Connect with us

Articles

നമുക്ക് വൃത്തിയായിരിക്കാം

Published

|

Last Updated

ലോകം ഇന്ന് കൊറോണ വൈറസ് ഭീതിയിലാണ്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക വിനോദ സഞ്ചാര മേഖല താറുമാറായിരിക്കുന്നു. ജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ഭരണകൂടങ്ങള്‍ അഭ്യര്‍ഥിച്ചിരിക്കുന്നു. മരുന്നില്ലാത്ത രോഗത്തിന് മുമ്പില്‍ ലോകം തത്കാലത്തേക്കെങ്കിലും മുട്ടുമടക്കിയിരിക്കുന്നു. ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗപ്രതിരോധത്തിനും രോഗവ്യാപനത്തിനും എതിരായി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. രോഗം വരാതിരിക്കലാണ് രോഗം വന്നതിനു ശേഷമുള്ള ചികിത്സയേക്കാള്‍ ഉത്തമമെന്ന തിരിച്ചറിവിലാണ് ജനങ്ങള്‍. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാതെ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നുണ്ട്. പ്രളയവും വരള്‍ച്ചയും പോലെ കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ലോകം ഒട്ടനവധി പുതിയ രോഗങ്ങള്‍ക്കും വേദിയാകുമെന്ന ശാസ്ത്ര സമൂഹത്തിന്റെ മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. മെര്‍സ്, സെര്‍സ്, എബോള, നിപ്പാ, സിക, പന്നിപ്പനി, പക്ഷിപ്പനി എന്നിവയെല്ലാം ഈ അടുത്ത കാലത്ത് ലോകത്തെ വിറപ്പിച്ച മഹാവ്യാധികളാണ്.

2020 ഫെബ്രുവരി അഞ്ച് വരെയുള്ള കണക്കനുസരിച്ച് ചൈനയില്‍ 24,324 പേര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടാകുകയും മരണ സംഖ്യ 490 ആകുകയും ചെയ്തു. ഹോങ്കോംഗില്‍ 17 പേര്‍ക്ക് രോഗം ഉണ്ടാകുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ഫിലിപ്പൈന്‍സില്‍ രോഗം വന്ന രണ്ട് പേരില്‍ ഒരാള്‍ മരിച്ചു. ഇതുവരെ കൊറോണ വൈറസ് രോഗം 28 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 492 മരണം സംഭവിക്കുകയും ചെയ്തു. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കൊറോണ വൈറസ് രോഗവും കേരളത്തില്‍ നിന്നാണ്. ആരും ഇവിടെ ഇതുവരെ ഈ രോഗം മൂലം മരിച്ചിട്ടില്ലെന്നത് ആശ്വാസം തരുന്ന വസ്തുതയാണ്.

ചൈനക്കു പുറത്തുള്ള രാജ്യങ്ങളില്‍ രോഗം അതിവേഗം പടരുന്നു എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ആരോഗ്യ രംഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആരോഗ്യ രംഗത്ത് ശോചനീയാവസ്ഥയിലുള്ള രാജ്യങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കാനാണ്. അടിയന്തരാവസ്ഥ കൊറോണ വൈറസ് വ്യാപനം തടയുവാനും രോഗത്തെ ലോകവ്യാപകമായി നിയന്ത്രിക്കുന്നതിനും സഹായിക്കും. കൂടാതെ ലോക പൊതു ജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുന്നതിനും സാധിക്കും. 2009ല്‍ പക്ഷിപ്പനി (എച്ച് വണ്‍ എന്‍ വണ്‍) പടര്‍ന്നു പിടിച്ചപ്പോഴും 2014ല്‍ പോളിയോ നിര്‍മാര്‍ജനത്തിനായും 2016ല്‍ സിക വൈറസ് അമേരിക്ക വഴി പടര്‍ന്നു പിടിച്ചപ്പോഴും 2014 ലും 2019ലും ആഫ്രിക്കയില്‍ എബോള പടര്‍ന്നപ്പോഴും ലോകാരോഗ്യ സംഘടന ഇതിനുമുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എബോള രോഗം ഇതിനോടകം 11,000 പേരെയാണ് കൊന്നൊടുക്കിയത്.

പുതിയ കൊറോണ
വൈറസ് രോഗം

ചൈനയിലെ ഹുബെ പ്രൊവിന്‍സിലെ വുഹാനാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോള്‍ വുഹാന്‍ പട്ടണത്തെ പൂര്‍ണമായും എല്ലാ അര്‍ഥത്തിലും ചൈനയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള പൗരന്മാരുടെ യാത്രകളും വിലക്കിയിരിക്കുകയാണ്. ചൈനയിലെ ഹ്യൂന്‍ഗാംഗ് തുടങ്ങിയ പട്ടണങ്ങളും നിലവില്‍ രോഗ ഭീഷണിയിലാണ്.

ശ്വാസകോശ സിസ്റ്റത്തെ ബാധിക്കുന്ന ഒരു തരം വൈറസുകളെയാണ് കൊറോണ വൈറസുകള്‍ എന്ന് പൊതുവെ പറയുന്നത്. ഇതുവരെ ലോകത്ത് എട്ട് തരം കൊറോണ വൈറസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2019 നോവല്‍ കൊറോണ വൈറസ് (2019 എന്‍ സി ഒ വി) എന്നാണ് പുതിയ വൈറസിന്റെ പേര്. 2019 ഡിസംബറില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷമാണ് ആദ്യമായി പുതിയ വൈറസിനെ കണ്ടെത്തിയത്. അതുകൊണ്ടാണ് പുതിയതെന്ന് അര്‍ഥം വരുന്ന നോവല്‍ കോറോണ വൈറസ് എന്ന് പറയുന്നത്. ഇതിന് മുമ്പ് 2002-2003 കാലഘട്ടത്തില്‍ എണ്ണായിരം പേരെ ബാധിക്കുകയും 774 പേര്‍ മരിക്കുകയും ചെയ്ത സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സെര്‍സ്) രോഗവും 2012ല്‍ 858 പേരെ കൊന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) രോഗവും കൊറോണ വൈറസ് വിഭാഗത്തില്‍ പെട്ട വൈറസുകളാണ്. സെര്‍സിന് 11 ശതമാനവും മെര്‍സിന് 35 ശതമാനവും എന്നിങ്ങനെയാണ് മരണ നിരക്കുകള്‍. 2019 നോവല്‍ കൊറോണ വൈറസിന്റെ മരണ നിരക്ക് നിശ്ചയിക്കപ്പെട്ടിട്ടില്ല.

കൊറോണ വൈറസിന്റെ
പ്രത്യേകതകള്‍

ഈ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് അതിവേഗം പകരുന്നവയാണ്. രോഗബാധിതര്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തു വരുന്ന തുപ്പല്‍, മൂക്കട്ട എന്നിവ വഴി വായുവിലൂടെ വൈറസ് ബാധ പകരും. തുണി കൊണ്ടുള്ള മാസ്‌കുകളില്‍ രോഗിയുടെ സ്രവങ്ങള്‍ തങ്ങി നില്‍ക്കുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നവരിലേക്കും രോഗം പകരാം. രോഗാണു ഒരാളില്‍ എത്തി രണ്ടാഴ്ച വരെ ചിലപ്പോള്‍ യാതൊരു ലക്ഷണങ്ങളും ഉണ്ടായിയെന്ന് വരില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത ഈ സമയത്തും രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാവുന്നതാണ്. അതായത് വൈറസിന്റെ ഇന്‍ക്യൂബേഷന്‍ സമയത്തും രോഗം പരത്തുന്നു എന്ന് സാരം. രോഗം പ്രായമായവരെയും പ്രമേഹം, ഹൃദ്രോഗം എന്നിവ ഉള്ളവരെയും പെട്ടെന്ന് ബാധിക്കും.

രോഗ ലക്ഷണങ്ങള്‍

പനി, ചുമ, ശ്വസനത്തിനു തടസ്സം, മൂക്കില്‍ നിന്ന് ഒഴുകല്‍, തൊണ്ട പഴുപ്പ് എന്നിവയാണ് കൊറോണ വൈറസ് ബാധിതരില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍. അതുകൊണ്ട് രോഗം സ്ഥിരീകരിക്കാന്‍ 2019 നോവല്‍ കൊറോണ വൈറസ് ടെസ്റ്റ് തന്നെ നടത്തണം. ഈ രോഗത്തിന് മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ ഇല്ല. െസര്‍സിനേക്കാള്‍ വേഗത്തില്‍ നോവല്‍ കൊറോണ വൈറസ് പടരും. മരിച്ചവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. പ്രാരംഭ രോഗലക്ഷണങ്ങള്‍ക്ക് ശേഷം കിഡ്‌നിയുടെ പ്രവര്‍ത്തനം നിലക്കുകയും രോഗി മരിക്കുകയും ചെയ്യും.

രോഗം വന്ന വഴി

സെര്‍സ് കൊറോണ വൈറസ് 2002ല്‍ ചൈനയില്‍ മരപ്പട്ടിയില്‍ നിന്ന് മനുഷ്യനിലെത്തി. മെര്‍സ് കൊറോണ വൈറസ് സഊദി അറേബ്യയില്‍ 2012ല്‍ ഒട്ടകത്തില്‍ നിന്ന് മനുഷ്യനിലെത്തി. എന്നാല്‍ 2019 നോവല്‍ കൊറോണ വൈറസ് എങ്ങനെ മനുഷ്യനില്‍ എത്തി എന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ല. ചൈനയിലെ മൃഗങ്ങളെ ജീവനോടെ വില്‍ക്കുന്ന മാര്‍ക്കറ്റ് വഴി മനുഷ്യനില്‍ എത്തിയതാകാമെന്നു ചിലര്‍ വിശ്വസിക്കുന്നു. പച്ച മാംസവും തിളപ്പിക്കാത്ത പാലും മൃഗങ്ങളുടെ അവയവങ്ങളും പച്ച മുട്ടയും ഉപയോഗിക്കുക വഴിയും കൊറോണ വൈറസ് ബാധ ഉണ്ടാകാം. ചൈനയില്‍ മൃഗ മാംസം പച്ചക്ക് തിന്നുന്നത് വിരളമല്ല. 2019 നോവല്‍ കൊറോണ വൈറസ് മനുഷ്യനിലെത്തിയത് എങ്ങനെയെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

വൈറസ് ബാധ എങ്ങനെ തടയാം

രോഗികളുമായുള്ള ഇടപഴക്കം ഒഴിവാക്കുക. വ്യക്തി ശുദ്ധി പാലിക്കുക. രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. ചുമക്കുന്നവരില്‍ നിന്നും തുമ്മുന്നവരില്‍ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. രോഗം വന്നാല്‍ വീട്ടില്‍ തന്നെ കഴിയുക. ഈ രോഗം തടയാന്‍ വിറ്റാമിന്‍ സി കഴിച്ചാല്‍ ഒരു ഗുണവുമില്ല. ഹെര്‍ബല്‍ ചായ കുടിച്ചാല്‍ അസുഖം മാറില്ല. സ്വയം ചികിത്സ ഒഴിവാക്കുക. ഒന്നില്‍ കൂടുതല്‍ മാസ്‌കുകള്‍ ധരിക്കുന്നത് രോഗം വരാതിരിക്കാന്‍ ഉപകരിക്കില്ല. ഇതുവരെ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്. ആന്റിബയോട്ടിക്കുകള്‍ വൈറസ് ബാധക്ക് ഫലപ്രദമല്ല. തുമ്മലിനും ചുമക്കും ശേഷവും, വീടിനു വെളിയില്‍ പോയി തിരികെ വന്നാലും സോപ്പ് ഉപയോഗിച്ച് കൈയും മുഖവും കഴുകണം. കൈ കഴുകാതെ മുഖത്തു തൊടരുത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക. അത് ആവശ്യം കഴിഞ്ഞാല്‍ കത്തിച്ചു കളയുക. രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക. രോഗി തൊട്ട സ്ഥലങ്ങള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി വെക്കുക. രോഗം വരാതിരിക്കാന്‍ വൃത്തിയില്‍ ജീവിക്കുക. ശുദ്ധ ജലം, നല്ലഭക്ഷണം എന്നിവ മാത്രം ഉപയോഗിക്കുക. രോഗമുള്ള പൂച്ച, പട്ടി, എലികള്‍, പക്ഷികള്‍, വവ്വാലുകള്‍ എന്നിവയുടെ വിസര്‍ജ്യം, സ്രവങ്ങള്‍, കൂട്, കാഷ്ഠം വീണ മണ്ണ്, വെള്ളം എന്നിവ തൊടുന്നത് ഒഴിവാക്കുക. 2019 നോവല്‍ കൊറോണ വൈറസ് ബാധ ഒഴിവാക്കാന്‍ സര്‍ക്കാറിന്റെ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.

Latest