടപ്പിറപ്പുകളും മണ്ണും എല്ലാം നാടിന് വേണ്ടി സമര്‍പ്പിച്ചത് വൃഥാവിലാകുന്ന അവസ്ഥ ഭയാനകമായിരിക്കും.

സ്വദേശിവത്കരണവും മറ്റു നിയമ പ്രശ്‌നങ്ങളും കാരണം ദുരിതമനുഭവിക്കുന്ന ഒട്ടേറെ പ്രവാസികള്‍ക്ക് ഓര്‍ക്കാപ്പുറത്ത് ഏറ്റ ഇരുട്ടടിയായി ഇതിനെ വിശേഷിപ്പിക്കാം. മാത്രമല്ല നിയമ വിധേയ മാര്‍ഗങ്ങളിലൂടെ നാട്ടിലേക്ക് പണമയക്കുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും. ഇത്തരം നിയമങ്ങളിലൂടെ അവകാശ നിഷേധങ്ങള്‍ക്ക് അധികാരികള്‍ മുതിര്‍ന്നാല്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിക്കപ്പെടുമെന്നത് കാണാതിരുന്നു കൂടാ. പ്രവാസികളോട് നിലനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിഷേധാത്മക സ്വഭാവം ഇവിടെയും പുറത്ത് ചാടി എന്നത് മാത്രമല്ല, കള്ളപ്പണക്കാരെ സര്‍ക്കാര്‍ ചെലവില്‍ സഹായിക്കാനുള്ള ഒരു ഒളിമാര്‍ഗമായും ഈ നിര്‍ദേശത്തെ കാണാം.

നിലവില്‍ സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിവെച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെപ്പടിവിദ്യകളാണ് രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലേക്ക് പ്രവാസികളെ കൂടി വലിച്ചിഴക്കുകയാണ് ഭരണകൂടം. രാജ്യത്തിന്റെ വികസനത്തില്‍ വലിയ തോതില്‍ സംഭാവനകളര്‍പ്പിക്കുന്ന പ്രവാസികളെ ഒരു കമ്മ്യൂണിറ്റി ആയി കാണാന്‍ പോലും ഇതുവരെ ഒരു സര്‍ക്കാറും തയ്യാറായിട്ടില്ല.
പ്രവാസികള്‍ ആര്‍ക്ക് വേണ്ടി ജീവിക്കുന്നു എന്നതും സ്വന്തം നാടിനെയും അവിടെ ഉപേക്ഷിച്ച് പോന്ന കുടുംബങ്ങളെയും അവര്‍ എങ്ങനെ പരിഗണിക്കുന്നു എന്നതും ഇപ്പോഴും അധികാരികള്‍ക്ക് ബോധ്യം വന്നിട്ടില്ല എന്നതാണ് ഇത്തരം പ്രഖ്യാപനങ്ങളില്‍ നിഴലിക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ ഗണ്യമായ വിഹിതം സര്‍ക്കാറിന്റെ ഒരിടപെടലും കൂടാതെ എത്തിക്കുന്നവരാണ് പ്രവാസികള്‍. നാളിതുവരെ അവരെ ഒരു സമൂഹമായി അംഗീകരിക്കാനോ പ്രവാസം തുടങ്ങിയത് മുതല്‍ ഉയരുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാനോ സര്‍ക്കാറുകള്‍ മുതിരാറില്ല. അവര്‍ ഇന്നും വിലാസമില്ലാത്തവരും പൂര്‍ണ വോട്ടവകാശം സിദ്ധിച്ചിട്ടില്ലാത്തവരുമാണ്. ഈ യാഥാര്‍ഥ്യ ബോധ്യത്തിലാണ്, “ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന് ഉറപ്പിച്ച് പറഞ്ഞിട്ട് പോരെ ഈ കൈയിട്ട് വാരല്‍” എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രവാസികള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.