Kerala
പനിയുടെ വകഭേദങ്ങൾ; ജനുവരിയിൽ മരിച്ചത് 15 പേർ
തൃശൂർ | കൊറോണാ വൈറസ് ഭീതിക്ക് പുറമെ സംസ്ഥാനത്ത് പനിയുടെ വകഭേദങ്ങളും പിടിമുറുക്കുന്നു. വൈറൽ പനിക്ക് പുറമെ എലിപ്പനി, ചെള്ള് പനി, പന്നിപ്പനി തുടങ്ങിയ വിവിധ പനികളിലായി ജനുവരിയിൽ മാത്രം 15 പേർ മരിച്ചതായാണ് ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന ഔദ്യോഗിക കണക്ക്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി വിവിധ പനികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടിയിലധികമായതായും ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
സാധാരണ വൈറൽ പനി മൂലം പ്രതിമാസം ഒന്ന് മുതൽ നാല് വരെ ആളുകളാണ് മരിച്ചിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിൽ 14 പേരും ജനുവരിയിൽ 10 പേരും വൈറൽ പനി മൂലം മരണത്തിന് കീഴടങ്ങി.
പനി കൂടുതൽ കാണുന്ന ജൂൺ, ജൂലൈ മാസങ്ങളേക്കാൾ ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ പേർ പനി ബാധിച്ച് ചികിത്സ തേടിയത് ജൂലൈ മാസത്തിലായിരുന്നു. ഒ പിയിലും ഐ പിയിലുമായി 4.13 ലക്ഷം പേർ ചികിത്സ തേടിയ ജൂലൈയിൽ നാല് പേർ മാത്രമാണ് വൈറൽ പനി മൂലം മരിച്ചത്. 2019 നവംബർ മാസം വരെ ആറ് പേരായിരുന്നു പ്രതിമാസം വൈറൽ പനി ബാധിച്ച് മരിച്ചിരുന്നവരുടെ ഉയർന്ന സംഖ്യ. ഇതാണ് ഡിസംബറിൽ 14 ഉം ജനുവരിയിൽ 10 ആയി ഉയർന്നിരിക്കുന്നത്.
ഡിസംബറിൽ 2.07 ലക്ഷം പേരും ജനുവരിയിൽ 2.09 ലക്ഷം പേരുമാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയിരിക്കുന്നത്. വൈറൽ പനി ബാധിച്ച് ജനുവരിയിൽ 10 പേർ മരിച്ചപ്പോൾ ചെള്ള് പനി ബാധിച്ച് രണ്ട് പേരും പന്നിപ്പനി (എച്ച് വൺ, എൻ വൺ), എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ഒരോ വീതം ആളുകളും ജനുവരിയിൽ മരണത്തിന് കീഴടങ്ങി. പനിക്ക് പുറമെ അതിസാരം, മുണ്ടി നീര്, ചിക്കൻപോക്‌സ് എന്നിവ ബാധിച്ചും ഒന്ന് വീതം പേർ മരിച്ചതായും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 451 പേർക്ക് ഡെങ്കിപ്പനിയും, 119 പേർക്ക് ചെള്ള് പനിയും 64 പേർക്ക് എലിപ്പനിയും, 88 പേർക്ക് ചിക്കുൻ ഗുനിയയും, 15 പേർക്ക് എച്ച് വൺ എൻ വൺ, 14 പേർക്ക് മലേറിയയും രണ്ട് പേർക്ക് കോളറയും കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണിപ്പോൾ കൊറോണയും പിടിമുറുക്കുന്നത്.